നിലമ്പൂർ കാടുകളിൽ കൂട്ടുകാരോടൊപ്പം ‘ആനപ്പേടി’യുമായി ഒരു രാത്രി

Total
0
Shares

വിവരണം – Jithin Joshy.

“നിലമ്പൂർ-വഴിക്കടവ് “… കോയമ്പത്തൂർ പഠനകാലത്ത് ഏറെ കൊതിപ്പിച്ച ഒരു ബോർഡാണിത്. വെള്ളയിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതിയ ഈ ബോർഡും വച്ച് നമ്മുടെ ആനവണ്ടികൾ കോയമ്പത്തൂർ നഗരത്തിലൂടെ പോവുന്നത് പലപ്പോഴും നോക്കിനിന്നിട്ടുണ്ട്,കൊതിയോടെ..

ഇത്തവണ #warriors_on_wheels അണിയിച്ചൊരുക്കുന്ന ഇവന്റ് നിലമ്പൂർ ആണെന്നറിഞ്ഞപ്പോൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരിക്കും. ഡിസംബർ 7 – വെള്ളിയാഴ്ച. രാവിലെ 7.00 മണി ആയപ്പൊളേക്കും നെടുംപൊയിൽ ചുരം എന്റെ വണ്ടിയുടെ ചക്രങ്ങൾക്ക് പിന്നിലായിക്കഴിഞ്ഞിരുന്നു..

നല്ല തണുത്ത കാലാവസ്ഥ. മൂടിക്കെട്ടിയ അന്തരീക്ഷം. എല്ലാംകൂടി റൈഡ് ചെയ്യാൻ പറ്റിയ പ്രതീതി. മാനന്തവാടി കഴിഞ്ഞു റോഡ് സൈഡിൽ ഒരു കൊച്ചു ചായക്കട കണ്ടപ്പോളാണ് രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തത്. “ചേച്ചി.. ഒരു കട്ടൻ.. പിന്നെ അലമാരയിലെ കടികൾ എല്ലാം ഓരോന്ന് പോരട്ടെ.. ” രാവിലെ കിട്ടിയ കൈനീട്ടം മോശമല്ലല്ലോ എന്നമട്ടിൽ ഒരു ചിരിയോടെ ചായയും കടികളും മുന്നിൽ. ചായയും കുടിച്ചു വീണ്ടും മുന്നോട്ട്..

പനമരം എത്തിയപ്പോളേക്കും കണ്ണൂർ – പിലാത്തറയിൽ നിന്നുമുള്ള വിജിത് ഭായിയും പിന്നാലെയെത്തി. ഒന്നിച്ചാണ് ചുരമിറങ്ങിയത്. തുഷാരഗിരിയിൽ നിന്നും ടെന്റ് എടുക്കാൻ ഉണ്ടായിരുന്നതിനാൽ അടിവാരത്തുനിന്നും ഇടത്തോട്ട് തിരിഞ്ഞു. നേരെ രൺദീപ് ഭായിയുടെ ഹണിറോക്ക് റിസോർട്ടിലേക്ക്. (അവിടുത്തെ വിശേഷങ്ങൾ പിറകെ വരുന്നുണ്ട്..) പച്ചപ്പ്‌ നിറഞ്ഞ നാട്ടുവഴികളിലൂടെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു. കോഴിക്കോടിന്റെ കുടിയേറ്റ ഗ്രാമങ്ങളാണ്. കർഷകർ മണ്ണിൽ പൊന്ന് വിളയിക്കുന്നയിടം. എല്ലാ പറമ്പുകളിലും അതിന്റെ സമൃദ്ധി കാണാനുമുണ്ട്. വയനാട് ചുരത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ നല്ല കാലാവസ്ഥയും..

