എഴുത്ത് – പ്രശാന്ത് പറവൂർ.
2019 ലെ ഓണത്തിനു മുൻപുള്ള ഉത്രാടദിനത്തിൽ പറവൂരിലുള്ള വീട്ടിലായിരുന്നു. വിവാഹത്തിനു ശേഷമാണ് മര്യാദയ്ക്ക് ഓണം ആഘോഷിക്കുവാനൊക്കെ തുടങ്ങിയത്. അല്ലെങ്കിൽ മുടക്ക് കിട്ടുന്നതല്ലേ എന്നു വിചാരിച്ച് എവിടയെങ്കിലുമൊക്കെ ട്രിപ്പ് പോകാറായിരുന്നു പതിവ്.
സമയം വൈകുന്നേരമായി. വീട്ടിലെ അടുക്കളയിൽ തിരുവോണ സദ്യയുടെ ഒരുക്കങ്ങൾക്കായുള്ള പരിപാടികൾ തകൃതിയായി നടക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒന്ന് പുറത്തേക്ക് പോയാലോ എന്നൊരു ഐഡിയ മനസ്സിൽ വരുന്നത്. ഉടനെ തന്നെ സുഹൃത്തായ സുഹൈലിനെ വിളിച്ചു. മച്ചാൻ പള്ളുരുത്തിയിലെ കടയിലായിരുന്നുവെങ്കിലും ഞാൻ വിളിച്ചപാടേ എറണാകുളത്തേക്ക് വണ്ടികയറി.
എറണാകുളം കണ്ടെയ്‌നർ റോഡിലൂടെ ഒരു ഡ്രൈവും, പിന്നെ അവിടത്തെ കായൽ കാഴ്ചകളും ആസ്വദിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. ഞാൻ കാറുമെടുത്തു കണ്ടെയ്‌നർ റോഡിലെ ചേരാനെല്ലൂർ കവലയിൽ എത്തിയപ്പോൾ സുഹൈൽ അവിടെ കൃത്യമായി വണ്ടിയിറങ്ങി. അങ്ങനെ ഞങ്ങൾ കണ്ടെയ്‌നർ റോഡിലൂടെ മുളവുകാട് ഭാഗത്തേക്ക് നീങ്ങി. തിരുവോണത്തലേന്ന് ആയതിനാലാണോ എന്തോ, കണ്ടെയ്‌നർ റോഡിൽ അത്രയ്ക്ക് തിരക്കൊന്നും ഉണ്ടായിരുന്നില്ല.
എറണാകുളം നഗരത്തിരക്കുകളിൽ നിന്നും രക്ഷപ്പെട്ട് യാത്ര ചെയ്യുവാൻ പറ്റിയ ഒരു മാർഗ്ഗമെന്ന നിലയിൽ കണ്ടെയ്‌നർ റോഡ് എല്ലാവർക്കും പ്രിയങ്കരനാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കളമശ്ശേരിയിൽ നിന്നും തുടങ്ങി വല്ലാർപാടം വരെ നീണ്ടുകിടക്കുന്ന NH ‘966 A’ എന്ന കണ്ടെയ്‌നർ റോഡ് ഇന്ത്യയിലെത്തന്നെ നീളം കുറഞ്ഞ നാഷണൽ ഹൈവേകളിൽ ഒന്നാണ്. ആകെ 17 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഈ ഹൈവേയുടെ നീളം.
അങ്ങനെ ഞങ്ങൾ മുളവുകാട് ഭാഗത്തുള്ള ടോൾബൂത്തിനു സമീപത്ത് എത്തിച്ചേർന്നു. അപ്പുറം കടക്കണമെങ്കിൽ ഇനി ടോൾ കൊടുക്കണം. അതും അത്യാവശ്യം നല്ല കത്തി റേറ്റ്. അങ്ങനിപ്പം ടോൾ കൊടുക്കേണ്ട എന്നു വിചാരിച്ച് ഞങ്ങൾ ടോൾ ബൂത്തിനു മുന്നിലൂടെ യുടേൺ എടുത്തു. ടോൾ ബൂത്തിനരികിൽ നിന്നാൽ കേരളത്തിലെ ഏറ്റവും നീളമുള്ള റെയിൽവേ പാലമായ വേമ്പനാട് ബ്രിഡ്‌ജ് കാണാം. കുറച്ചു സമയം അവിടെ വാഹനങ്ങളുടെ ചിത്രങ്ങളെടുത്തും കാറ്റുകൊണ്ടും ഞങ്ങൾ ചെലവഴിച്ചു.
