വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
പാലക്കയം തട്ട് കണ്ണൂരിന്റെ മഞ്ഞ് മലയെ കണ്ണൂർ വന്നിട്ട് കണ്ടില്ലെങ്കിൽ പിന്നെ എന്താ ചെയ്യുക അങ്ങ് കണ്ട് കഴിഞ്ഞു അത്ര തന്നെ പ്രകൃതി മനോഹരമായ മഞ്ഞ് മലയിൽ കോട കുറവായിരുന്നെങ്കിലും ദൃശ്യ ഭംഗി അതി മനോഹരമായിരുന്നു.
മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് ഇവിടം. രണ്ടര കിലോ മീറ്റർ ട്രെക്കിംഗ് ചെയ്താൽ പാലക്കയം തട്ടിലെത്താം. മലയുടെ മുകളിലേക്ക് ജീപ്പ് സർവീസുകൾ ഉണ്ട്. വൈവിധ്യങ്ങളായ ജൈവ സമ്പത്തുള്ള ഇടമാണ് ഇവിടം. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു.
ദൈവം നമ്മുക്ക് ഈ കാടും , കാറ്റും , മഴയും ,മണ്ണും , മലയും, ഒക്കെ കാണാൻ കുറച്ച് സമയമേ തന്നിട്ടുള്ളൂ. അതു കൊണ്ട് ഉള്ള സമയം നമ്മുക്ക് യാത്രകളിൽ ആനന്ദം കണ്ടെത്തി ജീവിക്കാം. യാത്രകൾ ഇല്ലെങ്കിൽ എന്ത് ജീവിതമാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ച് നോക്കുക. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഇതില്ലെങ്കിൽ നമ്മുടെ ലൈഫ് തന്നെ വേസ്റ്റ് അല്ലെ പ്രിയപ്പെട്ടവരെ, മറ്റൊന്നും നോക്കണ്ട പ്രിയപ്പെട്ടവരെ നീലകാശത്തിൽ പാറി പറക്കുന്ന പക്ഷികളെ പോലെ പറന്ന് ഉയരാം നമ്മുക്ക് ഒന്നായി.
തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്. കൂർഗ് പാതയിൽ കാഞ്ഞിരങ്ങോട്, ചപ്പാരപ്പടവ് വഴി നടുവിൽ എത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണ്ടലം എന്ന സ്ഥലത്തുനിന്നും 5 കിമി കയറ്റം കയറണം പാലക്കയത്ത് എത്തുവാൻ. പലരും ജീപ് സർവീസ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരുവിധം എല്ലാ ഇടത്തരം-ചെറു വാഹനങ്ങളും പാലക്കയം വരെ എത്തും.
ആശാൻ കവല എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് പക്ഷേ മഞ്ഞ് മല എന്ന പേരിലാണ് പ്രസിദ്ധം, കരുവൻ ചാൽ ടൗൺ , കണ്ണൂർ ജില്ല. പാലക്കയം തട്ട് ടിക്കറ്റ് ചാർജ് – 40 രൂപ.
സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.