സുഭാഷ് ചന്ദ്രബോസ് : മരണമില്ലാത്ത കരുത്തനായ നേതാജി…

Total
0
Shares

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു സുഭാസ് ചന്ദ്ര ബോസ് . നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഒറീസ്സയിലെ കട്ടക്കാണ് സുഭാസ്‌ ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. അച്ഛൻ ജാനകിനാഥ് ബോസ്, ഒരു പ്രശസ്ത വക്കീലായിരുന്നു.അമ്മ പ്രഭാവതി. ഈ ദമ്പതികളുടെ ആറാമത്തെ മകനായിരുന്നു സുഭാസ്. പുത്രസൗഭാഗ്യം കൊണ്ട് സമ്പന്നരായിരുന്നു ജാനകീനാഥും, പ്രഭാവതിയും, അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപ്പോലെ സുഭാസിനും വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ല.

പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. സുഭാഷ് ചെറുപ്പത്തിൽ ഒരിക്കലും ഇംഗ്ലീഷ് ഭാഷ സംസാരിച്ചിരുന്നില്ല. ബ്രീട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസരീതിയിൽ കുട്ടിയായിരുന്ന സുഭാഷ് സംതൃപ്തനല്ലായിരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഈ വിദ്യാഭ്യാസസംസ്കാരം സുഭാഷിന് ദഹിച്ചില്ല. കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലാണ് സുഭാഷ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. കോളേജ് വിദ്യാഭ്യാസത്തിനോടൊപ്പം കോളേജിനു പുറത്തു നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെ സുഭാഷ് കൗതുകപൂർവ്വം നിരീക്ഷിച്ചിരുന്നു.

കേംബ്രിഡ്‌ജ് സർവ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 – ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി. പക്ഷേ ഉയർന്ന മാർക്കുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ വേണ്ടി അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവുമായി യോജിച്ചു പോകാൻ ബോസിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം കൽക്കട്ടയിലേക്ക് പോയി, അവിടെ ചിത്തരഞ്ജൻ ദാസ് എന്ന ബംഗാളി സ്വാതന്ത്ര്യസമര സേനാനിയുടെ കീഴിൽ പ്രവർത്തിക്കാനാരംഭിച്ചു. മോട്ടിലാൽ നെഹ്രുവിനോടൊപ്പം സ്വരാജ് പാർട്ടി സ്ഥാപിച്ച ആളാണ് ചിത്തരഞ്ജൻ ദാസ്. 1921- ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടർന്ന് അദ്ദേഹം അറസ്റ്റിലും ആയി.

1924 ഏപ്രിലിൽ, പുതിയതായി രൂപവത്കരിച്ച കൽക്കട്ട കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു, ചിത്തരഞ്ജൻ ദാസായിരുന്നു കോർപ്പറേഷൻ മേയർ. 3000 രൂപ മാസശമ്പളത്തോടെയായിരുന്നു അദ്ദേഹത്തെ നിയമിച്ചത് പക്ഷേ 1500 രൂപയേ അദ്ദേഹം വാങ്ങിയിരുന്നുള്ളു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത പരമാവധി മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു ബോസിന്റെ അഭിപ്രായം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയവും, സൈനികവും, നയതന്ത്രപരവുമായുള്ള പിന്തുണ ലഭിച്ചാലേ ഇന്ത്യക്ക് സ്വാതന്ത്ര്യം പൊരുതി നേടാനാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് കൂടിയാലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കി. ഇതിനെതിരെ അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചു. പക്ഷേ ജയിലിൽ തുടങ്ങിയ നിരാഹാരസമരം 7 ദിവസമായപ്പോഴേക്കും അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ കൽക്കട്ടയിലെ ബോസിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.

1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ .കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനും, സോവിയറ്റ്‌ യൂണിയനും കടന്ന് ജർമ്മനിയിലെത്തി. വേഷം മാറിയാണ് ബോസ് സഞ്ചരിച്ചത്. ആദ്യം സിയാവുദ്ദീൻ എന്ന പേരിൽ പത്താൻ വംശജനായ ഇൻഷുറൻസ് ഏജന്റിന്റെ വേഷത്തിൽ അഫ്‌ഗാനിസ്ഥാനിൽ എത്തി. അവിടെ നിന്നും കൌണ്ട് ഒർലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി. അവിടെ നിന്നും റോമിലും അവസാനം ജർമ്മനിയിലും എത്തിച്ചേർന്നു.

വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ തികച്ചും സ്വതന്ത്രമായ ഒരു ഓഫീസും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ജർമ്മൻ സർക്കാർ അനുവദിച്ചു കൊടുത്തിരുന്നു. പ്രചരണവിഭാഗത്തിന്റെ തലവൻ ആദം വോൺ ത്രോട്ട് ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരിജ്ഞാനമുള്ള ആളായിരുന്നു. ത്രോട്ടും അദ്ദേഹത്തിന്റെ പകരക്കാരനായിരുന്ന അലക്സാണ്ടർ വെർത്തും സുഭാസ് ചന്ദ്ര ബോസിന്റെ സുഹൃത്തുക്കളായി. ബോസിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ജർമ്മൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്.

ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘പ്രത്യേക ഭാരത വകുപ്പ്’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘(Free India Centre)’ അദ്ദേഹം സ്ഥാപിച്ചു. ആത്മാർഥതയും, ദേശസ്നേഹവും, അർപ്പണമനോഭാവവുമുള്ള കുറച്ചു അനുയായികളെയും ബോസിനു അവിടെ കിട്ടി, എ.സി.നമ്പ്യാർ‍, എൻ.ജി.ഗണപതി, അബീദ് ഹസ്സന്, എം.ആർ.വ്യാസ്, ഗിരിജാ മുഖർജി, തുടങ്ങിയവർ. നയതന്ത്രപരമായ ഒരു സ്ഥാനപതി കാര്യാലയത്തിനു തുല്യമായ എല്ലാ പരിഗണനയും ഫ്രീ ഇന്ത്യാ സെന്ററിനു ജർമ്മനിയിൽ ലഭിച്ചിരുന്നു. സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു – ആസാദ് ഹിന്ദ് റേഡിയോ വഴി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷേപണങ്ങൾ നടത്തുക; ഇന്ത്യൻ രാഷ്ട്രീയം, സംസ്കാരം, കല, തത്ത്വശാസ്ത്രം, സാമ്പത്തികം, തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ‘ആസാദ് ഹിന്ദ് ദിനപ്പത്രം’ ഇംഗ്ലീഷിലും, മറ്റു യൂറോപ്യൻ ഭാഷകളിലും അച്ചടിച്ച് വിതരണം ചെയ്യുക; ജർമ്മൻ അധിനിവേശപ്രദേശങ്ങളിലെ ഇന്ത്യാക്കാരെ സംഘടിപ്പിക്കുക; സ്വതന്ത്രഭാരതകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാക്കുക; ഇന്ത്യൻ ലീജിയൺ എന്ന ഇന്ത്യൻ ദേശീയസേനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക.

സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബർലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോർ രചിച്ച ‘ജനഗണമന..’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്.

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ എന്നു കരുതപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ പദ്ധതികൾ നടപ്പിൽ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവർത്തികളോടും ബോസിന് യോജിക്കാൻ സാധിച്ചില്ല, പ്രത്യേകിച്ചും ജൂതന്മാരോടുള്ള സമീപനവും, ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള നാസികളുടെ ശത്രുതാപരമായ സമീപനവും, പിന്നെ സോവിയറ്റ് യൂണിയനു നേരേയുള്ള നാസി ആക്രമണവും. ഹിറ്റ്‌ലറിന്റെ പ്രവർത്തികളെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഹിറ്റ്‌ലർക്കും നാസികൾക്കും അത്ര താല്പര്യവുമില്ലായിരുന്നു.

അദ്ദേഹം ജർമ്മനി വിട്ടു പൂർവേഷ്യയിലേക്കു പോകുവാൻ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്, ശാന്തസമുദ്ര മേഖലയിലെ സ്ഥിതിഗതികൾ പെട്ടെന്നു മാറി, ജപ്പാൻ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേർന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിൽ പ്രവേശിച്ച ജപ്പാൻ സേന സിംഗപ്പൂർ ദ്വീപ് നിഷ്പ്രയാസം കീഴടക്കി. അതിനുശേഷം ജപ്പാൻ സൈന്യം ബർമ്മയിലേക്കും കടന്നു, 1942 മാർച്ച് മാസത്തിൽ ബ്രിട്ടീഷുകാർ റംഗൂൺ വിട്ടൊഴിഞ്ഞു പോയി. പൂർവ്വേഷ്യയിൽ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാസ് ചന്ദ്ര ബോസിന്റെ മനസ്സിൽ തെളിഞ്ഞു. ഇക്കാരണങ്ങളാൽ ബോസ് നാസി ജർമ്മനി വിടാൻ തീരുമാനിച്ചു.

