ബസ് മാറി കയറിയ 7-ാം ക്ലാസ്സുകാരിയെ സ്വന്തം മകളെ പോലെ കരുതലോടെ ചേർത്ത് നിർത്തി, രക്ഷകർത്താവിനെ വിളിച്ചു വരുത്തി സുരക്ഷിതമായി തിരികെ ഏൽപ്പിച്ച് ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടിൽ ഓടുന്ന പഴൂർ ബസിലെ കണ്ടക്ടർ സന്തോഷ് മാതൃകയായി. സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ അച്ഛനായ സന്തോഷ് കുര്യൻ സന്തോഷിനും പഴൂർ മോട്ടോർസ് ജീവനക്കാർക്കും നന്ദി പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നതും പോസ്റ്റ് വൈറലായതും. പെൺകുട്ടിയുടെ അച്ഛനായ സന്തോഷ് കുര്യന്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം…

“ഇന്നെനിക്ക് മറക്കാത്ത ദിനം. പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.. കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, 7th ൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്.

സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്. അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്.

പ്രിയ സുഹൃത്തേ നന്ദി.. പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്. എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ. നന്ദി…”

നിസ്സാര കാര്യങ്ങൾ പറഞ്ഞു ചെറിയ കുട്ടികളെ വഴക്കു പറയുകയും ഇറക്കിവിടുകയും ചെയ്യുന്ന ചില ബസ് കണ്ടക്ടർമാർക്ക് പഴൂർ മോട്ടോർസ് ബസ്സിലെ കണ്ടക്ടറായ സന്തോഷ് ഒരു മാതൃകയാണ്. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുമക്കളോട് നിങ്ങൾ മാന്യമായി പെരുമാറുക. കാരണം അവരെപ്പോലെ നമ്മുടെ വീട്ടിലും കുഞ്ഞുങ്ങളില്ലേ? അതുപോലെ തന്നെ അനാവശ്യമായി ആരോപണങ്ങളുന്നയിച്ച് ബസ്സ് വഴിയിൽ തടയുന്നവരും ജീവനക്കാരോട് മോശമായി പെരുമാറുന്നവരും ഒന്ന് ഓർക്കുക സ്വകാര്യബസ്സിലെ ജീവനക്കാർക്കും ഒരു കുടുംബമുണ്ട് ആ കുടുംബം മുന്നോട്ടു കൊണ്ടുപോകാനാണ് ഈ പെടാപ്പാട് പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.