കർണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ നിന്നും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവും ഹിൽസ്റ്റേഷനുമായ മൂന്നാറിലേക്ക് കർണാടക ആർടിസിയുടെ പുതിയ ബസ് സർവ്വീസ്. കർണാടക ആർടിസിയുടെ അംബാരി എന്നു പേരുള്ള നോൺ എസി സ്ലീപ്പർ കോച്ച് ബസ്സായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ പത്തു മണിയോടെ മൂന്നാറിൽ എത്തിച്ചേരും. തിരികെ മൂന്നാറിൽ നിന്നും വൈകുന്നേരം അഞ്ചു മണിക്ക് എടുക്കുന്ന ഈ ബസ് പിറ്റേന്ന് രാവിലെ 6.30 നാണ് ബെംഗളൂരുവിൽ എത്തിച്ചേരുന്നത്.
ബെംഗളൂരുവിൽ നിന്നും ഹൊസൂർ, സേലം, കോയമ്പത്തൂർ, ഉദുമൽപേട്ട്, ചിന്നാർ, മറയൂർ വഴിയാണ് ഈ ബസ് മൂന്നാറിൽ എത്തിച്ചേരുന്നത്. ബെംഗളൂരു – മൂന്നാർ ടിക്കറ്റ് നിരക്ക് 800 രൂപയാണ്. ഈ റൂട്ടിലൂടെ യാത്രക്കാർക്ക് കിടന്നുറങ്ങുവാനുള്ള സൗകര്യങ്ങളോടു കൂടിയ സ്ലീപ്പർ സർവ്വീസ് ആരംഭിക്കുന്നതോടെ ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാകും. ഉദുമല്പേട്ട് കഴിഞ്ഞാൽ പിന്നെ ആനമല – ചിന്നാർ കാടുകളിലൂടെ സഞ്ചരിക്കുന്ന ഈ ബസ്സിലെ യാത്രക്കാർക്ക് ചിലപ്പോൾ വന്യമൃഗങ്ങളെ കാണുവാനുള്ള അവസരവും ഉണ്ടായേക്കാം.
നിലവിൽ കേരള ആർടിസിയ്ക്ക് മൂന്നാറിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ ഡീലക്സ് സർവ്വീസ് ആണുള്ളത്. മൂന്നാറിൽ നിന്നും വൈകുന്നേരം 3.30 നു പുറപ്പെടുന്ന ഈ ബസ് പിറ്റേന്ന് രാവിലെ ഏഴരയോടെയാണ് ബെംഗളൂരുവിൽ എത്തിച്ചേരുക. അവിടുന്ന് തിരികെ വൈകുന്നേരം നാലു മണിയോടെ പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടുമണിയോടെ മൂന്നാറിൽ എത്തിച്ചേരുകയും ചെയ്യും.
മൂന്നാറിൽ നിന്നും കോതമംഗലം, തൃശ്ശൂർ, കോഴിക്കോട്, മൈസൂർ വഴി പോകുന്ന ഈ കേരള ആർടിസി സർവ്വീസ് 16 മണിക്കൂറോളം എടുത്താണ് ബെംഗളൂരുവിൽ എത്തിച്ചേരുന്നത്. ടിക്കറ്റ് ചാർജ്ജ് 886 രൂപയുമാണ്. എന്നാൽ ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂർ, ഉദുമല്പേട്ട് വഴിയുള്ള പുതിയ കർണാടക ആർടിസി ബസ് 13.30 മണിക്കൂർ കൊണ്ടാണ് മൂന്നാറിൽ എത്തുന്നത്. ഇതിന്റെ ചാർജ്ജ് കേരള ആർടിസി ഡീലക്‌സിനേക്കാൾ 86 രൂപ കുറവുമാണ്. തന്മൂലം യാത്രക്കാർ കൂടുതലായും ഇനി കർണാടക ആർടിസിയെ ആശ്രയിക്കുവാൻ ഇടവരും. ഫലത്തിൽ കർണാടകയുടെ ഈ പുതിയ സർവ്വീസ് കേരള ആർടിസി, മറ്റു പ്രൈവറ്റ് ബസ്സുകൾ എന്നിവർക്കുള്ള ഒരു പാരയായി മാറും എന്നർത്ഥം. ഇതുപോലുള്ള പുതിയ റൂട്ടുകളും യാത്രാ സൗകര്യമുള്ള ബസ്സുകളും കൂടുതലായി ആരംഭിക്കുകയാണെങ്കിൽ കേരള ആർടിസിയ്ക്കും കർണാടകയോടും പ്രൈവറ്റ് ഓപ്പറേറ്റർമാരോടും മത്സരിച്ചു നിൽക്കുവാൻ സാധിക്കും.
ബെംഗളൂരു – മൂന്നാർ സർവ്വീസിനു പുറമെ ബെംഗളൂരു – സെക്കന്തരാബാദ്, ബെംഗളൂരു – വിജയവാഡ, ബെംഗളൂരു – പൂനെ തുടങ്ങിയ റൂട്ടുകളിലും പുതിയ സർവ്വീസുകൾ കർണാടക ആർടിസി ആരംഭിക്കുന്നുണ്ട്. ഇവയെല്ലാം എസി സ്ലീപ്പർ സർവ്വീസുകൾ ആണെന്നതാണ് മറ്റൊരു പ്രത്യേകത. എന്തായാലും കർണാടക ആർടിസി രണ്ടും കൽപ്പിച്ചു തന്നെ ഇറങ്ങിയിരിക്കുകയാണ്. ഇനി കേരള ആർടിസിയുടെ പുതിയ അന്തർ സംസ്ഥാന പരിഷ്‌ക്കാരങ്ങൾ എന്തൊക്കെയാണെന്ന് കണ്ടറിയാം.
Cover Image – Ramachandran Palaniramu.