വിവരണം – ഗീതു മോഹൻദാസ്.

ആന്ധ്രാപ്രദേശിലെ അത്ഭുതങ്ങൾ ഒളിപ്പിച്ച ബേലും ഗുഹകൾ കണ്ടു മടങ്ങിവന്നിട്ടും മനസ്സുമുഴുവൻ നദി സൃഷ്ഠിച്ചെടുത്ത ആ ലോകം തന്നെ ആയിരുന്നു. ഭൂമിശാസ്ത്രത്തോടുള്ള താല്പര്യം ആകാം ബേലും ഗുഹകളിലേക്കുള്ള യാത്രവിവരണം എഴുതുന്നതിനുമുന്പ് നൂറാവത്തി എങ്കിലും ഇൻറർനെറ്റിൽ ഗുഹകളെ കുറിച്ചും, നദി കാലങ്ങളോളം ഒഴുകി രൂപമാറ്റം വരുത്തുന്ന മനോഹരമായ ലോകത്തെക്കുറിച്ചും വാച്ചികൊണ്ടേ ഇരുന്നത്.

എഴുത്തു പൂർത്തിയാക്കി, ലാപ്ടോപ്പ് അടച്ചു കിടക്കുമ്പോൾ മനസ്സിൽ അന്ന് കണ്ട ബേലും ഗുഹയിലൂടെ ഒരു നദിയൊഴുകി പോകുന്നതുപോലെ. കാലങ്ങളോളം കാണണം എന്ന് ആഗ്രഹിക്കുന്ന ചില സ്ഥലങ്ങൾ കണ്ടു തിരിച്ചെത്തിയാലും നമുക്കുള്ളിൽ അതങ്ങനെ മായാതെ നിൽക്കും.

പിറ്റേന്ന് ഓഫീസിലെ ജോലിയെല്ലാം കഴിഞ്ഞു വീട്ടിലെത്തി, ലാപ്ടോപ്പ് തുറന്നു യൂട്യൂബിൽ ചില വീഡിയോ പരതുമ്പോൾ അപ്രതീക്ഷിതമായി ഒരു വീഡിയോയിൽ കണ്ണുടക്കി. “ഓർഡ” പര്യവേക്ഷണത്തിന്റെ ഒരു വിഡിയോ. പേരിലെ കൗതുകം കൊണ്ട് തുറന്നു നോക്കി കാണാൻ തുടങ്ങിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ബേലും ഗുഹകളിൽ ഞാൻ നടന്ന വഴികൾ, ഉള്ളിൽ രൂപപ്പെട്ട രൂപങ്ങൾ, എല്ലാം അതുപോലെ കാണിച്ചുകൊണ്ട് ഒരു cave expedition. ജിപ്സം ക്രിസ്റ്റലുകളാൽ രൂപപ്പെട്ട ഒരു ഗുഹ!! ദശലക്ഷക്കണക്കിനു വര്ഷങ്ങള്ക്കു മുൻപേ തുടങ്ങിയതും ഇന്നും തുരടർന്നുകൊണ്ടിരിക്കുന്നതുമായ ഒരു മനോഹരമായ ഭൂമിശാസ്ത്ര, രാസ പ്രതിഭാസത്തിൽ രൂപെട്ട അത്ഭുത ലോകം.

ഓർഡ, ഇന്ത്യയിൽ നിന്നും വളരെ അകലെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ ഉറാൾ കൊടുമുടിയുടെ ഭാഗമായ Perm Krai യിൽ ഭൂമിക്കടിയിൽ ഒരു അത്ഭുതം ഒളിപ്പിച്ചു വച്ചു Kungur നദി. ഇന്നും നദി ഒഴുകുന്ന, അത്ഭുതങ്ങളും രഹസ്യങ്ങളും നിറച്ച, വെളിച്ചം ലവലേശം കടന്നെത്താത്ത ഈ ഗുഹക്കുള്ളിലേക്കു ജപ്പാൻ ഗ്രൂപ്പ് നടത്തുന്ന അതിസാഹസമായ ഒരു പര്യവേഷണവും ചിത്രീകരണവും ആണ് ഈ വീഡിയോ മുഴുവൻ.

