കടപ്പാട് – ബി. ഷിബു (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).
ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിൽ റോമൻ ജനത ഏറ്റവും അധികം ഭയപ്പെട്ടിരുന്ന സ്ത്രീ ലൊകസ്റ്റ ആയിരുന്നിരിക്കാം. റോമിലെ ധനവാന്മാരും രാഷ്ട്രീയക്കാരും സൈനിക മേധാവികളുമെല്ലാം തങ്ങളുടെ എതിരാളികളെ കൊലപ്പെടുത്താൻ ലൊകസ്റ്റയുടെ സഹായം തേടിയിരുന്നു. റോമൻ കവിയായിരുന്ന ജുവെനിലും പ്രമുഖ ചരിത്രകാരന്മാരായിരുന്ന ടാസിടസും കാഷ്യസ് ഡിയോയും എല്ലാം ഇവരെ പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.
AD ഒന്നാം നൂറ്റാണ്ടിൽ ഗൌളിൽ (ഇന്നത്തെ ഫ്രാൻസിൽ) ജനിച്ച ലോകസ്റ്റ പച്ചമരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന ഒരു വൈദ്യയായിട്ടാണ് ജീവിതം ആരംഭിച്ചത്. കൂടുതൽ മികച്ച ജീവിതം ലക്ഷ്യമിട്ട് റോമിലെത്തിയ ലോകസ്റ്റയ്ക്ക് മരുന്നുകൂട്ടുകളിലുള്ള തന്റെ അറിവുകൾ ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചാൽ ധാരാളം പണമുണ്ടാക്കാമെന്ന് വളരെ എളുപ്പം മനസിലായി.
റോമിലെമ്പാടും രാഷ്ട്രീയ അരാജകത്വം നിലനിന്ന സമയമായിരുന്നു അത്. ബോട്ടണിയിലും രസതന്ത്രത്തിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന അവർ വിഷചെടികളെയും കൂട്ടുകളെയും പറ്റി കൂടുതൽ പഠിക്കുകയും ഒരു മാസ്റ്റർ poisoner ആയി അറിയപ്പെടുകയും ചെയ്തു. ഹെം ലോക്ക്, ബെല്ലഡോന, അഴ്സെനിക് തുടങ്ങി സൈനയിഡും ഓപിയവും വരെ അവർ ആളെ കൊല്ലാൻ ഉപയോഗിച്ചിരുന്നു.
സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആളെ കൊലപ്പെടുത്തുന്നതായിരുന്നു അവരുടെ ശൈലി. അതുകൊണ്ട് തന്നെ ലോകസ്റ്റയുടെ സേവനം തേടാൻ ആവശ്യക്കാർ നിരവധിയായിരുന്നു. റോമിലെ ധനവാന്മാർക്കുവേണ്ടി കൊലപാതകങ്ങൾ നടത്തിയും വിഷക്കൂട്ടുകൾ ഉണ്ടാക്കിയും തന്റെ തൊഴിൽ ആരംഭിച്ച ലോകസ്റ്റ രണ്ട് തവണ സംശയത്തിന്റെ പുറത്ത് പിടിക്കപ്പെട്ടെങ്കിലും ഇവരുടെ കഴിവുകൾ മനസിലാക്കിയ സെനറ്റർമാർ അവരെ ശിക്ഷയിൽ നിന്നും രക്ഷപെടുത്തി.
പിന്നീട് ലോകസ്റ്റ നടത്തിയ കൊലപാതകങ്ങൾ തന്റെ സുഹൃത്തുക്കളായിരുന്ന രാഷ്ട്രീയക്കാർക്കുവേണ്ടി ആയിരുന്നു. AD 54ൽ നടത്തിയ ഒരു രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് തടവിലായ അവരെ ശിക്ഷയിൽ നിന്ന് രക്ഷിച്ചത് സാക്ഷാൽ ക്ലോഡിയസ് സീസറിന്റെ ഭാര്യയായിരുന്ന ജൂലിയ അഗ്രിപ്പിന ആയിരുന്നു ( ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും ultra bad-ass woman ഇവരായിരിക്കും). തന്റെ ഭർത്താവായ ക്ലോഡിയസ് സീസറിനെ കൊലപ്പെടുത്തുക എന്ന ദൌത്യമാണ് രക്ഷിച്ചതിന് പകരമായി അഗ്രിപ്പിന ലൊകസ്റ്റയെ ഏൽപ്പിച്ചത്.