നിലമ്പൂർ ടൗണിലേക്ക് പ്രവേശിക്കുമ്പോൾ നേരം ഇരുട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരുപാട് നാളുകളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ നിലമ്പൂർ യാത്ര. സന്ധ്യ മയങ്ങാൻ പോകുന്നതിനാലാവാം നല്ല തിരക്കാണ് ടൗണിൽ. ടൌൺ തീരുന്നയിടത്ത് വണ്ടി നിർത്തി ഒരു ചായ കുടിച്ചു. ശ്രീനാഥിനെ വിളിച്ചപ്പോൾ പോത്തുകല്ലു എന്ന സ്ഥലത്തേക്കാണ് എത്തേണ്ടത് എന്ന് പറഞ്ഞു. അവിടെ എത്തിയപ്പോളേക്കും നന്നായി ഇരുട്ടിയിരുന്നു. ഒരു പുഴ കണ്ടപ്പോൾ ഒന്നിറങ്ങി കുളിക്കാം എന്ന് തീരുമാനിച്ചു.. ക്ഷീണം മാറ്റാൻ പുഴയിലിറങ്ങിയ ഞങ്ങളെ മാവോയിസ്റ്റ് ആണെന്നുകരുതി പോലീസ് പിടിച്ചതും പിന്നീട് വിട്ടയച്ചതുമൊക്കെ നേരത്തെ എഴുതിയിരുന്നു..

പോലീസ് സ്റ്റേഷനിൽ നിന്നും നേരെ ഹോട്ടലിലേക്കാണ് കയറിയത്. വയറു നിറയെ നെയ്ച്ചോറും കോഴിയും. നിലമ്പൂരിന്റെ രുചി ഒന്ന് വേറെ തന്നെ. ഭക്ഷണത്തിനുശേഷം നേരെ റൂമിലേക്ക്. സുഖമായ ഒരു ഉറക്കം..

രാവിലെ 9.00 മണിയോടെ നിസാർ ഭായ് എത്തി. എന്നാൽ പിന്നെ ഗൂഡല്ലൂർ വരെ ഒന്ന് പോയേക്കാം എന്ന് തീരുമാനമായി. രണ്ടു വണ്ടിയിൽ ഞങ്ങൾ മൂന്ന് പേര്.. ഞാൻ, വിജിത് ഭായ് പിന്നെ നിസാർ ഭായിയും. ഒരു കാലത്ത് പോകാൻ ഒരുപാട് കൊതിച്ച ഒരു സ്ഥലമാണ് വഴിക്കടവ്. നിലമ്പൂർ നിന്നും ഒറ്റ വഴിയാണ്. വഴിക്കടവ് കഴിഞ്ഞാൽ പിന്നെ നാടുകാണി ചുരം തുടങ്ങുകയായി. പലയിടത്തും റോഡ് പണി നടക്കുന്നു. അതിനാൽതന്നെ അത്യാവശ്യം പൊടിയുണ്ട്. ആ യാത്ര ഗൂഡലൂരും കഴിഞ്ഞു മുതുമലൈ വരെയും നീണ്ടു. ഗൂഡല്ലൂർ നിന്നും മുതുമലയ്ക്കുള്ള റോഡ് മനോഹരമാണ്.. പക്ഷേ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഹമ്പുകൾ യാത്രയുടെ സുഖം കളയുന്നു.

യാത്രയുടെ സുഖത്തിൽ സമയം പോയതറിഞ്ഞില്ല. നിലമ്പൂർ ടൗണിൽ എല്ലാവരും ഞങ്ങൾക്കായി കാത്തുനിൽക്കുന്നു. ഈ മെസ്സേജ് കിട്ടിയതും വണ്ടി തിരിച്ചു. ഏതാണ്ട് 2.30 മണിയോടെ നിലമ്പൂർ എത്തി. എല്ലാവരും വന്നിട്ടുണ്ട്. ഫേസ്ബുക് ലൈക്കിലൂടെയും കമന്റിലൂടെയും മാത്രം പരിചയമുള്ള മുഖങ്ങൾ ജീവനോടെ ഇതാ കണ്മുന്നിൽ. എല്ലാവരെയും ചെറുതായി ഒന്ന് പരിചയപ്പെട്ടു..