റഷ്യയിലെ മഞ്ഞുകാലം, അത് ഒരു ഭീകര മഞ്ഞുകാലം തന്നെ ആണ്. എവിടെ നോക്കിയാലും വെള്ളനിറം, -40 വരെ എത്തുന്ന താപനില. അന്തരീക്ഷത്തിലെ ജലാംശം പോലും തണുത്തുറഞ്ഞു പോകുന്ന അവസ്ഥ, ഡോക്യൂമെറ്ററി നമ്മളെ സ്വാഗതം ചെയുന്നത് ഇത്തരം ഒരു കാഴ്ചയിലേക്കാണ്. വേനൽക്കാലത്തു പച്ചപിടിച്ചുകിടക്കുന്ന ഈ ഭാഗം ശൈത്യകാലത്തു മഞ്ഞുപാളികളാൽ നിറയും. ഇവിടെ ആണ് ഗുഹാമുഖം. അതിലൂടെ കടന്നെത്തുന്നതാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണ്ടർ വാട്ടർ വൈറ്റ് ജിപ്സം കേവ്സ്.

എന്തുകൊണ്ടാണ് ഈ ഡോക്യൂമെന്ററിക്കായി ഈ മഞ്ഞുകാലം തന്നെ ഇവർ തിരഞ്ഞെടുത്തത്? ഗുഹക്കകത്തു ഏറ്റവും ശുദ്ധമായ തെളിഞ്ഞ വെള്ളം ഒഴുകുന്ന സമയം. കൂരാകൂരിരുട്ടിൽ കൃത്രിമ വെട്ടത്തിന്റെ സഹായത്താൽ, വര്ഷങ്ങളോളം ഡൈവിങ്ങിൽ പരിചയസമ്പന്നരായ ആളുകളുമായി, അവര്ക്ക് ഒരുവർഷത്തോളം നീണ്ട പ്രത്യേക പരിശീലനം നൽകി ലോകത്തിനു മുന്നിൽ ഈ അത്ഭുതലോകത്തെ തുറന്നു കാണിക്കുകയാണ് ഈ ഡോക്യൂമെന്ററിയിലൂടെ . 4K ക്യാമറ ഉപയോഗിച്ച് ഈ ഗുഹയിലെ അഭുതങ്ങൾ പകർത്താനുള്ള ആദ്യ ശ്രമം.

ഗുഹാമുഖത്തുനിന്നും മഞ്ഞിലൂടെ അകത്തേക്കിറങ്ങിയ പര്യവേഷകർ 60 മീറ്റർ താഴേക്കുള്ള ഗുഹയുടെ ബേസ്ൽ എത്തിച്ചേർന്നു. ഇവിടെ താപനില -15 ഡിഗ്രി. അവിടെ ഒരു ചെറു അരുവിപോലെ നദി കാണാം. ഗുഹക്കകത്തെ അന്തരീക്ഷ വായുവിലെ ജലാംശം തണുത്തുറഞ്ഞു ക്രിസ്റ്റലുകൾ ആയി മാറിയിരിക്കുന്നു . ഡൈവിംഗ് ഉപകരണങ്ങളിൽ പലതും തണുത്തുറഞ്ഞു പോയിരിക്കുന്നു.

