സുഗന്ധവ്യഞ്ജനങ്ങളുടെ നാട്ടിൽ നിന്നും ഐ.ടി.നഗരിയിലേക്ക്. ടെക്‌നോപാർക്ക് ജീവനക്കാർക്കായി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും കട്ടപ്പന, മുണ്ടക്കയം, പത്തനംതിട്ട, കൊട്ടാരക്കര, ടെക്‌നോപാർക്ക് വഴി തിരുവനന്തപുരത്തേക്കാണ് സർവ്വീസ്.

പുലർച്ചെ 01.45 ന് നെടുങ്കണ്ടത്തു നിന്നും തിരിച്ച് രാവിലെ 09.00 മണിക്ക് മുൻപ് ടെക്‌നോപാർക്കിലെത്തും വിധം ക്രമീകരിച്ചിരിക്കുന്ന സർവ്വീസ് തിരുവനന്തപുരത്ത് രാവിലെ 09.30 ന് എത്തിച്ചേരും. അതുപോലെ തന്നെ, വൈകിട്ട് 05.00 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന ബസ് ടെക്‌നോപാർക്ക് കാമ്പസ് വഴി തിരികെ നെടുങ്കണ്ടത്തേക്ക് സർവീസ് നടത്തുന്നതാണ്.

നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി എം എം മണി ബസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന്‌ മന്ത്രിയുടെ നേതൃത്വത്തിൽ ടൗണിൽ ബസ് യാത്രയും നടത്തി. ഈ സർവീസിന് ഓൺലൈൻ റിസർവേഷൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ സർവീസ് തുടങ്ങുന്നതോടുകൂടി ടെക്‌നോപാർക്കിലെ ജീവനക്കാരുടേയും സംഘടനകളുടേയും ദീർഘനാളത്തെ ആവശ്യം നടപ്പിലാകുകയാണ്. കൂടാതെ തോട്ടം മേഖലയിൽ ഉള്ളവർക്കും തിരുവനന്തപുരം സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടവർക്കും ആർസിസി മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും ഈ ബസ് സർവ്വീസ് ഉപകാരപ്രദമാണ്.

തുടർന്നും ഇതുപോലുള്ള കൂടുതൽ ദീർഘദൂര സർവീസുകൾ ടെക്നോപാർക്ക് ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ടെക്‌നോപാർക്ക് വഴി സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി സന്നദ്ധരാണ് എന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഗണിച്ചു പുതിയ സർവ്വീസ് ആരംഭിച്ചതിൽ ടെക്‌നോപാർക്ക് ജീവനക്കാരുടെ കൂട്ടയ്മയായ ‘പ്രതിധ്വനി’കെഎസ്ആർടിസിയോട് നന്ദി അറിയിച്ചു.

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം എന്ന് തെളിയിക്കുന്നതാണ് പ്രതിസന്ധികൾക്കിടയിലും ഈ പുതിയ സർവ്വീസിന്റെ ആരംഭം. ഈ സർവീസിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കായി ബന്ധപ്പെടുക : സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് നമ്പർ – 8129562972, വെബ്സൈറ്റ് : www.keralartc.com, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. ഇതുകൂടാതെ നെടുങ്കണ്ടം ഓപ്പറേറ്റിംഗ് സെന്റർ – 04868 234533, കട്ടപ്പന യൂണിറ്റ് – 04868 252333, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് – 0471 2323886 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.