ഡൽഹിയിലേക്കെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചത് നേപ്പാളിലേക്ക്…

Total
3
Shares

വിവരണം – അശ്വിന്‍ പി.എസ്.

വീട്ടീന്നെറങ്ങിയപ്പോ ആകാശം നോക്കിയിട്ടില്ല.അമ്മയും അച്ഛനും മുമ്പിലുണ്ടായിരുന്നു. അരീക്കോട് സ്റ്റാന്റീന്നാണ് ആകാശം കണ്ണിൽ പെടുന്നത്.കണ്ണുകളിൽ അത്ര ഭംഗിയിൽ ഒതുങ്ങിനിൽക്കാൻ ആകാശത്തിനേ പറ്റൂ.ഒറ്റയൊരു നക്ഷത്രം കാർമേഘങ്ങളെ വകവെക്കാതെ നിൽക്കുന്നുണ്ട്.അപ്പാടെ വിഴുങ്ങിക്കളയാൻ തക്കം പാർത്ത് കറുത്തൊരാകാശം ചുറ്റിനുമുണ്ടെങ്കിലും അവരും ഈ പ്രപഞ്ചം മുഴുവനും യാത്ര ചെയ്യുന്നുണ്ടല്ലോ. വഴികൾ പലതാണെങ്കിലും പോവുന്നതൊരേയിടത്തേക്കാവണം…ഭ്രമണപഥത്തിലെവിടെയോ വെളിച്ചംകെട്ട് വഴിതെറ്റി പോവുന്ന മകനെ കണ്ട് ഉറക്കം ഞെട്ടുന്ന ഒരമ്മ ആ ഒറ്റനക്ഷത്രത്തിനുമുണ്ടാവുമായിരിക്കും.

ഡെൽഹിയിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് നേപ്പാളിലേക്കാണ്.ഇന്ന് ഹോസ്റ്റലിൽ നിന്ന് നാളെ തിരിക്കാം എന്നതാണ് പ്ലാൻ. അഞ്ചിൽ രണ്ടുപേർ നാളെ സ്റ്റേഷനിലേക്കെത്തും. ഇവിടുന്ന് നേപ്പാളിലേക്കുള്ളയത്ര ദൂരം ബുദ്ധനിലേക്കില്ലെന്നറിയാം. എന്നാലും ഒരുപാട് നുണകളെ വലിച്ചുകേറ്റിയാണ് പോവുന്നത്.നേപ്പാളെന്നൊക്കെ കേൾക്കുമ്പോൾ ഓടിയെത്തുന്ന കുറേ ചിത്രങ്ങൾക്കപ്പുറം ഒന്നും കൈമുതലായിട്ടില്ല.ആ ചിത്രങ്ങളടെ കാന്തികശക്തി തന്നെയാണല്ലോ പൈസ സ്വരൂപിക്കാനും ഇറങ്ങിത്തിരിക്കാനുമുള്ള ഊർജം തന്നത്.

നിരവധി ബോധിവൃക്ഷങ്ങളുടെ തണലുകളിൽ അനേകം രാപ്പകലുകളെ കൊന്നുതള്ളിയിട്ടും തെല്ലും ബോധോദയം വരാത്തവന്റെ യാത്രയാണ്.. വാക പൂക്കുന്ന കാലമാണ്!ആസാദ് ഹോസ്റ്റലിന്റെ മുന്നിൽ തുടങ്ങി റെയിൽവേസ്റ്റേഷൻ വരെ ചുവന്നുപൂത്തു നിൽപ്പുണ്ടവർ. ഓർമ്മകൾ ജീവിതങ്ങളെ യോജിപ്പിക്കുന്നപോലെ കൃത്യമായ ഇടവേളകളിൽ വഴികാട്ടുന്നുണ്ട്.
മറവിയില്ലാത്ത തയ്യാറെടുപ്പുകൾ ഉണ്ടായിട്ടില്ല.എന്തെങ്കിലും മറക്കാതെ ഒന്നുമൊട്ട് പൂർത്തിയായിട്ടുമില്ല.

അതുകൊണ്ട് മറന്നുവെച്ച ടെന്റെടുക്കാൻ ഹോസ്റ്റലുവരെ പോവേണ്ടി വന്നു.രണ്ട് വട്ടം കൂടി വാകകളുടെ കണക്കെടുത്തു.വൈകിട്ട് അഞ്ചു പേരും സ്റ്റേഷനിലെത്തി.ഒന്നും മറന്നിട്ടില്ലെന്ന് ഒന്നൂടെയുറപ്പിച്ച് ചെന്നൈ എക്സ്പ്രസ്സിൽ ചാടിക്കയറി.എന്നിട്ടും ആരെയോ മറന്നുവെച്ചെന്ന് രണ്ടുമൂന്നു തവണ ഞെട്ടിത്തിരിഞ്ഞതെന്താവോ! എന്തായാലും പുലർച്ചെ വരെ നിന്നുതിരിയാനുള്ള സ്ഥലം പോലുമില്ലാത്തവണ്ണം തിരക്കായിരുന്നു.എപ്പഴോ കിട്ടിയ സ്ഥലത്തുകേറി ഇരുന്നതു മാത്രമറിയാം.

രാവിലെ എത്തേണ്ട വണ്ടി ഏതൊക്കെയോ സ്റ്റേഷനുകളിലൂടെ വഴിതിരിച്ചു വിട്ട് ഉറക്കം ഉച്ചവരെ നീട്ടിത്തന്നു.വൈകുന്നേരത്തെ സംഘമിത്ര കിട്ടുമോ എന്ന സംശയത്തിന്റെ പുറത്ത് ചെന്നൈയിലെ ഏതോ സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിനിന്റെ ജനറൽ ബോഗിയിൽ നിന്ന് അഞ്ചുപേർ ഇറങ്ങിയോടി.