സമയം പോയതിനാൽ നേരെ നമ്മുടെ സ്ഥലത്തേക്ക്. വഴിയിൽ വച്ചാണ് സർപ്രൈസ് സമ്മാനവുമായി സെബിൻ ഭായ് വന്നത്. സമ്മാനം മറ്റൊന്നുമല്ല. എല്ലാരും കാണാൻ ആഗ്രഹിച്ചിരുന്ന ഞങ്ങളുടെ ജോയ് ചേട്ടൻ. അദ്ദേഹവും ആരെയും അറിയിക്കാതെ ഇതാ നിലമ്പൂർ എത്തിയിരിക്കുന്നു. സത്യം പറഞ്ഞാൽ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്നെങ്കിലും തിരുവനന്തപുരം പോയി കാണാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇങ്ങനെ മുന്നിൽ ചാടിവീണത്..

യാത്ര വീണ്ടും മുന്നോട്ട്. നിലമ്പൂർ കാടുകളുടെ ഓരം ചേർന്നുള്ള യാത്ര. ജീപ്പ് മാത്രം കയറിപ്പോവുന്ന പരുവത്തിലുള്ള റോഡുകൾ. മിക്കവാറും വണ്ടികൾ തള്ളേണ്ടതായി വന്നു. ബാബുവേട്ടന്റെ മലയടിവാരത്തെ വീട്ടിൽ എത്തിയപ്പോളേക്കും സമയം വൈകിയിരുന്നു. ഈ ബാബുവേട്ടനാണ് ഞങ്ങൾക്കു കാട്ടിൽ രാത്രി തമ്പടിക്കാനുള്ള അനുവാദം മേടിച്ചുതന്നത്. ഇതുവരെ ആരും രാത്രി തങ്ങിയിട്ടില്ല എന്ന് മാത്രമല്ല അങ്ങനെ ആരും ഈ കാട്ടിലേക്കു കയറാറുമില്ല. കടുവയും ആനയും മറ്റു മൃഗങ്ങളും ഉണ്ടെന്ന് എത്ര നിസ്സാരമായിട്ടാണ് ബാബുവേട്ടൻ പറഞ്ഞു കളഞ്ഞത്..

ഇരുട്ട് കനക്കുന്നതിനു മുന്നേ കാട് കടന്ന് മുകളിൽ ചെല്ലണം. അത്യാവശ്യം സാധനങ്ങൾ മാത്രം കയ്യിലെടുത്തു മല കയറാൻ തുടങ്ങി. ശരിക്കും ഭീകരമായ കാടാണ്. ചെങ്കുത്തായ കയറ്റം. കാൽ കുത്തുന്നിടം ഇടിയുന്നുണ്ട്. തിങ്ങി നിൽക്കുന്ന ഇല്ലിക്കാട് വെട്ടിമാറ്റി യാസിർ ഭായ് മുന്നേ പോകുന്നുണ്ട്. അധികം ശബ്ദമുണ്ടാക്കാതെ ആവശ്യത്തിന് മാത്രം വെളിച്ചം ഉപയോഗിച്ച് സൂക്ഷിച്ചാണ് നടപ്പ്. എന്നിട്ടും ആരൊക്കെയോ വീഴുന്നുണ്ടായിരുന്നു.

മലകയറുമ്പോൾ ഊർജ്ജം പകർന്നിരുന്നത് നൗഷീർ ഭായ് വീട്ടിൽനിന്നും കൊണ്ടുവന്ന “കോഴിയട” ആയിരുന്നു. മോമോസ് പോലെ നന്നായി ഡ്രൈ ആക്കി അതിൽ കോഴി നിറച്ചൊരു വിഭവം. സംഗതി ഉഷാറായി എന്തായാലും. ഇടയ്ക്കെപ്പോളോ വഴി തെറ്റി. ചെന്നുകയറിയത് ഇല്ലിക്കാടുകളുടെ വലിയ ഒരു കൂട്ടത്തിലേക്കാണ്. ഒരുപാട് കഷ്ടപ്പെട്ടു അതൊന്നു വെട്ടി വഴിയൊരുക്കാൻ. വീണ്ടും നടത്തം..

കുന്നിൻമുകളിലെ തുറസ്സായ പ്രദേശത്ത് എത്തിയപ്പോളേക്കും എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. ഹോ.. തുറസ്സായ സ്ഥലം കണ്ടപ്പോൾ ഉണ്ടായ ഒരു ആശ്വാസം.(പക്ഷേ അത് ഒരുപാട് നേരം നീണ്ടുനിന്നില്ല..) വലിയ രണ്ടു പാറകളാണ് അവിടെ. ഇരുവശവും അഗാധമായ കൊക്ക. ബാക്കി രണ്ട് വശങ്ങളും കൊടുംകാട്ടിലേക്കു തുറന്നുകിടക്കുന്നു.

