വിവരണം – ലതീഷ് ചുള്ളി.
വീട് എന്ന സ്വപ്നം.. ഒരു കഥ സൊല്ലട്ടുമാ… ആദ്യത്തെ ചിത്രത്തിൽ കാണുന്ന വീട്ടിൽ ആണ് ഞങ്ങൾ മൂന്നുപേരും ജനിച്ചു വളർന്നത്. എന്റെ ഇരുപത്തിയഞ്ചാമത്തെ വയസുവരെ ജീവിച്ചത്. മൂന്നുപേരും ഒരുമിച്ചൊരു പായയിൽ ഒരു മുറിയിൽ ഉറക്കം. ആരെങ്കിലും വിരുന്നുകാർ വന്നാൽ പ്രകൃതിദത്തമായ കുളിർ കാറ്റും കൊണ്ട് പായയും ഞങ്ങളും വരാന്തയിൽ.
തറവാട് വക സ്ഥലത്തു ആയിരുന്നു ആ വീട്. ഒരു വരാന്ത, രണ്ട് മുറി എന്നൊക്കെ പറയാം. പിന്നെ അടുക്കള. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് വീട്ടിൽ കറന്റ് കണക്ഷൻ തന്നെ കിട്ടുന്നത്. ചാണകം മെഴുകിയ തറയിൽ മരപ്പലകയിൽ ഇരുന്നുള്ള ഭക്ഷണം. അച്ഛന് നല്ല ഒരു വീട് വക്കണം എന്നുള്ള ആഗ്രഹം ഒന്നും ഇല്ലായിരുന്നു. പക്ഷേ ജോലി ചെയ്തു കിട്ടിയ കാശ് കൊണ്ട് വീടിന്റെ എതിർവശത്തെ പറമ്പിൽ 10 സെന്റ് സ്ഥലം അച്ഛൻ വാങ്ങി ഇട്ടിട്ടുണ്ടായിരുന്നു.
ഒരു ചെറിയ ചായപീടിക ആയിരുന്നു ആകെ വരുമാനം. അതിൽ വീട്ടുചിലവ് ഞങ്ങളുടെ പഠനവും ബുദ്ധിമുട്ട് ഇല്ലാതെ കഴിഞ്ഞു പോന്നു. എല്ലാ ദിവസവും അത്താഴം കഴിയുമ്പോൾ അമ്മയും ഞങ്ങൾ മൂന്നു പേരും വീടിന്റെ വരാന്തയിൽ വന്നിരുന്നു എതിർവശത്തുള്ള പറമ്പിൽ ഒരു വാർക്ക വീട് വക്കുന്നതിനെ കുറിച്ചു സ്വപ്നം കാണും. ഞങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള മുറികളുടെ സ്ഥാനം ഞങ്ങൾ തന്നെ തീരുമാനിക്കും. അടുക്കളയിൽ പാകം ചെയ്തു ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിക്കുന്നത്, ഹാളിൽ സോഫാ സെറ്റിയിൽ ഇരുന്ന് tv കാണുന്നത്, സിറ്റ് ഔട്ടിലെ ചാരുപടിയിൽ ഇരുന്ന് വിശേഷങ്ങൾ പറയുന്നത് എല്ലാം അങ്ങിനെ ഞങ്ങൾ സ്വപ്‌നങ്ങൾ കാണും. അയിന് വല്യ കാശ് മുടക്ക് ഒന്നും ഇല്ല്യല്ലോ.
ഇളയ അനിയൻ രാജേഷ് ആണ് ആദ്യം പഠനം നിറുത്തി ജോലിക്ക് ഇറങ്ങിയത് ഓട്ടോ ഡ്രൈവർ ആയിട്ട്. പിന്നീട് അവൻ ബസ് ഡ്രൈവർ ആയി പ്രൊമോഷൻ ആയപ്പോ എന്റെ പഠനത്തോടൊപ്പം ഓട്ടോ ഡ്രൈവർ പാർട്ട് ടൈം ആയി ഞാൻ ഏറ്റെടുത്തു. രണ്ടാമത്തെ അനിയൻ രതീഷ് പഠനത്തോടൊപ്പം കിട്ടാവുന്ന ചെറിയ പണികൾക്കൊക്കെ പോവാൻ തുടങ്ങി.
