എഴുത്ത് – വിപിൻകുമാർ.

1986 ഏപ്രില്‍ 22 ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ സെയ്ഷ്യല്‍സ് പ്രസിഡന്റ് ഫ്രാന്‍സ് ആല്‍ബെര്‍ട്ട് റെനെയെ ഡൽഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രപതി ഗ്യാനി സെയില്‍ സിങും ചേര്‍ന്ന് സ്വീകരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. 2019 ഫെബ്രുവരി 27ന് റെനെ അന്തരിച്ചു. സിംഗപ്പൂരിലെ ലീ ക്വാൻ യുവിനെ പോലെ ഉദാരമതിയായ ഏകാധിപതിയായി അറിയപ്പെട്ട ഭരണാധികാരിയായിരുന്നു റെനെയും. 1977 മുതല്‍ 2004 വരെ സെയ്ഷ്യല്‍സ് പ്രസിഡന്റ് പദത്തിലിരുന്ന റെനെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആ ചെറു ദ്വീപ് രാഷ്ട്രത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു. 1986 ല്‍ നടന്ന സായുധ അട്ടിമറി ശ്രമങ്ങളെ ചെറുത്തുതോല്പിച്ച് റെനെയ്ക്ക് ഭരണത്തുടര്‍ച്ച ഒരുക്കുന്നതില്‍ നിസ്തുലമായ പങ്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയും സൈന്യവും വഹിച്ചിട്ടുണ്ട്. 1986 ല്‍ റെനെ സര്‍ക്കാരിനെതിരെ നടന്ന അട്ടിമറി ശ്രമത്തെ തടയുന്നതിന് ഇന്ത്യന്‍ നാവികസേന സെയ്ഷ്യല്‍സില്‍ നടത്തിയ രഹസ്യ ദൗത്യത്തിന് നല്‍കപ്പെട്ട പേരാണ് ‘Operation Flowers Are Blooming’ (പൂക്കള്‍ വിടരുന്നു).

ശീതയുദ്ധ വേദിയായി സെയ്ഷ്യല്‍സ് – 1980 കളില്‍ ശീതയുദ്ധകാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകള്‍ പലതും യുഎസ്-സോവിയറ്റ് ബലപരീക്ഷണ വേദികളായി മാറിയിരുന്നു. യുഎസിന്റെ ഒരു ചെറിയ ഉപഗ്രഹ ട്രാകിങ് സ്റ്റേഷന്‍ സെയ്ഷ്യല്‍സില്‍ ഉണ്ടായിരുന്നു. ഡിഗോ ഗാര്‍ഷ്യയിലെ സൈനിക കേന്ദ്രത്തിന്മേലുള്ള അമിതാശ്രയം ഒഴിവാക്കാന്‍ സെയ്ഷ്യല്‍സില്‍ ഒരു സൈനികകേന്ദ്രം കൂടി സ്ഥാപിക്കാന്‍ യുഎസ് ആഗ്രഹിച്ചു. ഡിഗോ ഗാര്‍ഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിനു ബദലായി സെയ്ഷ്യല്‍സില്‍ ഒന്ന് സോവിയറ്റ് യൂണിയന്റെയും ആവശ്യമായിരുന്നു.

1976 ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന സെയ്ഷ്യല്‍സ് സ്വതന്ത്രമാകുന്നത്. 1977ല്‍ പ്രസിഡന്റ് ജെയിംസ് മഞ്ചത്തെ ഒരു സൈനിക അട്ടിമറിയിലൂടെ പുറത്താക്കി റെനെ അധികാരം പിടിച്ചെടുത്തു. കമ്മ്യൂണിസ്റ്റ് ചായ്വ് ഉണ്ടായിരുന്ന വ്യക്തിയാണെങ്കിലും റെനെ രണ്ടു വന്‍ശക്തികളുടെ താല്പര്യങ്ങളും പരിഗണിച്ച് ചേരിചേരാ നയത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്ക് മേധാവിത്തമുള്ള ഭരണകൂടത്തോട് ശത്രുതാമനോഭാവം പുലര്‍ത്തി. ഇതും റെനേയുടെ ഏകപാര്‍ട്ടീനയവും നിരന്തരം പട്ടാള അട്ടിമറി ശ്രമങ്ങളെ ക്ഷണിച്ചു വരുത്തി.