സംഘമിത്ര വെള്ളം കുടിപ്പിക്കുമെന്നുറപ്പായിരുന്നു.അതു കൊണ്ട് പത്തു പതിനഞ്ച് കുപ്പി വെള്ളം കഷ്ടപ്പെട്ടാണ് നിറച്ചുവെച്ചത്.ലിറ്ററിന് 5 രൂപ നിരക്കിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം മിക്ക സ്റ്റേഷനുകളിലുമുണ്ട്.അല്ലാതെ നിറയ്ക്കുന്ന പൈപ്പു വെള്ളത്തിന് റെയിൽവേസ്റ്റേഷന്റെ പരമ്പരാഗത രുചിയുണ്ടായിരിക്കും. സംഘമിത്ര! പേരുപോലെത്തന്നെ യാതൊരു മയവുമില്ലാത്ത പ്രകൃതം.

ഒരു യുദ്ധത്തിനുള്ള ബാല്യം ബാക്കിയില്ലാത്തതുകൊണ്ട് ഏതോ ഒരു സ്ലീപ്പറിൽ വലിഞ്ഞുകേറി. പലവട്ടം സ്ക്വാഡ് വന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞു.ജനറൽ കമ്പാർട്ട്മെന്റിലേക്കൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതുകൊണ്ട് അവിടത്തന്നെ നിൽക്കാമെന്നുവച്ചു.രാത്രി വന്ന സ്ക്വാഡ് രാവിലെ വരെ അവിടെത്തന്നെ നിന്നോളാൻ പറഞ്ഞു. കേൾക്കേണ്ട താമസം പെട്ടെന്ന് വാതിലടച്ച് ചെറിയൊരു തീയേറ്റർ സെറ്റപ്പുണ്ടാക്കി.എൽക്ലാസിക്കോ കാണാനാണ്.കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ആർപ്പും വിളിയും കേട്ട് ബീഹാറികൾ തെറിവിളിക്കാൻ തുടങ്ങി.ശേഷം മിണ്ടാതെ കളി കാണുമ്പോഴാണ് അടുത്ത സ്ക്വാഡ്.നാഗ്പൂർ സ്റ്റേഷനിൽ നല്ല ചെക്കിങ്ങുണ്ടാവുമെന്നും അതിനുമുമ്പ് മാറുന്നതാണ് നല്ലതെന്നും പറഞ്ഞു. നാഗ്പൂരെത്താൻ രാവിലെയാവും എന്നുള്ളതുകൊണ്ട് കളി മുഴുവനാക്കി അവിടെത്തന്നെ ഓരോ മൂലയ്ക്ക് കിടന്നുറങ്ങി.രാവിലെ മൂന്നുപേർ ജനറലിലേക്ക് മാറി.ബാക്കി രണ്ടാൾ 400 വീതം ഫൈനടച്ച് ബാഗും സാധനങ്ങളും കൊണ്ട് സ്ലീപ്പറിലും നിന്നു.

സെക്കന്റ് ക്ലാസ് വേറൊരു ലോകം തന്നെയാണ്!ഒരുപാട് ഭൂപടങ്ങളെ കൂട്ടിയിണക്കിയപോലെ വൈവിധ്യമാർന്നതാണ്.ചെന്നുകയറുന്നതു തന്നെ തൂങ്ങിയാടുന്ന അനേകം തൊട്ടിലുകൾക്കിടയിലേക്കാണ്. ഇരിക്കാൻ സ്ഥലമില്ലാത്തവരൊക്കെ പുതപ്പെടുത്ത് മുകളിൽ തൊട്ടിലുപോലെ കെട്ടിയിരിക്കയാണ്. അകത്ത് ആരൊക്കെയോ മോദിഭരണത്തെപ്പറ്റി ഘോരഘോരം വാദപ്രതിവാദങ്ങൾ നടത്തുന്നുണ്ട്.മോദി,ദ്രോഹി ഊള,തെണ്ടി തുടങ്ങി ഏതാനും പദങ്ങൾ മാത്രമേ പിടികിട്ടുന്നുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ശ്രദ്ധിച്ചിരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.പുറത്തേക്ക് നോക്കിയിരുന്നു.വടക്കോട്ട് പോവുന്തോറും പുറത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്.മണ്ണും മരങ്ങളുമൊക്കെ അപ്പാടെ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.ഈ മാറ്റങ്ങൾ തന്നെയാണല്ലോ മനുഷ്യരിലും സമാന്തരമായി കാണാൻ പറ്റുന്നത്!

ബീഹാറിനെപ്പറ്റി പറഞ്ഞിടത്തു നിന്നൊക്കെ താക്കീതുകളാണ് കിട്ടിയിരുന്നത്.Aggressive അയ അളുകളാണെന്നും തെറ്റും ശരിയും നോക്കാതെ തട്ടിക്കയറുമെന്നുമൊക്കെ പറഞ്ഞുകേട്ടിരുന്നു. അതൊക്കെ ശരിവെക്കും വിധം ഇടക്കിടക്ക് പൊട്ടലും ചീറ്റലുമൊക്കെ കേട്ടുകൊണ്ടിരുന്നു.ബാഗ് താഴെ വീഴുന്നതിനു പോലും അടിയാണ്. ഇടയ്ക്കിടെ തെറിപ്പാട്ടും കേൾക്കാം.കണ്ണടച്ച് ശബ്ദങ്ങളെ ശ്രദ്ധിച്ചിരിക്കണം.ഉപ്പു തൊട്ട് പെട്രോളു വരെയുള്ള സകലമാന സാധനങ്ങളും കൊണ്ട് കച്ചവടക്കാരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.

