ലോകത്തിന്റെ മുന്നാം ധ്രുവമായ, കടല്‍ നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള സിയാച്ചിനെന്ന തന്ത്രപ്രധാനമായ ഭൂമിയില്‍ കടുത്ത ശൈത്യത്തിനിടയിലും ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍, അന്നുവരെ ഒരു സൈനിക ഹെലികോപ്റ്ററുകളും ഉയര്‍ന്നു പറന്നിട്ടില്ലാത്തത്ര ഉയരത്തില്‍ പറന്ന് ഇന്ത്യന്‍ സൈനികരെ ഇറക്കി. അവിടെ നിന്നും പാകിസ്്ഥാന്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ ദിവസങ്ങളോളം നടന്ന് കയറിയ അവര്‍ സിയാച്ചിന്റെ ഏറ്റവും ഉയരമുള്ള കിഴക്കന്‍ ബേസില്‍ അശോകചക്രമുള്ള മൂവര്‍ണ്ണ കൊടിനാട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു, സിയാച്ചിന്‍ ഇനി ഇന്ത്യയുടെ ഭാഗമാണ്… ഇനി എന്നും അങ്ങനെ തന്നെയായിരിക്കും.
1983 ഏപ്രില്‍ 13 ന് ഇന്ത്യന്‍ സൈന്യം ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആരംഭിച്ച് വിജയം കണ്ട ഓപ്പറേഷന്‍ മേഘദൂത് എന്ന സൈനിക നീക്കത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ക്ക് ഇപ്പോൾ 34 വയസ്സുണ്ട്. സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13-ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമാണ് ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്റെ ഫലമായി ഇന്ത്യയ്ക്ക് സിയാചിൻ ഗ്ലേഷ്യറിന്റെ പൂർണ്ണനിയന്ത്രണം കൈകളിലാക്കാനായി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 1972-ലെ ഷിംല കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിൻ ഗ്ലേഷ്യർ സ്പർശിച്ചിരുന്നില്ല. കരാർ പ്രകാരം രേഖ NJ9842 എന്ന പോയിന്റിൽ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിൻ ഗ്ലേഷ്യറിനെ ഉൾപ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തർക്കസ്ഥലമായി മാറി. 1970-80 കാലഘട്ടത്തിൽ ഈ പ്രദേശത്ത് പർവ്വതാരോഹണം നടത്താൻ പാകിസ്താൻ ആരോഹകരെ ക്ഷണിച്ചതും ആരോഹണസമയത്ത് അവരുടെ കൂടെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ ചേർന്നതും വളരുന്ന പാക്-ചൈന ബന്ധവും ഗ്ലേഷ്യറിന്റെ മേൽ ഇന്ത്യയുടെ അടിയന്തര ശ്രദ്ധ പതിയാനിടയാക്കി.
1978-ൽ ഇന്ത്യയുടെ വശത്തു നിന്നും പർവ്വതാരോഹണം നടക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ആർമ്മിയിലെ കേണൽ നരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടന്ന ആരോഹണമാണ്. ഭക്ഷണസാധനങ്ങളും മറ്റും യഥാസമയം എത്തിച്ചുകൊടുത്തുകൊണ്ട് ഇന്ത്യൻ വ്യോമസേനയും ഈ ദൗത്യത്തിൽ പങ്കാളികളായി. ബേസ് ക്യാമ്പിൽ കുടുങ്ങിയ പർവ്വതാരോഹകരെ രക്ഷപെടുത്താനായി 1978 ഒക്ടോബർ 6-ന് ഗ്ലേഷ്യറിൽ ആദ്യമായി ഒരു ഹെലികോപ്ടർ ഇറങ്ങി.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ ഗ്ലേഷ്യറിനു മേലുള്ള അവകാശവാദമുന്നയിക്കുവാൻ ആരംഭിച്ചു. എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ട് പാകിസ്താൻ, 1984-ൽ ഒരു സംഘം ജാപ്പനീസ് പർവ്വതാരോഹകരെ റിമോ-1 എന്ന പർവ്വതത്തിന്റെ ഉയരം അളക്കുന്നതിനായി നിയോഗിച്ചു. ഈ പർവ്വതം സിയാചിൻ ഗ്ലേഷ്യറിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും ചൈന കൈയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശമായ അക്സ്സായ് ചിന്നിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തെ പൂർണ്ണമായും നിരീക്ഷിക്കത്തക്കതുമായിരുന്നു.
