ഈ വർഷത്തെ ഏറ്റവും സ്‌ട്രോങ് ആയിട്ടുള്ള പുതുവത്സരാശംസകൾ ദേ ഈ കീമോ വാർഡിൽ നിന്നും ഞാൻ ആശംസിക്കുന്നു. പ്രതിസന്ധികൾ പെരുമഴയായി ജീവിതത്തിലേക്ക് വന്നിട്ടും എങ്ങനെ ഇത്ര ഹാപ്പിയായി പോസിറ്റീവ് ആയി ഇരിക്കാൻ കഴിയുന്നു എന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്. അവരോട് ഞാൻ പറയുന്നത് ഇതാണ്.

ഒരു നിമിഷമെങ്കിൽ ഒരുനിമിഷം. പക്ഷേ പുകയരുത്, ജ്വലിക്കണം. ഈ മാനസിക അവസ്ഥയുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് ഈ പ്രതിസന്ധികളെയെല്ലാം എനിക്ക് പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഭയപ്പെടുന്ന വാക്കാണ് മരണം. ഏറ്റവും നെഗറ്റീവ് ആയാണ് മരണത്തെ കാണുന്നതും. ആ ഭയം മാറിയാൽ മനുഷ്യൻ അജയ്യനായി..

ഏറ്റവും നെഗറ്റീവ് ആയി കാണുന്ന മരണത്തെപ്പറ്റിയാണ് ഈ പുതുവർഷത്തിൽ ഞാൻ എഴുതുന്നത്. സത്യം പറഞ്ഞാൽ നാളെ മരിയ്ക്കും എന്ന് വിചാരിച്ചിട്ട് ഇന്ന് ജീവിയ്ക്കാൻ മറന്നു പോകുന്നവരാണ് നമ്മുടെ ഇടയിൽ കൂടുതൽ. ജീവിയ്ക്കാൻ മടുത്ത് പോയവരുടെ ജീവിതമാണ് ശരിക്കുള്ള മരണം.

ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് ജീവിതത്തിലേയ്ക്ക് വന്നവരാണ് ഞാനുൾപ്പെടെ ഒത്തിരിപ്പേർ. ജനിച്ചാൽ എന്നായാലും മരിയ്ക്കും. എത്രനാൾ ജീവിച്ചു എന്നതിൽ അല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം. പേടിയ്ക്കരുത്. പേടിച്ചാൽ മരണം വരെ പേടിയ്ക്കേണ്ടി വരും.

ഞങ്ങളുടെ നാട്ടിൽ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പാമ്പിനെ വല്ലാത്ത പേടിയായിരുന്നു. ഒരിക്കൽ പറമ്പിലൂടെ നടക്കുമ്പോൾ അയാളുടെ കാലിൽ എന്തോ കടിച്ചു. പാമ്പ് കടിക്കുന്നത് പോലെ ശക്തിയായി വേദനിച്ചു. സെക്കന്റുകൾക്കുള്ളിൽ അയാൾ മരണപ്പെട്ടു..

നടക്കാൻ പോയ ആളിനെ കാണാതെ ആയപ്പോൾ ബന്ധുക്കൾ തിരക്കിയിറങ്ങി. ഒടുവിൽ അവർ പറമ്പിൽ മരണപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിനെ കണ്ടെത്തി. വാരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയി. പോസ്റ്റ്മോർട്ടം ചെയ്തു. അപ്പോഴാണ് ഡോക്ടർ അത് കണ്ടത്. കാലിൽ ഒരു തൊണ്ടിന്റെ (തേങ്ങയുടെ തോട്) ഭാഗം തറഞ്ഞിരിക്കുന്നു.

ഉണങ്ങി റ പോലെ ആയ തൊണ്ടിന്റെ മധ്യ ഭാഗത്താണ് അദ്ദേഹം ചവിട്ടിയത്. ചവിട്ടിയ മാത്രയിൽ വേദന എടുത്തപ്പോൾ അദ്ദേഹം കരുതിയത് പാമ്പ് ശക്തിയായി കടിച്ചു എന്നാണ്. തൽക്ഷണം അമിതമായ പേടിയിൽ ഹൃദയം (attack) നിലച്ചതാണ് മരണ കാരണം. അനാവശ്യമായ ഭയം എങ്ങനെ അപകടം ആകുന്നു എന്ന് ഈ ഉദാഹരണത്തിൽ നിന്ന് മനസ്സിലാകും..