ഇനി ടെന്റ് അടിക്കാനുള്ള ഒരുക്കങ്ങളാണ്. ഒരു പാറപ്പുറം തന്നെ തിരഞ്ഞെടുത്തു. പെട്ടെന്ന് തന്നെ ടെന്റ് അടിച്ചു ഭക്ഷണം കഴിച്ചേക്കാം എന്ന് കരുതിയപ്പോളാണ് ആവശ്യത്തിന് വെള്ളമില്ലല്ലോ എന്നോർത്തത്. അങ്ങനെ ഞങ്ങൾ ഒരു 7 പേർ കുപ്പിയുമെടുത്ത് വെള്ളമെടുക്കാൻ ഇറങ്ങി. ഞങ്ങൾ നിൽക്കുന്ന മലയിൽ നിന്നും ഒരു മലകൂടി കയറി കാണുന്ന ചരുവിൽ ആണ് വെള്ളമുള്ളത്.. ഒരു കുഴിയാണ്. മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്ന കുഴി..

അങ്ങനെ കഥയും പറഞ്ഞു പുല്ല് വകഞ്ഞുമാറ്റി മുന്നോട്ട് നടക്കുമ്പോളാണ് എല്ലാവരെയും നടുക്കിക്കൊണ്ട് ആ അലർച്ച ഉയർന്നത്. ആനയുടെ ചിന്നംവിളി. ഏത് ഭാഗത്തുനിന്നാണ് ശബ്ദം വന്നത് എന്നുപോലും ചിന്തിക്കാൻ സമയം കിട്ടിയില്ല. ചിതറിയോടി. കാരണം ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അത്. കൂർത്ത പാറകൾ..കുഴികൾ.. ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ വീണത് ഓർമ്മയുണ്ട്..ആരുടെയൊക്കെയോ നിലവിളിയും കേട്ടു..ഒരുവിധമാണ് ഓടി ടെന്റ് അടിച്ച പാറപ്പുറത്ത് കയറിയത്..

എല്ലാവരും ശരിക്കും പേടിച്ചുപോയി..കാരണം കാടുകയറിയത് രാത്രിയിൽ ആണ്..അതുകൊണ്ടുതന്നെ സ്ഥലത്തെകുറിച്ചു ഒരു ധാരണയുമില്ല..വഴി തെറ്റി ഓടിയാൽ നേരെ വീഴുക കൊക്കയിലേക്കായിലേക്കാവും. ഏതായാലും ഇനി വെള്ളമെടുക്കാൻ പോവാൻ പറ്റില്ല. ആർക്കും അതിനുള്ള ധൈര്യവുമില്ല. ഉള്ള വെള്ളം കൂട്ടി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു..

ഒരു പാറപ്പുറത്ത് നിരന്നിരുന്നു നെയ്‌ചോറും ചുട്ട കോഴിയും കഴിക്കുമ്പോഴും ആനയുടെ ചിന്നം വിളിയായിരുന്നു മനസ്സിൽ. ഭക്ഷണത്തിനു ശേഷം ഒരു പരിചയപ്പെടൽ.. അതും ശബ്ദം വളരെ കുറച്ചു. കാരണം എല്ലാവരുടെയും ശ്രദ്ധ കാട്ടിനുള്ളിൽ നിന്നും വരുന്ന വിവിധ ശബ്ദങ്ങളിലായിരുന്നു. ശരിക്കും ഉറങ്ങാത്ത ഒരു രാത്രി. നൗഷീർ ഭായിയുടെ പേടി മാറ്റാനുള്ള കഥകൾ..ജോയിച്ചേട്ടന്റെ നിർദ്ദേശങ്ങൾ..ആർക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല.. പാറപ്പുറത്ത് ആനയെപ്പേടിച്ചു ഉറങ്ങാത്ത ഒരു രാത്രി..

