കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.
ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽപെട്ട ഇന്നത്തെ പത്തനംതിട്ട.
ആധിമകാല രാജവംസമായിരുന്ന ആയ് വംശം തെക്ക് നാഗർകോവിൽ മുതൽ തിരുവല്ല വരെ വ്യാപിച്ചു കിടന്നിരുന്നു.പമ്പയെ ബാരിസ് എന്നാണ് പഴയ ചരിത്രരേഖകളിൽ വിളിച്ചിരുന്നത്. ആയ് രാജാക്കന്മാർ ശക്തി ക്ഷയിച്ചപ്പോഴൊക്കെ അവരുടെ ഈ വടക്കനതിർത്തി ചേരന്മാർ ആക്രമിച്ചു കീഴടക്കാരുണ്ട്. അങ്ങനെ ചേരന്റെയും ആയ് രാജവംശത്തിന്റെയും ചിലപ്പോൾ പണ്ട്യരാജവിന്റെയും ഭരണത്തിലിരുന്ന പ്രദേശങ്ങളാണ് പിന്നീട് കായംകുളം രാജാവിന്റെ അധീനതയിലായത്. എന്നൽ 1746 ല് മാർത്താണ്ടവർമ കായംകുളം രാജ്യം പിടിച്ചെടുക്കുകയും തിരുവിതംകുറിനോട് ചേർക്കുകയും ചെയ്തു. പിന്നീട് കേരളപ്പിറവിക്ക് ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടന്ന പ്രദേശങ്ങളാണ് 1982 നവംബർ 1നു പത്തനംതിട്ട ജില്ല എന്ന പേരിൽ ഏകോപിപ്പിച്ചതു.
രൂപവത്കരണ സമയത്ത് പത്തനംതിട്ട,അടൂർ റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽനിന്നും എടുത്തതും, തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.
പേരിന് പിന്നിൽ – നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു. എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം. ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം.
പുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പിൽക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി.ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ – മൂവാറ്റുപുഴ റോഡ് എന്നിവ. അച്ചൻ കോവിൽ നദിയുടെ തീരത്താണ് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. 24 മണിക്കൂറും ദർശനം ഉള്ള ഏക കാവാണ് . 999 മലകൾക്കു മൂലസ്ഥാനം . പ്രകൃതിയെ ആരാധിക്കുന്ന ഏക ദേവാലയം കല്ലേലി കാവാണ്.
പത്തനംതിട്ട, പന്തളം, റാന്നി, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം ക്രിസ്തുവിൻറെ ശിഷ്യനായ സെന്റ്.തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി, നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് പമ്പനദിയുടെ തീരത്താണ് പ്രസിദ്ധമായ പരുമല പള്ളി. കണ്ണശ്ശ കവികൾ താമസിച്ചിരുന്ന നിരണവും മാലിക് ദിനാർ സ്ഥാപിച്ച നിരണം മാലിക് ദിനാറും പത്തനംതിട്ട ജില്ലയിലാണ്. ഏറ്റവും പടിഞ്ഞാറ് പ്രസിദ്ധമായ ഇരതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും സ്ഥിതി ചെയ്യുന്നു.
പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും, 8-ആം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന പല്ലവ രീതിയിൽ പാറ തുരന്നുള്ള ഗുഹയിൽ നിർമ്മിതമായ ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്ന കവിയൂർ, ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളംകളിയാലും, ആറന്മുള കോട്ടാരത്താലും പ്രസിദ്ധമായ ആറന്മുള, ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, വലിയകോയിക്കൽ ക്ഷേത്രം നിലകൊള്ളുന്ന പന്തളം, മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം, ഇലന്തൂർ, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി, ക്രിസ്തു വർഷം 325-ൽ കടമ്പനാട് സ്ഥാപിതമായ സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ, മണ്ണടി വേലുത്തമ്പി ദളവാ സ്മാരക മന്ദിരം , നദി പ്രദക്ഷിണം ചെയ്യുന്ന വലചുഴിദേവിക്ഷേത്രം വലംചുഴി, മലയാലപ്പുഴ ദേവീക്ഷേത്രം, ശക്തിഭദ്രന്മാരുടെ കാലത്തെ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ശക്തിഭദ്രനെന്ന രാജാവിന്റെ കാലത്തേതെന്ന് കരുതപ്പെടുന്ന ചിലന്തിയമ്പലം നിലകൊള്ളുന്ന കൊടുമൺ, കടമ്മനിട്ട, നാരങ്ങാനം, പ്രക്കാനം, റാന്നി, മരമടിക്കു പേരുകേട്ട ആനന്ദപ്പള്ളി [6]പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആനിക്കാട്ടിലമ്മക്ഷേത്രം, വാഴമുട്ടത്തെ ശ്രീ മഹാ വിഷ്ണു ക്ഷേത്രം, താഴൂർ ഭഗവതി ക്ഷേത്രം പ്രസിദ്ദമാണ് പ്രത്യേകിച്ചും അവിടുത്തെ കോലം ,കുളനട പഞ്ചായത്തിലെ മാന്തുക കുപ്പണ്ണൂർതീര വഴിയോരവിശ്രമകേന്ദ്രവും ചിൽഡ്രൻസ് പാർക്കും ; ഇത് കേരളത്തിൽ SH – 1ലെ [MC റോഡിലെ ]ആദ്യത്തെ സൗജന്യ വഴിയോരവിശ്രമകേന്ദ്രം കൂടിയാണ് . ധാരാളം ദീർഘദൂര സഞ്ചാരികളെ ഈ വിശ്രമകേന്ദ്രം ആകർഷിക്കുന്നു.
പത്തനംതിട്ടയുടെ മറ്റു പ്രത്യേകതകൾ – പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല. ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട് പഞ്ചായത്തിലാണ്. ജില്ലയുടെ ഏതാണ്ട് പകുതിയോളം വനപ്രദേശങ്ങളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല, ആദ്യ പോളിയോ വിമുക്ത ജില്ല, ആദ്യമായി ഷുഗർ ഫാക്ടറി വന്ന ജില്ല, ജനസംഖ്യാ വർധന നിരക്ക് കുറവുള്ള ജില്ല എന്നീ പ്രത്യേകതകളും പത്തനംതിട്ടയ്ക്കുണ്ട്.