വിമാനത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും, വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താലുടൻ തന്നെ യാത്രക്കാർ സീറ്റ് ബെൽറ്റൊക്കെ അഴിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു ബാഗെല്ലാം എടുത്ത് ഇറങ്ങുവാൻ തിരക്കുകൂട്ടി നിൽക്കുന്നതു കാണാറുണ്ട്. പൊതുവെ മലയാളികളാണ് ഇത്തരത്തിൽ മുന്നിട്ടു നിൽക്കുന്നതും. ഇങ്ങനെ ചെയ്യുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണെങ്കിലും, ഈ തിടുക്കം കൂട്ടലുകൾക്കു പിന്നിലും ചില യാഥാർഥ്യങ്ങൾ ഉണ്ടെന്നതാണ് സത്യം. അത് ശരിവെക്കുന്ന ഒരു അനുഭവമാണ് തൃശ്ശൂർ സ്വദേശിയും പ്രവാസിയുമായ മുജീബിനു പറയുവാനുള്ളത്. ഇത് മുജീബ് ഒരു കുറിപ്പായി ഫേസ്‌ബുക്കിൽ എഴുതുകയുണ്ടായി. താഴെ കൊടുത്തിരിക്കുന്ന ആ കുറിപ്പ് ഒന്നു വായിക്കാം.

“ഫ്ലൈറ്റിൽ നിന്നും തിരക്ക് കൂട്ടി ഇറങ്ങുക. പ്രത്യേകിച്ച് നാട്ടിലേക്ക് വരുമ്പോൾ. ഇൻഡിഗോയിലാണ് യാത്രയെങ്കിൽ ലാൻഡ് ചെയ്യും മുൻപ് ചാടാൻ സാധിക്കുന്നെങ്കിൽ ചാടി എയർപോർട്ട് പിടിക്കുക. വിമാനം ലാൻഡ് ചെയ്യും മുൻപ് ആളുകൾ എണീറ്റ് നിന്ന് ഇറങ്ങാൻ ധൃതി കാണിക്കുന്നതിൽ ഇനി ഞാൻ തെറ്റ് പറയില്ല. നമ്മൾ വൈകി ഇറങ്ങിയാൽ എമിഗ്രേഷൻ കഴിഞ്ഞു കോൺവെർ ബെൽറ്റിൽ എത്തുമ്പോൾ നേരം എടുക്കും. ലഗേജ്, ബെൽറ്റിൽ ഓടി കളിക്കുന്നുണ്ടാവും. വിമാനത്തിൽ നിന്നു തന്നെ ബോധം മറയുവോളം കുടിച്ചു ചിലർ ലഗേജ് എടുക്കാൻ വരികയും അവരുടെ ബാഗുമായി യാതൊരു സാമ്യവും ഇല്ലാത്ത ലഗേജ് മായി എയർപോർട്ട് വിടുകയും ചെയ്യും.

മാന്യമായി പെരുമാറി വിമാനത്തിനുള്ളിൽ തിരക്ക് കൂട്ടാതെ, എമിഗ്രേഷനിൽ അസ്വസ്ഥനാവാതെ കോൺവെർ ബെൽറ്റിൽ എത്തുന്ന ഞാൻ എല്ലാ ലഗേജ് ഉം വന്നിട്ടും എന്റെ ലഗേജ് മാത്രം വരാതെ അക്ഷമനായി കാത്തിരിക്കുന്ന ആ സീൻ ഉണ്ടല്ലോ സാറെ… അവിടെ തീരും നമ്മുടെ എല്ലാ മാന്യതയും. ശേഷം ഇൻഡിഗോ സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ മറുപടിയാണ് ബഹുരസം. “ഞങ്ങൾക്ക് കോൺവെർ ബെൽറ്റ് വരെ ഉത്തരവാദിത്വം ഉള്ളൂ”. ശേഷം, ഗ്രീവൻസ് സെല്ലിൽ പരാതി പറയാൻ ചെന്നപ്പോൾ എഴുതിയ പരാതിയോ വാക്കാലുള്ള പരാതിയോ അവർ എടുക്കില്ല. അവർക്കു മെയിൽ തന്നെ വേണം. വിശന്നിരിക്കുന്ന രണ്ടു മക്കളും കൂടാതെ നോമ്പുകാരനുമായ എനിക്ക് എങ്ങിനെ സാധിക്കും സാറേ നിങ്ങള്ക്ക് മെയിൽ ഉണ്ടാക്കാൻ.

എല്ലാം സഹിച്ചു, മെയിൽ അയച്ചു. ദിവസം നാല് കഴിഞ്ഞിട്ടും ഒരു മറുപടി പോലും ഇതുവരെ വന്നിട്ടില്ല. Cochin International Airport Limited എന്നും പറഞ്ഞു സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വെറുതെ നടന്നു പരസ്യം ചെയ്യലല്ല. യൂസേഴ്സ് ഫീ തന്ന് നിങ്ങളുടെ എയർപോർട്ട് ഉപയോഗിക്കുന്ന കസ്റ്റമേറുടെ താല്പര്യങ്ങൾ കുറച്ചെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. എയർപോർട്ടിന്റെയോ എയർലൈൻസിൻ്റെയോ സഹായം കൂടാതെ ലഗേജ് മാറിക്കൊണ്ടുപോയ ആളെ കണ്ടുപിടിച്ചു ലഗേജ് മേടിച്ചെടുത്തു. അതിനു എക്സ്ട്രാ 120 km വണ്ടി ഓടിയ നഷ്ട്ടം ആരിൽ നിന്നും വസൂലാക്കും?

ഞാനൊരു പരിഹാരം പറയാം: ഡ്യൂട്ടി ഫ്രീയിൽ നിന്നും മേടിച്ച ബാഗും കുപ്പിയുടെ എണ്ണവും എടുക്കാൻ ഇരിക്കുന്ന കുറച്ചു വയറന്മാർ ഇല്ലേ? അതിലെ രണ്ടു വയറന്മാരെയും കൂടെ കൂട്ടി, യാത്രക്കാർ ലഗേജ് കൊണ്ട് പോകുമ്പോൾ ബോർഡിംങ് പാസിലെ ബാർകോഡും ലഗേജിലെ ബാർകോഡും ഒന്ന് സ്കാൻ ചെയ്തു വിട്ടാൽ ഒരിക്കലും പിന്നെ ലഗേജ് മാറിക്കൊണ്ടുപോകുന്ന അവസ്ഥ ഉണ്ടാവില്ല എന്ന് ഓർമിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.