കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പ്രൈവറ്റ് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുണ്ടായിരുന്നുള്ളൂ അന്നുമിന്നും പരശുറാം. സുൽത്താൻ ബത്തേരിയിൽ നിന്നും എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന പരശുറാം എന്ന സ്വകാര്യ സൂപ്പർഫാസ്റ്റ് ബസ്സിനെ ആരാധിക്കാൻ കാരണങ്ങൾ ധാരാളമായിരുന്നു. എസി, ടിവി, സ്റ്റോപ്പ് അന്നൗൺസ്മെന്റ് എന്നിങ്ങനെ ഒരു മെട്രോ ട്രെയിൻ പോലെയായിരുന്നു പരശുറാം. ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരുടെ ലക്ഷ്വറി ബസ് ആയിരുന്നു പരശുറാം.
പക്ഷെ അധികം വൈകാതെ KSRTC ടേക്ക് ഓവർ വന്നതിനാൽ പരശുറാമിന്റെ സൂപ്പർഫാസ്റ്റ് പെർമിറ്റ് നഷ്ടപ്പെട്ടു. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് ലഭിച്ചപ്പോൾ പരശുറാം തിരികെ വന്നു എങ്കിലും വൈകാതെ ഓട്ടം അവസാനിപ്പിക്കുകയായിരുന്നു. കേരളമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കിക്കൊണ്ട് ടേക്ക് ഓവർ പ്രക്രിയയുടെ ഒരു ഇരയായി യാത്രക്കാരുടെ ഓർമകളിൽ ഒരു കനലായി പരശുറാം പതിയെ പിൻവലിഞ്ഞു.
വെയിലും മഴയുമേറ്റ് വയനാട്ടിലെ നമ്പ്യാർകുന്നിൽ ഒരു തോട്ടത്തിൽ കിടന്നിരുന്ന പരശുറാമിന്റെ ചിത്രം കേരളത്തിലെ ബസ്‌പ്രേമികളെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു. നിസ്സഹായനായി കിടക്കുന്ന തങ്ങളുടെ പരശുവിനെ കാണുവാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ വയനാടൻ ചുരം കയറി. പരശുറാം നിരത്തിൽ നിന്നും അരങ്ങൊഴിഞ്ഞു എന്നു തന്നെ എല്ലാവരും കരുതി.
എന്നാൽ നാളുകൾക്കിപ്പുറം പരശുറാം അന്ന് അരങ്ങൊഴിഞ്ഞ അതേ കളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. അതും പിങ്ക് നിറത്തിൽ വെള്ള വരകളോടു കൂടിയ ലിമിറ്റഡ് സ്റ്റോപ്പ് കളർകോഡിൽ. പരശുറാം ബസ് പണിതിരിക്കുന്നത് പട്ടിക്കാടിനടുത്ത് പ്രവർത്തിച്ചിരുന്ന ഷില്ലി ബീയർ എന്ന ബോഡി വർക്ക്ഷോപ്പിൽ ആയിരുന്നുവെങ്കിലും, തമിഴ്‌നാട്ടിലെ കാരൂരിലെ ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പിലാണ് പരശുറാം തൻ്റെ രണ്ടാം വരവിനു മുന്നോടിയായി പുതുവേഷത്തിലേക്ക് പ്രവേശിച്ചത്.
ഇത്രയൂം നാൾ മഴയും വെയിലുമേറ്റ് നിറംമങ്ങി കിടന്നിരുന്ന ബസ് ഇപ്പോൾ പുതുപുത്തൻ ആയി മാറിയിരിക്കുകയാണ്. പൂർണ്ണമായും പണികൾ പൂർത്തിയായ ബസ് കാരൂരിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുവന്നതും രാജകീയമായിത്തന്നെയായിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
സുൽത്താൻ ബത്തേരി – പറവൂർ റൂട്ടിൽ ഉടൻതന്നെ പരശുറാം സർവ്വീസ് ആരംഭിക്കും. സമയക്രമം പഴയതു തന്നെയായിരിക്കും എന്നാണു സൂചന. തൻ്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാൻ പരശുവിനു കഴിയുമോ? കഴിയും എന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. കാരണം വരുന്നത് സാക്ഷാൽ പരശുറാം ആണ്. വെടിക്കെട്ടും കയ്യടികളും ഇനി തുടങ്ങുവാനിരിക്കുന്നതേയുള്ളൂ. തങ്ങളുടെ പരശുവിൻ്റെ രണ്ടാം ജന്മത്തിലെ ആ മാസ്സ് എൻട്രിയ്ക്കായി എല്ലാവരും ഒരേപോലെ കാത്തിരിക്കുന്നു.