നല്ല മഞ്ഞാണ്..ചുറ്റും കോട കയറുന്നു..ടോർച് അടിച്ചാലും ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥ..കാട്ടിൽ നിന്നും വരുന്ന ഓരോ ചെറു ശബ്ദങ്ങൾ പോലും ശരിക്കും പേടിപ്പിക്കുന്നു. എങ്ങനെയെങ്കിലും നേരം വെളുത്താൽ മതിയെന്നായി മനസ്സിൽ. പക്ഷേ സമയം മാത്രം മുന്നോട്ട് നീങ്ങുന്നില്ല. കാവലിരുന്നവർ ഓരോരുത്തരുത്തരായി ഉറക്കത്തിലേക്ക് വഴുതിവീണു. ഏതാണ്ട് സമയം 5 മണി ആവാനായി.. മഞ്ഞുണ്ടെങ്കിലും വെളിച്ചം വീണുതുടങ്ങിയപ്പോളാണ് ആശ്വാസമായത്..

ഞാനും മെല്ലെ ഒരു ടെന്റിൽ കയറിക്കിടന്നു. പക്ഷേ എന്തോ ഉറക്കം വരുന്നില്ല. കയ്യിലും കാലിലുമൊക്കെ നല്ല നീറ്റൽ. ഇന്നലത്തെ വീഴ്ചയിൽ പറ്റിയതാണ്. പുറത്ത് അത്യാവശ്യം ശബ്ദമൊക്കെ കേട്ടുതുടങ്ങി. എല്ലാവരും എണീറ്റു ഇന്നലെ ആനയുടെ ശബ്ദം കേട്ട മലകയറാനുള്ള ഒരുക്കത്തിലാണ്. ഞാൻ എന്തായാലും പോകുന്നില്ല എന്നു തീരുമാനിച്ചു. കൂടെ സജിത്ത് ഭായിയും സരിൻ ഭായിയും. ഞങ്ങൾ ടെന്റിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു..

അവർ ഓരോരുത്തരായി കുന്നുകയറി മറഞ്ഞു. ഇന്നലെ ആനയെ കണ്ട കാടാണ്. ഞങ്ങൾ മെല്ലെ പാറയുടെ മറുപുറത്തേക്ക് നടന്നു. മനോഹരമായ കാഴ്ചയാണ് അവിടെ നിന്നാൽ. കയ്യിൽ കരുതിയ പഴം കഴിച്ചു വിശപ്പടക്കി തത്കാലം. എല്ലാവരും തിരികെയെത്താൻ ഒരുപാട് സമയം എടുത്തു. അപ്പോളേക്കും ഞങ്ങൾ ടെന്റ് എല്ലാം അഴിച്ചിരുന്നു. എന്തായാലും ഒരു രാത്രി മുഴുവൻ ആനയെപ്പേടിച്ച് ഉറങ്ങാതെ ഇരുന്ന പാറയായതിനാൽ “ആനപ്പേടി പാറ” എന്ന് പാറയ്ക്ക് പേര് നൽകാൻ തീരുമാനമായി..

ഇനി മലയിറക്കം. കുത്തനെയുള്ള ഇറക്കം ഇറങ്ങുവാൻ നന്നേ കഷ്ടപ്പെട്ടു എല്ലാവരും. താഴെയെത്തി റോഡരികിൽ അടുപ്പ് കൂട്ടി പ്രഭാതഭക്ഷണം പാകം ചെയ്തു കഴിച്ചു. കളിചിരികളുമായി വ്യത്യസ്തമായ ഒരു അനുഭവം. പോകുന്ന വഴിയിൽ പുഴയിലൊരു കുളിയും. പുഴയിൽ നിന്നും കയറി യാത്ര പറഞ്ഞു പിരിയാൻ ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല.. പക്ഷെ സമയം..അവസാനം പിരിയുമ്പോൾ ആദ്യം പരിചയപ്പെട്ടപ്പോൾ കൈകൊടുത്തു ചിരിച്ചവർ പരസ്പരം കെട്ടിപ്പിടിച്ചാണ് യാത്ര ചോദിച്ചത്..അടുത്ത ഇവന്റിന് വൈകാതെ കാണാം എന്ന് വാക്കും നൽകി എല്ലാവരും വീടുകളിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post