1981ല്‍ ദക്ഷിണാഫ്രിക്കന്‍ രഹസ്യാന്വേഷണ സംഘടനകളുടെ പിന്തുണയോടെ ലോങ്റീച്ച് എന്നൊരു വെള്ളക്കാരുടെ കൂലിപട്ടാളം സെയ്ഷ്യല്‍സില്‍ അട്ടിമറി ഗൂഢാലോചന നടത്തി. 44 പേരുടെ ഒരു സംഘം കേണല്‍ മൈക്ക് ഹൊയാറിന്റെ നേതൃത്വത്തില്‍ സെയ്ഷ്യല്‍സ് തലസ്ഥാനമായ മാഹിയിലെ വിക്‍റ്റോറിയാ വിമാനത്താവളത്തിലെത്തി. അവരുടെ ലഗേജില്‍നിന്ന് ആയുധങ്ങള്‍ പിടികൂടുകയും അതു പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവെയ്പിലേക്ക് നീങ്ങുകയും ചെയ്തു. കലാപകാരികള്‍ ഇന്ധനം നിറയ്ക്കാനിറങ്ങിയ ഒരു എയര്‍ ഇന്ത്യാ വിമാനം റാഞ്ചുകകയും അതില്‍ ജോഹന്നാസ്ബര്‍ഗിലേക്ക് രക്ഷപെടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധം കാലക്രമേണ മെച്ചപ്പെട്ടു. എങ്കിലും വിദേശത്ത് ഒളിവില്‍ താമസിക്കുന്ന സെയ്ഷ്യല്‍സ് പൗരന്മാരും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മറ്റും ചേര്‍ന്ന് ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികള്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് റെനെ സംശയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അട്ടിമറി ശ്രമങ്ങളില്‍നിന്ന് ഇടപെടാമെന്നുള്ള ഉറപ്പ് ഇന്ത്യയില്‍നിന്നും റെനെ ആവശ്യപ്പെടുന്നത്. അത്തരം പരസ്യമായ പ്രതിജ്ഞാബദ്ധത ബുദ്ധിപരമായിരിക്കില്ല എന്നു ചൂണ്ടിക്കാട്ടി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആവശ്യം നിരാകരിച്ചു. എന്നിരുന്നാലും സെയ്ഷ്യല്‍സ് വ്യോമസേനയ്ക്ക് രണ്ടു ഹെലികോപ്റ്ററുകളും പരിശീലനവും സാങ്കേതിക വിദഗ്ധരെയും ഇന്ത്യ നല്‍കി. സെയ്ഷ്യല്‍സ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ ജലയാനങ്ങള്‍ പതിവായി പങ്കെടുക്കുമായിരുന്നു. ദ്വീപിലെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിചിതമാകുന്നതിനും സെയ്ഷ്യല്‍സ് രാഷ്ട്രീയ നേതൃത്വവുമായി ബന്ധമൂട്ടിയുറപ്പിക്കുന്നതിനും ഇത് ഉപകരിച്ചു.

ഇന്ത്യ സൈനികമായി സജീവമാകുന്നു : 1984 ഒക്‍ടോബറില്‍ ഇന്ദിരാഗന്ധി കൊല്ലപ്പെടുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ അഭൂതപൂര്വമായ സൈനികനീക്കങ്ങള്‍ പലതും നടന്നു.

ഓപറേഷന്‍ ബ്രാസ്സ്റ്റാക്സ് -1986 നവംബര്‍ മുതല്‍ 1987 മാര്‍ച്ച് വരെ നീണ്ടുനിന്ന രാജസ്ഥാനിലെ പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് നടത്തിയ സൈനിക നീക്കമാണ് ഓപറേഷന്‍ ബ്രാസ്സ്റ്റാക്സ്. സൈന്യത്തിന്റെ യന്ത്രവത്കരണം , കവചിത വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധരീതികള്‍ , ചലനാത്മക യുദ്ധതന്ത്രങ്ങള്‍, വ്യോമപിന്തുണാ സംവിധാനം എന്നിവ പരീക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. സുരക്ഷാവിവര വെബ്സൈറ്റ് globalsecurity.org രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കണ്ട ഏറ്റവും വലിയ സായുധ മുന്നേറ്റമായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു സംഭവം.

