അശോക് ലെയ്‌ലാൻഡ് എന്നു കേൾക്കാത്ത വാഹനപ്രേമികൾ ഉണ്ടാകില്ല. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വാഹന കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. 1948 ൽ സ്ഥാപിതമായ ലെയ്‌ലാൻഡ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമ്മാതാക്കളാണ്.

1948 ൽ രഘുനന്ദൻ സരൺ ആണ് അശോക് മോട്ടോഴ്സ് സ്ഥാപിച്ചത്. ഇദ്ദേഹം പഞ്ചാബിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം, ആധുനിക വ്യാവസായിക സംരംഭങ്ങളിൽ നിക്ഷേപിക്കാൻ ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി നെഹ്രു അദ്ദേഹത്തെ പ്രേരിപ്പിച്ചു. അശോക് മോട്ടോഴ്സ് 1948 ൽ ഇംഗ്ലണ്ടിൽ നിന്ന് ഓസ്റ്റിൻ കാറുകൾ കൂട്ടിച്ചേർക്കുകയും നിർമ്മിക്കുകയും ചെയ്തു. രഘുനന്ദൻ സരണിന്റെ ഏക മകനായ അശോക് സരാന്റെ പേരിലാണ് ഈ കമ്പനി അറിയപ്പെട്ടിരുന്നത്.  രഘുനന്ദൻ കൊമേഴ്സ്യൽ വാഹനങ്ങൾക്ക് വേണ്ടി ലെയ്ലാൻഡിലെ മോട്ടേഴ്സുമായി കരാറിലേർപ്പെട്ടിരുന്നു. അശോക് ലെയ്ലാൻഡ് പിന്നീട് വാണിജ്യവാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ലെയ്ലാൻഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് പ്രവാസിക്കാരും ഇന്ത്യൻ എക്സിക്യുട്ടീവുകളുമൊക്കെയായി കമ്പനിയുടെ ഇന്ത്യയിലെ വാണിജ്യ വാഹന ഉൽപ്പാദകരിലൊരാളായി മാറി. രഘുനന്ദൻ സരൺ ഒരു വിമാനാപകടത്തിൽ മരിച്ചു. 2007 ൽ അശോക് ലെയ്ലൻഡിൽ ഇൽ വേക്കോയുടെ പരോക്ഷമായ ഓഹരികൾ ഹിന്ദുജ ഗ്രൂപ്പ് വാങ്ങി.

ബസ്, ട്രക്ക് പ്രേമികളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനം അശോക് ലെയ്‌ലാൻഡ് മോഡൽ ആയിരിക്കും. മറ്റുള്ളവ മോശമാണെന്ന കാരണം കൊണ്ടല്ല, പക്ഷെ എന്തോ, അശോക് ലെയ്‌ലാൻഡിനോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ്. അത് പണ്ടുമുതൽക്കേ അങ്ങനെയാണ്. വണ്ടികളുടെ രൂപഘടനയും, ഗർജ്ജിക്കുന്നതു പോലത്തെ ശബ്ദവുമെല്ലാം ഈ ഇഷ്ടത്തിനു കാരണമായി പറയാമെങ്കിലും എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അത് അശോക് ലെയ്‌ലാൻഡ് ഹെവി വാഹനങ്ങളുടെ ‘സ്റ്റീയറിംഗ് മോഡൽ’ തന്നെയാണ്. മറ്റുള്ള വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി, കുറച്ചു ഉയരത്തിൽ അധികം വളവില്ലാതെ, നടുക്ക് നീല നിറത്തിൽ ലെയ്ലാൻഡ് എന്നതിന്റെ L ചിഹ്നവും ഒക്കെയായി ആരെയും ആകർഷിക്കുന്നതായിരുന്നു അശോക് ലെയ്‌ലാൻഡ് ബസ്, ലോറി കളുടെ സ്റ്റീയറിങ് വീൽ. മൊത്തത്തിൽ പറഞ്ഞാൽ ഡ്രൈവർക്ക് ഒരു രാജകീയ ഭാഗത്തിൽ ഇരുന്നു നിയന്ത്രിക്കാം. ഇക്കാരണം കൊണ്ടാണോ എന്തോ രാജ്യത്തെ ഭൂരിഭാഗം ബസ് – ലോറി ഡ്രൈവർമാർക്കും പ്രിയങ്കരം അശോക് ലെയ്‌ലാൻഡിനോട് ആയിരിക്കും.

എന്നാൽ ഇപ്പോൾ അശോക് ലെയ്ലാന്ഡിന്റെ മുഖമുദ്രയായിരുന്ന ആ സ്റ്റീയറിംഗ് വീലിനു മാറ്റം വന്നിരിക്കുകയാണ്. BS IV മോഡൽ ബസ്സുകളിൽ സ്റ്റീയറിംഗ് വീലുകൾക്ക് കൂടി അശോക് ലെയ്‌ലാൻഡ് പരിഷ്‌ക്കാരം വരുത്തിയിരിക്കുകയാണ്. ഏതാണ്ട് ടാറ്റായുടെ സ്റ്റീയറിംഗ് വീലിനോട് സാമ്യമുള്ളതാണ് ഇപ്പോൾ പുറത്തിറക്കുന്ന ബസ്സുകളിലെയും ലോറികളിലെയും സ്റ്റീയറിംഗുകൾ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുന്നത് നല്ലതാണെങ്കിലും അശോക് ലെയ്‌ലാൻഡിന്റെ ആ പഴയ തലയെടുപ്പ് ഇപ്പോഴത്തെ വണ്ടികൾക്ക് ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഇന്നും ബസ് പ്രേമികൾക്ക് അശോക് ലെയ്‌ലാൻഡ് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഉയർന്നു നിൽക്കുന്ന സ്റ്റീയറിങ്ങും, ഡബിൾ ക്ലച്ചും, ആടിക്കളിക്കുന്ന ഗിയർ ലിവറും, കറകറാന്നുള്ള ആ ശബ്ദവും, ശൗര്യമുള്ള മുഖവുമെല്ലാം ചെറുപ്പത്തിൽ എത്ര തവണ നമ്മൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ ഓടിയിരുന്ന പണ്ടത്തെ ചില കെഎസ്ആർടിസി ബസ്സുകൾ തന്നെ ഉദാഹരണം. അശോക് ലൈലാന്റ് എന്ന വികാരത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് ഈ ‘ഇരട്ട സ്പോക് ” സ്റ്റീയറിങ്ങ്. വണ്ടി ഭ്രാന്തിന്റെ ഒരു യുഗം ഈ വളയം വച്ച് അടയാളപ്പെടുത്തിയാലും തെറ്റില്ല. ഒരിക്കലെങ്കിലും ഈ വളയം ഒന്നു പിടിക്കണം എന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. ഒരു തലമുറയുടെ ഓർമ്മ മങ്ങാത്ത യാത്രാനുഭവം വിട വാങ്ങുന്നു. അശോക് ലെയ്‌ലാൻഡിന്റെ ആ പഴയ മോഡൽ സ്റ്റീയറിംഗ് എങ്കിലും തിരികെ വരുമോയെന്നാണ് ഇപ്പോൾ വാഹനപ്രേമികൾ കാത്തിരിക്കുന്നത്.

BS – രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്.  പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.