ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി).
41 കാരിയായ മിസിസ് സുഹൈലാ സമി അൻദ്രാവിസ് ഒരു ക്രച്ചസിന്റെ സഹായത്തോടെയാണു അങ്ങോട്ട് എത്തിയത്. ഏഴു ബുള്ളറ്റുകൾ അവരുടെ ശരീരത്തിൽ ഇന്നും അവശേഷിച്ചിട്ടുണ്ട്. അതിന്റെ കുത്തിത്തുളയ്ക്കുന്ന വേദന കഴിഞ്ഞ 19 വർഷമായി അവരെ നിരന്തരം പിൻതുടരുകയാണ്. നോർവേയിലെ ഒരു കീഴ്കോടതിയിൽ അവരുടെ ഒരു കേസ് വിചാരണ നടക്കുകയാണ്. “ഒന്നുകിൽ ഞാൻ കൊല്ലപ്പെടും, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഞാൻ മരണപ്പെടും.. മരണം എന്നെ പിന്തുടരുകയാണ്.. എന്നോട് പൊറുക്കണം.. ഞാൻ അന്നു വെറുമൊരു കുട്ടിയായിരുന്നു.. ഞാനൊരു കൊലയാളിയല്ല..അറിവില്ലായ്മയാൽ സംഭവിച്ചതാണത്.. ഇന്നു ഞാനൊരമ്മയാണ്.. എന്നോടു കരുണയുണ്ടാകണം.. എന്നെ ജർമ്മനിയിലേയ്ക്കു കയറ്റി വിടരുത്..” സുഹൈലയുടെ അപേക്ഷ അവരുടെ വക്കീൽ കോടതിയിൽ അവതരിപ്പിച്ചു.
1991 ൽ, സൈപ്രസിൽ നിന്നും മിസ്സിസ് സുഹൈലയും ഭർത്താവും അവരുടെ പെൺകുഞ്ഞുമായി നോർവേയിലെത്തുകയും താമസത്തിനുള്ള പെർമിറ്റ് നേടുകയും ചെയ്യുമ്പോൾ, അവരുടെ ഭൂതകാലത്തെക്കുറിച്ച് യാതൊരുന്നും നോർവീജിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നു. ഇന്റർപോളിന്റെ ഒരു വാറന്റാണു അവരെപ്പറ്റി കൂടുതൽ അറിയാൻ ഇടയാക്കിയത്. ജർമ്മനിയിലെ വലിയൊരു കേസിൽ വിചാരണയ്ക്കായി അവരെ വിട്ടുകിട്ടണമെന്നതായിരുന്നു ഇന്റർപോളിന്റെ ആവശ്യം. അതുപ്രകാരം അവരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. അതിന്റെ തുടർന്നുള്ള വിചാരണാവേദിയിലാണു ഈ അപേക്ഷ സമർപ്പിയ്ക്കപ്പെട്ടത്.
1977 ഒക്ടോബർ 13. ചൊവ്വാഴ്ച രാവിലെ നേരം. പടിഞ്ഞാറൻ മെഡിറ്ററേനിയനിലെ, ഒരു സ്പാനിഷ് ദ്വീപായ പാൽമ ഡി മല്ലോർകയിലെ സാൻ ജുവാൻ ഇന്റെർനാഷണൽ എയർപൊർട്ട്. ചെറിയ ചാറ്റൽ മഴയുണ്ട് വെളുപ്പിനെ മുതൽ. മെഡിറ്ററേനിയനിലെ ഉപ്പുരസം കലർന്ന കാറ്റ്. ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയിലെ പൈലറ്റുമാരായ ക്യാപ്റ്റൻ ജുർഗാൻ ഷൂമാനും ജുർഗാൻ വിയോറ്ററും ഒരു ടാക്സിയിലാണു എയർപോർട്ടിലേയ്ക്കു ഓടിച്ചു വന്നത്. 37കാരനായ ഷൂമാൻ നേരത്തെ ജർമ്മൻ എയർഫോഴ്സിൽ ഫൈറ്റർ വിമാനങ്ങൾ പറത്തിയിരുന്ന ആളാണു. ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബസ്ഥൻ. 35 കാരനായ വിയോറ്റർ നേവി പൈലറ്റായിരുന്നു നേരത്തെ. രണ്ടുപേരും കുശലം പറഞ്ഞ് ടാക്സി യാത്രയിലെ മുഷിപ്പു മാറ്റി.
രാവിലെ കൃത്യം 11.00 മണിയ്ക്കു തന്നെ ഷൂമാനും വിയോറ്ററും പറത്തുന്ന, ലുഫ്താൻസാ LH 181 ബോയിംഗ് 737 വിമാനം സാൻ ജുവാൻ എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തു. ലാൻഡ്ഷട്ട് എന്നാണു ആ വിമാനത്തിനു ലുഫ്താൻസാ നൽകിയിരിയ്ക്കുന്ന പേര്. നല്ല അന്തരീക്ഷം. വെള്ളി മേലാപ്പു വിതറിയ മേഘങ്ങളെ താഴെയാക്കി 86 യാത്രക്കാരെയും 5 ഫ്ലൈറ്റ് ക്രൂവിനെയും വഹിച്ച് മെഡിറ്ററേനിയനു മുകളിലൂടെ അത് ഫ്രാങ്ക്ഫർട്ട് ലക്ഷ്യമാക്കി പറന്നു. ഏകദേശം 30 മിനുട്ട് പറന്നുകാണും, വിമാനം ഇപ്പോൾ മാർഷെയിൽസിന്റെ മുകളിലാണ്. അപ്പോൾ യാത്രക്കാർക്കിടയിൽ നിന്നും രണ്ട് യുവതികൾ എഴുനേറ്റു. ഉടൻ തന്നെ രണ്ടു യുവാക്കളും അവരോടൊപ്പം ചേർന്നു. യുവതികളുടെ ഹാൻഡ് ബാഗിൽ നിന്നും പിസ്റ്റലുകളും ഗ്രനേഡുകളും അവർ പുറത്തെടുത്തു. യാത്രക്കാർ എന്താണു സംഭവിയ്ക്കുന്നതെന്നറിയാതെ അന്തം വിട്ടിരിയ്ക്കുമ്പോൾ അവരുടെ നേതാവ് പിസ്റ്റൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.. “ഈ വിമാനം ഞങ്ങൾ റാഞ്ചിയിരിയ്ക്കുന്നു.. ആരും ഇരിയ്ക്കുന്നിടത്തു നിന്നും അനങ്ങരുത്.. ഞങ്ങൾ പറയുന്നതു അനുസരിച്ചില്ലെങ്കിൽ ഈ വിമാനം ആകാശത്തുവെച്ചു തന്നെ തകർക്കും..”
സൊഹൈർ യൂസുഫ് അകാഷേ എന്ന 23 വയസ്സുകാരനായ പലസ്തീനിയൻ സ്വദേശിയായിരുന്നു അയാൾ.. ക്യാപ്ടൻ മഹ്മൂദ് എന്നാണയാൾ പരിചയപ്പെടുത്തിയത്. സുഹൈലാ സായേ (22)എന്ന പലസ്തീനിയൻ യുവതി, വാഹിൽ ഹർബ് (23) ലബനീസ് യുവാവ്, ഹിന്ദ് അലാമേ (22) ലബനീസ് യുവതി എന്നിവരായിരുന്നു മറ്റു മൂന്നു പേർ. അകാഷേ നീട്ടിയ പിസ്റ്റലുമായി നേരെ ക്യാബിനിലേയ്ക്കു പോയി. ഷുമാന്റെ തലയ്ക്കു നേരെ തോക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു : “ഈ വിമാനം ഇപ്പോൾ എന്റെ നിയന്ത്രണത്തിലാണ്. ഞാൻ പറയുന്നതു അനുസരിച്ചില്ലെങ്കിൽ എല്ലാവരും ആകാശത്തുവെച്ചു തന്നെ മരിയ്ക്കും..”