ഓപറേഷന്‍ ചെക്കര്‍ബോര്‍ഡ് -1987 മാര്‍ച്ച്. അസമിലെ സമതലങ്ങളില്‍നിന്ന് ചൈനാ അതിര്‍ത്തിയിലേക്ക് ദ്രുതഗതിയില്‍ സൈനിക വിന്യാസം സാധ്യമാകുമോയെന്ന പരീക്ഷണമായിരുന്നു ഓപറേഷന്‍ ചെക്കര്‍ബോര്‍ഡ്. 1987 ആദ്യം അരുണാചല്‍ പ്രദേശിന് സംസ്ഥാന പദവി നല്‍കി. ഇതു ചൈനയെ പ്രകോപിപ്പിച്ചു. ചൈന സ്വരം കടുപ്പിച്ചു. ഇതു കൂസാതെ ഇന്ത്യ തവാങ് അതിര്‍ത്തിയിലേക്ക് Mi-26ഹെലികോപ്റ്റര്‍ വ്യൂഹങ്ങളുടെ സഹായത്തോടെ വന്‍ സൈനിക നീക്കം നടത്തി. ഇരു രാജ്യങ്ങളുടെ സൈന്യവും മുഖാമുഖം നില്‍ക്കുന്ന അവസ്ഥ സംജാതമായി. ചൈന പിന്നീട് ചര്‍ച്ചയ്ക്ക് സന്നദ്ധമായി. അടുത്ത വര്‍ഷം രാജീവ് ഗാന്ധിയുടെ ചൈനാസന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍‍ മഞ്ഞുരുകി.

ഓപറേഷന്‍ രാജീവ് -1987 ജൂണ്‍. സിയാച്ചിന്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഖായ്ദ് പോസ്റ്റ് പിടിച്ചെടുക്കാന്‍ നടത്തിയ പോരാട്ടമാണ് ഓപറേഷന്‍ രാജീവ്. 1984ല്‍ ഓപറേഷന്‍ മേഘദൂതിലൂടെ സിയാച്ചിന്‍ ഹിമാനി ഇന്ത്യയ്ക്ക് നിയന്ത്രണത്തിലാക്കാനായി. എന്നാല്‍ സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട് 7കിലോമീറ്റര്‍ ഉയരത്തിലുള്ള ഖായ്ദ് പോസ്റ്റ് പാകിസ്താന് അവിടെ മുന്‍തൂക്കം നല്‍കിയിരുന്നു. 118 ഏപ്രിൽ 1987 ന്, ഖായ്ദ് പോസ്റ്റില്‍നിന്ന് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പോസ്റ്റ് കീഴ്പെടുത്താന്‍ ഇന്ത്യ ശ്രമമാരംഭിച്ചു. ആദ്യ മൂന്നു ശ്രമങ്ങളും പ്രതികൂല കാലാവസ്ഥ കാരണം പരാജയപ്പെട്ടു. സുബൈദാര്‍ ബനാ സിങിന്റെ നേതൃത്വത്തില്‍ നടന്ന നാലാമത്തെ ശ്രമമാണ് വിജയം കണ്ടത്. കൊടുമുടി പിന്നീട് ബനാ ടോപ് എന്ന് പുനര്‍നാമകരണം ചെയ്തു. ദൗത്യത്തിനിടെ കൊല്ലപ്പെട്ട സെക്കന്റ് ലെഫ്റ്റനന്റ് രാജീവ് പാണ്ഡെയുടെ പേരിലാണ് ഓപറേഷന്‍ അറിയപ്പെടുന്നത്.