മണിക്കൂറോളം നീണ്ട തയ്യാറെടുപ്പിനു ശേഷം അവർ ആ അത്ഭുത ലോകം തേടി യാത്രതുടങ്ങി . അകത്തേക്കുകയറിയ സാഹസികർ പിന്നിടുന്ന വഴികൾ ശ്വാസം അടക്കിപിടിച്ചുമാത്രമേ കണ്ടിരിക്കാൻ കഴിയുകയുള്ളു . കണ്ണാടിപോലെയുള്ള വെള്ളം, ചുറ്റുമുള്ള ജിപ്സത്തിന്റെ വെള്ള മതിൽ ഗുഹയുടെ ഉൾഭാഗത്തെ ആരും പ്രതീക്ഷിക്കാത്ത ഒരു ലോകം ആക്കി മാറ്റുന്നു. ഇടയ്ക്കു കാണുന്ന മറ്റൊരു വഴിയിലൂടെ ടീം ലീഡർ ആയ റഷ്യൻ ഡൈവർ ഇറങ്ങുന്നു, കുറച്ചു മുന്നോട്ടു പോകുമ്പോൾ അവിടെ വെള്ളത്തിന്റെ സുതാര്യത എല്ലാം മാറി ചെളി കളർന്നതുപോലെ. തിരിച്ചു വരാൻ ഉള്ള ആകെ ഒരു മാർഗം അദ്ദേഹം ഉപയോഗിക്കുന്ന ലൈഫ് ലൈൻ മാത്രം .

പലർക്കും കോൺസെൻട്രേഷൻ നഷ്ടപെടുന്നതുപോലെ തോന്നാൻ തുടങ്ങി . ശരീരത്തിന്റെ ആന്തരിക താപനില 35 ഡിഗ്രിക്കും താഴുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ, ഹൈപോതെർമിയ അതിന്റെ ലക്ഷങ്ങൾ ആണ് ഇത്തരത്തിൽ കോൺസെൻട്രേഷൻ നഷ്ടപെടുന്നതും കുറഞ്ഞ പ്‌ളസ് റേറ്റും. ഇനിയും 50 മീറ്റർ കൂടിയുള്ള യാത്ര അതാണ് ലോകം ഇതുവരെ കാണാത്ത അത്ഭുതത്തിലേക്കുള്ള ദൂരം, മനുഷ്യനിര്മിതിയായ രൂപങ്ങൾ പോലെ കൃത്യമായ അളവിൽ മുറിച്ചു മാറ്റിയപോലുള്ള സ്ലാബുകൾ, പ്രകൃതിയുടെ മനോഹരമായ കരവിരുത് .

കുറച്ചുകൂടി മുന്നോട്ട് പോയ പര്യവേഷകരുടെ കാഴ്ചയിൽനിന്നും ഇതുവരെ മുകളിൽ കണ്ട സ്ളാബ് കാണാതായി.. ഇടുങ്ങിയ വഴികൾ അവസാനിച്ചു, ഭൂമിക്കടിയിലെ ഒരു ബഹിരാകാശം പോലെ, കൂരാകൂരിരുട്ടുമാത്രം . ഡൈവേഴ്സിന്റെ കയ്യിലെ പ്രകശംപോലും വെറും ഒരു പൊട്ടുപോലെ, കാഴ്ച അവിടെ ഇരുട്ടുമാത്രം ആകുന്ന അവസ്ഥ, പക്ഷെ അവിടെ എന്തോ ഒരു അത്ഭുതം ഒളിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കി ഡൈവേഴ്‌സ് തിരിച്ചു ഗുഹാമുഖത്തേക്കു എത്തുന്നു . ഹൈഡ്രോ കോസ്മോസ് എന്ന് വിളിക്കുന്ന ഗുഹയുടെ ഭാഗം, ഈ ഭാഗം ക്യാമറയിലേക്കാക്കാനായി ഇറങ്ങിത്തിരിച്ച പര്യവേക്ഷകർക്കു പ്രതീക്ഷക്കപ്പുറം ഉള്ള ഇരുട്ടുകാരണം തിരികെ പോരേണ്ടി വന്നു .

