പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ പെരുമ ലോകമെങ്ങും അറിയപ്പെടുന്നതാണ്. എന്നാൽ തൃശ്ശൂർ നഗരത്തിലുള്ള ഒരു സ്ഥലത്തെ കാഴ്ചകൾ കണ്ടാൽ അതോടെ തീരും എല്ലാം. വേറെങ്ങുമല്ല, തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡ് തന്നെയാണ് ആ ഹതഭാഗ്യനായ സ്ഥലം. വളരെക്കാലങ്ങളായി നിലനിൽക്കുന്ന യാത്രക്കാരുടെ ആവശ്യമാണ് തൃശ്ശൂർ ബസ് സ്റ്റാൻഡിൽ വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമാക്കുക എന്നത്. എന്നാൽ ഭരിക്കുന്നവരും അധികാരികളുമൊക്കെ തൃശ്ശൂർ കെഎസ്ആർടിസിയെ കൈയൊഴിഞ്ഞ മട്ടാണ്. അത് ഇപ്പോൾ മാത്രമല്ല എക്കാലത്തും അങ്ങനെ തന്നെയാണ്. നിരവധി നിവേദനങ്ങൾ പലർക്കായി നൽകിയെങ്കിലും ഇതുവരെ ഒരു പരിഹാരമായില്ല എന്നും യാത്രക്കാർ ആരോപിക്കുന്നു.

പ്രസ്തുത വിഷയത്തിൽ ഇടപെടണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തൃശ്ശൂർ എം.എൽ.എ. യും കൃഷി മന്ത്രിയും അതിലുപരി ഒരു തൃശ്ശൂർക്കാരനുമായ ശ്രീ. വി.എസ്. സുനിൽകുമാറിന്, സമൂഹ മാധ്യമങ്ങളിലൂടെ ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ആനവണ്ടി ബ്ലോഗ് അഡ്മിനുകളിൽ ഒരാളും, തൃശ്ശൂർ ബസ് സ്റ്റാൻഡ് വഴി യാത്ര ചെയ്യുന്ന ഒരു സ്ഥിര യാത്രക്കാരനുമായ വൈശാഖ്. വൈശാഖിൻ്റെ കത്ത് താഴെ കൊടുത്തിരിക്കുന്നു, ഒന്നുവായിക്കാം.

“തൃശൂർ എം എൽ എയും കൃഷി മന്ത്രിയും ആയ ശ്രീ വി.എസ് സുനിൽ കുമാറിനോട് ബഹുമാനപൂർവ്വം ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് പുതിയ ബസുകൾ കൊണ്ട് വരാനും, ഉള്ളത് പോവാതെ ഇരിക്കാനും ഉള്ള കാര്യങ്ങളിൽ ഇടപെടാനുള്ള താങ്കളുടെ പരിമിതികൾ മനസിലാക്കുന്നു.

എന്നാൽ ആയിരക്കണക്കിന് ആളുകൾ ദിവസവും വന്നു പോകുന്ന, നൂറു കണക്കിന് ബസുകൾ വന്നു പോകുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉള്ള ടോയിലെറ്റിന്റെ അവസ്ഥ താങ്കൾക്ക് അറിയുമോ എന്നു അറിയില്ല. ഇല്ലെങ്കിൽ ദയവ് ചെയ്തു സ്റ്റാൻഡിൽ വന്നു കാണണം.

തൃശ്ശൂരിന് ഏറ്റവും നാണകേടുണ്ടാക്കുന്ന ഒരു സംഭവം ആണ് തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിലെ സൗകര്യങ്ങൾ. ഇതിന് പുറമെ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ നാമ മാത്രം. ഉള്ളത് തന്നെ പൊട്ടി പൊളിഞ്ഞത്. ഇവിടെയുള്ള കടകളിൽ കിട്ടുന്ന സാധനങ്ങൾ മുഴുവൻ ഡ്യൂപ്ലിക്കേറ്റ് (ഒറിജിനൽ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന) മാത്രം..

അത്യാധുനിക രീതിയിൽ ഉള്ള ഒരു ടോയിലെറ്റ് കോംപ്ലെക്‌സ് താങ്കൾ വിചാരിച്ചാൽ എളുപ്പം നടക്കാവുന്ന കാര്യമാണ് എന്നാണ് വിശ്വാസം. ടോയിലെറ്റ് മാത്രമല്ല വൃത്തിയും വെടുപ്പും ഉള്ള ഇരിപ്പിടങ്ങളും യാത്രക്കാരുടെ അവകാശമാണ്. ഇതിന് വേണ്ട പരിഗണന കൊടുത്തു ഉടൻ തന്നെ വേണ്ട നടപടികൾ ആരംഭിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. തൃശൂരിലെ തന്നെ വ്യവസായ പ്രമുഖരെ സമീപിപ്പിച്ചാൽ അവരുടെ സിഎസ്ആർ പദ്ധതി പ്രകാരം ഈ കാര്യങ്ങൾ ഒക്കെ സർക്കാരിന് പത്ത് പൈസ ചെലവില്ലാതെ പൂർത്തീകരിക്കാൻ സാധിക്കും.

ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം കൊടുക്കണം എന്ന ദിശാബോധം ജനപ്രതിനിധികൾക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.