കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർമാർ എന്നുവെച്ചാൽ യാത്രക്കാരോട് ഒട്ടും സംസാരിക്കാത്തയാൾ എന്നായിരുന്നു പണ്ടുമുതലേയുള്ള ഒരു ധാരണ. ആരെയും കുറ്റം പറയാൻ പറ്റില്ല. പണ്ടുകാലത്തെ കണ്ടക്ടർമാരിൽ പലരും ഇങ്ങനെയായിരുന്നതു കൊണ്ടാണ് ആളുകൾക്ക് ഇത്തരമൊരു ധാരണയുണ്ടായത്. എന്നാൽ ഇപ്പോൾ കാലം മാറി. ഇന്ന് സ്ഥിരം റൂട്ടുകളിലെ കണ്ടക്ടർമാർ സ്ഥിര യാത്രക്കാരുമായി ഒരു ആത്മബന്ധം കാത്തു സൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ഓടുന്ന സർവ്വീസ് ആണെങ്കിൽ. ഒരു ദിവസം ഈ ജീവനക്കാരെ കണ്ടില്ലെങ്കിൽ യാത്രക്കാർക്കും അതൊരു വിഷമമാകും. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ഷെഫീഖ് ഇബ്രാഹിം. അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് ഇങ്ങനെ…

“വാത്സല്യ നിധിയായ യാത്രിക – ഈ അമ്മയുടെ പേര് എനിക്ക് അറിയില്ല. ഞായര്‍ ഒഴികെ എല്ലാ ദിനവും എടത്വ ഡിപ്പോയില്‍ നിന്നും എടത്വ – തിരുവനന്തപുരം (ATM 112) ബസ്സില്‍ ഓച്ചിറക്ക് പോകുന്ന യാത്രയിലായിരുന്നു ഞാന്‍ പരിചയപ്പെടുന്നത്. ഓച്ചിറയിലെ ഒരു ഡോക്ടറുടെ സഹായിയായി പോകുന്ന യാത്രയാണിത്. യാത്രികര്‍ക്ക് ഒരു പ്രത്യേകതയുണ്ട്‌. അവരോട് ആത്മാര്‍ത്ഥയോട് ഇടപെടുകയും, സ്നേഹിക്കുകയും ചെയ്താല്‍ അവര്‍ ജീവന്‍ നല്‍കും. അപ്രകാരമൊരു വാത്സല്യനിധിയായ അമ്മ. നമ്മളുടെയൊക്കെ വീടുകളില്‍ നിലവില്‍ ജീവിച്ചരിക്കുന്നതോ, മരണപ്പെട്ടതോ ആയ അമ്മൂമ്മാരെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്രം. നല്ല സ്വര്‍ണ്ണ നിറമുളള മുടിയുമായി സുന്തരിക്കുട്ടി. ദിനവും ഡ്യൂട്ടി ചെയ്യുമ്പോള്‍ ആദ്യം ടിക്കറ്റ് കൊടുക്കുന്നത് ഈ അമ്മക്കാണ്. ഐശ്വര്യമുളള കൈകളാണ്.

കൂടെ സ്ഥിരയാത്രികരായ മറ്റു ചിലരുമുണ്ട്. അതില്‍ ഒരാളെക്കൂടി പറയാതിരിക്കാന്‍ കഴിയില്ല. എടത്വ സ്വദേശിയായ കൃഷ്ണപുരം കൊട്ടാരത്തില്‍ ജോലി ചെയ്യുന്ന ചേച്ചി. മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഈ ബസ്സില്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍ കുറെ ദിനം ഈ ചേച്ചിയെ കാണാതായി. പലരോടും തിരക്കി. ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിനങ്ങള്‍ക്ക് ശേഷം ഈ ചേച്ചിയെ ബസ്സില്‍ കണ്ടപ്പോള്‍ ടിക്കറ്റ് കൊടുക്കുന്നതിടയില്‍ ഞാന്‍ ചോദിച്ചു. എന്താണ് കുറെ ദിനം കാണാതിരുന്നത്. പൊട്ടിക്കരയുകയായിരുന്നു, ഭര്‍ത്താവ് മരണപ്പെട്ടു അതായിരുന്നു കാരണം. എനിക്കും സങ്കടമായി. കണ്ണുകള്‍ നിറഞ്ഞു. ചോദിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയ നിമിഷം. പെട്ടെന്ന് തന്നെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ടല്ലോ വിഷമിക്കാതെ എന്ന വാക്കുകള്‍ എത്രമാത്രം ആ ചേച്ചിയുടെ മനസ്സിലേക്ക് പ്രവേശിച്ചു എന്നത് പിന്നീടാണ് ബോധ്യപ്പെട്ടത്.

