നമ്മളെല്ലാം ബസ്സുകളിൽ യാത്ര ചെയ്യുന്നവരാണ്. ബസ് യാത്രകൾക്കിടയിൽ എന്തെങ്കിലും നഷ്ടപ്പെട്ടു പോയാൽ അവ തിരികെ ലഭിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ ചില അവസരങ്ങളിൽ ബസ് ജീവനക്കാരുടെ ഇടപെടലുകൾ മൂലം ഇത്തരത്തിൽ നഷ്ടപ്പെട്ടു പോയ വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ ലഭിക്കാറുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് പത്തനാപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജിലെ ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായ അനസ് സുബൈർ. സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
“സുഹൃത്തുക്കളെ …എന്റെ പേര് അനസ് . തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സ്വദേശിയാണ്. ഞാൻ പത്തനാപുരം സഹകരണ എഞ്ചിനീയറിംഗ് കോളേജിലെ ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി നോക്കുന്നു. 15 /02/2019 ൽ ഞാൻ പുനലൂർ നിന്ന് ഏകദേശം വൈകുന്നേരം അഞ്ചര മണിയോടുകൂടി വെഞ്ഞാറമൂടിലെക്കു വരുവാനായി പുനലൂർ KSRTC സ്റ്റാൻഡിൽ നിന്ന് RPE 359 എന്ന തിരുവനന്തപുരം ഫാസ്റ്റ് പാസ്സന്ജർ ബസ്സിൽ കയറുകയുണ്ടായി.
ഏഴുമണിക്ക് വീട്ടിലെത്തിയ ഞാൻ അടുത്ത ദിവസങ്ങളിൽ കോളേജിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തയ്യാറാക്കിയിട്ടുള പ്രസന്റേഷൻ സ്റ്റോർ ചെയ്തിരുന്ന 8 ജിബി പെൻഡ്രൈവ് (ഏകദേശം രാത്രി ഒരു പത്തുമണിയോട് കൂടി) എന്റെ ബാഗിൽ തിരഞ്ഞു. എത്ര തിരഞ്ഞിട്ടും എനിക്ക് പെൻഡ്രൈവ് കണ്ടെത്താനായില്ല. എനിക്ക് വളരെ വിഷമമാണ് തോന്നിയത്. അടുത്ത മൂന്ന് മാസം പഠിപ്പിക്കാനുള്ള മുഴുവൻ കാര്യങ്ങളും തയ്യാറാക്കിവച്ചിരുന്നതായിരുന്നു ആ പെൻഡ്രൈവിൽ. ആ ദിവസത്തെ വൈകിട്ടത്തെ യാത്രക്കിടയിൽ നഷ്ടപ്പെട്ടു പോയതാകാം എന്ന് എനിക്ക് തോന്നി. കാരണം ബസ്സിൽ വെച്ച് ചെക്കർ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഞ്ഞാൻ പോക്കറ്റിൽ നിന്ന് ടിക്കറ്റിനോടൊപ്പം പെൻഡ്രൈവ് എടുത്തു ബാഗിൽ ഇട്ടതായിട്ടായിരുന്നു എന്റെ ഓർമ.

ഞാൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു പുനലൂർ ഡിപ്പോയിൽ വിളിച്ചു(സമയം പത്തര മണി). ഫോൺ എടുത്ത സാറിനോട് ഞാൻ എന്റെ പെൻഡ്രൈവ് പ്രസ്തുത ബസ്സിൽ കളഞ്ഞു പോയതായിട്ടു പറഞ്ഞു. അദ്ദേഹം പറഞ്ഞത് ബസ് ക്ലീൻ ചെയ്യുന്നത് പുറം കരാർ ജീവനക്കാരാണ്, എങ്കിലും അദ്ദേഹം നോക്കാമെന്നു എനിക്ക് ഉറപ്പു നൽകി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞു അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. പെൻഡ്രൈവ് കിട്ടിയെന്നു പറഞ്ഞു. എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വളരെ ചെറിയ സൈസിലുള്ള ഒരു പെൻഡ്രൈവ് ആയിരുന്നു അത്. വളരെ കഷ്ടപ്പെട്ട് ബസ് തിരഞ്ഞു കണ്ടുപിടിച്ചു രാത്രിയുടെ ഇരുട്ടിൽ ബസ്സിനുള്ളിൽ നിന്ന് ആ ചെറിയ പെൻഡ്രൈവ് കണ്ടുപിടിക്കാൻ എത്രത്തോളം കഷ്ടപെട്ടിട്ടുണ്ടെന്നു എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അദ്ദേഹം പുനലൂർ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ആണ്. പേര് മഹേശൻ. ഞാൻ പിറ്റേന്ന് രാവിലെ തന്നെ വരാമെന്നും അത് കൈപ്പറ്റാമെന്നും പറഞ്ഞു. പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ വളരേ സിംപിൾ ആയ ഒരു മനുഷ്യൻ, അദ്ദേഹത്തോടൊപ്പം സീനിയർ ഓഫീസർ ഷാജി ജോർജ് സാറുമുണ്ടായിരുന്നു. ഇരുവരും പറഞ്ഞത് ഇങ്ങനയൊക്കെ ചെയ്യുന്നത് അവരുടെ ഡ്യൂട്ടി ആണെന്നായിരുന്നു. KSRTC യിൽ ജോലി ചെയ്യുന്ന അനേകം നല്ലയാളുകളിൽ രണ്ടുപേരായിരുന്നു അവർ. ഒരുപാട് നന്ദിയുണ്ട് മഹേശൻ സാറിനും ഷാജി ജോർജ് സാറിനും. അവർക്കു രണ്ടുപേർക്കും എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും.”