വിവരണം – വർഷ വിശ്വനാഥ്.

ബാംഗ്ലൂരില്‍ ജോലി ആയിരുന്നപ്പൊ കാണണം എന്നാഗ്രഹമുള്ള സംഗതികളുടെ ഒരു “ടു ഡു ലിസ്റ്റ്” ഉണ്ടാക്കിയപ്പൊ അതില്‍ ഒന്നായിരുന്നു നോര്‍വേയിലെ ഫിയോഡുകള്‍. മൂന്നു വശത്തും മലനിരകളുള്ള വളരെ ഇടുങ്ങിയ പ്രവേശനഭാഗമുള്ള ഉള്‍ക്കടലാണ്‌ ഫിയോഡ്. കാണാന്‍ നല്ല രസാ..

കുത്തനെയുള്ള മലനിരകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നതും ആ ഉള്‍ക്കടലുമൊക്കെ വളരെ ഭംഗിയാ. അവയുടെ ഭംഗിയെക്കുറിച്ചും അവയിലൂടെയുള്ള യാത്രയെക്കുറിച്ചും പിന്നെ അവിടെ ചെയ്ത ട്രെക്കിങ്ങിനെക്കുറിച്ചുമൊക്കെ പിന്നെ പറയാം. ആ ഫിയോഡുകളെ കാണാനായാണ്‌ പോയതെങ്കിലും ഇന്നത്തെ കഥ നോര്‍വേയിലെ ഒരു സ്ഥലത്ത് എനിക്ക് പുതുമയായി അന്നു തോന്നിയ അനുഭവത്തെക്കുറിച്ചാണ്.

നല്ല നീളത്തില്‍ നെടുങ്ങനെ ഇരിക്കണ നോര്‍വേ വലത്തു കയ്യെടുത്ത് കടലിലേക്ക് വെച്ചിരുന്നെങ്കില്‍ അതാണ്‌ ലൊഫോട്ടന്‍ ഐലന്‍ഡ്സ്. ആര്‍ട്ടിക്ക് സര്‍ക്കിളിലാണ്‌ ഈ സ്ഥലം. മറ്റു സ്ഥലങ്ങളിലെ പോലെ അധികം സഞ്ചാരികളെയൊന്നും കാണാനാകില്ല ഇവിടെ. ഈ അടുത്താണ്‌ കുറച്ചെങ്കിലും യാത്രികര്‍ ഇവിടത്തെ ഭംഗിയിലേക്ക് കാലും കണ്ണും വെക്കുന്നത്. ഫോട്ടോഗ്രാഫര്‍മാക്ക് ചാകര തരുന്ന സ്ഥലമാണ്‌ ലൊഫോട്ടന്‍ ഐലന്‍ഡുകള്‍.

Prikestolen-ഇല്‍ നിന്ന് Oslo വഴിയാണ്‌ Harstad/Narvik വിമാനത്താവളത്തിലെത്തിയത്. അതിനു ശേഷം കാര്‍ റെന്റിനെടുത്ത് ലോഫോട്ടനില്‍ പലയിടത്തായി – Trollfjord, Kabelvag, Reine, Svolvaer, Sakrisøya – മൂന്നാലു ദിവസം താമസിച്ചു – കണ്ടു. അപ്പൊ കഥയിലേക്ക്. ഇന്റെര്‍നെറ്റിലൂടെ ബുക്കിങ്ങ്.കോം സൈറ്റ് വഴിയാണ്‌ താമസസ്ഥലങ്ങള്‍ ബുക്ക് ചെയ്തത്. അതിലെ എയര്‍പോര്‍ട്ടിന്നടുത്ത ഹോട്ടലിലെ കഥയാണ്‌ പറയാന്‍ പോകുന്നത്.

കാറോടിച്ച് നേര്‍ത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് എത്തി. പാര്‍ക്ക് ചെയ്തു. ഇതു തന്നെയല്ലേ എന്ന് വെറുതെ ഉറപ്പിക്കുന്ന ശീലമുള്ളതോണ്ട് ഒന്നൂടെ പേരും ലൊക്കേഷനും ഉറപ്പിച്ചു. ഒരു നീളത്തിലുള്ള കെട്ടിടം – രണ്ട് നില മാത്രം. മെയിന്‍ ഡോര്‍ എന്നു തോന്നുന്ന ഡോറിന്റവിടെ കുറച്ച് നേരം നിന്നു – ആരേലും തുറക്കണ്ടേ.

അപ്പൊ ഒന്നു മൊബൈലു നോക്കിയപ്പൊ ഈ ഹോട്ടലില്‍ നിന്നുള്ള ഒരു വെല്‍ക്കം മെസേജ് കണ്ടു. 10-15 മിനുട്ട് മുന്നെ വന്നതാ. ഒരു കോഡുണ്ട് അതില്‍. ഡോറിന്നടുത്തുള്ള നമ്പര്‍ പാഡില്‍ അതമര്‍ത്തിയാല്‍ ഡോര്‍ തുറക്കുമെന്ന്. ശരി. ഞാന്‍ അമര്‍ത്തി. ഡോര്‍ തുറന്നു. ഈ നമ്പറടിച്ചുള്ള ഡോര്‍ തുറക്കലൊക്കെ മിക്കയിടത്തുമുണ്ടല്ലോ.

