വിവരണം – Jubin Jacob Kochupurackan.
കോൺട്രാക്റ്റ് കാര്യേജുകൾ അഥവാ വാടകയ്ക്ക് ഓടുന്ന ബസ്സുകളിലെ വർണ്ണശബളമായ പെയിന്റിങ്ങുകളും പ്രിന്റുകളും ഇനിയില്ല. സിനിമാതാരങ്ങൾ തുടങ്ങി പോൺ സ്റ്റാറുകളുടെയും സൂപ്പർ ഹീറോസിന്റെയുമൊക്കെ വമ്പൻ ചിത്രങ്ങളും അതിമനോഹരമായ ലിവറികളും ലോഗോയുമൊക്കെ ചേർത്ത് അലങ്കരിച്ചിരുന്ന ബസ്സുകളെ ഒന്നടങ്കം ‘വെള്ളപൂശാൻ’ തുനിഞ്ഞിറങ്ങുകയാണ് ഗതാഗതവകുപ്പും റോഡ് സുരക്ഷാമന്ത്രാലയവും.
ഇത്തരം വർണ്ണസമ്പന്നമായ പെയിന്റിങ്ങുകൾ മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയാകർഷിക്കുമെന്നും, അതു കാരണം അപകടങ്ങളുണ്ടാവുമെന്നുമാണ് ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലെ പ്രധാനവാദം. യേത്.. ജ്വല്ലറി മുതൽ അടിവസ്ത്രങ്ങളുടെ വരെ പരസ്യങ്ങൾ ഉയർന്നു നിൽക്കുന്ന നമ്മുടെ വഴിയിൽ.. ഹയ് ഹയ്..
മാർച്ച് ഒന്നു മുതൽ സർക്കാർ നിഷ്കർഷിക്കുന്ന തരത്തിൽ മാത്രമേ കോൺട്രാക്റ്റ് കാര്യേജുകളുടെ ബോഡിയിൽ പെയിന്റിംഗ് അനുവദിക്കൂ. പുതിയ ഉത്തരവനുസരിച്ച് താഴെപ്പറയുന്ന തരത്തിൽ പെയിന്റ് ചെയ്ത വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാനാവൂ. ബോഡി കളർ – വൈറ്റ്, സ്ട്രൈപ്സ് 10 സെന്റിമീറ്റർ വീതിയിൽ – വയലറ്റ്, 3 സെന്റിമീറ്റർ വീതിയിൽ – മെറ്റാലിക് ഗോൾഡ്. ഈ പറഞ്ഞ സ്ട്രൈപ്പുകൾ തമ്മിലുള്ള അകലം 1 സെന്റിമീറ്റർ ആയിരിക്കണം.
ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നും മുൻവശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാവൂ എന്നുമായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ അല്‍പ്പം മയം വരുത്തി. അങ്ങനെയാണ് വെള്ളനിറമടിച്ച ടൂറിസ്റ്റ് ബസുകളുടെ മധ്യഭാഗത്ത് ചാരനിറത്തിനുപകരം വയലറ്റും ഗോള്‍ഡും നിറങ്ങളാവാമെന്ന ഉത്തരവിറങ്ങിയത്.
വാഹനത്തിന്റെ ഓപ്പറേറ്റർ/സ്ഥാപനത്തിന്റെ പേര് എഴുതേണ്ട സ്ഥലവും വിധവും. മുന്നിലെ വിൻഡ്ഷീൽഡിന്റെ മുകൾഭാഗത്തായി 40 സെന്റിമീറ്റർ ഉയരത്തിൽ കവിയാത്ത, സാധാരണ ഫോണ്ടിൽ, വെള്ള നിറത്തിൽ മാത്രം എഴുതുക. ഓപ്പറേറ്ററുടെ വിവരങ്ങൾ വാഹനത്തിന്റെ പിൻഭാഗത്ത് 40 സെന്റിമീറ്റർ ഉയരത്തിലും വാഹനത്തിന്റെ വീതിയിലുമുള്ള ഒരു കോളത്തിനുള്ളിൽ നിയമം അനുശാസിക്കുന്ന രീതിയിൽ രേഖപ്പെടുത്തേണ്ടതാണ്.
ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. 2020 മാർച്ച് 1 മുതൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കോൺട്രാക്റ്റ് കാര്യേജുകൾക്കും ഈ നിയമം ബാധകമായിരിക്കും. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകൾ അവയുടെ ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് മേൽപ്പറഞ്ഞ രീതിയിലേക്ക് നിർബന്ധമായും മാറേണ്ടതുമാണ്.
‘കൊമ്പൻ’ പോലെ ഡെക്കറേറ്റീവ് ആയി പേരെഴുതിയ വണ്ടികൾ വെള്ള പൂശി, വെളുത്ത നിറത്തിൽ സാദാ ഫോണ്ടിൽ പേരെഴുതി വരുന്നത് ഒന്നോർത്തു നോക്കിക്കേ.. ഉയ്യോ ദാരിദ്ര്യം.. മോശം.. മോശം മോശം..