ആനപ്പണി എന്ന് പറയുന്നത് ഒരു കലയാണ്. തീർച്ചയായും ഒരു പാടു പേരുടെ ജീവിത നിലനിൽപ്പു കൂടിയാണ്. നമുക്കറിയാം ആനയുടമസ്ഥന്മാരും കഴിവതും നല്ല രീതിയില്‍ തന്നെ അവരുടെ ആനകളെ നോക്കുന്നുണ്ട്. പക്ഷെ ആനകളെ മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ കൂടി നോക്കണം. പണ്ട് കേട്ട ഒരു പഴഞ്ചൊല്ലില്‍ പറയുന്നപോലെ “പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം”.
നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് കണ്ടു കേട്ടു, ചട്ടക്കാരുടെ ജീവിത കഥകൾ. പ്രായമുളളതും ചെരുപ്പക്കാരുമായ എത്രയോ ചട്ടക്കാർ. അതിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രായം ചെന്ന് കുറെ ചട്ടക്കാർ ഉണ്ട്. അതിൽ ഒരാളുടെ കഥയാണ് ഇന്ന് നമ്മൾ ഇവിടെ പറയുന്നത്. മറ്റാരുമല്ല പല്ലാട്ടു ബ്രഹ്മദത്തന്റെ ചട്ടക്കാരൻ, ആനപ്പണിയിൽ പ്രായം ഒന്നിനും ഒരു പ്രശ്നം അല്ല എന്ന് തെളിയിച്ച ചട്ടക്കാരിൽ ഒരാൾ. ശരിക്കുള്ള പേര് – ദാമോദരൻ നായർ, സ്ഥലം – കോട്ടയം, ആന – പല്ലാട്ട് ബ്രഹ്മദത്തൻ.
ആനക്കാരിലെ ഏറ്റവും പ്രായമുള്ള ചട്ടക്കാരിൽ ഒരാൾ, പ്രായം തോല്പ്പിക്കാത്ത ആനപണിക്കാരൻ അതെ ഓമനച്ചേട്ടൻ… ആശാൻ, അച്ഛൻ എന്നൊക്കെ ആണ് ഈ മനുഷ്യനെ ആനപ്രേമികളും പൂരപ്പറമ്പിലും ഒക്കെ ആളുകൾ കൂടുമ്പോൾ വിളിക്കുന്നത്. 70 വയസ്സിനു അടുത്ത് പ്രായം ഉള്ള ഓമനച്ചേട്ടൻ 50 വർഷത്തിന് മുകളിൽ ആയിട്ടു ആനപ്പണി ആണ്. ആയകാലത്തു ഈ ചട്ടക്കാരൻ കയറാത്ത ആനകളും ആനപ്പണിക്കായി പോകാത്ത നാടും കുറവാണു. പൂരം, തടിപിടുത്തം ഒക്കെ ആയി കേരളത്തിലെ ഏതു നാടും കാണാപ്പാഠം ആണ് ഓമനച്ചേട്ടന്.
കഴിഞ്ഞ 30 വർഷത്തിന് മുകളിലായി ബ്രഹ്മദത്തന്റെ ഒന്നാം പാപ്പനായി കുടെയുണ്ട്.
പല്ലാട്ട് ബ്രഹ്മദത്തൻ ആദ്യം പുതുപ്പള്ളി ആനക്കോട്ടയിൽ ആണ് എത്തിയത്. പുതുപ്പള്ളിയിൽ എത്തിയ ബ്രഹ്മദത്തനെ ഓമനച്ചേട്ടൻ ചട്ടം ഏറ്റതുമുതൽ ഓമനച്ചേട്ടൻ ആണ് അവന്റെ എല്ലാം. ഇപ്പോൾ പ്രായം ഏറെ ആയാലും ഓമനച്ചേട്ടൻ ഇവന്റെ ഒപ്പം ഉണ്ടാകും. പല്ലാട്ട് വന്നു കഴിഞ്ഞു മുവാറ്റുപുഴ സ്വദേശി ശരത്തും, ഇപ്പോൾ പ്രശാന്തും ആണ് ഓമനച്ചേട്ടന്റെ കൂട്ടത്തിൽ ഉള്ളത്. രണ്ടാളും ഒന്നാം ചട്ടം ആയി ആനകളിൽ കയറി പരിചയം ഉള്ളവരും ആണ്. എന്നാൽ ഓമനച്ചേട്ടൻ ഉള്ളപ്പോൾ ഏതൊരു വീട്ടിലും കാരണവന്മാർക്കു ഉള്ള സ്ഥാനം അത് ഉണ്ടാകുമല്ലോ.