ഇതേസമയം മറ്റു റാഞ്ചികൾ ഫസ്റ്റ്ക്ലാസ് യാത്രക്കാരെ അടക്കം എല്ലാവരെയും എക്കണോമി ക്ലാസിലേയ്ക്കു കൊണ്ടുവന്നിരുന്നു. കോ പൈലറ്റായ വിയോറ്ററിനെയും തോക്കു ചൂണ്ടി അവരോടൊപ്പം ചേർത്തു. കൈയിൽ ഗ്രനേഡുകളും തോക്കുകളുമായി മൂന്നുപേർ അവിടെ കാവൽ നിൽക്കുമ്പോൾ, നേതാവ് അകാഷെ ക്യാപ്റ്റൻ ഷുമാന്റെ തലയ്ക്കു പിസ്റ്റൽ ചൂണ്ടിത്തന്നെ നിൽക്കുകയായിരുന്നു. “വിമാനം സൈപ്രസിലെ ലാർണക്കാ എയർപോർട്ടിലേയ്ക്കു പോവുക.” അയാൾ ഷൂമാനോട് ആവശ്യപ്പെട്ടു. അത്രദൂരം പറക്കാനുള്ള ഇന്ധനം വിമാനത്തിലില്ലെന്ന് ഷൂമാൻ പറഞ്ഞു. ഇറ്റലിയിലെ റോം വരെ പറക്കാനുള്ള ഇന്ധനമേ അവശേഷിച്ചിട്ടുള്ളു. അയാൾ അറിയിച്ചു.
അങ്ങനെ ഫ്ലൈറ്റ് ലാൻഡ്ഷട്ട്, റോമിൽ ഇറക്കാൻ നിർബന്ധിതമായി. ഷെഡ്യൂൾ ചെയ്യപ്പെടാത്ത ലുഫ്താൻസാ വിമാനം റോമിലിറക്കിയതോടെ വിവരം ഉന്നത അധികാരികളിലെത്തി. വിമാനവുമായുള്ള സംഭാഷണത്തിലൂടെ അതു റാഞ്ചപ്പെട്ടിരിയ്ക്കുകയാണെന്ന് അവർക്കു മനസ്സിലായി. വിമാനത്തിനു ഇന്ധനം നിറച്ചു തരാൻ റാഞ്ചികൾ ആവശ്യപ്പെട്ടു. ഇറ്റാലിയൻ ഗവണ്മെന്റ്റ് വിവരം ഉടനടി ജർമ്മൻ ഗവർണ്മെന്റിനെ അറിയിച്ചു.
റെഡ് ആർമി ഫാക്ഷൻ (RAF) എന്ന ജർമ്മൻ തീവ്രവാദിസംഘടനയുടെ, ജയിലിൽ കിടക്കുന്ന 10 പ്രവർത്തകരെ മോചിപ്പിയ്ക്കണമെന്നതായിരുന്നു റാഞ്ചികളുടെ പ്രധാന ആവശ്യം. കൂടാതെ തുർക്കി ജയിലിൽ കഴിയുന്ന രണ്ടു പലസ്തീനികളുടെ മോചനവും 15 മില്യൻ അമേരിയ്ക്കൻ ഡോളറും കൂടി അവർ ആവശ്യപ്പെട്ടു. വെസ്റ്റ് ജർമ്മൻ ആഭ്യന്ത്രമന്ത്രി വെർണർ മെയ്ഹോഫർ , ഇറ്റാലിയൻ ആഭ്യന്തരമന്ത്രി ഫ്രാൻസിസ്കോ കൊസീഗയെ നേരിട്ടു ബന്ധപ്പെട്ടു. ഒരു കാരണവശാലും വിമാനത്തിനു ഇന്ധനം നിറച്ചുകൊടുക്കരുതെന്നും അതിന്റെ ടയറുകൾ വെടിവെച്ച് തകർക്കണമെന്നും അദ്ദേഹം കൊസീഗയോട് ആവശ്യപ്പെട്ടു. കൊസീഗ സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തി. ഈ തലവേദന ഇറ്റലിയുടെ മണ്ണിൽ നിന്നും എത്രയും വേഗം ഒഴിവാക്കുക എന്നതായിരുന്നു അത്. അതിനായി വേഗം തന്നെ അവർ വിമാനത്തിൽ ഇന്ധനം നിറച്ചു നൽകി!
അകാഷേ ക്യാപ്ടൻ ഷൂമാനെ യാത്രക്കാർക്കിടയിലേയ്ക്കു മാറ്റിയ ശേഷം വിയോറ്ററിനെ വിമാനം പറത്താൻ നിയോഗിച്ചു. റോം എയർട്രാഫിക് കണ്ട്രോളിൽ നിന്നും യാതൊരു ക്ലീയറൻസും വാങ്ങാതെ, വൈകുന്നേരം 5.45 നു വിമാനം സൈപ്രസിലെ ലാർണക്കാ എയർപോർട്ട് ലക്ഷ്യമാക്കി പറന്നുയർന്നു. രാത്രി 8.28 നു ഫ്ലൈറ്റ് ലാൻഡ്ഷട്ട്, ലാർണക്ക എയർപോർട്ടിൽ ലാൻഡ് ചെയ്തു. സൈപ്രസ് പട്ടാളം വിമാനം വളഞ്ഞു. ആരും അടുത്തേയ്ക്കു വരരുതെന്ന് അകാഷേ അധികൃതർക്കു മുന്നറിയിപ്പു നൽകി. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം PLO യുടെ ഒരു പ്രതിനിധി എയർപോർട്ടിലെത്തി, അകാഷേയുമായി റേഡിയോയിൽ ബന്ധപ്പെട്ടു. യാത്രക്കാരെ വിട്ടയയ്ക്കണെമെന്ന് അയാൾ അകാഷേയോട് അപേക്ഷിച്ചു. ചീത്തവിളിയോടെയുള്ള പൊട്ടിത്തെറിയ്ക്കലായിരുന്നു മറുപടി. അസഭ്യം സഹിയ്ക്കാനാവാതെ PLO പ്രതിനിധി എയർപോട്ട് വിട്ടുപോയി.
