അനുഭവക്കുറിപ്പ് – Aju Ajith.

ചിലത് കണ്ടാൽ ഇങ്ങനെ എഴുതാതെ ഇരിക്കാൻ കഴിയില്ല. രാവിലെ ജോലിക്ക് പോയി. പെട്ടെന്ന് ഒരു അത്യാവശ്യത്തിനു വേണ്ടി പുറത്തേക്കിറങ്ങി. ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഓർത്തത് ഹെൽമെറ്റ് എടുത്തില്ല. അടുത്ത സ്ഥലത്തേക്കല്ലേ എന്ന് കരുതി. യാത്ര തുടർന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഗുരുതരമായ നിയമലംഘനവും എന്റെ ഭാഗത്തു നിന്നും ഉണ്ടായി.

പെട്ടെന്ന് മുന്നിൽ ദേ നുമ്മടെ സ്വന്തം ട്രാഫിക്ക് പൊലീസിന്റെ വണ്ടി. എന്നെ കണ്ടു എന്ന് ഉറപ്പിച്ച സ്ഥിതിക്ക് വേറെ വഴിയില്ല. അടുത്തേക്ക് വിളിച്ചു. വളരെ മാന്യമായ രീതിയിൽ “എന്താ പേര്? എവിടാ വീട്? എന്തുചെയുന്നു?” എല്ലാറ്റിനും കൂടി ഒറ്റ വാക്കിൽ ഉത്തരം. ഫൈൻ എഴുതാൻ ഉള്ള ബുക്ക് എടുത്തു. എന്റെ കണ്ണിന്റെ മുന്നിലൂടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നക്ഷത്രങ്ങൾ മിന്നി മറഞ്ഞു.

പിഴ അടക്കാൻ കാശില്ലാത്ത സ്ഥിതിക്ക് ഞാൻ പറഞ്ഞു “സർ, ചെയ്തത് ഗുരുതരമായ തെറ്റ് തന്നെ ആണ്. പക്ഷെ ഫൈൻ അടക്കാൻ ഇപ്പോ കാശില്ല. എഴുതി തന്നോളൂ.” അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യം. “പിന്നെ നിനക്ക് എന്ത് ചെയ്യാൻ പറ്റും?” ഒന്നും മിണ്ടാതെ നിന്ന എന്നോട് അടുത്ത ചോദ്യം. “പാവപ്പെട്ട രണ്ട് കുടുബങ്ങളെ സഹായിക്കാൻ പറ്റുമോ?”

ഒന്ന് ഞെട്ടി പോയ ഞാൻ ചെയ്യാം സർ എന്ന് പറഞ്ഞു. ഒകെ എന്നാൽ എന്റെ പുറകെ വാ എന്ന് പറഞ്ഞു. പിന്നാലെ ഞാൻ പോയി. അടുത്തുള്ള കടയിൽ കയറി. 5 kg വീതം ഉള്ള രണ്ട് പാക്കറ്റ് അരി എന്നോട് വാങ്ങാൻ പറഞ്ഞു. പരിപൂർണ സമ്മതത്തോടെ അത് ഞാൻ വാങ്ങി. എന്നോട് പുറകെ വരാൻ പറഞ്ഞു. അത് അർഹത ഉള്ള ആളെ അപ്പോഴേക്കും അവർ കണ്ടെത്തികഴിഞ്ഞു. എന്നോട് തന്നെ അത് അവരെ ഏൽപ്പിക്കാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തോടെ അത് ഞാൻ അവരെ ഏല്പിച്ചു.

എന്നിട്ട് സാർ എന്നോട് പുറകിൽ തട്ടി “നീ ഹാപ്പി അല്ലെ” എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു “സർ, ആദ്യമായിട്ടാണ് ഇത്രക്ക് സന്തോഷത്തോടെ ഞാൻ ഒരു പിഴ അടക്കുന്നത്. അപ്പോഴാണ് അദ്ദേഹം ചെയ്തുവരുന്ന ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചു കാണിച്ചു തന്നതും പറഞ്ഞു തന്നതും..

പോലീസ് എന്ന് കേൾക്കുമ്പോൾ ഉള്ള മനസിലെ രൂപത്തിന് ആകെയൊരു മാറ്റം വന്ന നിമിഷം. ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഉള്ള നാട്ടിൽ ഒരാൾ പോലും പട്ടിണി കിടക്കില്ല എന്ന പൂർണ വിശ്വാസം ഇപ്പോൾ തോന്നുന്നു. ഇതുപോലെ ഉള്ള സത്കർമങ്ങളിൽ ഇനിയും എന്റെ പങ്ക് ഉണ്ടാവും എന്ന് ഉറപ്പ് നല്കിയിട്ടാണ് അവിടെ നിന്ന് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.