കേരളത്തിലെ ഏറ്റവും കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ പറയാനുണ്ടാകുകയുള്ളൂ – കൊച്ചി. അതെ അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ഐടി പാർക്കും, എയർപോർട്ടും, ഷിപ്പ് യാർഡും, തുറമുഖവും, ഷോപ്പിംഗ് മാളുകളും കൊണ്ട് അതി സമ്പന്നമാണ് ഇന്ന് കൊച്ചി. പോരാത്തതിനു കൊച്ചി മെട്രോയും കൂടിയായി ഇപ്പോൾ. നഗരം വളർന്നതോടെ കൊച്ചിയിലെ ജീവിതച്ചെലവുകളും കൂടി എന്നുവേണം പറയുവാൻ. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് ഇനി പറയുവാൻ പോകുന്ന കാര്യം. കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാനായി ഒരു ഹോട്ടലിൽ A/C സിംഗിൾ റൂം എടുക്കുന്നതിനു എത്ര രൂപ ചെലവ് വരും? ചാർജ്ജ് ഹോട്ടലുകളുടെ റേറ്റ് അനുസരിച്ചിരിക്കും, എന്നിരുന്നാലും കുറഞ്ഞത് 600 – 900 രൂപയെങ്കിലും ആകും.

ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നുവെങ്കിലും ആളുകൾ വേണ്ടത്ര ഇത് ശ്രദ്ധിച്ചിട്ടില്ല എന്നാണു തോന്നുന്നത്. ചാർജ്ജ് കേട്ടാൽ നിങ്ങൾ അന്തിച്ചുപോകും. ഒരു രാത്രി തങ്ങുവാൻ വെറും 395 രൂപ, അതും എസി യിൽ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം.

കൊച്ചി മെട്രോയുടെ എംജി റോഡ്, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി സംവിധാനം തുടങ്ങിയിരിക്കുന്നത്. ട്രെയിൻ ബോഗിക്കുള്ളിലെപ്പോലെയാണ് ഇതും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുള്ള ഈ ഡോർമിറ്ററിയുടെ പേര് പീറ്റേഴ്സ് ഇൻ എന്നാണ്. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയേ ആകുന്നുള്ളൂ എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇനി സ്ത്രീകളാണെങ്കിലോ? അതിനും പരിഹാരമുണ്ട്; സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍/ലാപ്ടോപ്പ് ചാര്‍ജിംഗ് പോയിന്റ്, റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുള്ള ഈ ഡോർമിറ്ററി ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.

താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത് വിജയം കണ്ടാൽ കൊച്ചിയിലെ പ്രധാനപ്പെട്ട മറ്റു മെട്രോ സ്റ്റേഷനുകളിൽ കൂടി ഇത്തരം ഡോർമിറ്ററികൾ സജ്ജമാക്കും. ഇന്റർവ്യൂകൾ, ജോലി സംബന്ധമായ ആവശ്യങ്ങൾ, പരീക്ഷകൾ തുടങ്ങിയവയ്ക്കാണ് നഗരത്തിലെത്തുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ ഡോര്മിറ്ററികൾ. രാത്രി ഏഴിനു ചെക്ക് ഇൻ ചെയ്യുകയാണെങ്കിൽ അയാൾക്കു രാവിലെ എട്ടു മണി വരെ ഇവിടെ കഴിയാം. രാത്രി മാത്രമല്ല , പകൽ വിശ്രമത്തിനും ഇവിടെ സൗകര്യങ്ങളുണ്ട്. കൂട്ടമായി എത്തുന്നവർക്ക് പ്രത്യേകം പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ഇതിനെല്ലാം പുറമെ കുറഞ്ഞ ചാർജ്ജിൽ കൊച്ചിയിലെ കാഴ്ചകൾ കാണുവാനുള്ള പാക്കേജുകളും ഇവിടെ ലഭ്യമാണ്. മൂന്നാര്‍, വാഗമണ്‍, കുമരകം, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കു യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂര്‍ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്കു രണ്ടു രാത്രികളിലെ താമസം സൗജന്യമായിരിക്കും. ബുക്കിങ്ങിന് www.petersinn.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 77366 66181 എന്ന നമ്പറില്‍ വിളിക്കുകയോ  മെയില്‍ അയയ്ക്കുകയോ ചെയ്യാം.

എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എം.ജി. റോഡ് മെട്രോയിലെ പീറ്റേഴ്‌സ് ഇൻ എന്ന എസി ഡോർമെട്രി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു ഈ ഡോര്മിറ്ററിയുടെ നടത്തിപ്പു ചുമതല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി നിങ്ങൾക്ക് വിളിക്കാം – ഫോൺ: 77366 66181.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.