അങ്ങിനെ വീട്ടിലെ വരുമാനം പതിയെ പതിയെ കൂടി വന്നപ്പോൾ നീണ്ട പത്തു വർഷത്തിലധികം ഞങ്ങൾ ഒരുമിച്ചിരുന്നു സ്വപ്നം കണ്ട വീട് നിർമ്മാണത്തിന് തുടക്കം ആയി 2004 ൽ.
ഞാനും രതീഷും അപ്പോഴും വിദ്യാർഥികൾ ആണ് പഞ്ചായത്തിൽ നിന്നും കിട്ടിയ 40000 രൂപ ലോൺ പിന്നെ അമ്മ സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ചു തുക അച്ഛൻ ചേർന്നിരുന്ന 20000 രൂപയുടെ ഒരു LIC പിന്നെ രാജേഷ്ന്റെ സമ്പാദ്യം ഇതായിരുന്നു ആദ്യത്തെ ഭവന നിർമ്മാണം തുടങ്ങുമ്പോൾ ഉള്ള മുതൽക്കൂട്ട്. അയല്പക്കക്കാരും സുഹൃത്തുക്കളും എല്ലാം പറഞ്ഞു മൂന്ന് ആൺപിള്ളേർ അല്ലേ എന്ത് നോക്കാൻ നിങ്ങൾ ധൈര്യമായി തുടങ്ങിൻന്ന്.
ഉള്ളതെല്ലാം കൂട്ടി പിടിച്ചു ഒരു ബലത്തിൽ വീടുപണി തുടങ്ങി വാർക്ക വരെ ഒപ്പിച്ചു. കയ്യിൽ ഉള്ള കാശ് തീർന്നു കുറച്ചു കടവും ആയി. വീണ്ടും പഴയ വീടിന്റെ വരാന്തയിൽ ഇരുന്നു കടം വീട്ടാനും വീടിന്റെ ബാക്കി പണികൾ ചെയ്യുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങൾ ആയി. ചർച്ചകൾ ആയി. പഠനം കഴിഞ്ഞു ഞങ്ങളും ജോലികൾക്ക് പോയി തുടങ്ങി.
2007 ന്റെ തുടക്കത്തിൽ അടുത്ത ഘട്ട പണികളിലേക്ക് കടന്നു. വീടിന്റെ ടൈൽസ് പണികൾ ഒഴികെ മറ്റുള്ള പണികൾ തീർത്തു. 2007 നവംബർ 1 കേരള പിറവി ദിനത്തിൽ പുതിയ വീട്ടിലേക്ക് താമസം മാറി. മൂന്ന് മുറികൾ ഉള്ള, ചാരുപാടി ഉള്ള, സിറ്റ് ഔട്ടും, വർക്ക് ഏരിയയും, അറ്റാച്ഡ് ബാത്‌റൂം, കാർ പോർച്ചും ഉള്ള നല്ല പെയിന്റിംഗ് ഒക്കെ ചെയ്ത വീട്. ആഹാ എന്തൊരു ഫീൽ.. അഭിമാനം.. അന്തസ്സ്.
ഞാൻ ഗുജറാത്തിൽ ഗെയിൽ ആയിരുന്നു. 2008 ൽ രതീഷ് കേരള പോലീസിൽ ജോലിക്ക് കയറി. രാജേഷ് ഡ്രൈവിംഗ് ജോലിയിൽ തുടർന്നു. 2011 ജനുവരിയിൽ ഞാൻ കൂടുതൽ സാലറിയോട് കൂടി മധ്യപ്രദേശിലെ ബിനാ റിഫൈനറിയിലേക്ക് മാറി. 2011 നവംബറിൽ എന്റെ കല്യാണത്തിന് മുന്നോടിയിയായി വീടിന്റെ ബാലൻസ് ഉള്ള എല്ലാ പണികളും പൂർത്തിയാക്കി.
