പഞ്ചാബിലെ വാഗാ അതിർത്തിയിൽ പോയപ്പോഴോ അല്ലെങ്കിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ തൊട്ടപ്പുറത്തെ രാജ്യമായ പാകിസ്‌താനിൽ ഒന്നു കാലു കുത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് പാക്കിസ്ഥാനിലേക്ക് ടൂറിസ്റ്റ് വിസ ലഭ്യമല്ല. പക്ഷേ ഇപ്പോൾ നമുക്ക് അതിനൊരു അവസരമുണ്ട്. സംഭവം മറ്റൊന്നുമല്ല, തീർത്ഥാടനം തന്നെയാണ്. സിഖ് ഗുരുദ്വാരയായ ദേര ബാബ നാനാക്ക് ഗുരുദ്വാര (ഇന്ത്യ), കർത്താർപൂർ ദർബാർ സാഹിബ് ഗുരുദ്വാര (പാക്കിസ്ഥാൻ) എന്നിവിടങ്ങളിലേക്കാണ് ഈ തീർത്ഥാടനം.

സിഖ് മതക്കാരുടെ രണ്ടു ആരാധനാലായങ്ങളാണ് ഇന്ത്യയിലെ ദേര ബാബ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ കർത്താർപൂർ ദർബാർ സാഹിബ് ഗുരുദ്വാരയും. ഇന്ത്യ – പാകിസ്ഥാൻ വിഭജനം നടന്നപ്പോൾ രണ്ടും രണ്ടു രാജ്യത്തായി. അതോടെ തീര്ഥാടനവും മുടങ്ങി. വിസ ഉള്ളവർക്ക് മാത്രം കാണാൻ പറ്റാവുന്ന ഒന്നായി, ഏറെക്കാലം ബൈനോകുലറിൽ മാത്രം കണ്ടു പോകാവുന്ന ഒന്നായിരുന്നു ഈ അമ്പലം. പിന്നീട് 2019 നവംബർ 9 ന് ഇന്ത്യയിലെ തീർത്ഥാടകർക്ക് വേണ്ടി പാക്കിസ്ഥാൻ ഇവിടേക്കുള്ള പാത തുറന്ന് തന്നു.

ഇവിടേക്ക് പോകുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, https://bit.ly/2XVv4Vc ഈ സൈറ്റിൽ പോയി online ആയി റജിസ്റ്റർ ചെയ്യുക. പോകാൻ ഉദ്ദേശിക്കുന്ന തിയതി, പേര്, അഡ്രസ്‌, പാസ്പോര്ട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകണം. ഇത് ഒരു വിസ അല്ല, മറിച്ച്‌ ETA (Electronic Travel Authorisation) എന്നു പറയും. ആയതുകൊണ്ട് തന്നെ പാസ്സ്പോർട്ടിൽ രേഖകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. രജിസ്റ്റർ ചെയ്ത അപ്ലിക്കേഷൻ അപ്പ്രൂവ് ആയാലേ നമുക്ക് യാത്ര സാധ്യമാകുകയുള്ളൂ. അതുകൊണ്ട് കൊടുക്കുന്ന വിവരങ്ങൾ കൃത്യമായും, അക്ഷരത്തെറ്റില്ലാതെയും കൊടുക്കുവാൻ ശ്രദ്ധിക്കണം. അപേക്ഷ അപ്പ്രൂവ് ആയാൽ യാത്രയ്ക്ക് നാല് ദിവസങ്ങൾ മുൻപ് ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി യാത്രക്കാരന് വിവരം ലഭിക്കും.

ഇന്ത്യയിലെ ഗുരുദാസ്‌പുരിലുള്ള ദേര ബാബ നാനക് ഗുരുദ്വാരയെയും പാക്കിസ്ഥാനിലെ കർത്താർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്നതാണ് ചരിത്ര ഇടനാഴി. ഇന്ത്യാ പാക് രാജ്യാന്തര അതിർത്തിയിൽ 4.7 കിലോമീറ്റർ അകലെ പാക്ക് മണ്ണിൽ രവി നദികരയിൽ സ്ഥിതി ചെയ്യുന്ന കർത്താർപുരിലാണ് സിഖ് മതസ്ഥാപകൻ ഗുരുനാനക് അവസാന 18 വർഷങ്ങൾ ജീവിച്ചത്. 1539 സെപ്റ്റംബർ 22ന് ഗുരുനാനക് സമാധിയായ സ്ഥലത്താണ് കർത്താർപുർ ഗുരുദ്വാര.