അവിടെ നിന്നും ഞങ്ങൾ തിരികെ നോർത്ത് മുളവുകാട് ഭാഗത്തേക്ക് യാത്രയായി. അവിടെയാണ് കിടിലൻ വ്യൂപോയിന്റുകൾ. സാധാരണ വ്യൂ പോയിന്റുകൾ എന്നു പറയുന്നത് മലമുകളിലുള്ളവയെ ആണെങ്കിലും ഞങ്ങൾക്ക് ഇവിടെ കാഴ്ച കായൽസൗന്ദര്യമാണ്. വൈകുന്നേരമായാൽ ധാരാളമാളുകൾ ഫാമിലിയായും കൂട്ടുകാരായും കപ്പിൾസ് ആയുമൊക്കെ ഇവിടെ ചിലവഴിക്കാൻ വരാറുണ്ട്. ഞങ്ങൾ അവിടെയെത്തിയപ്പോഴും കുറച്ചാളുകൾ അവിടെയുണ്ടായിരുന്നു. അതോടൊപ്പം ഒരു പോസ്റ്റ് വെഡ്ഡിംഗ് ഔട്ട്ഡോർ ഷൂട്ട് ടീമും. ഇത്തരത്തിലുള്ള വെഡ്ഡിംഗ് ഷൂട്ടുകൾക്കൊക്കെ അനുയോജ്യമായ ഒരിടം കൂടിയാണിവിടം.
വൈകുന്നേരങ്ങളിൽ നഗരത്തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായിരുന്ന് കായൽക്കാഴ്ചകൾ ആസ്വദിക്കുകയും അതോടൊപ്പം തന്നെ സൂര്യാസ്തമയം കാണുകയും ചെയ്യാം എന്നതിനാലാണ് ആളുകൾ ഇവിടം തിരഞ്ഞെടുക്കുന്നത്. വേണമെങ്കിൽ ഒരു ഐസ്ക്രീം നുണയുകയും ചെയ്യാം. ഈ ഏരിയകളിലെ ടൂറിസം സാധ്യതകളെ നമ്മുടെ അധികാരികൾ മനസ്സിലാക്കി തുടങ്ങിയാൽ അടിപൊളിയാകും എന്നുറപ്പാണ്. അങ്ങനെ കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ തിരികെ മടങ്ങുവാൻ ആരംഭിച്ചു.
മടക്കയാത്രയ്ക്കിടെ കോതാട് എന്ന ബോർഡ് കണ്ടപ്പോൾ മനസ്സിൽ ഒരാഗ്രഹം അവിടെ ഒന്ന് പോകണമെന്ന്. ജനിച്ചു വളർന്ന, 26 വർഷത്തോളം ജീവിച്ച നാടാണത്. പറവൂരിലേക്ക് താമസം മാറിയെങ്കിലും പഴയ നാടിനെയും നാട്ടുകാരെയും അങ്ങനെയങ്ങു മറക്കാൻ പറ്റുമോ. ഹൈവേയിൽ നിന്നും സർവ്വീസ് റോഡിലേക്ക് വണ്ടി തിരിച്ചു കോതാട്ടേക്ക് ഞങ്ങൾ നീങ്ങി. കടമക്കുടി പഞ്ചായത്തിൽപ്പെട്ട ദ്വീപുകളിൽ ഏറ്റവും കൂടുതൽ വികസനം വന്നത് ഞങ്ങളുടെ കോതാട് തന്നെയായിരുന്നു. എറണാകുളം നഗരത്തോട് അടുത്തു കിടക്കുന്നതു കൊണ്ടാകണം.
മുൻപ് ഒരിക്കൽ വന്നപ്പോൾ റോഡുകളൊക്കെ വളരെ മോശം അവസ്ഥയിൽ ആയിരുന്നുവെങ്കിലും ഇത്തവണ നല്ല ടാർ ചെയ്ത റോഡായിരുന്നു എനിക്ക് കാണുവാൻ സാധിച്ചത്. എന്നാൽ മെയിൻ റോഡിൽ നിന്നും ഞങ്ങളുടെ വീടിനടുത്തേക്കുള്ള വഴി അന്നുമിന്നും ഒരേപോലെ തന്നെയായിരുന്നു. അതുകൊണ്ട് കുറേക്കാലത്തിനു ശേഷം ഒരു കിടിലൻ ഓഫ്‌റോഡ് എക്സ്പീരിയൻസ് ലഭിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ വീടിനടുത്തെത്തി. പ്രത്യേകിച്ച് ഒരു മാറ്റവുമില്ല ഞങ്ങളുടെ പഴയ വീടിന്. ഇന്ന് അവിടെ മറ്റാരോ ആണ് താമസം. ഒരു നിമിഷം കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ മനസ്സിൽ ഓടിയെത്തി.