അത് മാത്രം അല്ലാ നീരിൽപോലും ഓമനച്ചേട്ടന് ബ്രഹ്മദത്തന്റെ അടുത്ത് പോകാനും അവനെ പരിചരിക്കാനും, കുളിപ്പിക്കാൻ പോലും അവൻ സ്ഥാനം കൊടുത്തിട്ടുണ്ട്.
അപ്പൊൾ ഊഹിച്ചോണം ഈ കെമിസ്ട്രി എന്താ എന്ന്..
ഓമനച്ചേട്ടന് ഇപ്പോൾ ബ്രഹ്മദത്തന്റെ ഒപ്പം കൂട്ടത്തിൽ ഒരാൾ ആയി നിന്നാൽ മതി എന്നാണ് ആനയുടെ ഓണർ ആയ രാജേഷ് പല്ലാട്ട് പറയുന്നത്. കാരണം ഓമനച്ചേട്ടന് ആ കുടുംബത്തിൽ, പല്ലാട്ട് തറവാട്ടിൽ അത്രക്കും സ്ഥാനം ഉണ്ട്. ആന ഉടമ പല്ലാട്ട് രാജേഷ് ചേട്ടന് ബ്രഹ്മദത്തൻ സ്വന്തം മകനെ പോലെയാണ്. എന്നാൽ ഓമനച്ചേട്ടൻ അതൊന്നും കണക്കു കൂട്ടില്ല.. ആരൊക്കെ പറഞ്ഞാലും ബ്രഹ്മദത്തന് ഓമനച്ചേട്ടൻ എന്ന് പറഞ്ഞാൽ അച്ഛന്റെ സ്ഥാനം ആണ്. അപ്പൊൾ ആരൊക്കെ എന്തെല്ലാം പറഞ്ഞാലും അതല്ലല്ലോ ആനപ്പണി എന്ന് ഈ മനുഷ്യന് നന്നേ ബോധ്യമുണ്ട്. അതുകൊണ്ട് ഇപ്പോളും ആനക്കും മറ്റു ചട്ടക്കാർക്കും ഒപ്പം ആ ആനപ്പണി തുടങ്ങിയ കാലത്തെ കാലത്തെ ചുറു ചുറുപ്പോടെ ഉണ്ടാകും ഈ ആശാൻ..
പല ഉത്സവപ്പറമ്പിലും ഓമനച്ചേട്ടനെ കണ്ടാൽ ആളുകൾ പറയുന്ന ഒരു വാചകം ഉണ്ട്
“പഴയ ആനക്കാരൻ അല്ലേ, നടന്നു നടന്നു ശരീരം ഒക്കെ ഉറപ്പുണ്ട്. ഈ പ്രായത്തിൽ ഈ പണി ആരെകൊണ്ട് പറ്റും?” എന്ന്. ഇന്ന് ഒരു ഉത്സവത്തിന് ബ്രഹ്മദത്തൻ എത്തുമ്പോൾ അവന്റെ കൂട്ടത്തിൽ ഒരു വടിയും ആയി ഈ ആനക്കാരൻ ഉണ്ടേൽ കൊച്ച് കുട്ടികൾ മുതൽ പ്രായം ആയവർക്ക് വരെ സന്തോഷം ആണ്. ഏതു പ്രായത്തിൽ ഉള്ളവരും ഈ ആശാന് കൂട്ടുകാർ ആണ്. അതുകൊണ്ട് ആനപ്രേമികൾ “ആശാനേ…” എന്നുവിളിച്ചാൽ ഉത്സവ കമ്മിറ്റിക്കാർ “ഓമനചേട്ടോ..” എന്ന് വിളിക്കും അപ്പൊൾ കൊച്ച് കുട്ടികൾ ആണേൽ “അച്ഛാ, അപ്പൂപ്പാ..” എന്നും. ചെന്നെത്തുന്ന ഏതൊരു നാടിനും പ്രിയപ്പെട്ട ആനക്കാരൻ ആണ് ഓമനച്ചേട്ടൻ.
കടപ്പാട് – ഇത് എഴുതിയ പേരറിയാത്ത സുഹൃത്തിന്, വിവിധ ആനപ്രേമി ഗ്രൂപ്പുകൾ.