വിലപേശലുകളും ബഹളവുമൊക്കെയായി ഒരു ശബ്ദപ്രപഞ്ചം ഓരോരുത്തരും തോളിലേറ്റി നടക്കുകയാണെന്ന് തോന്നും.അതിങ്ങനെ അകന്നകന്ന് അനന്തതയിലേക്ക് തീവണ്ടി കേറിപ്പോവും.ഹോസ്റ്റലിൽ കറന്റ് പോയ പോലെയാണ് ചിലപ്പോൾ.ആർത്തും കൂക്കിവിളിച്ചും ആളുകൾ തുരങ്കങ്ങളെ ആഘോഷിക്കുന്നതാണ്.ആരും കാണുന്നില്ലെന്ന വിശ്വാസത്തിന് ലോകത്തെവിടെയാണെങ്കിലും ശക്തി കൂടുതലാണ്.അങ്ങനെയാണല്ലോ ഇരുട്ടൊരായുധമാകുന്നത്! എത്രയെത്ര കഥാപാത്രങ്ങളാണ് ചുറ്റും. ഓരോരുത്തരുടെയും രീതികളും ശൈലിയും സംസാരവുമൊക്കെ ശ്രദ്ധിച്ചിരുന്നാൽ സമയം പോവുന്നതറിയില്ല. കേരളത്തിലെപ്പോലെ ഫോണും കുത്തിപ്പിടിച്ചിരിക്കുന്ന ആരുമില്ല.എല്ലാവരും വർത്തമാനം പറഞ്ഞുകൊണ്ടിരിക്കയാണ്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മളും അവരിലൊരാളാവും. ഒരൊറ്റ പകലുകൊണ്ട് കുടുംബം പോലെയാവും.കല്യാണത്തിനുവരെ വിളിക്കും.സ്നേഹിച്ച് ശ്വാസം മുട്ടിക്കുന്നവർ…

ആർക്കും പറഞ്ഞു തോല്പിക്കാനാവാത്ത,ആളുകളെ മനോഹരമായിട്ട് കൈകാര്യം ചെയ്യുന്ന സദ്ദാം ഭായ്,ഒരുപാട് സംസാരിച്ച മാഷും കുടുംബവും,പത്തൊൻപതാം വയസ്സിൽ കല്യാണം കഴിക്കാൻ പോവുന്ന പാനിപുരി കിങ് മഹേഷ്,ധാരാളം ഉറുദു കവിതകൾ പാടിത്തന്ന ഫയ്യാസ്,ഇനിയുമൊരുപാടു പേർ. ഒരു മുജ്ജന്മബന്ധങ്ങളും അവകാശപ്പെടാനില്ലാത്ത പരിചയപ്പെടലുകൾക്ക് എന്തൊരു ഭംഗിയാണ്! പാതിരയ്ക്ക് ഉറങ്ങാൻ സ്ലീപ്പറിലേക്ക് പോവുമ്പോഴേക്കും ആ ബോഗിയോടും അതിലെയാളുകളോടും ഉണ്ടായ ചെറുതല്ലാത്തൊരാത്മബന്ധം എവിടൊക്കെയോ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.

കല്യാണപ്പെണ്ണിന്റെ ഫോട്ടോ കണ്ട് ‘ലഡ്കി അച്ഛാ ഹേ’ എന്നു പറഞ്ഞപ്പോ നാണം കൊണ്ട് ചുവന്നുപോയ മഹേഷിന്റെ,ഒരു പണ്ഡിതന്റെ അംഗവിച്ഛേദങ്ങളുള്ള,തിളങ്ങുന്ന കണ്ണുകളോടെ ‘മൻസിൽ ഹേ മക്സൂദ്’ എന്ന് പറഞ്ഞുനിർത്തിയ ഫയ്യാസിന്റെ,അച്ഛനെ ഒരുപാടിഷ്ടമുള്ള സദ്ദാമിന്റെ,അങ്ങനെ കുറേയേറെ മുഖങ്ങൾ വിട്ടുപോവാതെ ഒപ്പം പോന്നു.രാവിലെ തന്നെ ദാനാപൂരെത്തി. അവിടുന്ന് പാറ്റ്നയിലേക്ക് മാറിക്കേറി. 7 മണിവരെ ജയ്നഗർ എക്സ്പ്രസ്സിന് കാത്തിരിക്കേണ്ടി വന്നു.

മഴ പെയ്യുകയാണ്,പൊടിമഴ! ജയ്നഗർ സ്റ്റേഷനിൽ എത്തുന്നത് തന്നെ ഈ കാഴ്ച കണ്ടു കൊണ്ടാണ്. അർധരാത്രിയാണ്.മഴയും ശക്തമായ പൊടിക്കാറ്റും കൂടെ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലേക്കാണ് 6 മണിക്കൂർ മുമ്പേ ട്രെയിൻ കേറിയത്. ഈ അപ്രവചനീയത തന്നെയാണ് ജീവിതത്തിന്റെ സൗന്ദര്യം,യാത്രയുടെയും. പാതകൾ നമുക്ക് വേണ്ടി മാറ്റി വെക്കുന്ന ചിലതുണ്ട്.യാതൊരാസൂത്രണങ്ങളും ഇല്ലാതിരിക്കുമ്പോഴവയ്ക്ക് ഭംഗി കൂടും.