റാഞ്ചികളുടെ ആവശ്യപ്രകാരം വീണ്ടും ഇന്ധനം നിറച്ചു. അടുത്തതായി ബെയ്റൂട്ടിലേയ്ക്കു പറയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ക്യാപ്ടൻ ഷൂമാൻ ഫ്ലൈറ്റ് കണ്ട്രോളുമായി ബന്ധപ്പെട്ടപ്പോൾ, ബെയ്റൂട്ട് എയർപോർട്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരിയ്ക്കുകയാണെന്നു മറുപടി കിട്ടി. അതു ഗൌനിയ്ക്കാതെ രാത്രി 10.50-ഓടെ ഫ്ലൈറ്റ് ലാൻഡ് ഷട്ട് ബെയ്റൂറ്റ് ലക്ഷ്യമാക്കി ടേക്ക് ഓഫ് ചെയ്തു. എന്നാൽ ബെയ്റൂട്ടിനു മുകളിലെത്തിയ വിമാനത്തിനു ഇറങ്ങാൻ അനുമതി കിട്ടിയില്ല. നിവൃത്തിയില്ലാതെ അത് ഡമാസ്കസിലേയ്ക്കു പറന്നു. അവിടെയും അനുമതി കിട്ടിയില്ല. തുടർന്ന് ബാഗ്ദാദ്, കുവൈറ്റ് എയർപൊർട്ടുകളിലും ഇറങ്ങാൻ അനുമതി നിഷേധിയ്ക്കപ്പെട്ടു. വിമാനത്തിലെ ഇന്ധനം തീർന്നുകൊണ്ടിരുന്നു. അവർ ബഹ്രൈനിലേയ്ക്കു പറന്നു. ബഹ്രൈൻ എയർപൊർട്ടും അനുമതി നിഷേധിച്ചു. അപ്പോൾ ഷുമാൻ അവരുമായി ബന്ധപ്പെട്ടു. തങ്ങളുടെ ഇന്ധനം തീരാറായി എന്നും ഇനി ഒരിടത്തേയ്ക്കും പോകാനാവില്ല എന്നും അറിയിച്ചു. ഇവിടെയും അനുമതി നിഷേധിയ്ക്കപ്പെട്ടാൽ ആകാശത്തുവെച്ചു തകരുകയല്ലാതെ തങ്ങൾക്ക് മറ്റൊരു വഴിയുമില്ല.
അവസാനം, രാത്രി 1.52 നു വിമാനം ബഹ്രൈനിൽ ലാൻഡു ചെയ്തു. ഉടൻ ബഹ്രൈൻ പട്ടാളം വിമാനത്തെ വലയം ചെയ്തു. പൈലറ്റ് വിയോറ്ററിന്റെ തലയ്ക്കു നേരെ പിസ്റ്റൽ ചൂണ്ടിയിട്ട് അകാഷേ റേഡിയോയിലൂടെ അലറി.” 5 മിനുട്ടിനുള്ളിൽ പട്ടാളം പിന്മാറിയില്ലെങ്കിൽ പൈലറ്റിന്റെ തല ചിതറും..” ഗത്യന്തരമില്ലാതെ പട്ടാളം പിന്മാറി. അവിടെ നിന്നും വീണ്ടും വിമാനത്തിൽ ഇന്ധനം നിറച്ചു. അധികം വൈകാതെ അത് ദുബായ് ലക്ഷ്യമാക്കി പറന്നുയർന്നു… ഫ്ലൈറ്റ് ലാൻഡ്ഷട്ട്, ദുബായിയെ സമീപിച്ചു. എയർട്രാഫിക് കണ്ട്രോളുമായി പൈലറ്റുമാർ ബന്ധപ്പെട്ടെങ്കിലും ലാൻഡിങ്ങിനു അനുമതി നിഷേധിയ്ക്കപ്പെട്ടു. അതു വകവെക്കാതെ ലാൻഡിങ്ങിനായി താഴ്ന്നുവെങ്കിലും റൺവേയിൽ ഫയർ എഞ്ചിനുകളും ട്രക്കുകളും നിരത്തിയിട്ടിരിയ്ക്കുന്നതാണു കണ്ടത്. വിമാനം വീണ്ടും ആകാശത്തു ചുറ്റിപ്പറന്നു.
മറ്റൊരിടത്തേയ്ക്കും പോകാനുള്ള ഇന്ധനം അവശേഷിച്ചിട്ടില്ലാ എന്നും അനുമതി നിഷേധിച്ചാൽ എമർജൻസി ലാൻഡിങ്ങിനു തങ്ങൾ നിർബന്ധിതരാകുമെന്നും ഷൂമാൻ ദുബായി എയർപോർട്ടിനെ അറിയിച്ചു. എമർജൻസി ലാൻഡിങ്ങിനായി വിമാനം താഴ്ന്നപ്പോൾ റൺവേയിലെ തടസ്സങ്ങൾ മാറ്റിയതായി കണ്ടു. അങ്ങനെ സുരക്ഷിതരായി അവർ റൺവേ തൊട്ടു. അപ്പോൾ സമയം ഒക്ടോബർ 14 വെളുപ്പിനെ 5.40. ഏകദേശം 19 മണിക്കൂറായിരിയ്ക്കുന്നു വിമാനം റാഞ്ചപ്പെട്ടിട്ട്. ഏറിയ സമയവും അതു ആകാശത്തായിരുന്നു. എഞ്ചിനുകളും എയർകണ്ടീഷണറുകളുമെല്ലാം ചുട്ടുപഴുത്ത സ്ഥിതി.
ആഹാരമോ വെള്ളമോ ഒട്ടും അവശേഷിച്ചിട്ടില്ല. ബന്ദികൾ ആർക്കും ടോയിലറ്റിൽ പോകാൻ അനുമതിയില്ലാതിരുന്നു. പലരും ഇരുന്നിടത്തു തന്നെ മൂത്രമൊഴിച്ച അവസ്ഥയിലായിരുന്നു. വിമാനത്തിലേയ്ക്ക് വെള്ളം, ആഹാരം, മരുന്നുകൾ എന്നിവ അടിയന്തിരമായി എത്തിയ്ക്കണമെന്ന് അകാഷേ എയർപോർട്ട് അധികൃതരോട് ആവശ്യപ്പെട്ടു. കൂടാതെ ടൊയിലറ്റ് ടാങ്കുകൾ മാറ്റുകയും വിമാനത്തിനുൾവശം വൃത്തിയാക്കുകയും വേണം. അതു കഴിഞ്ഞ് ഇന്ധനം നിറയ്ക്കണം. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കാത്ത പക്ഷം ബന്ദികളെ ഓരോരുത്തരെയായി കൊന്നു തള്ളുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഒടുക്കം ദുബായ് അധികൃതർ വഴങ്ങി. വിമാനത്തിലേയ്ക്ക് വേണ്ട സപ്ലൈ നൽകി. വിമാനം വൃത്തിയാക്കാൻ രണ്ടു ജോലിക്കാരെ വിടുകയും ചെയ്തു. അവരെ ഉള്ളിൽ കയറ്റാൻ സമ്മതിച്ചില്ല അകാഷേ. ബന്ദികളെ കൊണ്ടു തന്നെ ക്ലീനിംഗ് നടത്തിയ ശേഷം പായ്ക്കറ്റുകൾ പുറത്തേയ്ക്കെറിഞ്ഞു കൊടുത്തു. അതിലൊന്നിൽ, ഷുമാൻ വിദഗ്ധമായി നാലു സിഗററ്റുകൾ തിരുകി വെച്ചു. രണ്ടെണ്ണം കത്തിയ്ക്കാത്തതും രണ്ടെണ്ണം അല്പം കത്തിച്ചതും. അതൊരു കോഡായിരുന്നു, റാഞ്ചികളെ പറ്റിയുള്ള വിവരം. ആകെ നാലുപേർ, രണ്ടാണും രണ്ടു പെണ്ണും. ആ കോഡ് ദുബായ് പോലീസിനു തിരിച്ചറിയാനായി.