ഓപറേഷന്‍ പവന്‍ -1987 ഒക്‍ടോബര്‍. രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ. ജയവര്‍ധനയും ഒപ്പിട്ട ഇന്ത്യ-ശ്രീലങ്ക കരാറനുസരിച്ച് ആറായിരത്തോളം ഇന്ത്യന്‍ സമാധാന സം രക്ഷണ സൈനികരാണ് ജാഫ്നയിലെത്തിയത്. രണ്ടാഴ്ച നീണ്ടുനിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽടിടിഇയിൽ നിന്നും പിടിച്ചെടുത്തു. ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇന്ത്യൻ സൈന്യം തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ, ചെറിയ കുട്ടികളെവരെ ചാവേറുകളായി എൽടിടിഇ രംഗത്തിറക്കി. ജാഫ്ന നഷ്ടപ്പെട്ടതോടെ എൽടിടിഇ ഗറില്ലകൾ, വാവുനിയ കാടുകളിലേക്കു രക്ഷപ്പെട്ടു. ഇന്ത്യന്‍ സേനയ്ക്കെതിരെ എല്‍ടിടിഇ പുതിയ പോര്‍മുഖം തുറന്നു. ഇന്ത്യയുടെ സൈനിക ശക്തി പുലികളുടെ ഗറില്ലാപോരാട്ട വീര്യത്തിനു മുന്നില്‍ പതറി. ശ്രീലങ്ക ഇന്ത്യന്‍ സൈന്യത്തിന്റെ വിയറ്റ്നാമായി. ഒടുവില്‍ കനത്ത നാശവും ക്ഷീണവുമായാണ് ഇന്ത്യന്‍ സൈന്യത്തിന് ലങ്ക വിടേണ്ടിവന്നത്.

ഇന്ത്യന്‍ നാവികസേനയുടെ വര്‍ധിത കരുത്ത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ആധിപത്യമുറപ്പിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കി. 1980 കളുടെ മധ്യത്തോടെ ഇന്ത്യ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷയില്‍ സജീവമായ ഒരു പങ്കുവഹിക്കാന്‍ തുടങ്ങിയിരുന്നു. ഉപഭൂഖണ്ഡത്തിന് പുറത്ത് ഇന്ത്യയുടെ ആദ്യ സൈനിക ഇടപെടലായിരുന്നു 1986ലെ സെയ്ഷ്യല്‍സ് ദൗത്യം. 1987 ല് മൊസാംബിക് ഗവണ്മെന്റിനെതിരെ കലാപം നടത്തിയിരുന്ന RENAMO അക്രമികള്‍ക്കു സമുദ്രം വഴിയുള്ള ആയുധവിതരണം ഇന്ത്യന് നാവികസേന തടഞ്ഞു.

ഓപറേഷന്‍ കാക്റ്റസ് -1988 നവംബര്‍. തമിഴ് തീവ്രവാദ സംഘടനയായ പ്ലോട്ടിന്റെ സഹായത്തോടെ വ്യാപാരിയായ അബ്ദുള്ള ലുത്തുഫി മാലദ്വീപില് അട്ടിമറിക്ക് ശ്രമിച്ചു. മാലദ്വീപ് പ്രസിഡന്റ് അബ്ദുല് ഗയൂം ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചു. ആദ്യം ഇന്ത്യന്‍ വ്യോമസേനയും ശേഷം കരസേനയും ദ്വീപ് തലസ്ഥാനമായ മാലിയിലെത്തി. തീവ്രവാദികളുമായി കടുത്ത പോരാട്ടം നടത്തി സൈന്യം മാലി തിരിച്ചുപിടിച്ചു. നിരവധി പേര്‍ ആക്രമണത്തില് കൊല്ലപ്പെട്ടു. പലായനം ചെയ്ത തീവ്രവാദികളെ നാവികസേന പിടികൂടി മാലദ്വീപ് സര്‍ക്കാറിന് കൈമാറി. കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായ ശേഷം സൈന്യത്തെ തിരിച്ചുവിളിച്ചു. 150 പേര്‍ അടങ്ങുന്ന സംഘം ഒരു വര്‍ഷത്തേക്ക് ദ്വീപില്‍ തങ്ങി. ഇന്ത്യയ്ക്ക് ഏറെ അന്താരാഷ്ട്ര പ്രശംസ ലഭിച്ച സംഭവമായിരുന്നു മാലദ്വീപ് ദൗത്യം.