അഗ്രിപ്പിനയ്ക്ക് തന്റെ മുൻ വിവാഹത്തിലുണ്ടായ പുത്രനെ( ഇങ്ങേരാണ് പിന്നീട് ചക്രവർത്തിയായ നീറോ) അടുത്ത സീസറാക്കണമെന്നുണ്ടായിരുന്നു, എന്നാൽ ക്ലോഡിയസിന് തന്റെ മറ്റൊരു പുത്രനെ രാജാവാക്കാനായിരുന്നു താത്പര്യം. തുടർന്ന് AD 54 ഒക്ടോബർ 13ന് ലോക്കസ്റ്റ ക്ലോഡിയസിനുള്ള ഭക്ഷണത്തിൽ വിഷം കലർത്തി. ക്ലോഡിയസിന് വിഷക്കൂണ്‍ കൊണ്ടുള്ള ഭക്ഷണമാണ് നല്കിയത് എന്നും പറയപ്പെടുന്നു.
വിഷബാധയേറ്റ ചക്രവർത്തിയെ ചികിത്സിക്കാൻ എത്തിയ വൈദ്യന്മാർ അക്കാലത്ത് വിഷബാധയേറ്റ രോഗിയെ ശർദ്ദിപ്പിക്കാൻ ഒരു തൂവൽ രോഗിയുടെ തൊണ്ടയിൽ കടത്തുമായിരുന്നു. ഉപയോഗിച്ച തൂവലിൽ ലോക്കസ്റ്റ, സ്റ്റ്രിക്നിൻ എന്ന മാരക വിഷം പുരട്ടിയിരുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെയും Turkish പ്രസിഡന്റ് ആയിരുന്ന തുർഗുത് ഒസാലിന്റെയും ഒക്കെ മരണകാരണമായത് സ്റ്റ്രിക്നിൻ എന്ന വിഷമാണെന്നാണ് കരുതപ്പെടുന്നത്.
ക്ലോഡിയസ് സീസറിന്റെ മരണത്തോടെ നീറോ ചക്രവർത്തിയായി അധികാരമേറ്റു, എന്നാൽ കാര്യം കഴിഞ്ഞതോടെ ലോക്കസ്റ്റയാണ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത് എന്ന് ആരോപിച് അഗ്രിപ്പിന അവരെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ ഇത്തവണ സാക്ഷാൽ നീറോ തന്നെ ലോക്കസ്റ്റയെ മോചിപ്പിക്കുകയും തന്റെ 14 വയസുകാരൻ സഹോദരനായ ബ്രിട്ടാനികസിനെ (ബ്രിട്ടാനികസ് ആയിരുന്നു യഥാർഥ അനന്തരാവകാശി) കൊലപ്പെടുത്താനുള്ള ദൌത്യം എല്പ്പിക്കുകയും ചെയ്തു. തുടർന്ന് വൈനിൽ വിഷം കലർത്തി ലൊകസ്റ്റ അയാളെ കൊലപ്പെടുത്തി.
AD 55 മുതൽ 68 വരെ തന്റെ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ നീറോ ലോക്കസ്റ്റയുടെ സഹായം തേടിയിരുന്നു. തന്റെ അമ്മയായ അഗ്രിപ്പിനയുമായി ഇടഞ്ഞതിനെ തുടർന്ന് അവരെ കൊലപ്പെടുത്താനുള്ള ചുമതലയും നീറോ ലോക്കസ്റ്റയെ എല്പ്പിചെങ്കിലും ആ കൊലപാതക ശ്രമം പാളിപ്പോയി. റോമാ നഗരത്തിലെ തീപിടുത്തത്തെ തുടർന്ന് നീറോ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു. തുടർന്ന് അധികാരമേറ്റ റോമൻ ജെനെറലായിരുന്ന ഗാൽബ ലോക്കസ്റ്റയെ തടവിലാക്കുകയും AD 69 ജനുവരി 15ന് പരസ്യമായ വധശിക്ഷയ്ക്ക് വിധേയയാക്കുകയും ചെയ്തു.