ഉള്ളിലേക്ക് കേറിയപ്പൊ അവിടെ ആരുമില്ല. ഒരു മേശയും കസേരയുമുണ്ട്. വലതു വശത്ത് ഡൈനിങ് റൂമാണ്‌. ഇടത്ത് വശത്ത് ഡോറാണ്‌. ഒരു പക്ഷെ താമസമുറികള്‍ അവിടെയാകാം.

മേശയിലേക്ക് നോക്കിയപ്പൊ എന്റെ പേര്‍ – “വര്‍ഷ വിശ്വനാഥ്” എന്നെഴുതിയ ഒരു കവറുണ്ട്. അതില്‍ 1 എന്ന റൂം നമ്പറും ആ റൂം തുറക്കാനുള്ള കാര്‍ഡും. അതുമെടുത്ത് ബാഗും തൂക്കി ഇടത്തു വശത്തെ വാതിലൂടെ നടന്നപ്പൊ ആദ്യ റൂം – 1 ആയിരുന്നു. അത് തുറന്ന് കേറി. റൂമിലെ മേശപ്പുറത്ത് വൈഫൈ password ഉണ്ട്. പിന്നെ ‘ബ്രേക്ക്ഫാസ്റ്റ് ഫ്രീ ആണ്‌ എന്താച്ചാല്‍ പോയി കഴിച്ചോളൂ’ എന്ന കുറിപ്പും.

ഈ സ്ഥലത്തെ കുറിച്ചൊക്കെ എന്തേലും മിണ്ടാന്‍ ആരേലും ഉണ്ടോ എന്ന് നോക്കി ഞാന്‍ റൂമിനു പുറത്തേക്കിറങ്ങി. ആരുമില്ല. ഒന്നു പുറത്തെല്ലാം പോയി ഡിന്നറെല്ലാം കഴിച്ച് വന്നു. ഹോട്ടലില്‍ വേറെ ആരെയും അപ്പോഴും കണ്ടില്ല. നാളെ രാവിലെ തന്നെ ഇറങ്ങണം. ഇനീം ഒരുപാടുണ്ട് യാത്ര ചെയ്യാന്‍.

പിറ്റേന്ന് രാവിലെ ആ ഡൈനിങ് ഏരിയയില്‍ എത്തിയപ്പൊ അവിടെയൊന്നും ആരുമില്ല. അപ്പൊ എന്റെ ഫ്രീ ബ്രേക്ക്ഫാസ്റ്റോ? ഞാന്‍ ഒന്ന് നല്ലോണം തപ്പി. നമ്മുടെയൊക്കെ വീട്ടിലുള്ള പോലത്തെ അലമാര പോലത്തെ ഫ്രിഡ്ജും പിന്നെ Refrigerated Cold Well എന്ന് വിളിക്കുന്ന മേലേന്ന് നോക്കിയാല്‍ ഉള്ളിലെ സാധനങ്ങള്‍ കാണുന്ന മേശ പോലത്തെ ഒരു ഫ്രിഡ്ജും ഉണ്ട്. അലമാറ പോലത്തെ ഫ്രിഡ്ജ് തുറന്നപ്പോ പാലുണ്ട്. കെച്ചപ്പും ജാമും ഉണ്ട്. പിന്നെ ആ ഫ്രിഡ്ജിന്നടുത്ത് പുറത്തായിട്ട് ബ്രെഡും സാന്‍ഡ്‌വിച്ച് മേക്കറും ഉണ്ടായിരുന്നു.

മറ്റേ ഫ്രിഡ്ജില്‍ മേലേന്ന് നോക്കുമ്പോ തന്നെ Cold Cut Meat കാണാം പല പല തരത്തില്‍‍. സാല്‍മണും ബീഫും പിന്നേം എന്തൊക്കെയോ ഒക്കെയും ഉണ്ട്. നന്നായി വെന്ത ചിക്കനും സാദാ മീനും മാത്രം കഴിച്ച് ശീലിച്ച ഞാന്‍ അതൊന്നു കണ്ടേക്കാം എന്ന് വിചാരിച്ച് ഇത് തുറക്കാന്‍ നോക്കി. അവസാനം എവിടെയോ പിടിച്ച് ഞെക്കിയപ്പൊ ആ മേലത്തെ ഗ്ലാസ് ഉയര്‍ന്നു വന്നു നിന്നു. ഇനി വേണേല്‍ കയ്യിട്ട് സാധനം എടുക്കാം. ഒന്നു കണ്ടു. അടച്ചു.