20 വർഷങ്ങൾ ആയി ഈ ഗുഹയുടെ ഭൂമിശാസ്ത്രമായ പ്രത്യേകതകളെ കുറിച്ച് പഠിക്കുകയാണ് OLGA KADEBSKAYA. ശാസ്ത്രജ്ഞയായ ഈ സ്ത്രീ ആണ് ലോകത്തിനു മുന്നിൽ ഈ അത്ഭുതം തുറന്നു കാണിക്കണം എന്ന് ആഗ്രഹിച്ചത് . ഓർഡ ഗുഹകൾ ഉണ്ടാകുന്ന അതേകാലഘട്ടത്തിലെ മറ്റൊരു ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന OLGA കാഴ്ചക്കാരെ, അവിടെ ഇന്ന് നദി അപ്രത്യക്ഷമായിരിക്കുന്നു. പക്ഷെ നദി ബാക്കിവച്ച ഭൂരൂപങ്ങൾ തീർത്ത ഒരു വർണ്ണ പ്രപഞ്ചം, ഭിത്തികൾ ചുവപ്പും വെളുപ്പും നിറത്തിലെ റോക്ക് സാൾട്ട് .

ഇവിടെ തുടങ്ങുകയായിൽ ഓർഡ ഗുഹയുടെ ഭൂമിശാസ്ത്രം , 200 ദശലക്ഷക്കണക്കിനു വര്ഷങ്ങള്ക്കുമുന്പ് കടലായിരുന്നു അവർ ഇപ്പോൾ നിൽക്കുന്ന ഈ സാൾട്ട് മൈൻ. ടെക്ടോണിക ചലങ്ങളുടെ ഭാഗമായി അടുത്തടുത്ത് വന്ന ഭൂഖണ്ഡങ്ങൾ ural കടലിന്റെ വലിപ്പത്തെ ഇല്ലാതാക്കി. കാലങ്ങളോളം പെയ്യാതിരുന്ന മഴ, ural കടലിലെ വലത്തെവെള്ളത്തെ ബാഷ്പീകരിക്കാൻ തുടങ്ങി. പൂർണമായി ബാഷ്പീകരിക്കപ്പെടുന്ന കടൽ ജലം ഉപ്പു ക്രിസ്റ്റൽ ആണ് നൽകുന്നതെങ്കിൽ ഭാഗികമായി ബാഷ്പീകരിക്കപ്പെടുമ്പോൾ , ഉപ്പു ക്രിസ്റ്റലുകൾ രൂപീകരിക്കുന്നതിനു മുന്പേ അവിടെ ജിപ്സം ഉണ്ടായി വരുന്നു. ഇതു രസതന്ത്രം .

അങ്ങനെ അവിടെ ഒരു വലിയ ജിപ്സം പാളി രൂപാടുന്നു, വീണ്ടും കാലങ്ങളോളം നീണ്ടുനിൽക്കുന്ന മഴ, പിന്നെ വരുന്ന വലിയ വേനൽ, ഭാഗീകമായ ബാഷ്പീകരണം, പല ലയറുകളിലുള്ള ജിപ്സം ഫോർമേഷന് കാരണമായി. ഏകദേശം 60 മീറ്റർ ആഴത്തിൽ. കോടിക്കണക്കിനു വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനം ഈ പ്രദേശത്തെ ഒരു ജിപ്സം നിറഞ്ഞ ഭൂമിയാക്കി മാറ്റി .

ഉരാൾ പർവ്വതത്തിനകത്തുനിന്നും ഒഴുകി എത്തുന്ന ഭൂഗർഭ ജലം കാലങ്ങളോളം ജിപ്സം ആയി പ്രവർത്തിച്ചു ചെറിയ വിള്ളലുകൾ ഉണ്ടാകുന്നു, പിന്നീട് ഈ വിള്ളലിലൂടെ ശക്തിയായി ഒഴുകി എത്തിയ വെള്ളം, ജിപ്സത്തെ അലിയിച്ചു കളഞ്ഞു അവിടെ ഇന്ന് ലോകം കാത്തിരിക്കുന്ന ഓർഡ ഗുഹയുടെ രൂപീകരണത്തിന് കാരണമായി .

