ദിവസങ്ങൾക്ക് മുൻപ് എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന സെന്റ് അൽഫോൺസ എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ പോലീസ് വേഷമിട്ട ഉദ്യോഗസ്ഥനെ കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. അല്ലെങ്കിലും പോലീസുകാർക്കെന്താ പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കാര്യം എന്ന് ചിന്തിക്കുവാൻ വരട്ടെ. ഈ കാഴ്ചയ്ക്ക് പിന്നിൽ മറ്റൊരു സംഭവമുണ്ട്. ആ സംഭവം ഇങ്ങനെ…
എറണാകുളം – പാലാ – എഴുമറ്റൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് സെന്റ് അൽഫോൺസ. പതിവുപോലെ യാത്രയിലായിരുന്നു അന്ന് ബസ്. ബസ്സിൽ പതിവുപോലെ യാത്രക്കാർ… അങ്ങനെ ബസ് കോട്ടയം ജില്ലയിലെ ചെത്തിമറ്റത്ത് എത്തിയപ്പോൾ വഴിയിലതാ പോലീസ് ചെക്കിംഗ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമനുസരിച്ച് പരിശോധന നടത്തുകയായിരുന്നു അവർ.
കണ്ടപാടെ ബസ് തടഞ്ഞു നിർത്തി പോലീസുകാർ ഡ്രൈവറെ പരിശോധിച്ചു. അപ്പോഴാണ് അറിയുന്നത് ബസ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന്. ബസ് ഡ്രൈവർ മദ്യലഹരിയിലാണെന്നു അറിഞ്ഞപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരും പരിഭ്രമിച്ചു. ബസ് ഡ്രൈവറെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ അതുകൊണ്ടു മാത്രമായില്ലല്ലോ. ഇത്രയും ദൂരം ബസ്സിൽ സഞ്ചരിക്കുന്ന യാത്രക്കാരെ എന്തു ചെയ്യും എന്നായി പിന്നീട് പോലീസിന്റെ ചിന്ത.
അങ്ങനെയാണ് മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ പോലീസ് ഡ്രൈവറായ മനു.പി.തോമസ് ബസ് ഓടിക്കുവാൻ തയ്യാറായി മുന്നോട്ടു വരുന്നത്. മുൻപ് ബസ് ഓടിച്ചു പരിചയമുള്ള മനുവിന് അതൊരു ചെറിയ സിംപിൾ ടാസ്ക് മാത്രം. അങ്ങനെ പോലീസ് വേഷത്തിൽ മനു ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽക്കയറി ബസ് മുന്നോട്ടെടുത്തു. ഇതോടെ യാത്രക്കാർക്കും തെല്ലാശ്വാസമായി.
അങ്ങനെയാണ് പോലീസ് ഓടിക്കുന്ന ബസ് കണ്ട് വഴിയിലുള്ളവരെല്ലാം അമ്പരക്കുവാൻ ഇടയായത്. ബസ് പിന്നീട് പാലാ സ്റ്റാൻഡിൽ സുരക്ഷിതമായി എത്തിക്കുകയും, ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ അവിടെയിറക്കുകയും ചെയ്തു. അതിനു ശേഷം ബസ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ്ജ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിന്നീട് കോടതിയ്ക്ക് കൈമാറുകയും ഉണ്ടായി.
ഇതിനിടെ പോലീസ് ഡ്രൈവർ മനു ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന ചിത്രങ്ങൾ ആരൊക്കെയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇങ്ങനൊരു സംഭവം പുറംലോകം അറിയുന്നത്. ഇത്രയും ആളുകളുടെ ജീവൻ തൻ്റെ കൈയിൽ ഭദ്രമായി സൂക്ഷിക്കേണ്ട ആ ബസ് ഡ്രൈവർ എന്തുകൊണ്ടാണ് മദ്യലഹരിയിൽ ആയിരുന്നതെന്നു അറിയില്ല. എന്തായാലും ഡ്യൂട്ടിയ്ക്കിടയിലോ, അതിനു തൊട്ടു മുൻപോ ഉള്ള ആ ദുശ്ശീലം അങ്ങ് മാറ്റുക തന്നെ ചെയ്യണം.
ദിവസങ്ങൾക്ക് മുൻപാണ് കാസർഗോഡ് ജില്ലയിൽ ഒരു സ്വകാര്യ ബസ്സിൽ നിന്നും മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പോലീസ് പിടിച്ചു കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അതുകൊണ്ട് ഡ്രൈവർമാരോട് ഒന്നേ പറയാനുള്ളൂ. കെഎസ്ആർടിസിയോ പ്രൈവറ്റോ ആയിക്കൊള്ളട്ടെ, നിങ്ങളെ വിശ്വസിച്ചു ബസ്സിൽ യാത്ര ചെയ്യുന്നവരെ നിങ്ങൾ അറിഞ്ഞുകൊണ്ട് ചതിക്കരുത്.