നമ്മുടെ നാട്ടിലെ ഓരോരുത്തരുടെയും സംസ്‌കാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമായിരിക്കും. അവയെ എല്ലാം മറ്റുള്ളവർ ബഹുമാനത്തോടെ നോക്കിക്കാണുന്നത് കൊണ്ടാണ് ഇന്നും നമ്മുടെ രാജ്യം ഒരു മതേതര രാജ്യമായി നിലകൊള്ളുന്നത്. ഇത് ഇപ്പോൾ പറയുവാൻ ഉണ്ടായ സാഹചര്യം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നടന്ന ഒരു സംഭവമാണ്. പൊതുവെ എയർ ഇന്ത്യ എന്നു കേട്ടാൽ ഇവിടെ മിക്കയാളുകളും വിചാരിക്കും യാത്രയ്ക്കിടയിൽ എന്തോ മോശമായി സംഭവിച്ചിട്ടുണ്ട് എന്ന്. എന്നാൽ അതൊന്നുമല്ല കാര്യം. നമ്മൾ യാത്രക്കാരുടെ മോശം അനുഭവങ്ങളിലൂടെ കേട്ടറിഞ്ഞ എയർ ഇന്ത്യയുടെ മറ്റൊരു മുഖം, നന്മയുടെ മുഖം വെളിപ്പെടുത്തുകയാണ് ഈ സംഭവത്തിലൂടെ.

ഗോരഖ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുകയായിരുന്നു എയർ ഇന്ത്യയുടെ വിമാനം. സമയം വൈകുന്നേരമായിരുന്നു. യാത്രക്കാരെല്ലാം വായനയിലും ഉറക്കത്തിലും മുഴുകിയിരുന്ന സമയം. യാത്രക്കാരിലൊരാളും മുൻ ബിബിസി ജീവനക്കാരനുമായ റിഫത്ത് ജാവൈദ് റംസാൻ നോമ്പിലായിരുന്നു. നോമ്പ് തുറയ്ക്ക് മുൻപ് വിമാനം ഡൽഹിയിൽ എത്തില്ല എന്നുറപ്പാണ്. ആയതിനാൽ വിമാനത്തിനകത്തു വെച്ചുതന്നെ നോമ്പ് തുറക്കേണ്ടി വരുമെന്ന് അദ്ദേഹം തീരുമാനിച്ചു. നോമ്പ് തുറക്കുന്നതിനായി ഭക്ഷണമൊന്നും കൈയിൽ ഇല്ലതാനും.

ഒടുവിൽ വെള്ളം കുടിച്ചു നോമ്പ് തുറക്കാമെന്നു കരുതി അദ്ദേഹം സീറ്റിൽ നിന്നും എഴുന്നേറ്റു എയർഹോസ്റ്റസുമാരിൽ ഒരാളായ മഞ്ജുളയുടെ അടുത്ത് ചെന്ന് ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. എയർഹോസ്റ്റസ് ഒരു ചെറിയ കുപ്പി വെള്ളം നൽകുകയും ചെയ്തു. എന്നാൽ തനിയ്ക്ക് ഒരു കുപ്പി വെള്ളം കൂടി തരണമെന്നും നോമ്പ് തുറക്കുവാൻ ആണെന്നും റിഫത്ത് എയർഹോസ്റ്റസായ മഞ്ജുളയോട് പറഞ്ഞു. സീറ്റ് ബെൽറ്റ് വാണിങ് സൈൻ ഉണ്ടായിരുന്ന സമയമായതിനാൽ “സർ സീറ്റിലേക്ക് ചെല്ലൂ” എന്നു പറഞ്ഞുകൊണ്ട് എയർഹോസ്റ്റസ് റിഫത്തിനെ തിരികെ അയച്ചു.

സീറ്റിൽ തിരികെ വന്നിരുന്ന റിഫത്തിനെ അമ്പരപ്പിച്ചുകൊണ്ട് എയർഹോസ്റ്റസ് മഞ്ജുള ഒരു ട്രേയിൽ ഒരു കുപ്പി വെള്ളവും രണ്ടു സാൻഡ് വിച്ചുകളുമായി എത്തി. “സർ, ഇത് കഴിച്ചുകൊണ്ട് താങ്കൾ നോമ്പ് തുറന്നു കൊള്ളുക. ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിക്കുവാൻ മടിക്കരുത്” എന്നു പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ അവർ പോയി. സന്തോഷത്തോടെ അദ്ദേഹം അതു കഴിച്ചുകൊണ്ട് നോമ്പ് തുറന്നു. അധികം വൈകാതെ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയും എയർഹോസ്റ്റസിനോട് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് റിഫത്ത് വിമാനത്തിൽ നിന്നിറങ്ങുകയും ചെയ്തു.

യാത്രയ്ക്കുശേഷം വീട്ടിലെത്തിയ റിഫത്ത് ഈ സംഭവം ട്വിറ്ററിലൂടെ പങ്കുവെച്ചു. “ഇതാണ് എൻ്റെ ഇന്ത്യ” എന്നു പറഞ്ഞുകൊണ്ടാണ് വിമാനത്തിൽ നടന്ന സംഭവങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തത്. ഈ സംഭവം ട്വിറ്ററിൽ ധാരാളമാളുകൾ കാണുകയും കമന്റ്റ് ചെയ്യുകയുമുണ്ടായി. അങ്ങനെ ഇത് വൈറലായി മാറുകയും നാഷണൽ മീഡിയകളിൽ വാർത്തയാകുകയും ചെയ്തു.

മിക്കപ്പോഴും മോശം അനുഭവങ്ങൾ നിറഞ്ഞ വാർത്തകളിലാണ് എയർ ഇന്ത്യ കടന്നുവരാറുള്ളത്. എന്നാൽ ഈ പുണ്യമാസത്തിൽ ഏവരുടെയും മനസ്സു നിറയ്ക്കുന്ന ഈ സംഭവം നടന്നത് എന്നും നമ്മളെല്ലാം കുറ്റപ്പെടുത്തിയ എയർ ഇന്ത്യയിൽ നിന്നുമാണെന്നത് തെല്ലൊരു ആശ്വാസം നൽകുന്ന കാര്യമാണ്. എയർ ഇന്ത്യക്കും, അതിലെ നല്ലവരായ ജീവനക്കാർക്കും എല്ലാവിധ ആശംസകളും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.