ഷെഡ്യൂള്‍ മാറി working അറേഞ്ച്മെന്‍റില്‍ ഹരിപ്പാട് നിന്നുളള കണ്ടക്ടര്‍ ജീവനക്കാര്‍ എത്തിച്ചേര്‍ന്നപ്പോള്‍, ഞാൻ സിങ്കിള്‍ ഡ്യൂട്ടിയിലേക്ക് മാറ്റപ്പെട്ടു. എങ്കിലും ഇടക്കൊക്കെ പ്രസ്തുത ഷെഡ്യൂളില്‍ മറ്റുള്ളവർ ലീവ് വരുമ്പോള്‍ ഇവരെയൊക്കെ കാണുവാന്‍ ഞാൻ ഡ്യൂട്ടിക്ക് കയറി പോകാറുണ്ട്. അവരെ പറഞ്ഞ് സമാധാനിപ്പിക്കാറുണ്ട്. ഇവര്‍ പോകുമ്പോള്‍ ഞാനിങ്ങ് വരില്ലേ എന്ന് പറഞ്ഞ് സമാധാനിപ്പിക്കും. ചെയ്യുന്ന സിങ്കിള്‍ ഡ്യൂട്ടിയില്‍ സംതൃപ്തിയില്ലാതായപ്പോള്‍ ആദ്യമായി ശബരിമല നിലക്കലേക്ക് സേവനത്തിനായി പോയി. “കഠിനമെന്‍റെ അയ്യപ്പാ” എന്ന് പലപ്പോഴും പറഞ്ഞു പോയി. എങ്കിലും സ്പെഷ്യല്‍ ഓഫീസര്‍ ആയ അനില്‍കുമാര്‍ സാറിനെപ്പോലെയുളള ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സ്വന്തം ആരോഗ്യം പോലും മറന്ന് സേവനം ചെയ്യുമ്പോള്‍ പരമാവധി അവിടെ നില്‍ക്കണമെന്നും, അവിടെയുണ്ടായിരുന്ന കാലയളവില്‍ ആത്മാര്‍ത്ഥമായി രാവുകള്‍ പകലാക്കി സേവനം നല്‍കി.ധാരാളം സൗഹൃദങ്ങള്‍ സൃഷ്ടിക്കുവാനുളള അവസരമായി കാണുകയും ചെയ്തു.

നിലക്കലില്‍ നിന്ന് തിരികെ എത്തി. നിലവില്‍ പോകുന്ന സിങ്കിള്‍ ഡ്യൂട്ടിയും, മുട്ടാര്‍ എന്ന കുട്ടനാട്ടിലെ ഹൃദയഭാഗത്തെ ആളുകളുടെ നന്മയും,സ്നേഹവും ആവശ്യത്തിന് ലഭിച്ചപ്പോള്‍ പ്രസ്തുത ഡ്യൂട്ടി ഇഷ്ടപ്പെട്ടു തുടങ്ങി. ഹരിപ്പാട് നിന്നുളള ആദ്യ ബാച്ച് പോയപ്പോള്‍ ഇഷ്ട ഡ്രൈവര്‍ കൂടിയായ അജിത്ത് ചേട്ടനോടൊപ്പം പ്രിയപ്പെട്ട യാത്രികരുടെ ആവശ്യപ്രകാരം തിരികെയെത്താം എന്ന് ആഗ്രഹിച്ചിരുന്നു.

