ലോകത്തിലെ ഏറ്റവും കൂടുതൽ റിസ്‌ക്കുള്ള ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാറോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാറോ എയർപോർട്ടിനെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒന്നറിഞ്ഞിരിക്കാം.
1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങുവാനുള്ള ഒരു സ്ട്രിപ് നിർമിക്കുകയുണ്ടായി. ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്നു ഈ എയർ സ്ട്രിപ് ആദ്യം ഉപയോഗിച്ചിരുന്നത്. വളരെ ‘ആഴമുള്ള’ ഒരു താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ചുറ്റും 18000 അടി വരെ ഉയരമുള്ള പർവ്വതങ്ങളാണുള്ളത്. പാറോ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് ആദ്യകാലത്ത് 3900 അടി നീളമാണുണ്ടായിരുന്നത്.
ഇന്ധനം നിറയ്ക്കാതെ കൽക്കട്ടയിലേയ്ക്കും തിരിച്ചും പറക്കാൻ സാധിക്കുന്നതും, പെട്ടെന്ന് ഉയരാൻ സാധിക്കുന്നതും, 18 – 20 സീറ്റ് ഉള്ളതുമായതും, ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നതുമായ വിമാനമായിരുന്നു 1978 – 80 കാലഘട്ടത്തിൽ ആവശ്യമായിരുന്നത്. പാറൊയിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും കുറവായിരുന്നു. മൂന്ന് തരം വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾക്ക് തിരഞ്ഞെടുത്തുവെങ്കിലും ഇവയൊന്നും അനുയോജ്യമായിരുന്നില്ല.
1981-ൽ ഇന്ത്യൻ ഗവണ്മെന്റ് ഭാരം കുറഞ്ഞ വിമാനങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പഠനം അടിസ്ഥാനമാക്കി ഭൂട്ടാൻ ഗവണ്മെന്റ് ഒരു ഡോർണിയർ 228-200 വിമാനം വാങ്ങുവാൻ തീരുമാനിച്ചു. രണ്ടാമതൊരു വിമാനം കൂടി 1983-ൽ വാങ്ങുവാനുള്ള സാദ്ധ്യത നിലനിർത്തുന്നതായിരുന്നു കരാർ. ആദ്യ 18-സീറ്റ് ഡോർണിയർ 228-200 പാറൊ വിമാനത്താവളത്തിൽ 1983 ജനുവരി 14-ന് ഇറങ്ങി.
1981 ഏപ്രിൽ 5-ന് ഭൂട്ടാന്റെ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ ആരംഭിച്ചു. 1983 മുതൽ ഡ്രൂക് എയർ കൽക്കട്ടയിലേക്ക് പിറ്റേദിവസം തിരികെ വരുന്ന രീതിയിൽ വിമാന സർവ്വീസ് ആരംഭിച്ചു. റൺവേയും രണ്ട് മുറികളുള്ള ഒരു കെട്ടിടവുമാണ് അന്ന് പാറോ എയർപോർട്ടിൽ ഉണ്ടായിരുന്നത്. ഭൂട്ടാൻ സിവിൽ ഏവിയേഷൻ വകുപ്പ് 1986 ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഡ്രൂക് എയറിനായിരുന്നു.
1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു. വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു. 1988 നവംബർ 21-ന് ഡ്രൂക് എയറിന്റെ ആദ്യ ജെറ്റ് (ബിഎഇ 146-100 പാറൊ വിമാനത്താവളത്തിലെത്തി. 2003-ൽ ആദ്യ എയർബസ് A319-100 ഇവിടെയെത്തി.
2010 ഓഗസ്റ്റ് മുതൽ നേപ്പാളിലെ ബുദ്ധ എയർ പാറോയിലേയ്ക്ക് ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കാൻ ആരംഭിച്ചു. പിന്നീട് ഈ സർവ്വീസ് നിർത്തലാക്കുകയും ചെയ്തു. 2011 ഡിസംബറിൽ ഭൂട്ടാനിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ടാഷി എയറും സർവ്വീസ് ആരംഭിക്കുകയുണ്ടായി.
