പാതിരാത്രി കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കുവാനായി സുഹൃത്തുമൊത്ത് നൈറ്റ് റൈഡിനു ഇറങ്ങി അവസാനം പോലീസിന്റെ മുന്നിൽപ്പെട്ട അനുഭവം വിവരിച്ചു കൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി. ഷബീർ വാണിമൽ എന്ന യുവാവാണ് തനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവം പങ്കുവെച്ചത്. സാധാരണ പാതി രാത്രി സമയത്ത് കൊച്ചി പോലുള്ള സ്ഥലത്ത് പോലീസിനു മുന്നിൽപ്പെട്ടാൽ സംശയദൃഷ്ടിയോടെയായിരിക്കും നമ്മളെ നോക്കുക. പിന്നെ ചോദ്യങ്ങളുടെ കൂമ്പാരമായി.. അവസാനം ആ യാത്രയുടെ മൂഡും പോകും.

പോലീസുകാരെയും കുറ്റം പറയാനാകില്ല. അവർ അവരുടെ ജോലി ചെയ്യുന്നു എന്നേയുള്ളൂ. പക്ഷെ ചില പോലീസുകാർ ഈ അവസരം നന്നായി മുതലെടുത്ത് യാത്രക്കാരുടെ മേൽ കയറാൻ ശ്രമിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ പാവം യാത്രക്കാർ എന്തെങ്കിലും കൈമടക്ക് നൽകി രക്ഷപ്പെടാറാണ് പതിവ്. എന്നാൽ ഇവിടെ ഇതെല്ലാം പ്രതീക്ഷിച്ച യുവാക്കൾക്ക് പോലീസിൽ നിന്നും ലഭിച്ചത് മാന്യമായ ഇടപെടൽ. മട്ടാഞ്ചേരിയിലെ അനില്‍കുമാര്‍ എന്ന പൊലീസുകാരനാണ് സൗഹാര്‍ദപരമായ പെരുമാറ്റം കൊണ്ട് മാതൃകയായതെന്ന് ഷബീര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷബീറിന്റെ പോസ്റ്റ് ഇങ്ങനെ..

“അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്. സമയം ഏകദേശം ഒന്നര മണി ആലുവയിൽ ട്രെയിൻ ഇറങ്ങിയ മന്സൂറിനെയും കൂട്ടി അംഗമാലി റൂമിലേക്ക് പോയി ഉറങ്ങുന്നതിന് പകരം ഒരു വൈബ് അത്രെയേ കരുതിയുള്ളൂ… കൊച്ചിയിൽ ഒരു നൈറ്റ് റൈഡ് അടിക്കാം എന്ന് കരുതിയാണ് യാത്ര. ഉറങ്ങുന്ന കൊച്ചിയിലെ റോഡുകളിൽ വെട്ടം തെളിച്ചു ഞങ്ങളുടെ യാത്ര, എംജി റോഡും കടന്നു തോപ്പുംപടി പാലത്തിൽ പോയി അല്പം ഇരുന്നു ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോവാം അതായിരുന്നു പ്ലാൻ. അവിടെ എത്തിയപ്പോ തിരിച്ചു പോവാം എന്ന പ്ലാൻ മാറ്റി. സിനിമകളിൽ കേൾക്കുന്ന ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരി മാർട്ടിയുടെ നാടും ഒക്കെ കണ്ടിട്ട് മടങ്ങാം എന്നായി. ഒരു തട്ടുകടയിൽ കയറി മൊഹബത്തിന്റെ സുലൈമാനിയും കുടിച്ചു താർ കാണുന്ന റോഡുകളിലൂടെ യാത്ര തുടങ്ങി.

പല സിനിമകളിലും കണ്ടു പരിചിതമായ ഒരുപാട് സ്ഥലങ്ങൾ. പാട്ടു പാടിയും കൂകി വിളിച്ചും യാത്ര തുടരുമ്പോഴാണ് മുന്നിൽ കാക്കിയുടുപ്പിട്ട ഒരു സാധനം ലാത്തി ഞങ്ങളുടെ വഴിക്ക് കുറുകെ ഇട്ടു. പടച്ചോനെ പെട്ട്, എവിടെ നിന്ന് വരുന്നു? എവിടെ പോവുന്നു? ബാഗിൽ എന്താ കഞ്ചാവ് ആണോ? മ്മളെ നാട്ടിലെ പോലീസുകാരുടെ ക്ളീഷേ ചോദ്യങ്ങൾ ഉണ്ടാവുമല്ലോ എന്നൊക്കെ ആലോചിച്ചു മൂപ്പരെ അടുത്ത് വണ്ടി നിർത്തി. പൊലീസുകാരൻ ഒരൊറ്റ ചോദ്യം “എങ്ങോട് പോവുന്നു?” ഒരു വൈബ് സിനിമയിൽ കണ്ട ബിഗ്‌ബിയുടെ വീടും മട്ടാഞ്ചേരി ഒന്ന് ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞു. പിന്നെ ആ കാക്കിയുടുപ്പുകാരൻ ഞങ്ങളെ ഞെട്ടിച്ചു.. ഊഹങ്ങൾ ഒക്കെ തെറ്റിച്ചു. പോവണ്ട സ്ഥലങ്ങളും റൂട്ടുകളും പറഞ്ഞു. എന്തൊക്കെ കാണാൻ ഉണ്ട് എന്നതിന്റെ ഫുൾ ഡീറ്റെയ്ൽസും.(നാദാപുരത്തു എങ്ങാനും ആണേൽ കാണായിരുന്നു).