സെയ്ഷ്യല്‍സ് ദൗത്യം : 1986 ജൂണില് സെയ്ഷ്യല്‍സ് പ്രതിരോധ മന്ത്രി ഒഗില്‍വി ബെര്‍ലൂയിസും കൂട്ടാളികളും റെനെക്കെതിരെ നീങ്ങാന്‍ തീരുമാനിക്കുന്നു. രഹസ്യാന്വേഷണ സ്രോതസുകളില്‍നിന്ന് ഇങ്ങനൊരു സൂചന കിട്ടിയപ്പോള്‍ തന്നെ പ്രതിരോധവകുപ്പു കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സഹമന്ത്രി അരുണ്‍ സിങും റെനെയ്ക്കുള്ള സഹായം നല്കാന്‍ നാവികസേനാ തലവന്‍ ആര്‍. എച്ച്. രഹില്യാനിക്ക് വാക്കാല്‍ നിര്ദേശം നല്കി. സെയ്ഷ്യല്‍സ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനായി ഐഎന്‍എസ് വിന്ധ്യഗിരി നേരെത്തെതന്നെ പുറപ്പെട്ടിരുന്നു. എന്‍ജിനീയറിങ് തകരാറ് പരിഹരിക്കാനെന്ന വ്യാജേന വിക്ടോറിയ തുറമുഖത്ത് വിന്ധ്യഗിരി കുറെനാള് കൂടി തങ്ങാന്‍ തീരുമാനിച്ചു.

അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്കാനെന്ന മട്ടില്‍, ദൗത്യം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തിയ കമാണ്ടറെ യാത്രാവിമാനത്തില്‍ അയച്ചു. കമാന്‍ഡോ പരിശീലനം ലഭിച്ച 20 നാവികരുടെ ഒരു ‘എന്‍ജിനീയറിങ് ടീം’ സന്നദ്ധരായി നിന്നുവെങ്കിലും അവരുടെ ആവശ്യം ഉണ്ടായില്ല. ഇന്ത്യന്‍ പിന്തുണ ഉറപ്പായതോടെ റെനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരതില്‍ അറ്റകുറ്റപ്പണി തുടങ്ങി. ഐഎന്‍എസ് വിന്ധ്യഗിരി 12 ദിവസം വിക്‍ടോറിയ തുറമുഖത്ത് തങ്ങി. ഗൂഢാലോചകര്‍ക്കുള്ള മുന്നറിയിപ്പായി, അതിന്റെ 4.5 ഇഞ്ച് നേവല്‍ ഗണ്‍ പതിവായി പ്രവര്‍ത്തിപ്പിക്കുകയും അതിലെ സീ കിങ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കമാന്‍ഡോ ആക്രമണം ദൃശ്യവത്കരിക്കുകയും ചെയ്തു. ജൂണ്‍ പകുതിയോടെ ആസന്നമായിരുന്ന അട്ടിമറി ഭീഷണി ഒഴിവായി. ആറുപേര്‍ ഇന്ത്യന്‍ സുരക്ഷാസേനയുടെ പിടിയിലായി. എന്നാല്‍ ബെര്‍ ലൂയിസിനെ കുടുക്കാനായില്ല. ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യത്തിന് അട്ടിമറിയെ ഒഴിവാക്കുന്നതില്‍ വലിയൊരു പങ്കുണ്ടെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ കരുതുന്നു.