ഗുരുനാനാക്കിന്റെ 550 ജന്മവാർഷികത്തിലാണ് ഇടനാഴി തുറന്നു കൊടുത്തത്. തീർത്ഥാടന ആവശ്യത്തിനു മാത്രമായാണ് ഈ വഴി തുറന്നു കൊടുത്തിട്ടുള്ളത്. സിഖുകാർക്ക് മാത്രമല്ല, ഏത് മതക്കാർക്കും ഇവിടേക്ക് പോകാവുന്നതാണ്. രണ്ടു ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം (4.7 km) മാത്രമാണ് നമുക്ക് സഞ്ചരിക്കാൻ കഴിയുക. ഇന്ത്യയിലെ പഞ്ചാബിൽ തുടങ്ങി പാകിസ്ഥാനിലെ പഞ്ചാബിൽ അവസാനിക്കുന്ന ഈ പാതക്ക് Kartarpur Corridor എന്നു പറയുന്നു.

ഏഴ് കിലോഗ്രാം ഭാരം വരുന്ന ലഗ്ഗേജ്, വെള്ളം, ആവശ്യത്തിനുള്ള പണം, മൊബൈൽഫോൺ എന്നിവ മാത്രമാണ് ഇവിടേക്ക് തീർത്ഥാടകർക്ക് കൊണ്ടുപോകാൻ സാധിക്കുന്നത്. ക്യാമറ കൊണ്ടുപോകുന്നതിന് പ്രത്യക്ഷത്തിൽ വിലക്കുകൾ ഇല്ല. പക്ഷെ അപരിചിതരുടെ ഫോട്ടോകൾ അനുവാദമില്ലാതെ എടുക്കുവാൻ പാടുള്ളതല്ല. രണ്ടു രാജ്യത്തിന്റെയും പ്രതിച്ഛായ മോശമാക്കുന്ന ഒന്നും തന്നെ കൊണ്ടു പോകാൻ പാടില്ല താനും. രാവിലെ പോയാൽ വൈകീട്ട് തിരിച്ചു എത്തുന്ന രീതിയിൽ ഒരു ദിവസത്തിനു മാത്രമാണ് പാകിസ്‌താനിൽ അനുമതി ലഭിക്കുക.

ഇന്ത്യയിൽ നിന്ന് അയ്യായിരം തീർഥാടകർക്കാണ് പ്രതിദിനം കർത്താർപുരിലെത്താൻ അവസരം നൽകുക. വിശേഷദിവസങ്ങളിൽ പതിനായിരം പേർക്ക് അനുമതി നൽകും. ഇന്ത്യക്കാർക്ക് ഫീസിനത്തിൽ 20 ഡോളർ അടക്കേണ്ടിയും വരും. എന്നാൽ ചില സമയങ്ങളിൽ ഇതിന് ഇളവുകൾ ഉണ്ട്.

പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നു പാക്കിസ്ഥാനിലെ ലഹോറിലൂടെ 4 മണിക്കൂർ റോഡ് യാത്ര ചെയ്തായിരുന്നു തീർഥാടകർ ഇതുവരെ കർതാർപുരിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ തുറന്ന ഈ ഇടനാഴിയിലൂടെ ഇനി 20 മിനിറ്റ് യാത്ര മതി. അതിർത്തിയിൽ 15 ഏക്കർ സ്ഥലത്തായി പാസഞ്ചർ ടെർമിനലും പ്രവർത്തിക്കുന്നുണ്ട്.

ഇനിയും ഇതുപോലെയുള്ള കോറിഡോറുകൾ തുറക്കാൻ ഇരു രാജ്യക്കാരും പദ്ധതിയിടുന്നുണ്ട്. വർഷങ്ങളായി ശത്രുക്കളായിരുന്ന ജർമനിയും ബ്രിട്ടനും ഒന്നിച്ച പോലെ ഈ രണ്ടു രാജ്യങ്ങളും ഒന്നിക്കുമെന്നും, നമുക്കൊക്കെ പാകിസ്ഥാനിൽ പ്രവേശിക്കാൻ പറ്റുന്ന ഒരു നാൾ വിദൂരമല്ലെന്നും പ്രതീക്ഷിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – ഷാഹിദ് മുഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.