1983-ൽ, പാകിസ്താൻ സൈനികമേധാവികൾ സിയാചിൻ ഗ്ലേഷ്യറിലേയ്ക്ക് സൈനിക ട്രൂപ്പുകളെ അയച്ചുകൊണ്ട് തങ്ങളുടെ അവകാശമുന്നയിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പർവ്വാതാരോഹോണങ്ങളെ വിശകലനം ചെയ്ത അവർ ഇന്ത്യ സിയാചിനിലെ മലമ്പാതകളും ചുരങ്ങളും പിടിച്ചടക്കുമെന്ന് ഭയന്നു. അതിനുമുൻപേ തങ്ങളുടെ ട്രൂപ്പുകളെ അയയ്ക്കാൻ അവർ തീരുമാനിച്ചു. ഇതറിഞ്ഞ ഇന്ത്യ അതിനും മുമ്പേ ഇറങ്ങാൻ തീരുമാനിച്ചു.
അങ്ങനെ ഒരു സൈനിക ഓപ്പറേഷനിലൂടെ സിയാച്ചിൻ ഗ്ലേഷ്യർ പിടിച്ചടക്കാൻ ഇന്ത്യ പദ്ധതിയിട്ടു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്‌കൃതകവിയായ കാളിദാസന്റെ പ്രസിദ്ധകൃതിയുടെ പേരായിരുന്നു ഓപ്പറേഷന്റെ രഹസ്യനാമം. ശ്രീനഗറിലെ 15- കോർപ്‌സിലെ ജനറൽ ഓഫീസറായിരുന്ന പ്രേം നാഥ് ഹൂൺ ആയിരുന്നു ഓപ്പറേഷന്റെ തലവനായി ചുമതലയേറ്റത്.
ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യൻ ആർമി സൈനികരെ വായൂമാർഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഇതിൽ ഇന്ത്യൻ വ്യോമസേനയുടെ പങ്ക് വളരെ വലുതാണ്. ഹെലികോപ്ടറുകൾക്ക് പറക്കാവുന്ന ഉയർന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യൻ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവർക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.
1984 മാർച്ചിൽ കുമാവോൺ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്‌സിന്റേയും ഒരു സൈനികദളം മുഴുവൻ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കൻ ബേസിൽ എത്തിച്ചേർന്നു. പാകിസ്താൻ റഡാറുകളുടെ കണ്ണിൽപ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം. ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകൾക്ക് മുമ്പേ സൈനികർക്ക് നൽകിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജൻ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യൻ സൈനികർ ഉയരങ്ങൾ കീഴടക്കി.
അടുത്ത സുപ്രധാന നീക്കം ഇന്ത്യൻ സൈന്യത്തിന് ബിലാഫോണ്ട് ലായുടെ നിറുകയിലും ത്രിവർണ്ണ പതാക പാറിക്കാനായി എന്നുള്ളതാണ്. നാലു ദിവസത്തെ തുടർച്ചയായ പര്യടനത്തിലൂടെ അടുത്ത ഇന്ത്യൻ ട്രൂപ്പ് സിയാച്ചിനിലെത്തി . അവർ ക്യാമ്പ്-1, ക്യാമ്പ്-2, ക്യാമ്പ്-3 എന്നിങ്ങനെ മൂന്ന് ക്യാമ്പുകൾ സ്ഥാപിച്ചു. മുന്നേ വന്നവർ സ്ഥാപിച്ച ക്യാമ്പുകൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ കടമ.
ഇത്രയും നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായശേഷമാണ് പാകിസ്ഥാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതു തന്നെ. വൈകിയ ആ വേളയില്‍ ഒരു പോരാട്ടത്തിനു പോലും മനസ്സില്ലാതെ സിയാച്ചിനെന്ന വിസ്മയ ഇടത്തിന് അപ്പുറത്തു നില്‍ക്കുവാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. കാര്യങ്ങൾ ഇത്രയുമായപ്പോളാണ് പാകിസ്താൻ ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് ബോധവാന്മാരായത്. സിയാചിനിലെ മൂന്ന് പ്രധാന ചുരങ്ങളായ സിയാ ലാ, ഗ്യോങ്ങ് ലാ ബിലാഫോണ്ട് ലാ എന്നിവ മൂന്നും ഇന്ത്യ കൈയ്യടക്കിയെന്നകാര്യം പാകിസ്താൻ അറിഞ്ഞപ്പോളേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ഓപ്പറേഷൻ അവസാനിച്ചപ്പോഴേക്കും 2400 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്ത്യയുടെ കൈകളിലായി. ഇരു രാജ്യങ്ങളും സ്ഥാപിച്ച താത്ക്കാലിക ക്യാമ്പുകൾ സ്ഥിരം ക്യാമ്പുകളായി പരിണമിച്ചു.
കടപ്പാട് – വിക്കിപീഡിയ.