പിന്നെ ബ്രെഡില്‍ ജാം പുരട്ടി കഴിച്ചു. കുറച്ച് കഴിഞ്ഞപ്പൊ പെട്ടിയൊക്കെ പാക്ക് ചെയ്ത് അടുത്ത ഇടത്തേക്ക് യാത്ര തിരിച്ചു.. റൂമടച്ച് കീ പുറത്തെ മേശപ്പുറത്ത് ലാപ്ടോപ്പിന്നടുത്ത് വെക്കുമ്പൊ ഞാന്‍ വെറുതെ “പോയി വരാട്ടോ” ന്ന് പറഞ്ഞു ഇറങ്ങി. ആരെയും കണ്ടില്ല. ഇതെനിക്കൊരു ആദ്യാനുഭവമായിരുന്നു. ലോഫോട്ടനില്‍ മിക്കയിടത്തും ഇതു പോലെ ആയിരുന്നെങ്കിലും ആരെയെങ്കിലുമൊക്കെ കണ്ടിരുന്നു.

ഏകദേശം മുപ്പത്തിരണ്ടോളം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട് ഞാന്‍. ഹോട്ടലിലും ഹോസ്റ്റലിലും കാമ്പ് സൈറ്റിലുമൊക്കെ താമസിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഭംഗി തോന്നിയ രാജ്യമാണ്‌ നോര്‍വേ. അതില്‍ തന്നെ ലൊഫോട്ടെന്‍ ഒരുപാടിഷ്ടായി. പക്ഷെ, ആദ്യമായാണ്‌ ജീവനക്കാരെയോ കൂടെ മറ്റു താമസക്കാരെയോ ഒന്നും കാണാതെ ഒരു ഹോട്ടലില്‍ കഴിഞ്ഞത്.. അപ്പൊ ആ അനുഭവം ഇവിടെ പങ്കു വെച്ചു എന്നെ ഉള്ളൂ.

നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ അവരുടെ കറന്‍സി നോട്ട് കൈകളില്‍ ഒരിക്കല്‍ പോലും വെക്കേണ്ടി വന്നില്ല എനിക്ക്. വഴിയരികിലെ കാപ്പി കുടിക്കാനുള്ള മെഷീനിലായാലും കടകളിലായാലും പെട്രോള്‍ പമ്പിലായാലും ഭക്ഷണശാലകളിലായാലും എല്ലാം കാര്‍ഡാണ്‌ എല്ലാരും ഉപയോഗിക്കുന്നത്. പെട്രോള്‍ പമ്പില്‍ പെട്രോളടിച്ചു തരാനൊന്നും ആരുമില്ല. എല്ലാം സ്വയം തന്നെ.

കാബല്‍വാഗില്‍ താമസിക്കാന്‍ ചെന്നപ്പൊ ഉടമ പുറത്തിക്ക് വന്നു. ആ വീട്ടിലെ താഴത്തെ നിലയിലെ മുറികള്‍ അയാള്‍ വാടകയ്ക്ക് കൊടുക്കുന്നു. കിച്ചണും വാഷിങ്ങ് മെഷീനും മറ്റും യഥേഷ്ടം ഉപയോഗിക്കാം. ബെഡ് ഷീറ്റുകള്‍ എല്ലാം നമ്മള്‍ തന്നെ എടുക്കണം. IKEA – യില്‍ നിന്നുള്ള ഒരുപാട് ഷീറ്റുകള്‍ അടുക്കി വെച്ചിട്ടുണ്ട്. ആരും എടുത്തു തരാനോ നോക്കാനോ ഇല്ല.

“നാളെ പോകുമ്പോ കാണാം” എന്ന് പറഞ്ഞപ്പൊ ആ ഉടമ ചേട്ടന്‍ പറഞ്ഞു – “ഓ എന്നെ വിളിക്കണ്ട.. ചിലപ്പൊ ഉറങ്ങുകയാകാം. കീ അവിടെ എവിടേലും വെച്ചാ മതി” എന്ന്. കളവില്ല. പ്രശ്നങ്ങളില്ല. ശാന്തം. പിന്നെ അതി മനോഹരം.

പക്ഷെ – എന്തിനും ഏതിനും വിലക്കൂടുതല്‍ ആണ്. സ്നിക്കര്‍ മിഠായി 2.5 – 3 ദിര്‍ഹത്തിനു ദുബായില്‍ കിട്ടുന്നതിനു 18 ക്രോണ്‍ ആയിരുന്നു ലൊഫോട്ടനില്‍ എന്നാണെന്റെ ഓര്‍മ.. അതായത് 8 ദിര്‍ഹത്തോളം. Sugar tax ഉണ്ടെന്ന് തോന്നുന്നു. ഭക്ഷണം പുറത്തു നിന്നു കഴിക്കുന്നത് പോക്കറ്റിന്റെ കനം അസ്സലായി കുറയ്ക്കുന്നതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.