മാർഷ്യൻ സിനിമയാണോർമ്മ വന്നത്. പിടിച്ചു വലിക്കുന്ന പൊടിക്കാറ്റിൽ ഞങ്ങൾ സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കുകയാണ്.പ്രപഞ്ചം മുഴുവൻ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ പ്രതീതി.ട്രെയിനിന്റെ അങ്ങേയറ്റത്തെ വെളിച്ചമൊഴിച്ചാൽ അനുസരണയില്ലാത്തൊരിരുട്ടാണ് ചുറ്റും.ആദ്യമായിട്ടാണ് റെയിൽവേ സ്റ്റേഷനിൽ കറന്റ് പോവുന്നത് കാണുന്നത്.സ്റ്റേഷൻ നിറയെ ആളുകൾ, ബഹളം, അരക്ഷിതാവസ്ഥ…  കല്ലും മണ്ണുമെല്ലാം മേൽക്കൂരയിലിടിക്കുന്ന ശബ്ദങ്ങൾ മാത്രം. ട്രെയിനിൽ ജീവിതത്തിന്റെ സംഗീതവുമായി പ്രണയത്തിലാണെന്നു പറഞ്ഞ റാവു ഭായെ ഓർമ വന്നു.അത്ര താളാത്മകം തന്നെയാണ് ഈ പ്രപഞ്ചമെന്ന് ഓരോ നിമിഷവും ശരിവെക്കുന്ന പോലെ..

ഉറക്കമെണീറ്റത് ജയ്നഗറിന്റെ തണുപ്പിലേക്കാണ്.സ്വന്തം എന്ന പോലെ തോന്നുന്നൊരിടം. പതിവുകട്ടനും പാസ്സാക്കി മരാറിലേക്കൊരു കുതിരവണ്ടി പിടിച്ചു.പാടങ്ങളും വത്തക്കത്തോട്ടങ്ങളും തണലും അതേ തണുപ്പുള്ള മനുഷ്യരുമൊക്കെയായി മനോഹരമായൊരിടം. അതിർത്തി എന്നു പറയാൻ ഒരു കവാടവും കുറച്ച് പട്ടാളക്കാരും മാത്രം. തമ്മിൽ തിരിച്ചറിയാൻ രേഖകൾ വേണ്ടാത്ത അതിർത്തികൾ. ഒരു കമ്പിവേലികളെയും പേടിയില്ലാതെ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് അതിരുകടന്ന ഗ്രാമങ്ങൾ,തിരിച്ചും. ലോകം മുഴുവനും ഇങ്ങനാണെങ്കിൽ എന്ത് രസമായിരുന്നേനെ! വൈകിട്ടാണ് കാഠ്മണ്ഡുവിലേക്ക് ബസ്സ്.
ടിക്കറ്റ് രാവിലെ തന്നെ ബുക്ക് ചെയ്യണം.800 നേപ്പാൾ രൂപയാണ് ടിക്കറ്റ് റേറ്റ്,അതായത് 500 ഇന്ത്യൻ രൂപ.നേപ്പാളിന്റെ 1.6 ഇരട്ടിയാണ് നമ്മുടെ രൂപയുടെ മൂല്യം. വൈകുന്നേരം വരെ മരാർ കറങ്ങിത്തിരിഞ്ഞ് അവസാനം നേപ്പാളിന്റെ സമാധാനത്തിലേക്ക് ബസ്സുകേറി.

നേപ്പാൾ എന്നതിനപ്പുറം യാതൊരു ആസൂത്രണങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ എവിടെയെത്തുന്നുവോ അവിടെ ചുറ്റിക്കറങ്ങൽ എന്നതായിരുന്നു സ്കീം.കാണണമെന്ന് മനസ്സിലിട്ട സ്ഥലങ്ങളൊന്നുമുണ്ടാവാറില്ല,ഒരിക്കലും .പശുപതിനാഥിലെത്തിയതും അങ്ങനെയാണ്.കാഠ്മണ്ഡുവിലെത്തി റൂമെടുത്തതുമുതൽ പല സ്ഥലങ്ങളുടെയും പേരുകൾ കേൾക്കുന്നുണ്ട്. ഓരോയിടത്തേക്കുമുള്ള കുട്ടിബസ്സുകളും മൈക്രോവാനുകളും മുന്നിൽ ഓടിക്കൊണ്ടേയിരിക്കുകയാണ്.

ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടയിടം,പശുപതിനാഥ്. കനാലുപോലൊരു വെള്ളക്കെട്ടിന്റെ ഇരുവശങ്ങളിലുമായി അനേകം പടികൾ.ഇരുവശത്തും നിറയെ ആളുകൾ.സംഗീതസാന്ദ്രമായ അന്തരീക്ഷം.ആരതി നടക്കുകയാണ്. ദിവസവും വൈകിട്ട് ഇവിടെ നടക്കുന്നതാണിത്.എന്നും ഇവിടെ ശിവതാണ്ഡവമുയരുമ്പോൾ മറുഭാഗത്ത് ഉയർന്നൊരിടത്ത് മൂന്ന് പുരോഹിതന്മാർ ഒരു കൈയിൽ മണിയും മറ്റേതിൽ പ്രത്യേകതരം വിളക്കും പിടിച്ച് കർമ്മങ്ങൾ ചെയ്യാറുണ്ടാവണം. മൂന്നു പേർക്കും ഒരേ താളം. ഇത്ര മനോഹരമായൊരനുഭവം മുമ്പുണ്ടായിട്ടില്ല. ഒരുപാട് കഥാപാത്രങ്ങൾ.. പടിക്കെട്ടുകളിലിരുന്ന് ശിവതാണ്ഡവത്തിന് ചുവടുകൾ വെച്ച ആ നർത്തകിയിൽ തുടങ്ങി,ഇരുട്ടിന് താളം പിടിച്ചുകൊണ്ടിരുന്ന ബുദ്ധഭിക്ഷുവിലൂടെ, ചിരിച്ചുകൊണ്ട് നൃത്തം ചെയ്തുകൊണ്ടിരുന്ന അമ്മമ്മയിൽ നിന്ന് കാഴ്ചക്കാരോരോരുത്തരും അതേ താളം പകർന്നു കിട്ടുന്ന പോലെ.. ഒരേ ആവൃത്തിയിൽ ഒരു സമൂഹം കമ്പനം ചെയ്യുന്ന നേരം.സമയത്തെപ്പറ്റി യാതൊരു ബോധവുമുണ്ടായിരുന്നില്ല.