ഇതേ സമയം, വെസ്റ്റ് ജർമൻ തലസ്ഥാനമായ ബേണിലെ തന്റെ ഓഫീസിൽ മാനസ്സിക സമ്മർദ്ദം താങ്ങാനാകാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഹൻസ് ജുർഗെൻ വിഷ്നെസ്കി. വിമാന റാഞ്ചൽ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട മന്ത്രിയായിരുന്നു അദ്ദേഹം. തന്റെ മുന്നിലെ കസേരയിലിരിയ്ക്കുന്ന കേണൽ ഉൾറിക് വെഗണെറിനെ ഇടയ്ക്കിടെ അദ്ദേഹം ഉറ്റു നോക്കുന്നുമുണ്ട്. വെഗണർ നിശബ്ദനായിരുന്നു. ജെർമൻ ആന്റി-ടെററിസ്റ്റ് സ്കാഡ് GSG 9 -ന്റെ കമാൻഡറാണ് ഉൾറിക് വെഗണർ. ഈ അടുത്തകാലം വരെ ജർമനിയ്ക്ക് പരിശീലനം ലഭിച്ച ഒരു എലീറ്റ് ഫോഴ്സ് ഇല്ലായിരുന്നു എന്നതാണു സത്യം. നാസി ഭരണകാലത്തെ “SS” എന്ന സായുധസംഘത്തിന്റെ ഭയാനക ഓർമ്മകളാണു അത്തരമൊരു യൂണീറ്റ് രൂപീകരിയ്ക്കുന്നതിൽ നിന്നും അവരെ തടഞ്ഞത്. എന്നാൽ 1972 ലെ മ്യൂണീക് കൂട്ടക്കൊലയും അതിനെ നേരിടുന്നതിൽ ജർമ്മൻ പോലീസിന്റെ പരാജയവും, ഒരു എലീറ്റ് ഫോഴ്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. 1973-ൽ Grenz Schutz Gruppe 9 (GSG-9) എന്ന പേരിൽ ഒരു എലീറ്റ് യൂണിറ്റ് രൂപീകരിച്ചു. എന്നാൽ കാര്യമായ പരിശീലനങ്ങളൊന്നും നൽകിയിരുന്നില്ല. ഇപ്പോൾ 1977-ൽ തങ്ങളുടെ കമാൻഡോ യൂണിറ്റിന്റെ ആദ്യ ഓപറേഷൻ അവരെ തുറിച്ചു നോക്കുകയാണ്. വെഗണറിന്റെയും മന്ത്രിയുടെയും ആശങ്കയും ആശയക്കുഴപ്പവും അതായിരുന്നു. ഇതേവരെ മാറ്റുരച്ചു നോക്കാത്തതാണു തങ്ങളുടെ എലീറ്റ് യൂണിറ്റിന്റെ കഴിവ്.
അക്കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച എലീറ്റ് യൂണിറ്റ് ഇംഗ്ലണ്ടിന്റെ SAS ആയിരുന്നു. ലണ്ടനിലെ ഇറാനിയൻ എംബസി ബന്ദിയാക്കപ്പെട്ട സംഭവത്തിൽ SAS വിജയകരമായി റസ്ക്യൂ ഓപ്പറേഷൻ നടത്തിയിരുന്നു. SAS സഹായം തേടാൻ വെഗണർ തീരുമാനിച്ചു. ഉടനെ തന്നെ ലണ്ടനിലേയ്ക്ക് സന്ദേശം പോയി. SASന്റെ വിദഗ്ധരായ ഒരു സംഘം ഓഫീസർമാരും അത്യാധുനികമായ ചില ആയുധങ്ങളും അധികം വൈകാതെ ജർമ്മനിയിലെത്തി. ഇതേ സമയം, ദുബായിൽ അവിടുത്തെ ഡിഫൻസ് മന്ത്രി ഷേയ്ഖ് സായിദ് ഒരു പത്രസമ്മേളനം നടത്തുകയായിരുന്നു. ദുബായ് എയർപോർട്ടിലപ്പോൾ ലുഫ്താൻസാ ഫ്ലൈറ്റ് ലാൻഡ്ഷട്ട് ലാൻഡ് ചെയ്തിട്ട് മണിക്കൂറുകളായിരുന്നു. നാലു തീവ്രവാദികളാണു വിമാനം തട്ടിയെടുത്തതെന്നും, അതിൽ രണ്ടുപേർ സ്ത്രീകളാണെന്നു സംശയിയ്ക്കുന്നതായും ഷേഖ് സായിദ് പത്രക്കാരെ അറിയിച്ചു.
ജർമ്മനിയിൽ, കേണൽ ഉൾറിക് വെഗണർക്ക് ആവേശകരമായിരുന്നു ഈ വാർത്ത. റാഞ്ചികളെ പറ്റി ഏകദേശ ധാരണ കിട്ടിയിരിയ്ക്കുന്നു. ഇനി ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്യുക എളുപ്പമാണ്. ദുബായിൽ, തങ്ങളുടെ GSG-9 കമാൻഡോകളെ ഉപയോഗിച്ച് ഒരു ഓപ്പറേഷൻ നടത്താനുള്ള അനുമതി ജർമ്മൻ സർക്കാൻ ദുബായ് സർക്കാരിനോട് അപേക്ഷിച്ചു. ദുബായ് ഉടൻ തന്നെ അതിന് അനുമതി നൽകി.
ലുഫ്താൻസാ വിമാനം ദുബായിലിറങ്ങിയിട്ട് ഒരു രാത്രിയും ഒരു പകലും കഴിഞ്ഞിരിയ്ക്കുന്നു. ഇതു വരെ ഇന്ധനം നിറച്ചു നൽകിയിട്ടില്ല. അകാഷേയുടെ ഭീഷണികളെല്ലാം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. അപ്പോഴേയ്ക്കും കേണൽ ഉൾറിക് വെഗണറിന്റെ നേതൃത്വത്തിൽ GSG-9യും SASന്റെയും ഒരു കമാൻഡോ യൂണിറ്റ് ദുബായിൽ എത്തിച്ചേർന്നു. വിമാനത്തിൽ ഇടിച്ചു കയറുന്നതിനുള്ള കാര്യമായ പരിചയമില്ലാത്ത ജർമ്മൻ ഫോഴ്സിനു, പരിശീലനം നൽകാനായി എയർപോർട്ടിലെ ഉപയോഗിയ്ക്കാതെ കിടന്ന ഒരു റൺവേ ഉപയോഗിച്ചു. 48 മണിക്കൂറോളം നീണ്ട പരിശീലനം.
അപ്പോൾ വിമാനത്തിനുള്ളിൽ മഹ്മൂദ് അകാഷേയുടെ സമനില തെറ്റിയിരുന്നു. തങ്ങൾ നാലുപേരാണുള്ളത് എന്ന് ദുബായ് മന്ത്രി പ്രഖ്യാപിച്ച വിവരം എങ്ങനെയോ റേഡിയോ മുഖാന്തിരം അയാളുടെ ചെവിയിലെത്തിയിരുന്നു. ആ വിവരം ചോർത്തിയത് ഷൂമാനാണെന്ന് അയാൾ സംശയിച്ചു. ഷൂമാന്റെ തലയിൽ പിസ്റ്റൽ ചൂണ്ടി അയാൾ വിമാനത്തിന്റെ ഡോർ തുറന്ന് ദുബായ് അധികൃതരെ നോക്കി അലറി. അഞ്ചുമിനിട്ടിനുള്ള ഇന്ധനം റീഫിൽ ചെയ്യാൻ തുടങ്ങിയില്ലെങ്കിൽ ഷൂമാനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. ഒടുക്കം ദുബായ് എയർപോർട്ട് അതോറിറ്റി ഇന്ധനം നിറയ്ക്കാൻ അനുമതി നൽകി.