1943ൽ അദ്ദേഹം ജർമ്മനി വിട്ടുപോയി, ജപ്പാനിലാണ് ചെന്നെത്തിയത്. യു -180 എന്ന ജർമ്മൻ അന്തർവാഹിനിയിലാണ് അദ്ദേഹം പോയത്. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴിയായിരുന്നു യാത്ര. ഇടക്കു വച്ച് ഐ – 29 എന്ന ജാപ്പനീസ് മുങ്ങിക്കപ്പലിൽ യാത്ര തുടർന്നു. 1943 മെയ് 6നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ചെറുദ്വീപിലാണ് ബോസ് ചെന്നെത്തിയത്, അവിടെ അദ്ദേഹത്തെ സ്വീകരിക്കാൻ ജപ്പാൻ സൈന്യത്തിലെ കേണൽ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12നു അദ്ദേഹം ടോക്കിയോയിൽ എത്തിച്ചേർന്നു. അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ജനറൽ ടോജോയുമായി ഭാരത-ജപ്പാൻ ബന്ധങ്ങളെപ്പറ്റിയും, നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചർച്ചചെയ്ത് ഒരു പരസ്പരധാരണയിൽ എത്തിച്ചേർന്നു. റാഷ്‌ബിഹാരി ബോസ്, അബീദ് ഹസ്സന്‍, കേണൽ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂൺ 23നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.

റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി.

ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്.

ഐ.എൻ.എയുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍, എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ, എൻ.പി. നായർ തുടങ്ങി കുറെ മലയാളികൾ. പോരാട്ടത്തിനിടെ യുദ്ധഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയവരും അക്കൂട്ടത്തിലുണ്ട്. വക്കം ഖാദര്‍, ടി.പി. കുമാരൻ നായർ തുടങ്ങിയവർ തൂക്കിലേറ്റപ്പെട്ടു. മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ തുടങ്ങിയ കേരളീയ വനിതകളും ഐ.എൻ.എയിലുണ്ടായിരുന്നു. ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.

1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളിൽ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബർ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാൻസിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളിൽ സ്വതന്ത്രഭാരത സർക്കാരിന്റെ മന്ത്രിസഭയോഗങ്ങളിൽ വച്ച് അമേരിക്കൻ ശക്തികൾക്കെതിരെ സ്വതന്ത്രഭാരത സർക്കാർ യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ കൈവശമായിരുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ സ്വതന്ത്രഭാരത സർക്കാരിനു കൈമാറുന്നതാണെന്നും മേലാൽ പിടിച്ചെടുക്കുന്ന ഏതു ഭാരതപ്രദേശവും ആസാദ് ഹിന്ദ് സർക്കാരിന് വിട്ടുകൊടുക്കുന്നതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ജനറൽ ടോജോകൂടുതൽ പഠനങ്ങൾ ആവശ്യമാണ് പ്രസ്താവിച്ചു.

1943 ഡിസംബർ 29-‍ാ‍‍ം തീയതി ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ ഏറ്റെടുക്കാൻ നേതാജി ആൻഡമാനിലെത്തി. ആൻഡമാൻ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാർ ദ്വീപിന് ‘സ്വരാജ്’ ദ്വീപെന്നും നേതാജി പുനർനാമകരണം ചെയ്തു. മേജർ ജനറൽ ലോകനാഥനെ ഷഹീദ് സ്വരാജ് ദ്വീപസമൂഹത്തിന്റെ ആദ്യത്തെ ഭരണാധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.

1944 ജനുവരിയിലാണ് ബർമ്മയിൽ നിന്നു ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ഒരാക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചത്, സഖ്യകക്ഷികൾ ബർമ്മ തിരിച്ചുപിടിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഇത്. അരാക്കൻ പർവ്വതപ്രദേശത്തുകൂടി കിഴക്കൻ ബംഗാളിന്റെ കവാടമായ ചിറ്റഗോംഗിനെ ലക്ഷ്യമാക്കി ഒരു മുന്നേറ്റം നടത്തുക, ബ്രിട്ടീഷുകാർ ചിറ്റഗോംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സാവധാനം ഇംഫാലും കോഹിമയും പിടിച്ചെടുക്കുക, ഇതായിരുന്നു യുദ്ധതന്ത്രം.

