പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ പ്രായമായ ഒരാൾ തളർന്ന് കിടക്കുന്നുണ്ട് എന്ന വിവരം സ്‌റ്റേഷനിൽ ആരോ അറിയിച്ച പ്രകാരം, ആരെങ്കിലും ഉറ്റവരെ അന്വേഷിച്ച് കിട്ടുന്നതുവരെ വേണമെങ്കിൽ തത്കാലം സുരക്ഷിതമായി നിർത്തുന്നതിനായി “സ്നേഹനിലയത്തിലെ” സുഹൃത്തുക്കളെ വിളിച്ച് വരാൻ പറഞ്ഞു.
ചെന്നു നോക്കുമ്പോൾ അവിടത്തെ ബഞ്ചിൽ പ്രായമായ തലമുടിയും താടിയും ഒരുപാടുള്ള, ഭക്ഷണം കഴിക്കാഞ്ഞിട്ടോ എന്തോ ,ശരിക്കും “റ” എന്നെഴുതിയ പോലെ വയർ ഉള്ളിലേക്ക് കുഴിഞ്ഞ നിലയിൽ ഒരാൾ കിടന്നിരുന്നു. വിളിച്ചപ്പോൾ വേഗം കണ്ണ് തുറന്നു. വിവരങ്ങൾ ചോദിച്ചപ്പോൾ 30 വർഷമായി തിരുമിറ്റക്കോട് വന്നിട്ട്, പേര് ശശി നമ്പൂതിരി എന്നാണെന്നും സ്വദേശം ചേർത്തലയാണെന്നും പൂജാദികർമ്മങ്ങളായിരുന്നു ജോലി എന്നും, ഇപ്പോൾ ജോലിയൊന്നും ഇല്ല എന്നും പറഞ്ഞു.
ഭക്ഷണം കഴിച്ചില്ലേ എന്ന ചോദ്യത്തിന് അല്പം നീരസം കലർന്ന ഭാവത്തിൽ അക്ഷരസ്ഫുടതയോടെ കഴിച്ചു. എനിക്ക് കുറെ പരിചയക്കാരുണ്ട് തിരുമിറ്റക്കോട് നിന്നും കഴിക്കും, തിരുനാവായ പോയി കഴിക്കും പിന്നെ കുറെ പരിചയക്കാരുടെ പേരും പറഞ്ഞു. പിന്നെ എന്തു പറ്റി ക്ഷീണം എന്ന് ചോദിച്ചപ്പോ ആ ക്ഷീണമുണ്ട് അതു കൊണ്ട് കിടന്നു.
വീട്ടുകാരെപ്പറ്റി ചോദിച്ചപ്പോൾ ഭാര്യയുണ്ട്, മക്കളുണ്ട്, സഹോദരിമാരുണ്ട്, മകൻ ഗൾഫിലാണ്. കുറെ കൊല്ലങ്ങളായി ബന്ധമില്ല. സഹോദരിയെ കാണാൻ പോകാറുണ്ട് എന്നും പറഞ്ഞു. ചായയും ബണ്ണും വാങ്ങിക്കൊടുത്തു. വേഗം കഴിച്ചു ഒരു ചായ കൂടി ആവാം ന്ന് പറഞ്ഞു. ആദ്യത്തെ നീരസം മാറി. ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സഹോദരിയുടെ മന:പാoമാക്കിയ നമ്പർ തന്നു. വിളിച്ചു നോക്കി.
പിന്നെ മുടിയൊക്കെ വെട്ടി വൃത്തിയാക്കി കുളിച്ച് ഭക്ഷണം കഴിക്കാമെന്നും വീട്ടുകാർ വരുന്ന മുറക്ക് പോകാം എന്നും, തത്കാലം സ്നേഹനിലയത്തിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ, എന്തിന് 30 കൊല്ലമായി ഇങ്ങിനെ ഇവിടെയൊക്കെത്തന്നെ എന്നും പറഞ്ഞു. ഞങ്ങളെല്ലാം സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ വൃത്തിയായി കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ച് വൈകുന്നേരം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിക്കാം എന്ന് പറഞ്ഞു. അവസാനം ആ സ്നേഹ നിർബന്ധത്തിനു വഴങ്ങി, സ്നേഹ നിലയത്തിന്റെ വണ്ടിയിൽ കയറ്റി കൊണ്ടു പോയി.
ഇനി നേർകാഴ്ചകൾ… രാത്രി സ്നേഹനിലയത്തിൽ നിന്നും വിളിച്ചു. ആളെ വൃത്തിയാക്കി കുളിപ്പിച്ച് ഭക്ഷണം കൊടുത്തു എന്നും പറഞ്ഞു. ആദ്യം പുറത്ത് വരാൻ വാശി, പിന്നെ അവിടെത്തന്നെ തങ്ങാൻ സമ്മതം. വീട്ടുകാർ വരികയാണെങ്കിൽ വരുന്ന വരെ ഭക്ഷണം കഴിക്കാതെയാ തളർന്നോ അപകടം വരാതെ ചെറിയ ഒരു സുരക്ഷാ കേന്ദ്രത്തിലെത്തിച്ചതിന്റെ സമാധാനം.. ആശ്വാസം..
“സ്നേഹനിലയം” കാണിച്ച ആത്മാർത്ഥതയും സ്നേഹവും അതാണ്. വീട്ടുകാർ നോക്കാത്തതാണോ, ഇദ്ദേഹത്തിന്റെ വാശിയാണോ എന്നറിയില്ല. രണ്ടു കൂട്ടർക്കും തിരിച്ചറിവുണ്ടായി ഇദ്ദേഹത്തിന് ഭാവിയിൽ സുരക്ഷിതത്വം ഉണ്ടാവട്ടെ എന്നാശിക്കാം. “സ്നേഹാഭിനന്ദനങ്ങൾ സ്നേഹനിലയിത്തിലെ നബീൽ തങ്ങൾ, ഹബീബ് കൊപ്പം , റിയാസ് വൈദ്യർ നിങ്ങളുടെ നന്മക്ക് മുന്നിൽ കൂപ്പുകൈ.
കടപ്പാട് – Paachi Vallappuzha, Pattambi Babu Traffic SI.