വെഗറണറും സംഘവും, ഓപ്പറേഷന്റെ അന്തിമ ഒരുക്കങ്ങങ്ങൾ നടത്തുമ്പോൾ, ഒക്ടോബർ 17, രാത്രി 12.20 നു ഫ്ലൈറ്റ് ലാൻഡ്ഷട്ട് ആകാശത്തേയ്ക്കുയർന്നു. അത് നേരെ ഒമാനിലെ സലാലയിലേയ്ക്കാണു പോയത്. അവിടെ എയർപോർട്ടിൽ അനുമതി കിട്ടിയില്ല. തുടർന്ന് യെമനിലെ ഏഡൻ ലക്ഷ്യമാക്കി അതു പറന്നു. ഏഡൻ എയർപോർട്ടും അനുമതി നിഷേധിച്ചു. മാത്രമല്ല അവിടുത്തെ രണ്ടു റൺവേകളും ട്രക്കുകൾ നിരത്തിയിട്ട് ബ്ലോക്ക് ചെയ്തു. എന്നാൽ ലാൻഡ്ഷട്ടിനു മറ്റൊരിടത്തേയ്ക്കും പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നില്ല. ഗത്യന്തരമില്ലാതെ, അവർ എയർപോർട്ടിലെ റൺവെയ്ക്കു സമാന്തരമായ മണൽ തറയിൽ എമർജൻസി ലാൻഡിങ് നടത്തി. ചുറ്റും മണലും പൊടിയും പറപ്പിച്ച് അത് കുറച്ചു ദൂരം ഓടി നിശ്ചലമായി. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറുകൾക്ക് എന്തോ തകരാറു സംഭവിച്ചതായി പൈലറ്റുമാർ മഹ്മൂദ് അകാഷേയെ അറിയിച്ചു. പുറത്തിറങ്ങി അതു നോക്കിവരാൻ അകാഷേ, ഷൂമാനോട് ആവശ്യപ്പെട്ടു.
പുറത്തിറങ്ങിയ ഷുമാൻ വിമാനത്തിന്റെ ടയറുകളും ലാൻഡിങ്ങ് ഗിയറുകളുമൊക്കെ പരിശോധിച്ചു. തകരാറുകളൊന്നുമില്ലായിരുന്നു. പരിശോധന കഴിഞ്ഞ ഷുമാൻ , പക്ഷേ വിമാനത്തിലേയ്ക്ക് തിരികെ ചെന്നില്ല. മണിക്കൂറുകളോളം അയാളെ കാണാതെ, അകാഷേ കോപം കൊണ്ടു ജ്വലിച്ചു. ഷുമാൻ എവിടെ പോയെന്നോ എന്തു ചെയ്യുകയായിരുന്നുവെന്നോ ആർക്കും അറിയില്ല. പിന്നീട് എന്തുകൊണ്ടോ അയാൾ തിരികെ വിമാനത്തിലേയ്ക്കെത്തി. തിരികെ വന്ന ഷുമാനെ, അകാഷേ ബന്ദികളായ മറ്റു യാത്രക്കാരുടെ മുന്നിൽ മുട്ടുകുത്തി നിർത്തി. എന്തോ പറയാനായി തലതിരിച്ച ആ മനുഷ്യനെ അതിനുള്ള അവസരം കൊടുക്കാതെ തന്നെ തലയിലേയ്ക്കു നിറയൊഴിച്ചു. ചോര ചിതറിച്ചുകൊണ്ട് ക്യാപ്റ്റൻ ജുർഗാൻ ഷുമാൻ നൊടിയിടയിൽ മരിച്ചു വീണു, തന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും അനാഥരാക്കിക്കൊണ്ട്. തങ്ങളുടെ മുന്നിൽ നടന്ന ആ ഭീകരതയിൽ നടുങ്ങിയ മറ്റു ബന്ദികൾ മരവിച്ചിരുന്നതേയുള്ളു.
ഷുമാന്റെ ബോഡി വലിച്ചിഴച്ച് ടോയിലറ്റിലേയ്ക്കു കൊണ്ടു പോയി തള്ളി. അതിന്റെ ഡോർ പുറത്തു നിന്നും അടച്ചു. തലയ്ക്കു നേരെ നീട്ടിയ പിസ്റ്റളിനുമുന്നിൽ കീഴടങ്ങാനേ വിയോറ്ററിനു സാധിച്ചുള്ളു. അകാഷേയുടെ ഭീഷണിയ്ക്കു വഴങ്ങി വിമാനത്തിനു വീണ്ടും ഇന്ധനം ലഭിച്ചു. ഒക്ടോബർ 17 നു നേരം പുലർന്നപ്പോഴേയ്ക്കും വിമാനം സൊമാലിയയിലെ മൊഗാദിഷു എയർപോർട്ട് ലക്ഷ്യമാക്കി പറന്നുയർന്നിരുന്നു.
പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന മേജർ ജനറൽ മുഹമ്മദ് സിയാദ് ബാരെ ആയിരുന്നു സൊമാലിയൻ പ്രസിഡണ്ട്. 1977 ജൂലൈയിൽ, അയൽ രാജ്യമായ എത്യോപ്യയുമായി സിയാദ് ബാരെ ഒരു യുദ്ധം ആരംഭിച്ചിരുന്നെങ്കിലും പരാജയപ്പെട്ട് പിൻവാങ്ങിയ സമയമാണിത്. മൊഗാദിഷു എയർ പോർട്ടിനുമുകളിൽ, ലുഫ്താൻസാ ലാൻഡ്ഷട്ട് എത്തിച്ചേർന്നു. അവിടെ റൺവേ ക്ലീയർ ആയിരുന്നു. യുദ്ധാന്തരീക്ഷമായിരുന്നതു കൊണ്ടോ എന്തോ എയർ ട്രാഫിക് കണ്ട്രോളിൽ നിന്നും മറുപടികൾ ഒന്നും ലഭിച്ചില്ല. വിയോറ്റർ വിമാനം അനായാസമായി ലാൻഡ് ചെയ്തു. എന്തുകൊണ്ടോ മഹ്മൂദ് അകാഷേയ്ക്കു അതു നന്നേ പിടിച്ചു. അയാൾ വിയോറ്ററിനെ അഭിനന്ദിച്ചു, മാത്രമല്ല വിയോറ്ററിനു വേണമെങ്കിൽ വിമാനത്തിൽ നിന്നും സ്വതന്ത്രനായി പോകാമെന്നും അയാൾ അറിയിച്ചു, എന്തെന്നാൽ ഇനി തങ്ങൾ എങ്ങോട്ടും പോകുന്നില്ല..! എന്നാൽ വിയോറ്റർ ആ ഓഫർ നിഷേധിച്ചു. മറ്റുള്ളവരെ ഉപേക്ഷിച്ച് താൻ മാത്രം പോകുന്നില്ല, വിമാനത്തിൽ തന്നെ ഇരുന്നുകൊള്ളാമെന്നു അയാൾ പറഞ്ഞു.