പാരോ എയർപോർട്ട് പ്രകൃതിദത്ത സൗന്ദര്യത്തിന്റെ പ്രതീകമാണെന്നുതന്നെ പറയാം. മലനിരകളാൽ ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് ഒരു ചെറിയ എയർപോർട്ട്. അതുകൊണ്ടുതന്നെ
ഈ എയർപോർട്ട് ഏറെ അപകടകരവുമാണ്. പാറോ എയർപോർട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്യാനും, ലാൻഡ് ചെയ്യാനും പ്രത്യേക പരിശീലനം നേടിയ ക്യാപ്റ്റൻ പദവിയുള്ള പൈലറ്റുമാർ തന്നെ വേണം. ലോകത്തു 15 ഓളം പൈലറ്റുമാർ മാത്രമാണത്രെ ഈ എയർപോർട്ടിൽ വിമാനം ഇറക്കാനും ടേക്ക് ഓഫ് ചെയ്യാനും ഇതുവരെ പരിശീലനം നേടിയിട്ടുള്ളവർ.
18000 അടി ഉയരവും ജാനവാസമുള്ളതുമായ മലനിരകൾക്കിടയിലൂടെ പറന്നെത്തുന്ന വിമാനത്തിന് അത്ര ഉയരത്തിൽ നിന്ന് റൺവേ ദൃശ്യമാകുക എളുപ്പമല്ല. ഏ ടി സിയുമായുള്ള കമ്യൂണിക്കേഷൻ മലയിടുക്കുകൾ കാരണം എപ്പോൾ വേണമെങ്കിൽ തടസ്സപ്പെടാം. അതോടൊപ്പം എല്ലായ്‌പ്പോഴും ശക്തമായ കാറ്റാണവിടെ. കൂടാതെ ലോകത്തിലെ ഏറ്റവും ചെറിയ റൺവേയുള്ള എയർപോർട്ടുകളിൽ ഒന്നും കൂടിയാണിത്. ഇത്ര ചെറിയ റൺവേയിൽ നിന്ന് പറന്നുയർന്ന് വലിയ മലനിരകൾ താണ്ടുക എന്നത് സാധാരണ പൈലറ്റുമാർക്ക് അപ്രാപ്യമായ കാര്യമാണ്.
പകൽ മാത്രമേ പാറോ എയർപോർട്ടിൽ വിമാനങ്ങൾക്ക് ലാൻഡിങ് അനുവദിക്കുകയുള്ളു. അതും തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ മാത്രം. രാത്രിയിൽ എമർജൻസി ലാൻഡിങ് വേണ്ടി വന്നാൽ അതിനുള്ള പ്രകാശ സജ്ജീകരണങ്ങൾ ഇവിടെ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, അത് അത്യാവശ്യമെന്നു തോന്നുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രം. എങ്കിലും ഇതുവരെ അവിടെ കാര്യമായ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാരോയുടെ IATA കോഡ് PBH എന്നാണ്. നിലവിൽ ഡ്രൂക് എയറും ഭൂട്ടാൻ എയർലൈൻസും മാത്രമാണ് ഇവിടേക്ക് സർവ്വീസുകൾ നടത്തുന്നത്. ഭൂട്ടാൻ എയര്ലൈന്സിന്റെയും, ഡ്രൂക് എയറിന്റെയും പ്രധാന ഹബ്ബ് കൂടിയാണിവിടം. Airbus A319. A320, ATR 42, ATR 72 തുടങ്ങിയ എയർക്രാഫ്റ്റുകളാണ് പാറോ എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്നത്.
‘പാരോ ചൂ’ എന്ന നദിക്കരയിലെ പാരോ എന്ന ഗ്രാമത്തിനടുത്താണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് എയർ പോർട്ടിന് പാരോ എന്ന പേര് വീണുകിട്ടിയതും.
വിവരണങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, പ്രകാശ് നായർ മേലില.