ഞങ്ങളുടെ നാട്ടിൽ കാണാത്ത സ്വഭാവം ഉള്ള പോലീസ് ആയത് കൊണ്ട് തന്നെ അയാളെ ഞങ്ങൾ നന്നായി പരിചയപ്പെട്ടു. അനിൽകുമാർ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ. മുൻപ് കണ്ണൂർ ഒക്കെ വർക് ചെയ്തിരുന്നു. കുറെ നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു. മുൻപ് വര്ഷങ്ങളുടെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ ആയിരുന്നു അയാളുടെ പെരുമാറ്റം. ഞങ്ങൾ നിൽക്കുന്നതിന് അടുത്തുള്ള ജൂതന്മാരുടെ പള്ളിയും (സിനഗോഗ്), അവരുടെ വീടുകൾ, അതിന്റെ ആർട് വർക്കുകൾ, ബിൽഡിങ്ങുകളുടെ പഴക്കവും ഒക്കെ വിവരിച്ചു ഒരു സെൽഫിയും എടുത്ത് ഞങ്ങൾ യാത്ര പറയുമ്പോ ജീപ്പിന്റെ അടുത്ത് പോയി അയാൾ ഞങ്ങളെ വിളിച്ചു. “വണ്ടിയുമായി സ്റ്റേഷനിലേക്ക് വാ.. ഞാനും വരാം.” അത്രയേ പറഞ്ഞുള്ളൂ.

ഞങ്ങളും അവരുടെ വണ്ടിക്ക് പുറകെ പോയി. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ വണ്ടി പാർക്ക് ചെയ്തു അയാൾ ഇറങ്ങി. “നിങ്ങൾക് സ്ഥലം ഒന്നും അറിയില്ലല്ലോ എന്റെ കാറിൽ പോവാ.” സീറ്റിൽ കിടന്ന ഡ്രെസ്സും ബാഗും ഒക്കെ മാറ്റി ഞങ്ങളേം കയറ്റി അനിൽ സാർ യാത്ര തുടങ്ങി. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മുതൽ ഒരു ടൂറിസ്റ്റ് ഗൈഡിനെ പോലെ അദ്ദേഹം ഞങ്ങളുടെ കൂടെ. ബിലാലിന്റെ വീടും ഇമ്രാന്റെ സിക്സ് ഫോർ ക്ലബും വാട്ടർ ടാങ്ക്, കമ്മത് ആൻഡ് കമ്മത് ലൊക്കേഷൻ, എസ്രയിലെ വീട്‌, എസ് ഐ ബിജു പൗലൊസിന്റെ സ്റ്റേഷൻ അങ്ങ്നെയൊരുപാട്‌ സിനിമാ ലൊക്കേഷനുകളും പിന്നെ അവിടെ ഉള്ള പല പൈതൃകങ്ങളും പഴക്കം ചെന്ന മരങ്ങൾ, വാസ്കോഡി ഗാമയുടെ കല്ലറ.. അങ്ങനെ തുടങ്ങി മട്ടാഞ്ചേരി ഫോർട്ട് കൊച്ചിയിലെ സകല സ്ഥലങ്ങളും കാണിച്ചു.

നേരം പുലരാനാവുന്നത്‌ വരെ കറങ്ങി തിരിഞ്ഞു മട്ടാഞ്ചേരി സ്റ്റേഷനിൽ എത്തി. അൽപ സമയം കൂടി അവിടെ ചെലവഴിച്ചു യാത്ര പറഞ്ഞു. രാത്രി 9 മണിക്ക് നാട്ടിലെ കളി സ്ഥലത്തു ഇരുന്നതിനു വഴക്കു പറയുന്ന, കഞ്ചാവ് ആരോപണം വെറുതെ ഉന്നയിച്ചു മാനസികമായി തളർത്തുന്ന ചില ഏമാൻമാർക്ക് പഠിച്ചെടുക്കാൻ പല പെരുമാറ്റ മാതൃക ഇദ്ദേഹത്തിന്റെ അടുത്ത് ഉണ്ട് എന്നൊരു തോന്നൽ….”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.