സമയം രാവിലെ 6.30. മുന്നറിയിപ്പില്ലാതെ ലുഫ്ത്ൻസാ വിമാനം ലാൻഡ് ചെയ്തതറിഞ്ഞ് മൊഗാദിഷു എയർപോർട്ട് അതികൃതർ അങ്കലാപ്പിലായി. അപ്പോൾ വിമാനത്തിന്റെ ഡോർ തുറന്ന് അകാഷേയും കൂട്ടാളികളും കൂടി, ഷുമാന്റെ ജഡം റൺവേയിലേയ്ക്കു വലിച്ചെറിഞ്ഞു. ഇന്നു വൈകുന്നേരം 4.00 മണിയ്ക്കുള്ളിൽ തന്റെ ഡിമാന്റുകൾ അംഗീകരിയ്ക്കാത്ത പക്ഷം വിമാനം പൊട്ടിത്തെറിയ്ക്കുമെന്ന് അയാൾ സൊമാലിയൻ അധികൃതർക്ക് അന്തിമ ശാസനം നൽകി. വിവരം വെസ്റ്റ് ജർമ്മനിയിലെത്തി. അവിടെ അപ്പോൾ കാര്യങ്ങൾക്കെല്ലാം കൃത്യമായ ഒരു തീരുമാനമായിരുന്നു. അകാഷേയുടെ ആവശ്യപ്രകാരം 10 RAF തടവുകാരെയും മോചിപ്പിയ്ക്കാമെന്നും അവരെയും കൊണ്ടുള്ള വിമാനം ഉടൻ സോമാലിയയ്ക്കു പുറപ്പെടുകയാണെന്നും അറിയിപ്പു കിട്ടി. എന്നാൽ അകാഷേ പറഞ്ഞ സമയത്തിനുള്ളിൽ അവിടെ എത്തിച്ചേരില്ല എന്നും രാത്രി 2.30 വരെ സമയം അനുവദിയ്ക്കണമെന്നും അഭ്യർത്ഥിച്ചു. അതു അകാഷേയ്ക്കു സമ്മതമായിരുന്നു. അങ്ങനെ രാത്രി 2.30 ഡെഡ് ലൈൻ ആയി തീരുമാനിയ്ക്കപ്പെട്ടു.
അപ്പോൾ ജർമ്മൻ തലസ്ഥാനമായ ബേണിൽ നിന്നും ലുഫ്താൻസയുടെ ഒരു ബോയിംഗ് 707 വിമാനം സൊമാലിയ ലക്ഷ്യമായി ടേക്ക് ഓഫ് ചെയ്തു. 30 പേരടങ്ങുന്ന ഒരു GSG 9 , SAS സംയുക്ത കമാൻഡോ സംഘമായിരുന്നു അതിലുണ്ടായിരുന്നത്. ഓപറേഷൻ ഫയർ മാജിക്കിനു തുടക്കമായി. ജർമ്മൻ ചാൻസലർ ഹെൽമുട്ട് ഷ്മിറ്റ് സൊമാലിയൻ പ്രസിഡണ്ട് സിയാദ് ബാരെയ്ക്ക് ഒരു അഭ്യർത്ഥന അയച്ചു. ജർമ്മനിയിൽ നിന്നും വരുന്ന കമാൻഡോ സംഘത്തിനു, മൊഗാദിഷു എയർപോർട്ടിൽ കിടക്കുന്ന ലാൻഡ്ഷട്ട് വിമാനത്തെ മോചിപ്പിയ്ക്കാനുള്ള ഓപറേഷൻ നടത്താനുള്ള അനുമതി ചോദിച്ചു കൊണ്ടായിരുന്നു ആ അഭ്യർത്ഥന. ഇതേ സമയം ദുബായിൽ നിന്നും കേണൽ ഉൾറിക് വെഗണറും സംഘവും സൌദിയിലെ ജിദ്ദയിലെത്തിയിരുന്നു. അവരും മൊഗാദിഷുവിലേയ്ക്കു പുറപ്പെട്ടു. രാത്രി 7.30 ഓടെ, ജർമ്മൻ കമാൻഡോ സംഘത്തിന് ഓപറേഷൻ നടത്താനുള്ള അനുമതി, സോമാലിയൻ പ്രസിഡണ്ട് സിയാദ് ബാരെ നൽകി.
രാത്രി 8.00 മണി. മൊഗാദിഷു എയർപോർട്ടിന്റെ റൺവേയിൽ, ഇരുട്ടിന്റെ മറവിൽ GSG-9 കമാൻഡോകളെയും വഹിച്ചുള്ള ലുഫ്താൻസാ വിമാനം ലാൻഡ് ചെയ്തു. ലാൻഡ്ഷട്ട് വിമാനത്തിനുള്ളിൽ മഹ്മൂദ് അകാഷെയുടെയും സംഘത്തിന്റെയും ശ്രദ്ധ അല്പം പോലും ക്ഷണിയ്ക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ആ ലാൻഡിംഗ്. കേണൽ വെഗണറിന്റെ മുന്നിൽ ഓപറേഷൻ ടീം അണിനിരന്നു. ഓപറേഷൻ ഫയർ മാജികിനു വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കേണ്ടിയിരുന്നു. അക്കാര്യത്തിൽ ബ്രിട്ടണിൽ നിന്നും എത്തിയ SAS ടീം ആണു സഹായിച്ചത്.
അക്കാലത്തെ ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിയ്ക്കുന്ന “സ്റ്റൺ ഗ്രനേഡു“കൾ അവർ കൊണ്ടുവന്നിരുന്നു. SAS മാത്രമേ അതുണ്ടായിരുന്നുള്ളു. ഇറാനിയൻ എംബസി റെസ്ക്യൂ മിഷനിൽ ഇതു വിജയകരമായി പരീക്ഷിച്ചിരുന്നു. കണ്ണഞ്ചിയ്ക്കുന്ന പ്രകാശത്തോടെയും ചെവിയടയ്ക്കുന്ന ശബ്ദത്തോടെയും പൊട്ടുന്നവയാണു സ്റ്റൺ ഗ്രനേഡുകൾ. എന്നാൽ ഇത് ശരീരത്തിൽ പരുക്കൊന്നുമുണ്ടാക്കുകയുമില്ല, അപകടകാരിയുമല്ല. അതിന്റെ പ്രകാശം കണ്ണിലടിച്ചാൽ 5 സെക്കൻഡു നേരത്തേയ്ക്ക് ഒന്നും കാണാനാവില്ല. ചെവിയുടെ ഉള്ളിലെ ദ്രവത്തെ ബാധിയ്ക്കുന്നതിനാൽ ആൾ നിലതെറ്റി വീഴും..