കാഠ്മണ്ഡുവിലേക്കുള്ള അവസാന ബസ് പോയപ്പോഴും ഏതൊക്കയോ താളങ്ങളിൽ സ്വയം നഷ്ടപ്പെട്ട് പശുപതിനാഥിന്റെ തെരുവുകളിലൂടെ ഞങ്ങൾ നടക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ വല്ലപ്പോഴും നമ്മളിങ്ങനെ പുതിയ താളങ്ങളെ കണ്ടുമുട്ടാറുണ്ട്.അനുഭവങ്ങളോ വ്യക്തികളോ ഒക്കെയായി നമ്മളറിയാതെ, അരനിമിഷത്തേക്കെങ്കിലും.. രാത്രിയാണ് പൊഖ്റയിലേക്കുള്ള ബസ്സ്.പൊഖ്റയിൽ നിന്ന് ഫേദിയിലേക്ക് പോണം.അവിടുന്ന് ഓസ്ട്രേലിയൻ ക്യാമ്പിലേക്ക് ട്രെക്ക് ചെയ്യണം. പശുപതിനാഥിൽ വെച്ച് പരിചയപ്പെട്ട ഫോട്ടോഗ്രാഫറാണ് ഇങ്ങനെ ഒരോപ്ഷൻ മുന്നോട്ട് വെച്ചത്.

ഒരു ദിവസം മുന്നിലുണ്ട്. എവിടൊക്കെയോവെച്ച് വിളിച്ചെഴുന്നേൽപ്പിച്ച ഉറക്കങ്ങളെല്ലാർക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഉച്ചവരെ കിടന്നുറങ്ങി ക്ഷീണം തീർത്തു. സ്വയംഭൂനാഥിലേക്ക് പോണം.ബുദ്ധനെ കാണണം.താഴെ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന മൂന്ന് ബുദ്ധന്മാരുടെ പ്രതിമകളുണ്ട്. പടികളൊരുപാട് കയറിയിട്ടു വേണം സ്വയംഭൂനാഥ ക്ഷേത്രത്തിലെത്താൻ. കുരങ്ങന്മാരുടെ സാന്നിധ്യം കാരണം വാനരക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. അർധകുംഭത്തിനു മുകളിൽ നാലുവശത്തും ബുദ്ധന്റെ കണ്ണുകൾ ആലേഖനം ചെയ്ത ഘനരൂപം.ഇതാണ് സ്വയംഭൂനാഥക്ഷേത്രം.ഇഹലോകത്തെ കെട്ടുപാടുകളിൽ നിന്നുള്ള മോചനമാണ് പരിഞ്ജാനത്തിന്റെയും പരമാനന്ദത്തിന്റെയും ഇടങ്ങളിലേക്കുള പാത എന്ന് ജീവിച്ചുകാണിച്ച കണ്ണുകളാണ്.ഈ അലച്ചിലുകളിലെ സ്വാതന്ത്ര്യം പറഞ്ഞുവെക്കുന്നതും അതുതന്നെയാണല്ലോ.. വിടുതലുകളെ അത്രത്തോളം ആഴത്തിൽ ആസ്വദിക്കാൻ പറ്റുന്നതും അതുകൊണ്ടായിരിക്കണം.

നാലുപാടും ജക്കറാന്ത പൂത്തുനിൽക്കുന്ന കാഠ്മണ്ഡു നഗരത്തിന്റെ രാത്രിക്കാഴ്ച അതിമനോഹരമാണ്. വന്നിറങ്ങിയപ്പോൾ വരണ്ട,പൊടിനിറഞ്ഞൊരു നഗരം എന്നതിനപ്പുറം യാതൊന്നും കണ്ടുകിട്ടിയിരുന്നില്ല. ബസ്സിന്റെ സൈഡ്സീറ്റിലിരുന്ന് ആർത്തിയോടെ ആകാശം നോക്കുമ്പോൾ താഴെ മലകളാൽ ചുറ്റപ്പെട്ട്,വെളിച്ചം കൊണ്ടണിഞ്ഞൊരുങ്ങി കാഠ്മണ്ഡു മനസ്സു നിറയ്ക്കുന്നുണ്ടായിരുന്നു.

കാലാവസ്ഥയിലെ അസ്ഥിരത പൊഖ്റയുടെ പ്രത്യേകതയാണ്.എപ്പോൾ വേണമെങ്കിലും മഴ പെയ്യാം.അങ്ങനൊരു മഴ തന്നെയാണ് ഞങ്ങളെ വരവേറ്റത്. അവിടുന്ന് ഫേദിയിലേക്ക് നേരിട്ട് ബസ്സുകൾ കുറവാണ്.ഭാഗ്യത്തിന് ഞങ്ങൾക്ക് നേരിട്ടുള്ള ബസ്സ് തന്നെ കിട്ടി.സീറ്റുണ്ടായിരുന്നില്ല. നേപ്പാളിൽ സിറ്റി ബസ്സുകളൊഴികെ മറ്റെല്ലാത്തിലും റിസർവേഷനാണ്. സ്വകാര്യ ബസ് സർവീസ് മാത്രമേ ഇവിടെയുള്ളൂ.അതുകൊണ്ട് ഇരുന്നു യാത്ര ചെയ്യണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്തേ പറ്റൂ.

