അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം; നിഴല്‍ പദ്ധതി നിലവില്‍ വന്നു.
അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ് സെന്‍ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.
അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.
പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍റ് സെന്‍ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്‍റ് സെന്‍ററിന് കഴിയും. നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്‍റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്‍റ് സെന്‍ററില്‍ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്‍ഡ്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്‍റ് സെന്‍ററില്‍ സന്ദേശമെത്തും.
പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു വരുന്നതിനെത്തുടർന്നാണ് ഇത്തരമൊരു സുരക്ഷാ പദ്ധതി
എളുപ്പത്തിൽ നിലവിൽ വരുത്തുവാൻ കേരള പോലീസിനെ പ്രേരിപ്പിച്ചത്. എന്തായാലും ഇത് രാത്രി വൈകി സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് ഒരാശ്വാസമാകും കേരള പോലീസിന്റെ ഈ പദ്ധതി.