2012 ഫെബ്രുവരി എനിക്ക് അബുദാബിയിൽ ജോലിയായി. ഞാനും ഭാര്യ നീതുവും വിദേശത്തേക്ക് പോന്നു. 2013 ൽ പോലിസ്കാരന്റെ കല്യാണം കഴിഞ്ഞതോടെ നാട്ടിൽ തന്നെ ഒരു വീട് മാറിവക്കാൻ ഞങ്ങൾ ആലോചന തുടങ്ങി. കുറച്ചു തുക ലോൺ എടുത്തു സ്ഥലം വാങ്ങി. 2014 നവംബറിൽ എന്റെ വീടുപണി തുടങ്ങി. 2016 ൽ പൂർത്തീകരിച്ചു താമസം മാറി. മക്കളുടെ കുട്ടിക്കാലവും പഠനവും നാട്ടിൽ വേണം എന്ന താൽപര്യത്തിൽ ഫാമിലിയെ നാട്ടിലേക്ക് ആക്കി.
രാജേഷിന്റെ കല്യാണം തീരുമാനം ആയപ്പോൾ പോലീസുകാരനോട് വൈകാതെ തന്നെ ഒരു വീട് വക്കുന്നതിനെ കുറിച്ചു ആലോചിക്കുവാൻ പറഞ്ഞു. അങ്ങനെ തറവാട് സ്ഥലം വീതം വച്ചപ്പോൾ കിട്ടിയ ഭൂമി അവനു കൊടുത്തു (ഞങ്ങടെ പഴയ വീട് ഇരുന്ന സ്ഥലം). അവിടെ അവൻ വീടുപണി തുടങ്ങി. 2018 ൽ അവനും കുടുംബവും പുതിയ വീട്ടിലേക്ക് മാറി.
ഞങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ പുതിയ വീടുകൾ പണിതപ്പോൾ ആദ്യത്തെ വീട് ഒന്ന്‌കൂടി മോടി പിടിപ്പിച്ചു. ആ വീടും സ്ഥലവും ഇളയ അനിയന് കൊടുത്തു.
ഭൂമി തർക്കങ്ങൾ ഇല്ല കണക്ക് പറയലുകൾ ഇല്ല. സ്നേഹം മാത്രം. വന്നു കയറിയ പെണ്ണുങ്ങൾ എല്ലാം ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ ഞങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം. ജനിച്ചു വളർന്ന പഴയ തറവാട് വീട് ഇന്നില്ല. എന്റെ വീട് ആണിപ്പോൾ എല്ലാവർക്കും തറവാട്. ഏതൊരു ചെറിയ വിശേഷങ്ങൾക്കും ഞങ്ങൾ എല്ലാരും ഇപ്പോൾ അവിടെയാണ് ഒത്തുകൂടുക..
ഒരു വീട് വീടാകുന്നത് കെട്ടിടത്തിന്റെ വലുപ്പത്തിലോ ഭംഗിയിലോ മാത്രം അല്ല. അതിനുള്ളിൽ താമസിക്കുന്നവരുടെ സ്നേഹത്തിലും ഐക്യത്തിലും കൂടി ആണ്. അതാണു ആ വീടിനകത്തെ വെളിച്ചവും ഊർജ്ജവും ഐശ്വര്യവും. ഞങ്ങളുടെ വീട്ടിലെ സ്ത്രീ രത്നങ്ങൾ ആ ഐശ്വര്യത്തിനു മാറ്റ് കൂട്ടുന്നു. ഒരിക്കൽ കൂടി പറയട്ടെ, സ്വപ്നം കണ്ടാൽ, ആഗ്രഹിച്ചാൽ, ആത്മാർത്ഥമായി പ്രയത്നിച്ചാൽ സാധിക്കാത്തതായി ഈ ലോകത്ത് ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്വപ്‌നങ്ങൾ പൂവണിയുന്ന നാളുകൾ ഉണ്ടാവട്ടെ. നന്മകൾ നേരുന്നു…