രണ്ടു മാസത്തിനുശേഷം വീണ്ടുമൊരു അട്ടിമറി ശ്രമത്തിന് ബെര്‍ലൂയിസ് ആസൂത്രണം നടത്തി. ആഗസ്റ്റ് അവസാനത്തോടെ സിംബാബ്‌വെയില്‍ നടക്കുന്ന ചേരിചേരാ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ സംബന്ധിക്കാനായി റെനെ പുറപ്പെട്ടു. സമ്മേളനത്തിന്റെ പാര്‍ശ്വത്തില്‍ രഹസ്യാന്വേഷണ സ്രോതസുകളില്‍ നിന്നു മനസ്സിലാക്കിയ സെയ്ഷ്യല്‍സിലെ സംഭവവികാസങ്ങള്‍ രാജീവ് ഗാന്ധി തന്നെ റെനെയെ ധരിപ്പിച്ചതായി കരുതുന്നു. എത്രയും പെട്ടെന്ന് സെയ്ഷ്യല്‍സില്‍ തിരിച്ചെത്താന്‍ രാജീവ് സ്വന്തം വിമാനം എയര്‍ ഇന്ത്യ 001 റെനെയ്ക്ക് നല്‍കി. ഒരു റിപ്പോര്‍ട്ട് പ്രകാരം, ഒരു സാരി ധരിച്ച ഇന്ത്യന്‍ വനിതയായി വേഷപകര്‍ച്ച നടത്തി മാഹി വിമാനത്താവളത്തിലിറങ്ങിയ റെനെയെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സുരക്ഷിതമായി കമ്മീഷണറുടെ വസതിയിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കില്‍ സ്റ്റാച്യൂ ഓഫ് ലിബേര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഐഎന്‍എസ് ഗോദാവരി പോര്‍ട്ട് വിക്‍റ്റോറിയയിലേക്ക് തിരിച്ചുവിട്ടു, സെപ്തംബര്‍ 24ന് ദ്വീപിലെത്തി. ഗൂഢാലോചനയില്‍ പങ്കെടുത്ത നാലു സൈനിക ഓഫീസര്‍മാര്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായി. ഗൂഢാലോചനയുടെ സൂത്രധാരന്‍ ബെര്‍ലൂയിസ് ലണ്ടനിലേക്ക് കടന്നു. കൂടുതല്‍ സുരക്ഷ നല്‍കാന്‍ ഒക്‍ടോബറില്‍ 50 പേരടങ്ങുന്ന സേനയുമായി സോവിയറ്റ് കപ്പല്‍ ഐവാന്‍ റോജോവും എത്തി.

ഈ സൈനിക ഇടപെടല്‍ ഇന്ത്യ-സെയ്ഷ്യല്‍സ് ബന്ധം സുശക്തമാക്കി. 1989 ല്‍ ഇന്ത്യ അവിടെ ഒരു പ്രതിരോധ അക്കാദമി സ്ഥാപിക്കുകയും തുടര്‍ന്നും സെയ്ഷ്യല്‍സിന്റെ സുരക്ഷാദാതാവായി തുടരുകയും ചെയ്തു. ശ്രീലങ്കന്‍ ദൗത്യത്തിന്റെ പരാജയത്തിന്റെ ഫലമായി താത്കാലികമായി മങ്ങിയ പ്രഭാവം 21ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിശാല സൈനികതന്ത്രത്തിന്റെ ഭാഗമായി തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സെയ്ഷ്യല്‍സ്, മൗറീഷ്യസ്, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ ശ്രദ്ധിക്കുന്നു.

പരമ്പരാഗത പ്രവര്‍ത്തനമണ്ഡലത്തില്‍ നിന്നും വളരെ അകലെ, ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിന്റെ ആദ്യ പ്രകടനമായിരുന്നു ഓപറേഷന്‍ ഫ്ലവേര്‍സ് ആര്‍ ബ്ലൂമിങ്. സെയ്ഷ്യല്‍സ് ദൗത്യത്തിന്റെ വിജയമാണ് പിന്നീട് മാലദ്വീപിലും ശ്രീലങ്കയിലും ഇടപെടാനുള്ള തീരുമാനം എടുക്കുന്നതിന് രാജീവ് ഗാന്ധി സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കിയത്. ശ്രീലങ്കന്‍ ഇടപെടല്‍ ഇന്ത്യന്‍ സൈന്യത്തിന് ആത്യന്തികമായി വലിയ നഷ്ടമുണ്ടാക്കുകയും രാജീവ് ഗാന്ധിയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇത്തരം തന്ത്രപ്രധാന തീരുമാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടത്തിന്റെ സാധ്യതകൂടി ഇത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

അവലംബം: ഡേവിഡ് ബ്രൂസ്റ്റര്‍, സ്റ്റ്രാറ്റെജിക് ആന്‍ഡ് ഡിഫന്‍സ് സ്റ്റഡീസ് സെന്റര്‍, ആസ്ത്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, രഞ്ജിത് റായ്, ഇന്ത്യന്‍ നേവല്‍ ഇന്റലിജന്‍സിന്റെ മുന്‍ ഡയറക്റ്റര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.