പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിൽ നിലനിൽക്കുന്ന 300 വർഷം പഴക്കമുള്ള ഒളപ്പമണ്ണ മന.. കേരളത്തിലെ പുരാതന ബ്രാഹ്മണ ഇല്ലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒളപ്പമണ്ണ മന. തൌരത്രിക ഗ്രാമം എന്നറിയപ്പെടുന്ന, പഴയ വള്ളുവനാടില്‍ ഉള്‍പ്പെടുന്ന വെള്ളിനേഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്. പുരാതന നാടുവാഴി കുടുംബങ്ങളില്‍ പെട്ട ഒന്നായിരുന്നത്രേ ഒളപ്പമണ്ണ. കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലകളില്‍ ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്‌.

കഥകളിയില്‍ ഇന്ന് ഏറെ പ്രചാരത്തിലുള്ള കല്ലുവഴി ചിട്ടയുടെ തുടക്കം ഏകദേശം 150 – 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളപ്പമണ്ണയില്‍ ആയിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം പിന്നീടു വള്ളത്തോള്‍ കേരള കലാമണ്ഡലത്തോട് കൂട്ടി ചേര്‍ത്തു.
മലയാളത്തിലെ പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്, കവി O.M അനുജന്‍, കുട്ടികളുടെ പ്രിയങ്കരിയായ കഥ മുത്തശ്ശി സുമംഗല തുടങ്ങിയവര്‍ക്കെല്ലാം ജന്മം കൊടുത്തത് ഇവിടമാണ്.

വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്‍ത്തി നില്‍ക്കുന്ന ഒളപ്പമണ്ണ മന. 300 വര്‍ഷം പഴക്കമുള്ള മന ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. 20 ഏക്കറിലായി മന വ്യാപിച്ചു കിടക്കുന്നു. ഇപ്പോള്‍ മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമായ ഒരിടം. സമാധാനവും ശാന്തവുമായ കുറച്ചു ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഒളപ്പമണ്ണ മനയില്‍ കഴിച്ചു കൂട്ടാം. പഴയ വാസ്തു ശില്‍പ്പ കലയുടെ വൈദഗ്ധ്യം നേരില്‍ കാണാം.

തൃശ്ശൂർ ജില്ലയിലെ മായന്നൂരിലെ ഓട്ടൂർ മനയിലെ കുടുംബം 600 വർഷങ്ങൾക്കുമുന്നേ വെള്ളിനേഴിയിൽ കുടിയേറിപ്പാർത്ത് ഒളപ്പമണ്ണ മനക്കാരായെന്നാണ് പറയപ്പെടുന്നത്. രണ്ട് ദശാബ്ദങ്ങൾക്കുമുൻപ്, അന്യം നിന്നുപോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വരിക്കാശ്ശേരി മനയിൽനിന്ന് ദത്തെടുത്തവരുടെ പരമ്പരയാണ് ഇന്നത്തെ ഒളപ്പമണ്ണ കുടുംബം എന്നാണ് ആധികാരികമായ വിലയിരുത്തൽ.

ആദ്യകാലത്ത് മൺ ചുമരും ഓലമേഞ്ഞ പുരയുമായുള്ള മനയായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീടാണ് എട്ടുകെട്ട് ആയി മാറിയത്. ഇന്നത്തെ എട്ടുകെട്ടിന്റെ പഴക്കം മൂന്നുറിലേറെ വർഷങ്ങളാണെന്നതിന് തെളിവുകളുണ്ട്. എട്ടുകെട്ടുകളായാണ് അറിയപ്പെടുന്നതെങ്കിലും പുരയുടെ അകത്തുള്ള കിണറിന് ചുറ്റുമുള്ള നാലുകെട്ടുംകൂടി കണക്കിലെടുത്താൽ പന്ത്രണ്ടുകെട്ടായി പരിഗണിക്കാം. മനയുടെ വടക്കിനിയിൽ ഭഗവതിയുടെ ശ്രീചക്രപ്രതിഷ്ഠയുണ്ട്.

മനയുടെ പ്രധാന കെട്ടിടം എട്ടുകെട്ടാണ്. എല്ലാ ദിശയിലും രണ്ടു വീതം വിശാലമായ ഹാളുകളുണ്ട്. കിടപ്പു മുറികളും റെസ്റ്റ് റൂമുകളും ഒന്നാം നിലയിലാണ്. പടിഞ്ഞാറു വശത്തുള്ള കെട്ടിടം മൂന്നു നിലയാണ്. പ്രധാന കെട്ടിടത്തിന് ചുറ്റുമായി മൂന്നു വലിയ പത്തായപ്പുരകളുണ്ട്.

കുന്തിപുഴയുടെ തീരത്ത്‌ ഉള്ള ഈ മനയില്‍ ഒരുപാട് സിനിമ ഷൂട്ടിംഗ് നടക്കാറുണ്ട്: ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷൻ. “എന്ന് നിന്റെ മോയിദീന്‍ ” എന്ന സിനിമയുടെ വളരെ പ്രധാനപെട്ട ഒരു ഭാഗം ഇവിടെയാണ് ഷൂട്ട്‌ ചെയ്തത്. ‘ആറാം തമ്പുരാൻ’ (മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓട്ടോഗ്രാഫ് (തമിഴ്) എന്നീ ചിത്രങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്.

കടപ്പാട് – ഇത് എഴുതിയപേരറിയാത്ത വ്യക്തിയ്ക്ക്, വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.