ഒരു ദിനം മറ്റൊരു ഡ്യൂട്ടി പോകുവാന്‍ പോകുമ്പോള്‍ ഈ അമ്മയും, ചേച്ചിയും അരികിലേക്ക് ഓടി വന്നു വാത്സല്യത്തോടെ വിവരങ്ങള്‍ തിരക്കി. “മോന്‍ എപ്പോള്‍ വരും” എന്ന് എന്‍റെ കൈകള്‍ പിടിച്ച് ചോദിച്ചപ്പോള്‍ ആ അവര്‍ക്ക് രണ്ടുപേര്‍ക്കും വ്യക്തമായൊരു മറുപടി നല്‍കുവാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ കൈകള്‍ നേരെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് നേരെ നീട്ടിയിട്ട് പറഞ്ഞു. “അവരാണ് അമ്മേ തീരുമാനിക്കേണ്ടത്.” അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ രശ്മിനാഥ് സാറിനെ ഓഫീസില്‍ നിന്നും വിളിച്ച് ഇവരുടെ അരികിലേക്ക് കൊണ്ടുവന്നു. ഈ സാറിനോട് നിങ്ങളുടെ ആവശ്യം പറയാന്‍ പറഞ്ഞു. അപ്പോഴും പ്രതീക്ഷകളുണ്ടായിരുന്നു. പ്രസ്തുത ബാച്ച് 75 ഡ്യൂട്ടി പോകുമ്പോള്‍ തിരികെ പോകുമ്പോള്‍ തിരികെ 0710 TVM ഷെഡ്യൂളില്‍ എത്തുവാന്‍ കഴിയുമെന്ന്.

പ്രസ്തുത ബാച്ച് തിരികെ ഹോം ഡിപ്പോയിലേക്ക് പോയി. പകരം 7 കണ്ടക്ടര്‍മ്മാര്‍ ഹരിപ്പാട് നിന്നെത്തി. സിനിയോരിറ്റി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി അവരെ ഒഴിവുണ്ടായിരുന്ന ഷെഡ്യൂളിലേക്ക് പോസ്റ്റ് ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വളരെയധികം വിഷമിച്ചു. ആരും മനസ്സിലാക്കുന്നില്ല എന്നൊരു തോന്നല്‍. യൂണിയനുകള്‍ പോലും ഈ വിഷയത്തില്‍ എടുത്ത നിലപാട് സങ്കടകരമായി. ഓരോര്‍ത്തര്‍ക്കും പ്രത്യേകം താത്പര്യങ്ങള്‍. ഈ അമ്മക്ക് നല്‍കിയ വാക്ക് നിറവേറ്റാനായി പ്രസ്തുത സ്റ്റേഷന്‍മാസ്റ്റര്‍ക്ക് കഴിഞ്ഞില്ല. തൊഴിലാളി സംരക്ഷരാണ് എന്ന് യൂണിയന്‍ പറയുമ്പോഴും എവിടെയൊക്കെയോ വെളളം ചേര്‍ക്കുന്നില്ലേ എന്നൊരു തോന്നല്‍. ഞങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.

ഇവരുടെ സ്നേഹവും വാത്സല്യവും എല്ലായപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതോടൊപ്പം മറ്റുളള യാത്രികരുമായുളള സഹകരണവും. എല്ലാവിധ പിന്തുണയും നല്‍കുന്ന തോമസ്സ് സാറും, മാര്‍ട്ടിനും, പേരറിയാത്ത കുറെ നന്മ മനസ്സുകളായ യാത്രികരുടെയും പ്രാര്‍ത്ഥനകളും, അനുഗ്രഹവും കൂടെയുണ്ടാകും എന്ന് കരുതുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.