വിവരണം – Arun Vinay.
മണിയണ്ണന്‍ എന്ന പേര് നെടുമങ്ങാടുകാരില്‍ നല്ലൊരു ഭാഗം ആള്‍ക്കാര്‍ക്കും സുപരിചിതമാണ്. നാല് ചക്ര വണ്ടിയില്‍ ചൂട് പായസവും നിറച്ചു രാവിലെ ഇറങ്ങുന്ന മണിയണ്ണന്‍ പണ്ടൊക്കെ പൊന്മുടിയുടെ തുടക്കം വരെ പായസവണ്ടിയും ഉന്തി പോകുമായിരുന്നെങ്കിലും പ്രായം തളര്‍ത്തിതുടങ്ങിയപ്പോള്‍ കലുങ്ക് ജങ്ഷന്‍ വരെയായി അത് കുറഞ്ഞു. എന്നും നെടുമങ്ങാട് ടൗണിന്‍റെ പലഭാഗങ്ങളിലായി മണിയണ്ണനെ കാണാം.. രാവിലെ ആനാടുള്ള വീട്ടില്‍ നിന്നും പായസവുമായി ഇറങ്ങി സ്കൂള്‍ ജംഗ്ഷനും, ചന്തയുടെ ഏരിയയുമൊക്കെ കറങ്ങി പത്താം കല്ല് എത്തുമ്പോള്‍ തന്നെ പായസം തീരാറുണ്ട്…
ഉച്ച നേരം ജോലിത്തിരക്കും കഴിഞ്ഞു നെടുമങ്ങാട് പാര്‍ക്കിന്‍റെ മുന്നിലെത്തിയപ്പോഴാണ് കക്ഷിയുടെ “പായസം പാര്‍സല്‍ കൊടുക്കപെടും” എന്ന ബോര്‍ഡ് വച്ച വണ്ടി കണ്ടത്. പുള്ളിയുടെ നടത്തത്തിലെ അവശത അന്ന് അധികമൊന്നും ചിലവായിട്ടില്ലെന്ന് പറയാതെ പറഞ്ഞു. ഈ പ്രായത്തിലും പക്ഷെ ഇങ്ങനെയൊരു ജോലി ചെയ്തു തന്റെ കുടുംബം പുലര്‍ത്താന്‍ ആ മനുഷ്യന്‍ കാണിക്കുന്ന മനസ്സു ശെരിക്കും ഞെട്ടിക്കും, ഒപ്പം ഇങ്ങനെയൊരു വെറൈറ്റി തൊഴില്‍ ട്രൈ ചെയ്യാന്‍ കക്ഷി കാണിച്ച ആ നിശ്ചയദാർഢ്യം സമ്മതിക്കാതെ വയ്യ.
ആദ്യകാലങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഐസ്സും മറ്റും സൈക്കിളിൽ കൊണ്ട് പോയി വിറ്റ് കിട്ടുന്ന കാശ്കൊണ്ടായിരുന്നു കക്ഷി ജീവിച്ചിരുന്നതെങ്കിലും പിന്നീട് പ്രായാധിക്യം കാരണം പായസത്തിന്റെ കച്ചവടത്തിലേക്കു മാറുകയായിരുന്നു. തന്റെ 17ആം വയ്യസ്സില്‍ അച്ഛന്റെ മരണത്തോടെ കുടുംബപ്രാരാബ്ദം ഏറ്റെടുത്തതും, അരിവെപ്പുകാരനായ ആശാന്റെ കൂടെ കൂടിയ കഥയുമെല്ലാം പറയുമ്പോള്‍ 80 വയസ്സിലെത്തിനിൽക്കുന്ന ചെറുപ്പക്കാരനായ മണിയണ്ണന് നൂറു നാവാണ്..
60 വര്‍ഷത്തോളമായി നെടുമങ്ങാട് ടൗണ്‍ പരിസരങ്ങളില്‍ മണിയണ്ണനും പായസവണ്ടിയും യാത്ര തുടങ്ങിയിട്ട്. പുറമേ നിന്നും നോക്കുമ്പോള്‍ തട്ടിക്കൂട്ട് പോലെ തോന്നുമെങ്കിലും കൂടെ നിന്നു സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സിലായി ആ മനുഷ്യന്‍റെ ജീവിതം തന്നെ ആ നാല് ചക്രവണ്ടിയും അതിലെ നാല് അലുമിനിയം പാത്രങ്ങളും ആണെന്ന്. ഫോട്ടോ എടുക്കാന്‍ ക്യാമറ എടുത്തപ്പോള്‍ ഇന്റര്‍നെറ്റില്‍ ഇടാന്‍ ആണെങ്കില്‍ ഞാന്‍ പണ്ടേ അതില്‍ ഉണ്ടെന്നുള്ള കമന്റ് പാസാക്കി കക്ഷി പോസ് ചെയ്തു നിന്നു തന്നു. പേപ്പര്‍കപ്പിലേക്ക് ഒഴിച്ചു തന്ന അടപ്പായാസത്തിന്റെ രുചിയിലും ഈ പറഞ്ഞ 60 വര്‍ഷത്തിന്‍റെ കൈപുണ്യം കാണാന്‍ ഉണ്ടായിരുന്നു എന്നത് പറയാതെ വയ്യ.
കപ്പലണ്ടിയും സേമിയയും അടയും ചേര്‍ത്തുണ്ടാക്കിയ നല്ല കിടിലം പായസം. ആവശ്യത്തിനു നെയ്യും, കിസ്സ്‌മിസ്സും കപ്പലണ്ടിയും കൂട്ടി ചേര്‍ത്ത് കപ്പിലേക്ക് കട്ടിയ്ക്കു ഒഴിക്കുമ്പോള്‍ ചൂട് പോലും നോക്കാതെ ഒന്നെടുത്തു ചുണ്ടില്‍ മുട്ടിച്ചു നോക്കി. ആര്‍ത്തി മൂത്ത് ട്രൈ ചെയ്തത് ആണെങ്കിലും ആ ചൂടിനെ കവച്ചു വയ്ക്കുന്ന രുചി. ഹോം വര്‍ക്ക് കാണിച്ചിട്ട് ടീച്ചറെ ആകാംഷയോടെ നോക്കി നില്‍ക്കുന്ന പഠിപ്പിയെപ്പോലെ മണിയണ്ണന്‍റെ നോട്ടവും ചോദ്യവും… എങ്ങനെയുണ്ടെന്ന്.. പൊള്ളിയ നാക്കില്‍ നിന്നും ആ മധുരം പോകുന്നതിനും മുന്നെ ഒന്നുകൂടി ചേര്‍ത്ത് രുചിച്ചിട്ട് ഒന്നാം തരം എന്ന് പറഞ്ഞപ്പോള്‍ ഞാനും ഹാപ്പി, മണിയണ്ണനും ഹാപ്പി..
എപ്പോഴെങ്കിലും ആ ഭാഗത്തേക്ക് പോകുമ്പോള്‍ വഴി വക്കില്‍ മണിയണ്ണനെ കാണുമ്പോള്‍ ഒന്ന് വണ്ടി നിര്‍ത്തി ഒരു കപ്പു പായസ്സം കുടിക്കാം. ഒരു കപ്പു പായസത്തിനു നമ്മള്‍ കൊടുക്കുന്ന 20 രൂപ ഒരിക്കലും നഷ്ടമാകില്ല.. ഒരു സമയത്തെ നമ്മുടെ ഭക്ഷണത്തിന്റെ ചിലവാണ് കക്ഷിയുടെ കുടുംബത്തിന്റെ ഒരു ദിവസത്തെ വരുമാനം.