ലഭ്യമായ വിവരങ്ങളനുസരിച്ച് ബന്ദികളെ എല്ലാവരെയും ഇക്കണോമി ക്ലാസ് ഭാഗത്താണു പാർപ്പിച്ചിരിയ്ക്കുന്നത്. അതിനു മുന്നിൽ ബിസിനസ് ക്ലാസും ഫസ്റ്റ്ക്ലാസും പിന്നെ കോക്പിറ്റുമാണ്. റാഞ്ചികൾ എല്ലാവരും തന്നെ ബന്ദികളുടെ കൂടെയുണ്ട്. ബന്ദികൾക്കിടയിലൂടെ ഇടിച്ചുകയറുന്നതിനിടയിൽ റാഞ്ചികൾ അവരുടെ ഗ്രനേഡ് പ്രയോഗിയ്ക്കുകയോ മറ്റോ ചെയ്താൽ വിമാനം തകരാനും ആളപായം ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് റാഞ്ചികളെ ബന്ദികളുടെ ഇടയിൽ നിന്നു മാറ്റുകയും, അവരുടെ ശ്രദ്ധയിൽ പെടാതെ ഉള്ളിൽ കയറുകയുമാണു വേണ്ടത്. റാഞ്ചികളിൽ രണ്ടു പേർ സ്ത്രീകളായതുകൊണ്ടു തന്നെ, അവരിൽ നിന്നും കടുത്ത പ്രതിരോധം ഉണ്ടാവാൻ സാധ്യത കുറവാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വ്യക്തമായൊരു ആക്ഷൻ പ്ലാൻ അവർ തയ്യാറാക്കി. ഓപറേഷനുള്ള സമയം നിശ്ചയിയ്ക്കപ്പെട്ടു. രാത്രി 2.00 മണി.
ഇതേ സമയം, കണ്ട്രോൾ ടവറിൽ നിന്നും അകാഷേയ്ക്കു സന്ദേശമെത്തി. മോചിപ്പിയ്ക്കപ്പെട്ട തടവുകാരുമായി ലുഫ്താൻസാ വിമാനം ഈജിപ്തിലെ കെയ്റോയിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അവർ എത്തും. ബന്ദികളെ സ്വതന്ത്രരാക്കാൻ തയ്യാറാകണമെന്നായിരുന്നു അത്. ബന്ദികൾ എല്ലാവരും വിമാനത്തിനു പുറത്തെത്തിയാൽ മാത്രമേ തടവുകാരെ കൈമാറുകയുള്ളു എന്നും അവർ അറിയിച്ചു. എന്നാൽ അകാഷേ ഈ ആവശ്യങ്ങൾ പുച്ഛിച്ചു തള്ളി. തടവുകാരും 15 മില്യൻ യു എസ് ഡോളറുംതന്റെ കൈവശമെത്താതെ ഒരാളെയും വിമാനത്തിനു പുറത്തു വിടുന്ന പ്രശ്നമേയില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. ഒടുക്കം കണ്ട്രോൾ ടവർ അതു സമ്മതിച്ചു.
റെസ്ക്യൂ ടീമിനെ ആറായി തിരിച്ചു. അവരുടെ കൈവശം കറുത്ത പെയിന്റടിച്ച മൂന്നു അലുമിനിയം ഗോവണികളുണ്ടായിരുന്നു. ഏറ്റവും മുന്നിൽ ഷാർപ്പ് ഷൂട്ടർമാരായ കമാൻഡോകൾ. അവർ വിമാനത്തിനടുത്തേയ്ക്ക് നിശബ്ദം നീങ്ങി. വിമാനത്തിന്റെ പിൻഭാഗം ഒരു ബ്ലൈൻഡ് സ്പോട്ടാണ്. റാഞ്ചികൾക്ക് ഒരു കാരണവശാലും കാണാൻ സാധ്യമല്ലാത്ത ഭാഗം. ബ്ലൈൻഡ് സ്പോട്ടിൽ ആറു ടീമും റെഡിയായി.
സമയം രാത്രി 1.55 പെട്ടെന്ന് ലാൻഡ്ഷട്ട് വിമാനത്തിനു മുൻഭാഗത്ത് എകദേശം 50 മീറ്റർ മുന്നിലായി ഒരു തീപിടുത്തം..! ( ഓപറേഷൻ ഫയർ മാജികിൽ സൊമാലിയൻ പട്ടാളക്കാരുടെ റോളായിരുന്നു അത്.) മുന്നിൽ തീ ആളുന്നതു കണ്ട് ഹിന്ദ് അലാമേ(യുവതി)യെ കാവൽ നിർത്തിയിട്ട് മറ്റു മൂന്നു റാഞ്ചികളും കോക്പിറ്റിലേയ്ക്ക് ഓടിച്ചെന്നു.. എന്നാണവിടെ സംഭവിയ്ക്കുന്നതെന്ന് അവർക്കു മനസ്സിലായില്ല..ഇരുട്ടിൽ ആളിക്കത്തുന്ന തീയിലേയ്ക്കവർ തുറിച്ചു നോക്കിക്കൊണ്ടു നിന്നു. സമയം 2.00. കമാൻഡോ സംഘം വിമാനത്തിന്റെ മുൻ ചിറകുകളിൽ ഗോവണി ചാരി അതിവേഗം മുകളിലേയ്ക്കു കയറി. മറ്റൊരു സംഘം, ഫ്യൂസിലേജി(ഉടൽ ഭാഗം)ന്റെ അടിയിലുള്ള എമർജൻസി എക്സിറ്റുകൾക്കു നേരെയാണു കയറിയത്.
2.07 am – വിമാനത്തിന്റെ രണ്ടു എമർജൻസി ഡോറുകളും ഒരേ സമയം തുറക്കപ്പെട്ടു. അതേ സമയം തന്നെ കേണൽ വെഗണറുടെ നേതൃത്വത്തിലുള്ള ടീം മുൻചിറകിനു മുകളിലെ ഡോറും തുറന്നു. സെർജന്റ് മേജർ ഡയേറ്റർ ഫോക്സ്, സർജന്റ് ജോവക്കിം ഹമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള അസ്സോൾട്ട് ടീം വിമാനത്തിനുള്ളിലേയ്ക്ക് ഇരച്ചു കയറി. “ഞങ്ങൾ നിങ്ങളെ രക്ഷിയ്ക്കാൻ വന്ന കമാൻഡോകളാണ്.. എല്ലാവരും തറയിൽ കിടക്കൂ.” ജർമ്മൻ ഭാഷയിൽ അവർ അലറി.. ശബ്ദം കേട്ട അകാഷേയും സംഘവും കോൿപിറ്റിൽ നിന്നും ഇറങ്ങി വന്നു. അപ്പോൾ രണ്ടു സ്റ്റെൺ ഗ്രനേഡുകൾ പൊട്ടി.. ബുള്ളറ്റുകൾ തലങ്ങും പാഞ്ഞു..
കമാൻഡോ ഓപ്പറെഷൻ നടക്കുകായെണെന്നു ബോധ്യമായ ഹിന്ദ് അലാമേ (ആദ്യ റാഞ്ചി) പിൻഭാഗത്തേയ്ക്കു ഓടി, അവിടെ വച്ചിരുന്ന പിസ്റ്റൾ ആയിരുന്നു ലക്ഷ്യം. ലീഡിംഗ് കമാൻഡോയുടെ ഗണ്ണിൽ നിന്നും പാഞ്ഞ ബുള്ളറ്റുകളേറ്റ് അവളുടെ ശരീരം അരിപ്പ പോലെ തുളഞ്ഞു.. സുഹൈലാ (രണ്ടാമത്തെ റാഞ്ചി) ടോയിലറ്റിൽ ഓടിക്കയറി. കോക്പിറ്റിൽ നിന്നും ഓടി വരുകയായിരുന്ന ഹെർബിനു (മൂന്നാമത്തെ റാഞ്ചി) അധികം മുന്നോട്ട് നീങ്ങാനായില്ല. വെടിയേറ്റ് തുളഞ്ഞ ശരീരവുമായി അയാൾ സുഹൈലയുടെ തൊട്ടു പിന്നിൽ തന്നെ നിലം പതിച്ചു. അകാഷേ നേതാവിനൊത്ത പോരാളിയായിരുന്നു. വിമാനത്തിന്റെ ക്യാബിനുകളുടെ മറപറ്റി അയാൾ തിരികെയും വെടിവെച്ചു. എന്നാൽ കമാൻഡോകളുടെ ആധുനിക ആയുധങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ലീഡിങ്ങ് കമാൻഡോയുടെ സബ്മെഷീൻ ഗണ്ണിൽ നിന്നുമുള്ള എട്ടു ബുള്ളറ്റുകളേറ്റ് മാരകാവസ്ഥയിൽ അയാളും വീണു. അയാളുടെ കൈകളിൽ നിന്നും പിൻ ഊരിയ അവസ്ഥയിൽ രണ്ടു ഗ്രനേഡുകൾ ഫസ്റ്റ്ക്ലാസ് ഫ്ലോറിലൂടെ ഉരുണ്ടു നീങ്ങി. സ്ഫോടനങ്ങളും പുകയും വെടിയൊച്ചയും അലർച്ചയും ഭയചകിതരായ ബന്ദികൾ ഉച്ചത്തിൽ നിലവിളിച്ചു..
