കുന്നംകുളം പെങ്ങാമുക്കിലേക്ക് തലസ്ഥാനത്ത് നിന്നും എല്ലാ പാതിരാവും ഓടിയെത്തുന്ന പാതിരകുറുക്കന്‍ എന്നറിയപെടുന്ന തിരുവനന്തപുരം – പെങ്ങാമുക്ക് ബസ്സ് ഓടാതിരിക്കുന്നത് ഡ്രൈവറില്ലാത്തതാണെന്നാണ് കെ എസ് ആര്‍ ടി സി. ബസ്സ് ഓടാത്തതെന്തെന്ന് അന്വേഷിച്ച കുന്നംകുളം സ്വദേശി ലിജോ ജോസിനോടാണ് ഡ്രൈവറില്ലാത്തതിന്റെ സങ്കടം പങ്കുവെച്ചത്.
കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷമായി ഓടുന്ന തിരുവനന്തപുരം- പെങ്ങാമുക്ക് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസ് ഇടക്കൊക്കെ മുടങ്ങാറുണ്ടെങ്കിലും പുനരാരംഭിക്കുകയും ചെയ്യും. കെ എസ് ആര്‍ ടി സിയുടെ ഏറ്റവും ലാഭകരമായ സര്‍വ്വീസുകളിൽ ഒന്നാണ് ഇത്. പെങ്ങാമുക്ക് – തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആദ്യം ഓടിയത് 1982 ലാണ്. അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി കെ.കെ. ബാലകൃഷ്ണന്‍ പെങ്ങാമുക്കില്‍ നേരിട്ടെത്തിയാണ് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്.
അന്നത്തെ എം.എല്‍.എ.യും പെങ്ങാമുക്കുകാരുടെ പ്രിയങ്കരനായ കെ.എസ്. നാരായണന്‍ നമ്പൂതിരിയുടെ പരിശ്രമത്തിന്റെ ഫലമായാണ് ബസ് സര്‍വീസ് പെങ്ങാമുക്കില്‍ നിന്ന് ആരംഭിച്ചത്. മുഖ്യമന്ത്രിയായ കെ. കരുണാകരനുമായുള്ള നമ്പൂതിരിയുടെ സൗഹൃദവും പെങ്ങാമുക്ക് വണ്ടിയുടെ വരവിന് കാരണമായി. വെളുപ്പിന് 5.15 ന് പെങ്ങാമുക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കുന്ന വണ്ടി പിന്നെ തിരികെ പെങ്ങാമുക്കില്‍ എത്തുന്നത് രാത്രി പതിനൊന്നോടെയാണ്. തൃശൂര്‍ ജില്ലയുടെ വടക്കന്‍ മേഖലയായ കുന്നംകുളത്തിന്റെ സമീപ പ്രദേശമായ പഴഞ്ഞി, പെങ്ങാമുക്ക് എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ ഈ ബസ്സിനെ ആശ്രയിക്കുന്നു.
രാത്രിമാത്രം നാട്ടിലെത്തുന്ന ഈ വണ്ടിയെ ‘പാതിരാക്കുറുക്കന്‍’ എന്നാണ് നാട്ടുകാര്‍ വിളിക്കുക. പെങ്ങാമുക്കുകാര്‍ പകല്‍ വെളിച്ചത്തില്‍ ഈ ബസ്സിനെ നേരിട്ടു കണ്ടിട്ടില്ല എന്നതാണ് മറ്റൊരു വാസ്തവം. മുന്‍ എംഎല്‍എ കെ.എസ്. നാരായണന്‍ നമ്പൂതിരിയോടുള്ള ബഹുമാനസൂചകമായി എം.എല്‍.എ. വണ്ടിയെന്നും ഈ ബസ്സിനെ നാട്ടുകാര്‍ വിളിക്കാറുണ്ട്.
കെ.എസ്.ആര്‍.ടി.സി.യിലെ ഏറ്റവും പഴക്കം ചെന്ന സര്‍വ്വീസുകളില്‍ ഒന്നാണിത്. തുടങ്ങിയപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ആയിരുന്നെങ്കിലും ഇന്ന് ഇത് സൂപ്പര്‍ ഫാസ്റ്റ് ആയിട്ടാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയാണ് ഈ സര്‍വ്വീസ് നടത്തുന്നത്.
ഈ ആനവണ്ടി ഓടാതായിട്ട് മാസങ്ങളായി. കോവിഡ് കാലത്ത് എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും നിലച്ചപ്പോള്‍ ഈ ബസിന്റെ വരവും നിന്നു. കോവിഡ് കാലമല്ലേ, എല്ലാം ബസും നിന്ന കാലമല്ലേ, അത് കൊണ്ട് കൊഴപ്പമില്ലെന്ന് കരുതി. എന്നാല്‍ കോവിഡ് പ്രശ്‌നങ്ങള്‍ മറന്ന് എല്ലാ കെഎസ്ആര്‍ടിസിയും ഓടാന്‍ തുടങ്ങിയപ്പോള്‍ പാതിരാ കുറുക്കനായ’ തിരുവനന്തപുരം ബസ് മാത്രം ഓടുന്നില്ല.
ഇന്നോടും നാളെയോടും എന്ന് കരുതി കാത്തിരുന്ന നാട്ടുകാര്‍ സഹിക്കെട്ടാണ് തിരുവനന്തപുരത്തേക്ക് വിളിച്ചത്. പാവം ഡ്രൈവറില്ലാതെ കുന്നംകുളത്തിന്റെ എം എല്‍ എ വണ്ടി കട്ടപുറത്തിരിപ്പാണ്. കൊറോണയുടെ പേരില്‍നിലച്ച പെങ്ങാമുക്ക് കെഎസ്ആര്‍ടിസി ബസ്സ് ഉടന്‍ പുനരാംരഭിക്കണം എന്നാവശ്യപെട്ട് കെ എസ് ആര്‍ ടി സിക്ക് നിവേദനങ്ങള്‍ അയക്കുകയാണിപ്പോള്‍ നാട്ടുകാര്‍.
വാർത്ത – സ്വലേ, കവർ ചിത്രം – റെജിൻ.