നേപ്പാളിന്റെ ഗ്രാമങ്ങൾക്ക് വല്ലാത്ത ഭംഗിയാണ്.ഫേദിയിലെത്തും വരെ കണ്ണെടുക്കാതെ പുറത്തേക്കുനോക്കി നില്പായിരുന്നു.ഫേദിയുടെ തണുപ്പിലേക്ക് ബസ്സിറങ്ങിയപ്പോഴാദ്യം കണ്ടത് ലക്ഷ്മൺ ഭായെയാണ്. ആ താഴ്വരയ്ക്ക് അയാളുടെ മുഖഛായയാണ്.നേപ്പാളികളുടെ ആതിഥേയത്വത്തിന്റെ ഭംഗി അയാളാണ് കാണിച്ചുതന്നത്.ടിബറ്റൻ മുതലാളിയുടെ റെസ്റ്റോറന്റ് നോക്കിനടത്തുന്നത് ലക്ഷ്മൺ ആണ്.തലയിലൊരു നേപ്പാളി തൊപ്പിയും നെറ്റിയിലൊരു കുറിയും മുഖത്ത് ഒരു കോട്ടവും വരാൻ സാധ്യതയില്ലാത്ത നിഷ്കളങ്കതയും. ‘ഖാനാ മിലേഗാ?’ എന്ന് ചോദിച്ചപ്പോഴൊക്കെ സ്നേഹംകൊണ്ട് വയറുനിറച്ചയാൾ. ഞങ്ങളുടെ മുറിഹിന്ദിയൊക്കെ ഒരു കുട്ടിയെപ്പോലെ സൂക്ഷിച്ചുകേട്ട് ചിരിച്ചുകൊണ്ട് ഉത്തരം തരുന്ന ലക്ഷ്മൺ.പൊട്ടിച്ചിരിക്കുമ്പോൾ എടുത്തുകാണിക്കുന്ന പല്ലിലെ വിടവ്. ആ അഞ്ചടിപ്പൊക്കത്തിനും മെലിഞ്ഞ ശരീരത്തിലും എവിടെയാണിത്ര സ്നേഹം ഒളിപ്പിച്ചിരിക്കുന്നതെന്ന് തോന്നും.ആവശ്യമായ സാധനങ്ങൾ മാത്രമെടുത്ത് ഉച്ചയ്ക്ക് ട്രെക്ക് ചെയ്യാൻ തുടങ്ങി.

ഫേദിയിൽ നിന്ന് ഓസ്ട്രേലിയൻ ക്യാമ്പ് വരെ കല്ലുപാകിയുണ്ടാക്കിയ പാതയുണ്ട്. നാലുമണിക്കൂർ ട്രെക്ക് ചെയ്യണം.അങ്ങനെയാണ് വഴികളുമായി പ്രണയത്തിലാവാറുള്ളത്. ഇത്രയുംനേരം വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നവർക്ക് എന്തോ ആ നാലഞ്ച് മണിക്കൂർ അധികം മിണ്ടാനുണ്ടായിരുന്നില്ല. ബോധമണ്ഡലത്തിന്റെയുമപ്പുറത്തൊരു ലോകമുണ്ടല്ലോ. ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുമ്പോഴും,മഴ നനയുമ്പോഴും,നിലാവു പെയ്യുന്നേരം ആകാശത്തേക്ക് മലർന്നു കിടക്കുമ്പോഴുമെല്ലാം ഒരു കെട്ടുപാടുകളുടേയും തടസ്സമില്ലാതെ നമ്മളെത്താറുള്ള അതേ ലോകം. ഞങ്ങളവിടെയായിരുന്നു.

ഓരോ നിമിഷവും പ്രകൃതി മത്ത് പിടിപ്പിച്ചുകൊണ്ടേയിരുന്നു. മനസ്സും ശരീരവും ഒരേപോലെ ശാന്തമായൊരനുഭൂതി.കോടപുതച്ച ആ കാട്ടുപാതകൾ ഏതോ ആകാശങ്ങളിലേക്കു നീളുന്ന ഒറ്റയടിപ്പാതകളിലേക്കു വഴികാട്ടി.അവിടെ തട്ടുതട്ടായ്തിരിച്ച തൊടികൾക്കു നടുവിൽ ഇതേ ഒറ്റവീടിന്റെ കോലായിൽ ഞാൻ നക്ഷത്രങ്ങളെ കണ്ടു കിടന്നു.നിലാവിന്റെ നീലനിറമുള്ള താഴ്വരകളിൽ സ്വപ്നം കണ്ടിരുന്നു. സന്ധ്യയോടെ ഓസ്ട്രേലിയൻ ക്യാമ്പിലെത്തി.ഏതാനും വീടുകളും കടകളും ഹോട്ടലുകളുമൊക്കയുണ്ടിവിടെ.2600 മീറ്റർ ഉയരത്തിലാണ് ഓസ്ട്രേലിയൻ ക്യാമ്പ്.ഉയരം കൂടുന്തോറും സാധനസാമഗ്രികൾക്കെല്ലാം വില കൂടും എന്നുള്ളത് കൊണ്ട് പരമാവധി താഴെ നിന്നുതന്നെ കൊണ്ടുവരുന്നതാണ് നല്ലത്.ട്രെക്കിങ്ങിനിടയിൽ കണ്ട ധംപസിനു താഴെ താമസിക്കുന്ന ഭുവനാണ് കാര്യങ്ങളൊക്കെ പറഞ്ഞുതന്നത്.മൂന്നാലു കൊല്ലം ഹിമാലയത്തിലായിരുന്നത്രേ. യോഗിയാണ് കക്ഷി.സംസാരത്തിലെ മിതത്വം അത് വ്യക്തമാക്കുന്നുണ്ട്. അന്നപൂർണ്ണ ഗൈഡും കൂടിയാണ്.

