വിവരണം – സാദിയ അസ്‌കർ.

യൂട്യൂബിൽ ട്രാവൽ വ്ലോഗ് നോക്കുന്നതിനിടയിൽഎങ്ങനെയോ കണ്ണിൽ പെട്ടതാണ് ടൈഗർ ഹിൽ. പോകാനുള്ള ലിസ്റ്റിൽ അതും കൂടി എഴുതി. ഇത് വരെ സെമിത്തേരിയിൽ പോയിട്ടില്ല. എന്നാൽ പിന്നെ ഊട്ടിയുടെ മനോഹാരിതയിൽ അന്ത്യവിശ്രമം കൊള്ളുന്നവരെ തന്നെ ആവാം എന്നുറപ്പിച്ചു.

കൂനൂരിൽ നിന്നും 10 മിനിറ്റ് യാത്രയേ ഒള്ളു ടൈഗർ ഹില്ലിലേക്ക്. വൈകുന്നേരം 5 മണി ആയി ഞങ്ങൾ അവിടെ എത്തിയപ്പോൾ. ടൗണിൽ നിന്നും ചെറിയ റോഡിലേക്ക് കയറി കുറച്ചു ദൂരം പോയാൽ തേയില തോട്ടത്തിനിടയിൽ ചെറിയൊരു ഡ്രാക്കുള കോട്ട പോലെ തോന്നിപ്പിക്കും വിധം ആണ് സെമിത്തേരി. പോകുന്ന വഴിയിൽ ചെറിയ അമ്പലം ഉണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ അമ്പലത്തിൽ എന്തോ ഉത്സവം നടക്കാൻ പോവുകയാണ്. അതിന്റെ ഒരുക്കമെന്നോണം ആ റോഡ് തുടങ്ങുന്നത് മുതൽ സ്ത്രീകൾ കോലം ഇടുന്നുണ്ട്. അമ്പലത്തിനു മുന്നിൽ റോഡിലേക്ക് ആയിട്ട് ഓല മേഞ്ഞ തടുക്കുകൾ കൊണ്ട് പന്തൽ ഇട്ടിരിക്കുന്നു. അതിലേക്ക് വെള്ളം കൊണ്ട് വന്ന ഒരു പിക്കപ്പ് മുന്നിലും.

ഇന്നോവ ആയതു കൊണ്ട് പോകാൻ പറ്റില്ലാന്ന് ഉറപ്പായിരുന്നു. അത് വഴി വന്ന ആളുകൾ “പോവാൻ കഴിയില്ല, അമ്പലത്തിൽ പരിപാടി ആണ്. നിങ്ങളുടെ വണ്ടി അത് വഴി പോകാൻ ബുദ്ധിമുട്ടാണ്.” എന്നും തിരിച്ചു പോകാൻ പറഞ്ഞു. ഇവർ കേൾക്കാൻ നിൽക്കാണ് വണ്ടി തിരിക്കാൻ. എനിക്ക് നല്ല വിഷമം ആയി. അത് വരെ പോയിട്ട് അത് കാണണം എന്നാഗ്രഹിച്ചിട്ട് നടന്നില്ലേൽ. ഒന്നൂടെ നോക്കിക്കൂടെ എന്ന് പറഞ്ഞപ്പോൾ കസിൻ വണ്ടിയിൽ നിന്നും ഇറങ്ങിപ്പോയി അവരോടു ചോദിച്ചു. 2 മിന്റ് ഇപ്പൊ മാറ്റി തരാം എന്ന് പറഞ്ഞു അവർ. എനിക്ക് സന്തോഷമായി.

അങ്ങനെ ആ വഴിയിലൂടെ ഞങ്ങൾ അവിടെ എത്തി. ഒറ്റപ്പെട്ട സ്ഥലത്താണ് എന്ന് ഗൂഗിൾ നോക്കിയപ്പോൾ അറിഞ്ഞു, but ഇത്രയും ഭംഗി ഉണ്ടായിരിക്കും എന്ന് വിചാരിച്ചതേ ഇല്ല.. ശബ്ദങ്ങൾ ഒന്നും ഇല്ല സൈലന്റ് ഏരിയ ആണ്. Tea ഫാക്ടറി ആണ് ഇതിനു മേലേക്ക്.. ഇതിലേക്കുള്ള ഗേറ്റ് ഓപ്പൺ അല്ല. രണ്ടു സൈഡിലൂടെയും അകത്തേക്ക് കടക്കാം.