മരണം എല്ലാർക്കും ഉള്ളതാണ്. അതിനെ ചുമ്മാതെ പേടിച്ചാലും ഇല്ലെങ്കിലും അതിന്റെ സമയം ആകുമ്പോൾ അത് വരും. അതോർത്തിട്ട് ജീവിതം മരണതുല്യം ആക്കരുത്. സന്തോഷം വരുമ്പോൾ ചിരിക്കുന്ന പോലെ സങ്കടം വരുമ്പോൾ കരയുക. അതോടെ അത് അവിടെ ഉപേക്ഷിക്കുക.

ആരെങ്കിലും സന്തോഷങ്ങൾ ഓർത്ത് ആശങ്കപ്പെടാറുണ്ടോ? ഇല്ല. അതുപോലെ തന്നെയാണ് സങ്കടങ്ങളും. പക്ഷെ സങ്കടം വരുമ്പോൾ മാത്രം നമ്മൾ അത് പ്രകടിപ്പിച്ച ശേഷം അനാവശ്യമായ ആശങ്കകളിലേക്ക് പോകും. സങ്കടങ്ങൾ ആശങ്കപ്പെടേണ്ട ഒന്നല്ല. കരയുക. ഉള്ളിലുള്ള സങ്കടങ്ങൾ കണ്ണീരിൽ കഴുകി കളയുക. വീണ്ടും സന്തോഷിക്കുക..

ജീവിതം ഓരോ നിമിഷവും gifted ആണ്. ഓരോ നിമിഷവും അടിച്ചങ്ങ് പൊളിക്കെടോ ചങ്കുകളേ. ഒരുപാട് നാൾ മരിക്കാതെ ജീവിക്കുന്നതാണ് ജീവിത വിജയവും ലക്ഷ്യവും എന്ന ധാരണ വളരെ വളരെ തെറ്റാണ്. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന രീതിയിൽ ജീവിക്കുന്നതും ആത്മവിശ്വാസം തിളങ്ങുന്ന കണ്ണുകളും ആണ് യഥാർത്ഥ ജീവിത വിജയം..

പോകുന്ന വഴികളിൽ ഒരുപാട് തൊണ്ടുകളെ (വിഷമതകൾ) നമ്മൾ ചവിട്ടിയേക്കാം.. അതിനെ കേവലം തോണ്ടാക്കണോ മൂർഖൻ പാമ്പ് ആക്കണോ എന്ന് നമ്മൾ തീരുമാനിക്കുക..

2020 ഇൽ ചിലപ്പോൾ പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ടാകും. പ്രതിസന്ധികളെയും വിഷമതകളെയും ചവിട്ടിമെതിച്ചുകൊണ്ടു മുന്നോട്ടു പോകാൻ ഉറച്ച മനസ്സ് സജ്ജമാക്കി പ്രതിജ്ഞ ചെയ്യൂ ഈ പുതുവത്സരത്തിൽ. എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന ഒരു വർഷം ആകട്ടെ ഇത്. ആശംസകൾ ചങ്കുകളേ…!!!

ദേ ഈ കീമോ ബെഡിൽ കിടന്ന് ഞാനിത്ര സന്തോഷത്തോടെ ആഘോഷിക്കുന്നുണ്ടെങ്കിൽ എന്റെ പ്രിയപ്പെട്ടവർ ഇതിന്റെ പത്തിരട്ടി സന്തോഷത്തോടെ മുന്നോട്ട് പോകണം. പ്രിയമുള്ളവരുടെ പ്രാർത്ഥനകളിൽ ഈയുള്ളവൻ ഉയിർത്തെഴുന്നേറ്റു വരുന്ന വർഷം കൂടിയാണ് 2020.. സ്നേഹപൂർവ്വം.. നന്ദു മഹാദേവ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.