പുറകോട്ടു വാരിക്കെട്ടിയ മുടി ഒതുക്കിക്കൊണ്ട് അയാൾ സ്വപ്നങ്ങളെപ്പറ്റിയും പഹാഡ്ലോകിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചിരുന്നതോർമ്മവന്നു. ഏറ്റവും മുകളിൽ ടെന്റടിക്കാൻ പ്രൈവറ്റ് സ്ഥലങ്ങൾ മാത്രമേ ഉണ്ടാവൂ എന്ന് ഭുവൻ പറഞ്ഞിരുന്നു.അവിടുത്തെ ചർച്ചിനടുത്തെ ഒഴിഞ്ഞ സ്ഥലത്ത് അനുവാദം ചോദിച്ച് ടെന്റ് പിച്ച് ചെയ്തു.മണിക്കൂറുകൾ നടന്നതിന്റെ ക്ഷീണമേതുമില്ലാതെ നട്ടപ്പാതിരയോളം വട്ടത്തിൽ വർത്തമാനം പറഞ്ഞിരുന്നു തീകാഞ്ഞു.രാവിലെ ഇറങ്ങുമ്പോഴും അതേ ചൂടിൽ ഞങ്ങൾ തണുത്തുവിറച്ചു.ഇടയ്ക്കിടെ വഴികളെ നോക്കി വെള്ളമിറക്കി.

ഇറക്കത്തിലും ഭുവനെ കണ്ടു സംസാരിച്ചു. പെയ്ത മഴ മുഴുവൻ കൊണ്ടു ഫേദിയിലെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു.പൊഖ്റയിലേക്കെപ്പോഴും ബസ്സുണ്ടെങ്കിലും ഈ രാത്രി ഇവിടെ തങ്ങാമെന്നുവച്ചു. മിന്നാമിനുങ്ങുകളുടെ താഴ്വരയാണ് ഫേദി.ആയിരക്കണക്കിനു കുഞ്ഞുവെളിച്ചങ്ങളിൽ പുലരുവോളം മുങ്ങിക്കിടക്കുന്നവൾ. ആകാശം കാണിച്ച് കൊതിപ്പിക്കുന്നവൾ. തൊട്ടടുത്തുകൂടൊഴുകുന്ന അരുവിയുടെ ആരവങ്ങളിലാണ് ആ രാത്രി പുലർന്നത്.

ലക്ഷ്മൺ ഭായോട് യാത്ര പറഞ്ഞ് ഉച്ചയ്ക്ക് ബസ്സ് കേറുമ്പോഴേ എനിക്കുറപ്പായിരുന്നു ഒരുപാട് രാത്രികളിൽ ഈ പ്രഭാതത്തിലേക്ക് ഞാൻ ഞെട്ടിയുണരുമെന്ന്.ഒഴിഞ്ഞ ബസ്സായിരുന്നിട്ടുകൂടെ ആ യാത്രയിൽ ആരൊക്കെയോ ഞങ്ങളെ തിക്കിത്തിരക്കി. പൊഖ്റയുടെ ഏതോ കോണിലാണ് ബസ്സ് നിർത്തിയത്.പ്രിത്ഥ്വിചൗക്കിലെ ബസ്സ് സ്റ്റാന്റിലേക്ക് അവിടുന്നങ്ങോട്ട് നടന്നു.

9 മണിക്കുള്ള അവസാനത്തെ കാഠ്മണ്ഡു ബസ്സിന് ടിക്കറ്റെടുത്ത് ലേക്ക്സൈഡിലേക്ക്. നാലഞ്ചുമലകളാൽ ചുറ്റപ്പെട്ട തടാകം.അതിലെ ആകാശം നിറയെ നക്ഷത്രങ്ങളെ പോലെ മലമുകളിലെ വെളിച്ചങ്ങൾ.ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്.എപ്പോഴും ഉണർന്നിരിക്കുന്ന ലേക്ക്സൈഡിലെ തെരുവുകളും മനോഹരമാണ്.അലഞ്ഞുതിരിഞ്ഞ് 8 മണിയായപ്പോഴേക്കും സ്റ്റാന്റിൽ തിരിച്ചെത്തി.അപ്പോഴാണ് ഞങ്ങളുടെ ബസ്സ് പോയി എന്ന നഗ്നസത്യം മനസ്സിലാവുന്നത്.ഹിന്ദി അക്കങ്ങൾ വായിക്കാനറിയാത്തത് വലിയ വിനയായിപ്പോയി.

അവസാനത്തെ ബസ്സിനാണ് ടിക്കറ്റെടുക്കാൻ പറഞ്ഞതെങ്കിലും അടുത്ത ബസ്സിന്റെ ടിക്കറ്റാണ് തന്നത്. ആവുന്ന പോലെ തർക്കിച്ചെങ്കിലും പൈസ തിരിച്ചു കിട്ടാൻ ഒരു മാർഗവുമില്ലെന്നാണവരുടെ ഭാഗം. ടിക്കറ്റ് കൗണ്ടറിലെ ആളുകൾക്ക് ബസ്സുകളുമായി നേരിട്ടൊരു കോണ്ടാക്ടുമില്ല. ബന്ധപ്പെടാനുള്ള നമ്പർ പോലും അവരുടെ കൈവശമില്ല.അവസാനം അടുത്ത ബസ്സിൽ ടിക്കറ്റെടുക്കാതെ കയറി. ഞങ്ങൾക്ക് ഇരിക്കാൻ നടുവിൽ ഒരു ബെഞ്ചിട്ടിട്ടുണ്ട്. ബസ്സിനെ കണ്ടുമുട്ടുന്നതുവരെയുള്ള യാത്രാക്കൂലി കൊടുക്കേണ്ടിവരും. എന്തായാലും ഭക്ഷണത്തിനു നിർത്തിയ സ്ഥലത്തുനിന്ന് ബസ്സിനെ കിട്ടി.പിന്നീടധികം ദൂരമുണ്ടായിരുന്നില്ല.
കാഠ്മണ്ഡുവിനന്ന് തണുപ്പുകൂടുതലായിരുന്നു.അവിടൊരു റൂമെടുത്ത് വൈകിട്ട് ബസ്സ് കേറാമെന്നു വെച്ചു.മരാറിലേക്ക് ബസ്സുകൾ കുറവാണ്.റെക്സോളിലേക്ക് 7 മണിക്കുള്ള ബസ്സിന് ടിക്കറ്റെടുത്തു.