വീടും കടന്നു നേരെ പോയത് പുഴക്കരയിലേക്കായിരുന്നു. അവിടെയായിരുന്നു ഞങ്ങളുടെ ബോട്ട് ജെട്ടി. വാഹന ഗതാഗതം വരുന്നതിനു മുൻപ് ഞങ്ങളുടെ ഏക ആശ്രയം ബോട്ടും വള്ളവും ഒക്കെയായിരുന്നു. ബോട്ട് ജെട്ടിയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടില്ലെങ്കിലും അവിടെ ആരോ നല്ല പുഷ്ബാക്ക് സീറ്റുകൾ ഒക്കെ കൊണ്ടുവന്ന് ഇട്ടിട്ടുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ സ്വസ്ഥമായി ഇരിക്കാൻ പിള്ളേർ ആരോ ചെയ്തതായിരിക്കണം. അതെന്തായാലും കലക്കി. എറണാകുളം ജെട്ടിയിൽ പോലുമില്ല ഇതുപോലുള്ള കിടിലൻ പുഷ്ബാക്ക് സീറ്റുകൾ.
ബോട്ട്ജെട്ടി പരിസരമെല്ലാം വളരെ മാറിപ്പോയിരുന്നു. പണ്ട് ഞങ്ങൾ ക്രിക്കറ്റും ഫുട്‍ബോളും കളിച്ചിരുന്ന, റോഡിനിരുവശത്തുമുള്ള പറമ്പ് ഇപ്പോൾ ആകെ പുല്ലു വളർന്ന് കാടുകയറിയ അവസ്ഥയിലാണ്. ഒരുകാലത്ത് ഒച്ചയും ബഹളവും ആളനക്കവുമൊക്കെയുണ്ടായിരുന്ന അവിടം ഇന്ന് നിശബ്ദതയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. അക്കരെ നിന്നുള്ള പട്ടികളുടെ കുര വരെ വ്യക്തമായി കേൾക്കാം. കാർ അവിടെ പാർക്ക് ചെയ്ത് ബോട്ട് ജെട്ടിയിലേക്ക് കയറി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നോക്കി കുറച്ചു സമയം അങ്ങനെ നിന്നു. നാളുകൾക്കു ശേഷം ആ പടിഞ്ഞാറൻ കാറ്റേൽക്കുന്നതിന്റെ ഒരു സുഖം ഉണ്ടല്ലോ… അത് പറഞ്ഞറിയിക്കാനാവില്ല. എൻ്റെ നാടിന്റെ സൗന്ദര്യം ഞാൻ ശരിക്ക് ആസ്വദിക്കുന്നത് ഈ നീണ്ട 29 വർഷങ്ങൾക്ക് ശേഷമാണ്. അല്ലെങ്കിലും അത് അങ്ങനെയാണല്ലോ, മുറ്റത്തെ മുല്ലയ്‌ക്ക് മണമുണ്ടാകില്ലല്ലോ..
കുറച്ചു സമയം അവിടെ ചെലവഴിച്ചതിനു ശേഷം അവിടെ വെച്ച് കണ്ടുമുട്ടിയ നാട്ടുകാരോട് വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഞങ്ങൾ തിരികെ കണ്ടെയ്‌നർ റോഡിലേക്ക് യാത്രയായി. പിന്നെ അവിടുന്ന് നേരെ പറവൂരിലേക്കും. ചുമ്മാ ഒരു ഡ്രൈവ് എന്നു പറഞ്ഞുകൊണ്ട് ഇറങ്ങിയ എനിക്ക് കിട്ടിയത് മനോഹരമായ ഒരു സായാഹ്നമായിരുന്നു. പിറന്ന നാടും വളർന്ന വീടും ഒക്കെ ഒരിക്കൽക്കൂടി കാണുവാൻ ഭാഗ്യമുണ്ടായി.