വിവരണം – വിഷ്ണു എ.എസ്.നായർ.

നമ്മുടെ ചില നാടൻ രുചികളുണ്ട്, ഒരിക്കലും മനസ്സിൽ നിന്നും മായാത്ത അല്ലേൽ ഒരിക്കൽ കഴിച്ചാൽ നാവിൻ തുമ്പിൽ നിന്നും അണയാത്ത രുചിപ്പെരുമകൾ പകരുന്ന ചില രുചികൾ, അവ വിളമ്പുന്ന ചില രുചിയിടങ്ങൾ. അങ്ങനെയുള്ള ആരും പറയാത്ത രുചിയിടങ്ങൾ തേടിയുള്ള അലച്ചിലിൽ മുന്നിൽ വന്നുപെട്ടത് ആറ്റിങ്ങൽ മാമം എന്ന സ്ഥലത്തെ ഒറട്ടിക്കടയെന്ന വഴിയോരക്കടയാണ്.

കഴക്കൂട്ടത്ത് നിന്നും ഏതാണ്ട് 13 കിലോമീറ്റർ മാറി IMA house-ലേക്കുള്ള വഴിയുടെ തൊട്ട് മുൻപേ ഇടതു വശത്തായാണ് അധികമാരും ശ്രദ്ധിക്കാത്ത ഒറട്ടിക്കട. പേര് സൂചിപ്പിക്കും പോലെ “ഒറട്ടി കിട്ടുന്ന കട ഒറട്ടിക്കട” അത്രേയുള്ളൂ. പോകാൻ ആഗ്രഹിക്കുന്നവർ ശകടത്തിന്റെ വേഗത ശകലം കുറച്ചു പോവുക ഇല്ലേൽ ഈ കട കണ്ണിൽപ്പെട്ടിലെന്നു വരും. ഒറ്റ നോട്ടത്തിൽ വെറുമൊരു വഴിയോരക്കടയായി മാത്രം തോന്നുമെങ്കിലും താഴെയായി ഇരുന്നു കഴിക്കാനായി ഒരു മാടം അടിച്ചു കൂട്ടിയിട്ടുണ്ട്. ആമ്പിയൻസ് എന്നു പറഞ്ഞാൽ റോഡരികിലെ പച്ചപ്പും താഴെ തട്ടിയുറപ്പിച്ച ചെമ്മണ്ണും മേലെ നീല ടാർപാളിനും. അടിപൊളി.

വൈകിട്ട് 4 മണിയോടെ പ്രവർത്തനമാരംഭിക്കുന്ന ഈ കടയിൽ പോവുക ആകെയുള്ള രണ്ടു ബെഞ്ചുകളിൽ ഒന്നിൽ ആസനസ്ഥനാവുക, ഈ കടയുടെ ബൂർഷ്വാ മുതലാളിയായ എപ്പോഴും ഒരു ചിരി ചുണ്ടിൽ സൂക്ഷിക്കുന്ന നിസാർ ഇക്കയോട് ചൂട് ഒറട്ടിയും പോത്തു റോസ്റ്റും പറയുക.

മുന്നിൽ വന്നെത്തിയ വിഭവങ്ങളിൽ മെല്ലെ മെല്ലെ ചൂട് ഒറട്ടി പെരുവിരലും ചൂണ്ടുവിരലും നടുവിരലും കൊണ്ട് അടർത്തിയെടുത്തു മൃദുവും നാവിൽ തിരയിളക്കം സൃഷ്ടിക്കുന്ന തരത്തിലെ ഗന്ധപൂരിതമായ പോത്തിറച്ചിയും ഇത്തിരിപ്പൂരം അരപ്പും പൊതിഞ്ഞെടുത്തു കഴിക്കണം. 916 കിടുക്കാച്ചി..ഒന്നും പറയാനില്ല…

ആ പോത്തിറച്ചിയുടെയൊക്കെ ഒരു പരുവം ഒരു രക്ഷയില്ല. അണപ്പല്ലിന് ജോലിഭാരം അധികം നൽകാത്ത നല്ല കിടിലം ഇറച്ചി കഷ്ണങ്ങൾ.. ഒന്നാംതരം അരപ്പ്.. വെളുത്തുള്ളി ചതച്ചതും പിന്നെ എന്തൊക്കെയോ കിടിലം മസാലക്കൂട്ടുകളും സമാസമം ചേർത്ത നല്ല സ്വയമ്പൻ റോസ്റ്റ്. വെട്ടിവിഴുങ്ങുന്നതിനോടൊപ്പം ഒരു ഗ്ലാസ് ഡബിൾ സ്‌ട്രോങ് കട്ടൻ മധുരം കുറച്ച് ഊതിയൂതി കുടിച്ചാൽ രുചി ദ്വിഗുണീകരിക്കുമെന്ന പഴമക്കാരുടെ വാദം എത്രയോ ശെരി. കുറച്ചൂടെ തേങ്ങ തിരുകിയത് ചേർത്തിരുന്നതെങ്കിൽ ഒറട്ടി വേറെ ലെവലായേനെ. വിലവിവരം ഒറട്ടി :- 10 Rs, പോത്തു റോസ്റ്റ് :- 100 Rs, കട്ടൻ :- 5 Rs.

അരിമാവിൽ ജീരകവും ചിരകിയ തേങ്ങയും ചേർത്തു കുഴച്ച മാവ് ബട്ടർ പേപ്പർ ഇട്ട ഒറട്ടിപ്പലകയിൽ നിറച്ച് ഒറട്ടി രൂപത്തിലാക്കി കല്ലിൽ ചുട്ടെടുത്ത മീഡിയം കട്ടിയുള്ള ഒറട്ടി ക്ഷണനേരത്തിനുള്ളിൽ ആവി പറപ്പിച്ചു കൊണ്ട് നമ്മുടെ മുന്നിൽ വന്നെത്തും കൂടെ ചെറിയുള്ളി ചേർത്ത നല്ല കിടിലം പോത്തിറച്ചിയും. ഇത്രയും പറയാൻ കാരണം യാതൊരു മറയും ഇല്ലാതെ നമ്മുടെ മുന്നിലാണ് ഒറട്ടി നിർമാണവും വിളമ്പും. വിശ്വസിക്കാം.

വർഷങ്ങളായി ഹോട്ടലുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് ഭാഗത്തുണ്ടായിരുന്ന നിസാർ ഇക്കാ ഇവിടെ വന്നിട്ട് ഒരു വർഷമോ മറ്റോ ആയിട്ടേയുള്ളൂ. എന്നാലെന്താ, സ്ഥിരം വരുന്നവരുടെയും പാർസൽ പോകുന്നതിനും നല്ല തിരക്കും വൈകിട്ട് ഏഴു മണിയോടെ നമുക്ക് കാണാം.

സത്യം.. ഇതുപോലുള്ള കുഞ്ഞു കടകളിലാണ് എന്റെ അനുഭവത്തിൽ രുചിയുടെ തമ്പുരാക്കന്മാർ വിരാജിക്കുന്നത്. എന്തോ വല്ലാത്ത മൊഹബത്താണ് ഇങ്ങനുള്ള കടകളോട്. മുൻപേ പറഞ്ഞത് പോലെ ഇരുന്നു കഴിക്കാനുള്ള സൗകര്യം വളരെ പരിമിതമാണ്. മഴ പെയ്താൽ കൂടുതൽ ദുഷ്കരവും. അതിനാൽ പാർസൽ വാങ്ങുന്നതാകും ഉത്തമം. വൈകിട്ട് നാല് മണിയോടെയാണ് കടയുടെ ഫ്ളക്സ് വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.