പോസ്റ്റ് ഓഫീസും തിരഞ്ഞ് ഞാനും ഹിഷാമും പുറത്തേക്കിറങ്ങിയതാണ്. സ്ത്രീ സമത്വത്തിന്റെയൊക്കെ കാര്യത്തിൽ നേപ്പാൾ സ്വപ്നഭൂമികയാണെങ്കിലും ഇത്തരത്തിലുള്ള പലതിനെപ്പറ്റിയും ആർക്കുമൊരു ബോധമില്ല. സിഗരറ്റ് വലിച്ചുകൊണ്ട് നടക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ കോടുന്ന മോന്തായങ്ങളില്ലെന്ന് മാത്രമല്ല,തൊഴിൽ മേഖലകളില്ലാം സ്ത്രീ പ്രാതിനിധ്യം വളരെ കൂടുതലുമാണ്.അടുത്തെവിടെയാണ് പോസ്റ്റോഫീസ് എന്ന് ചോദിച്ചിട്ട് ആർക്കും യാതൊരെത്തും പിടിയുമില്ല.

അവസാനം ഒരു ബുക്ക് സ്റ്റാളിലെ ചേട്ടനാണ് സ്ഥലം പറഞ്ഞുവന്നത്.ബസ്സിനു പോവാനുള്ള ദൂരമുണ്ട്.തേടിയലഞ്ഞ് പോസ്റ്റ് കാർഡൊക്കെ വാങ്ങിയപ്പോഴേക്കും സമയം വൈകി.ദൂരം കൂടുന്തോറും കത്തിന് ഇഷ്ടം കൂടുമല്ലോ. പോസ്റ്റ് ചെയ്യാൻ വേറെ സ്ഥലങ്ങളില്ലാത്തതുകൊണ്ട് റൂമിൽ പോയി ഇങ്ങോട്ട് തന്നെ തിരിച്ചുവരണം.എന്തായാലും പെട്ടെന്ന് റൂമിലേക്ക് ചെന്നു. പെട്ടെന്നുള്ള തട്ടിക്കൂട്ടലിൽ പറയാനുണ്ടായിരുന്നതൊക്കെ എഴുതാൻ മറന്നുപോയി. മറന്നതൊക്കെ അടുത്ത കത്തിലേക്കോർത്തുവെച്ച് എല്ലാവരും ഇറങ്ങി.പോസ്റ്റ് ചെയ്യാൻ നിന്നാൽ ബസ്സ് പോകും എന്നുള്ളത് കൊണ്ട് നേരത്തെ പരിചയപ്പെട്ട ബുക്ക് സ്റ്റാൾ ചേട്ടന്റെ ഉറപ്പിൽ കത്ത് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. ഒരുപാട് വർത്തമാനങ്ങളെ അവിടെ വെച്ചിട്ടാണ് പോന്നതെന്ന ആളലോടെ റെക്സോളിനു കേറി.

വഴികൾ തന്നെയാണ് യാത്രയെന്നു തന്നെയാണ് ഓരോ പോക്കും പറഞ്ഞുവെക്കുന്നത്. വരാതിരിക്കാൻ പറ്റില്ലെന്ന ഒറ്റയുറപ്പിന്റെ പുറത്ത് നേപ്പാളിനോട് വിട പറഞ്ഞു. റെക്സോളിൽ നിന്ന് പാറ്റ്നയിലേക്കും അവിടുന്ന് കൊൽക്കത്തയിലേക്കും ട്രെയിൻ കേറി.കെ.ആർ മീര പറഞ്ഞുകൊതിപ്പിച്ച കൊൽക്കത്തയുടെ തെരുവുകളിലും കാളിഘട്ടിലുമൊക്കെയായി ഒരു പകൽ മുഴുവൻ നടന്നു മഴകൊണ്ടു.ദിവസങ്ങൾക്കു ശേഷം നല്ല മീൻകറികൂട്ടി ചോറുതിന്നു. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിൽ കിടന്നുറങ്ങി. പിറ്റേന്ന് വൈകുന്നേരം അന്ത്യോദയ എക്സ്പ്രസ്സിൽ നാട്ടിലേക്ക് വണ്ടി കയറി. മനസ്സു നിറയെ വഴികളായിരുന്ന ആ രാത്രി ആകാശം മുഴുവൻ നക്ഷത്രങ്ങളായിരുന്നു.

പകർത്താനാവാത്ത ചില ചിത്രങ്ങളിൽ തന്നെയായിരിക്കണം യാത്രയുടെ സത്തിരിക്കുന്നത് .വാക്കുകൾക്ക് പിടികൊടുക്കാത്ത അത്തരം നിമിഷങ്ങളാണ് യാത്രയെ പൂർണ്ണമാക്കുന്നത്.ജയ്നഗർ ട്രെയിനിൽ തൊട്ടടുത്ത സീറ്റിലിരുന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ കൈകൊട്ടിപ്പാട്ടിന്റെ താളമാണ്. ജനൽപ്പടിയിലിരുന്ന് അനിയത്തിയെ മടിയിൽ കിടത്തിയുറക്കാൻ നോക്കുമ്പോൾ കണ്ണ് മാളിപ്പോകുന്ന ചേച്ചിപ്പെണ്ണിന്റെ മുഖമാണ്, ആരുടെയൊക്കെയോ ശബ്ദമാണ്,യാത്രയുടെ സംഗീതത്തിന്.. അത്രയും കുറച്ചാണെഴുതിയതെന്ന്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post