ഇന്ന് മോസ്കൊയിൽ നിന്നും 200 km മാറി, ഒരു ചെറിയ ഗ്രാമം, ഓർഡ , 50 വര്ഷങ്ങള്ക്കു മുൻപ് അവിടെ രൂപപ്പെടുന്ന ഒരു ഹോൾ ആണ് ഈ കഥയിലെ വഴിത്തിരിവ്, ബേലും ഗുഹയിലും എങ്ങനെ ഒരു ഹോൾ അല്ലെങ്കിൽ ഗുഹാമുഖം കാണാൻ സാധിക്കും. 1994 ൽ ആണ് ആദ്യമായി പര്യവേഷകർ ഈ ഗുഹയിലേക്കിറങ്ങുന്നത്. അന്ന് അവർ പറഞ്ഞിരുന്നു, ഹൈഡ്രോ കോസ്മോസിസ് എന്ന 30 മീറ്ററോളം നീളുന്ന ഒരു അത്ഭുത ഭാഗത്തെ കുറിച്ച്.

ആദ്യ ശ്രമം വെളിച്ചത്തിന്റെ അഭാവം കൊണ്ട് പരാജയപെട്ടങ്കിലും, ജപ്പാൻ പര്യവേക്ഷകർ ഈ ശ്രമം അവസാനിപ്പിച്ചില്ല, ശക്തമായ പ്രകശം നൽകുന്ന ലൈറ്റുകളുടെ, അത് കൈകാര്യം ചെയുന്ന രീതിയും കൃത്യമായ തെയ്യാറെടുപ്പോടും കൂടി അവർ വീണ്ടും എത്തി. അവർ ഒരുമിച്ചു പ്രകശം തെളിയിച്ചപ്പോൾ പര്യവേക്ഷകർ തന്നെ അത്ഭുതപ്പെട്ടു തങ്ങൾ നിൽക്കുന്ന സ്ഥലം കണ്ടപ്പോൾ.

വളരെ ഉയരത്തിൽ ഉള്ള ജിപ്സം മേൽക്കൂര, പിന്നെ മുറികൾക്ക് സമാനമായ വഴികൾ, ഒരു വമ്പൻ ആൽമരം നിൽക്കുന്നതുപോലെ രൂപപ്പെട്ട കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ച. അവിടെ ഇനിയും എത്തിപ്പെടേണ്ട അത്ഭുതങ്ങൾ ഒളിപ്പിച്ച വഴികൾ.. ഇനിയും ഇതുപോലെ ഒരുപാട് ഹൈഡ്രോ കോസ്മോസ് പോലുള്ള ഭാഗങ്ങൾ ഈ ഗുഹക്കടിയിൽ മറഞ്ഞിരിക്കുന്നുണ്ടാകും എന്ന് ഇവർ വിശ്വാസികുന്നു .

ഈ കാഴ്ചകൾ എനിക്ക് ഉണ്ടാക്കിയ അത്ഭുതം ബേലും ഗുഹകളിൽ ഞാൻ കണ്ട ഭൂരൂപങ്ങൾ ആയുള്ള സാമ്യം, ഹൈഡ്രോ കോസ്മോസ് പോലുള്ള വലിയ വിശാലമായ ഭാഗം ഇതൊക്കെ ആണ്. ബേലും ഗുഹകളിലും ഞാൻ കണ്ടിരുന്നു, ഇതുപോലെ വലിയ ഒരു ആൽമരത്തിന്റെ രൂപംപൂണ്ട ഒരു ഭാഗം.. ചിലപ്പോൾ എല്ലാ അണ്ടർ വാട്ടർ ഗുഹകളിലും കാണാം ഇത്തരം ഭൂരൂപങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.