എഴുത്ത് – Nijil D Kan.
അച്ഛൻ പഴയൊരു ചെണ്ട കലാകാരനായിരുന്നു. നോർത്ത് പറവൂരിലെ കരുമാലൂർ നിന്ന് ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് തന്റെ പത്താം വയസിൽ ഇവിടെ സൗത്ത് ചിറ്റൂരിൽ എത്തിയതാണ്. അതും താറാവ്കാരനായ ചേട്ടനെ തേടി. അച്ഛന്റെ നിഷ്കളങ്കതയാവും ഇവിടത്തെ പേരു കേട്ട കോളരിക്കൽ ക്രിസ്‌ത്യൻ തറവാട്ടിലെ അമ്മമ്മ അച്ചനെ തിരിച്ചു വിട്ടില്ല. പിന്നീട് കണ്ണൻ ചിറ്റൂർക്കാരുടെ കണ്ണിലുണ്ണിയായി കണ്ണപ്പൻ ആയി. അക്ഷരാഭ്യാസമില്ലാത്ത അച്ഛൻ ചെയ്യാത്ത പണികൾ ഇല്ല, പോകാത്ത ദേശമില്ല.
12 വയസിലെപ്പോളോ താറാവു നോട്ടക്കാരനായ് പോയ സമയത്ത് ചെണ്ടമേളം പഠിപ്പിക്കുന്നത് കേട്ടാണ് അച്ഛൻ മേളം വശപ്പെടുത്തിയതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ചെറുതുരുതിയിലേതോ ഒരാശാനുമായി ചങ്ങാത്തത്തിലായ് അത്യാവശ്യം ഭരതനാട്യവും പടിച്ചിട്ടുണ്ടത്രേ! ആയകാലത്ത് അത്യാവശ്യം മദ്യപാനി ആയിരുന്നു. ശുദ്ധനായ അച്ചനെ പറ്റിക്കൂടി കുറെ സൗഹൃദങ്ങളും.
ഒരു കാലത്ത് ചെണ്ടമേളമെന്നു പറയുമ്പോൾ ചിറ്റൂരും സമീപപ്രദേശത്തുമുള്ളവർ ആദ്യം വന്നിരുന്നതു കണ്ണപ്പനെ തേടിയായിരുന്നു. ഉത്സവം, പെരുന്നാൾ, തെരുവ് നാടകം എന്നിങ്ങനെ പല പേര്.
ഒരിക്കൽ കതിന വെടിപൊട്ടി ചീളു തറച്ച ചോര വാർന്ന കാലുമായ് ശിങ്കാരി മേളമാടിതീർത്ത അച്ഛനെ ഓർമ്മയുണ്ട്. പലപ്പോഴും തക്കതായ പ്രതിഫലം കിട്ടിരുന്നില്ല. ആവശ്യം കഴിയുമ്പോ പുച്ഛിച്ചു പരിഹസിച്ചിരുന്നു ചിലർ. അതിൻ്റെ പരിഭവവും ഉണ്ടായിരുന്നുമില്ല. ഒരു ചെണ്ടപോലും സ്വന്തം ഇല്ലായിരുന്നു.
2006 ൽ എന്റെ ഡിഗ്രി ഫസ്റ്റ് ഇയർ വെക്കേഷൻ സമയത്ത് ചെമ്മീൻ കെട്ടിൽ പണിക്കാരനായി നിൽക്കുമ്പോൾ പക്ഷാഘാതം വന്ന് ആദ്യമായി അച്ഛൻ വീണു. പിന്നീട് അങ്ങോട്ട് രാത്രിയും ഒഴിവു ദിവസങ്ങളിലും പണിക്ക് പോയ് അച്ഛനെയും അമ്മയെയും അനിയത്തിയെയും ഞാൻ അന്തസായ് നോക്കി.
2007 ൽ കോളേജ് ഫൈനൽ സമയത്ത് നവംബർ മാസത്തിലെ ഒരു സായാഹ്നത്തിൽ അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റായെന്ന അമ്മയുടെ കോൾ വന്നു. ചെല്ലുമ്പോൾ ഓർമ കൈവിട്ട് എന്തൊക്കെയോ പറയുന്ന അച്ഛനയാണ് കണ്ടത്. എന്നും രാവേറെയും കട്ടിലിൻ തലക്കൽ താളം പിടിക്കുന്ന അച്ഛൻ. പണ്ട് അച്ഛനെ തേടി വന്നിരുന്ന ഒരാൾ പോലും ഈ വ്യാഴവട്ടത്തിനി്ടക്കു ഇങ്ങോട്ട് പിന്നെ കണ്ടിട്ടില്ല. പക്ഷെ പ്രതീക്ഷിക്കാത്ത പലരും സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. ഒടുവിൽ ഒരു ദിവസം അച്ഛൻ ഞങ്ങളെ തനിച്ചാക്കി ഈ ലോകത്തു നിന്നും വിടപറഞ്ഞു.
If U Have Something, U are the Don ! Haven’t they give u a Key…. ie, DonKEY! അച്ഛന്റെ ജീവിതം എന്നെ പഠിപ്പിച്ചു. ഇതാര്ടെയും സിംപതിക്കായി ഉള്ളതല്ല. എന്റെ ജീവിതം ആണ്. അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയാത്തത്. പലപ്പോഴും ഞാൻ ആത്മാർത്ഥത കാണിച്ചവർ /ആവും വിധം സഹായച്ചിട്ടുള്ളിടത്തു നിന്നൊക്കെയാണ് പലപ്പോഴും എനിക്ക് തട്ട് കിട്ടിട്ടുള്ളത്. ആരൊക്കെ എന്തൊക്കെ പറഞാലും നമ്മളെ ശെരിക്കും സ്നേഹിക്കുന്ന കുറച്ചു പേർ ഉണ്ട്. എന്നെ ഞാനാക്കിയവർ. അവർ എന്നും എന്റെ കൂടെയുണ്ടാകും.
വാക്കുകളിൽ അഹങ്കാരം കാണുനവരോട് – ഇത് ഓർമ വച്ച നാൾ മുതൽ ഉള്ള എന്റെ അഹങ്കാരം ആണ്. പാണ്ടി, പഞ്ചാരി, പഞ്ചവാദ്യം സ്വയമേ പഠിച്ച; നുണയും ചതിയും ചെയ്യാൻ അറിയാത്ത ഒരച്ഛന്റെ മകൻ എന്ന അഹങ്കാരം!