ഈ സമയം ടോയിലറ്റിൽ നിന്നും പുറത്തിറങ്ങിയ സുഹൈല കമാൻഡോകളുടെ നേരെ വെടിയുതിർത്തു.. തിരികെ വന്നതിൽ ഒരു ബുള്ളറ്റ് അവളുടെ നെഞ്ചിലേറ്റു, മറ്റ് ഏഴെണ്ണം അത്ര മാരകമല്ലാത്ത വിധം ശരീരത്തിൽ തുളഞ്ഞു കയറി. അവൾ കീഴടങ്ങി. മിനിട്ടുകൾ കൊണ്ട് എല്ലാം അവസാനിച്ചു. റാഞ്ചികളിൽ രണ്ടു പേർ തൽക്ഷണം മരിച്ചു. അകാഷേയ്ക്കു ഗുരുതരമായ മുറിവേറ്റെങ്കിലും മരണപ്പെട്ടിരുന്നില്ല. സുഹൈലയ്ക്കും മാരക പരിക്കേറ്റു. കമാൻഡോകളിൽ ഒരാൾക്ക് നിസാര പരിക്കു പറ്റി. ബന്ദികളിൽ ചിലർക്കും നിസാര പരിക്കു പറ്റിയെങ്കിലും എല്ലാവരും സുരക്ഷിതർ.
മിനിട്ടുകൾക്കകം വെഗണർ ജർമ്മനിയിലേയ്ക്കു മെസേജയച്ചു. “സ്പ്രിംഗ് ടൈം.. സ്പ്രിംഗ് ടൈം..!“ അധികം വൈകാതെ ലുഫ്താൻസയുടെ Stuttgart എന്ന വിമാനത്തിൽ യാത്രക്കാരും ക്രൂവും ജർമ്മനിയിലെ ബോൺ എയർപോർട്ടിലേയ്ക്കു യാത്രയായി. അകാഷേ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ടെങ്കിലും മരണമടഞ്ഞു. സുഹൈലയെ സൊമാലിയൻ പോലീസ് അറസ്റ്റു ചെയ്തു.
ഇസ്രായേലിന്റെ എന്റബേ ഓപറേഷൻ കഴിഞ്ഞിട്ട് രണ്ടുവർഷമേ ആയിരുന്നുള്ളു ഓപറേഷൻ ഫയർ മാജിക് നടക്കുമ്പൊൾ. GSG-9 എലീറ്റ് ഫോഴ്സിന്റെ ആദ്യത്തെ ഓപറേഷൻ തന്നെ വിജയമായതിൽ കമാൻഡർ ഉൾറിക് വെഗണർക്കും ജർമ്മൻ കാർക്കും അതീവ അഭിമാനമുണ്ടായി, ലാൻഡ്ഷട്ട് ക്യാപ്റ്റർ ഷുമാന്റെ ദാരുണാന്ത്യം മാത്രം എല്ലാവർക്കു വേദനയായി. ജർമ്മൻ സർക്കാർ അദ്ദേഹത്തിനു ധീരതയ്ക്കുള്ള മരണാനന്തര ബഹുമതി നൽകി.
ലുഫ്താൻസാ ലാൻഡ്ഷട്ട് റാഞ്ചൽ പരാജയപ്പെട്ടതിനെ തുടർന്ന് തീവ്രവാദ സംഘടന RAF, അവർ തട്ടിക്കൊണ്ടു പോയിരുന്ന ഒരു ബിസിനസുകാരനെ കൊലപ്പെടുത്തി. അകാഷേയും കൂട്ടരും മോചിപ്പിയ്ക്കാൻ ആവശ്യപ്പെട്ട തടവുകാരിൽ മൂന്നു പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി കാണപ്പെട്ടു. ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും രക്ഷപെട്ടു. അറസ്റ്റു ചെയ്യപ്പെട്ട സുഹൈലയെ, സൊമാലിയൻ കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചു. എന്നാൽ ഒരു വർഷത്തെ തടവിനു ശേഷം, സിയാദ് ബാരെ അവളെ മോചിപ്പിച്ച് ഇറാക്കിലേയ്ക്കുള്ള ഒരു ചരക്കു വിമാനത്തിൽ കയറ്റി വിട്ടു. അവിടെ നിന്നും അവൾ ബെയ്റൂട്ടിലേയ്ക്കു പോയി. അഹ്മദ് അബു മത്താർ എന്നൊരാളെ വിവാഹം കഴിച്ചു. അവർക്കൊരു കുട്ടിയും ജനിച്ചു. പിന്നീടവർ സൈപ്രസിലേയ്ക്കും അവിടെ നിന്നും 1991 ൽ നോർവേയിലേയ്ക്കും പോയി. നോർവേയിൽ റെസിഡന്റ് പെർമിറ്റ് നേടി താമസിച്ചു വരുന്നതിനിടയിലാണു ഇന്റർപോൾ നിർദേശ പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്നത്.
തന്റെ ദയനീയാവസ്ഥയൊക്കെ കോടതിയിൽ വിവരിച്ചെങ്കിലും കോടതി കനിഞ്ഞില്ല, അവളെ ജർമ്മനിയ്ക്കു കൈമാറി. വിമാനം തട്ടിക്കൊണ്ടു പോകലിനും കൊലപാതകത്തിനും ജർമ്മനി സുഹൈലയെ വിചാരണ ചെയ്തു. 12 വർഷത്തെ തടവാണു ശിക്ഷ വിധിയ്ക്കപ്പെട്ടത്. അവൾ ജയിലിൽ അടയ്ക്കപ്പെട്ടു. എങ്കിലും അനാരോഗ്യം പരിഗണിച്ച് അധികം വൈകാതെ സുഹൈലയെ മോചിപ്പിച്ചു. ഭൂതകാലത്തെ തെറ്റുകൾക്കുള്ള ഓർമ്മപ്പെടുത്തലായി, ശരീരത്തിൽ അവശേഷിയ്ക്കുന്ന ഏഴു ബുള്ളറ്റുകളുടെ കുത്തിത്തുളയ്ക്കുന്ന വേദനയുമായി ക്രച്ചസിൽ സുഹൈല ഇന്നും ജീവിയ്ക്കുന്നു.