ഐ.എൻ.എയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. ഐ.എൻ.എ – ജപ്പാൻ സംയുക്തസേനകൾ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, അരാക്കൻ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി. ബ്രിട്ടീഷ് സേനയെ പിന്നോക്കം പായിച്ചു കൊണ്ട് ബഹുദൂരം മുന്നേറുകയും ചെയ്തു. മാർച്ച് മാസത്തിൽ ഐ.എൻ.എ ഘടകങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു. മാർച്ച് മധ്യത്തോടെ ഐ.എൻ.എ – ജപ്പാൻ സേനകൾ ഇംഫാൽ ആക്രമണം ആരംഭിച്ചു. ഈ യുദ്ധത്തിൽ ലഫ്.കേണൽ എം.ഇസഡ്.കിയാനിയുടെ നേതൃത്വത്തിൽ ഐ.എൻ.എയുടെ ഒന്നാം ഡിവിഷൻ ജപ്പാൻ സേനയോടൊപ്പം മുന്നേറി. യുദ്ധമേഖലയുടെ വടക്കേയറ്റത്ത്, ഏപ്രിൽ ആദ്യവാരം ഐ.എൻ.എ-ജപ്പാൻ സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു ഏപ്രിൽ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റർ അടുത്തെത്തിയിരുന്നു അവർ അപ്പോൾ.

പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഭാഗ്യം ബ്രിട്ടീഷ് സേനയുടെ ഭാഗത്തായിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു ഇതിന്. രൂക്ഷമായ കാലവർഷം പതിവിനു വിപരീതമായി ഒരു മാസം മുമ്പേ വന്നു. പിന്നെ ആഫ്രിക്കയിലെ യുദ്ധം ബ്രിട്ടന് അനുകൂലമായിത്തീർന്നതിനാൽ അവിടെയുണ്ടായിരുന്ന വിമാനസേനവിഭാഗം ഇന്ത്യയിലേക്ക് തിരിച്ചുവിടപ്പെട്ടു. ഇതിനെ ചെറുക്കാൻ ജപ്പാൻ വിമാനസേന സമരമേഖലയിൽ ഇല്ലാതെ പോയി. ശാന്തസമുദ്രത്തിലെ അമേരിക്കൻ മുന്നേറ്റം നേരിടാനായി വിമാനങ്ങളെല്ലാം ജപ്പാൻ പിൻവലിച്ചതായിരുന്നു കാരണം. ഗത്യന്തരമില്ലാതെ പൊതു പിന്മാറ്റത്തിന് ഉത്തരവുണ്ടായി, മനസ്സില്ലാമനസ്സോടെ സേനകൾ പിന്മാറ്റം ആരംഭിച്ചു. ജനറൽ ടോജോ 1944 സെപ്തംബറിൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു. ജനറൽ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. ഇതിനിടെ ജപ്പാൻ സർക്കാരിൽ വീണ്ടും മാറ്റമുണ്ടായി ജനറൽ കെയ്‌സോ രാജിവച്ചു, അഡ്‌മിറൽ സുസുക്കി പ്രധാനമന്ത്രിയായി.

ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി, ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി. റംഗൂൺ മേഖലയിൽ അന്തിമമായ സമരത്തിന് നേതാജി ആഗ്രഹം പ്രകടിപ്പിച്ചതായിട്ടാണ് കാണുന്നത്, പക്ഷേ സൈനികോപദേഷ്ടാക്കളുടെയും മന്ത്രിസഭാംഗങ്ങളുടെയും എതിർപ്പിനെ തുടർന്ന് ആ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു, റംഗൂണിൽ നിന്നു ഒഴിഞ്ഞുപോകാനും തീരുമാനിച്ചു. അങ്ങനെ ആസാദ് ഹിന്ദ് സർക്കാർബർമ്മയിൽ നിന്നും പിന്മാറി. 1945 മെയ് 7-നു ജർമ്മനി നിരുപാധികം സഖ്യശക്തികൾക്കു കീഴടങ്ങി. ഓഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ഓഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു.

1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻ‌മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.

സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്. വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യൻ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്ന്യാസിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ’ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി.എൻ.എ ഘടനയും, നേതാജിയുടെ പിൻമുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മിൽ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു. ഈ സന്ന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തുടരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം നടത്തിയ അന്വേഷണത്തിൽ സന്ന്യാസി ബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകൾ ലഭിച്ചിരുന്നു. കയ്യക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്ന്യാസിയുടേയും ബോസിന്റേയും കയ്യക്ഷരം ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു.

1991-ൽ ഭാരത സർക്കാർ ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ചു. എന്നാൽ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതു പാടില്ല എന്ന് കോടതിയിൽ ഒരു പരാതി സമർപ്പിക്കപ്പെടുകയും തുടർന്ന് ഗവണ്മെന്റ് പുരസ്കാരം പിൻ‌വലിക്കുകയും ചെയ്തു. ബോസിന്റെ മരണത്തെ സ്ഥിരീകരിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച ഒരു തന്ത്രമായി നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നു.

കടപ്പാട് – വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post