ഗൂഗിൾ നോക്കിയപ്പോൾ കണ്ടിരുന്ന കരയുന്ന മാലാഖയുടെ പ്രതിമ അവിടെ ഉണ്ട്.. വല്ല പ്രേതമോ മറ്റോ ഉണ്ടാകുമോ എന്ന ചോദ്യത്തിൽ തന്നെ എന്റെ മോൾ പേടിച്ചു. അവൾ പിന്നെ അകത്തേക്ക് വന്നില്ല. ഈ വക ഭ്രാന്ത് എനിക്കായതു കൊണ്ട് ഹസ്ബന്റ് മോളെ നോക്കി പുറത്തു നിന്നു.. ഞാനും അനിയനും കസിനും എല്ലാം ചുറ്റി നടന്നു കണ്ടു. ഫുൾ വെള്ളമടി ടീംസ് അവിടെ വന്നാണ് കുടിക്കുന്നതെന്നു താഴേക്ക് നോക്കിയാൽ മനസ്സിലാകും (ഫുൾ കുപ്പി കാണാം). അവരുടെ ധൈര്യം സമ്മതിക്കണം..

ആരുടെയൊക്കെയോ കല്ലറകൾ ആണ്. ആരുടേത് എന്നൊന്നും മസ്സിയായില്ല. ഹിസ്റ്ററി നോക്കിയിട്ട് കിട്ടിയതും ഇല്ല. ഒന്ന് രണ്ട് കല്ലറയിൽ പൂക്കൾ വെച്ചിട്ടുണ്ട്.. ശരിക്കും പറഞ്ഞാൽ വെറുതെ ഇരിക്കാൻ പറ്റിയ ഒരിടം ആണ്. അതിനുള്ളിൽ ഉറങ്ങുന്നവർ ഞങ്ങളുടെ സൗണ്ട് കേട്ട് ഉണർന്നു കാണുമോ? അവരുടെ ആത്മാവ് ഇപ്പോഴും അവിടുണ്ടാകുമോ? അവർ എന്നെ കാണുന്നുണ്ടാകുമോ? അങ്ങനെ പലതും തോന്നി പോകും.

കുറച്ചു ഉള്ളിലോട്ട് നടന്നു പോയാൽ പുറത്തേക്ക് ഒരു വഴി കാണാം. മതിൽ ഇടിഞ്ഞു വീണു ഒരു വഴി ഉണ്ടക്കിയതാണ്. അതിനുള്ളിലൂടെ പുറത്തേക്ക് കടന്നപ്പോൾ അടിപൊളി കാഴ്ച ആയിരുന്നു. ഒരു ഭാഗം കൊക്ക പോലെ താഴേക്ക്.. ഉള്ളിൽ നല്ല പേടി ആയിരുന്നു. അവിടെയും ചിക്കൻ ചുട്ടത് പോലെയും കുപ്പികളും ഒക്കെ ആണ്. കൂടുതൽ നേരം അവിടെ നിന്നില്ല തിരിച്ചു പോന്നു.

അനിമൽസ് വരുന്ന ഇടമാണെന്നു പിന്നെയാ അറിഞ്ഞത്. ആദ്യം അറിഞ്ഞിട്ടുണ്ടെൽ പോയാലും വണ്ടിയിൽ നിന്നും ഇറങ്ങാതെ തിരിച്ചു പോന്നേനെ. പേടിപെടുത്തുന്നതും എന്നാൽ വളരെ മനോഹാരിത നിറഞ്ഞതുമായ ഒരു സ്ഥലം ആണ് ടൈഗർ ഹിൽ…

തിരിച്ചു പോരുമ്പോൾ ദൂരെ നിന്നും ഒന്നൂടെ നോക്കി നിന്നു. അവിടെ നിന്നും എന്നെ ആരൊക്കെയോ നോക്കി നിൽക്കുന്നുണ്ടോ എന്നൊരു തോന്നൽ. എല്ലാം ഒരു തോന്നൽ മാത്രം ആണല്ലോ..വീണ്ടും ഗൂഗിൾ മാപ് എടുത്തു അടുത്ത സ്ഥലത്തേക്ക്..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.