ഒരു ചെറിയ അപകടം ഉണ്ടായാൽപ്പോലും, തെറ്റ് ആരുടേതെന്നു പോലും അന്വേഷിക്കാതെ വലിയ വാഹനക്കാരുടെ മേൽ ആയിരിക്കും മിക്കവാറും കുറ്റം ചാർത്തപ്പെടുന്നത്. ഇതിൽ കൂടുതലും ഇരയാകുന്നത് ലോറി ഡ്രൈവർമാരാണ്. അത്തരത്തിലൊരു അനുഭവകഥ പങ്കുവെയ്ക്കുകയാണ് ഇടയ്ക്ക് ഒഴിവു സമയങ്ങളിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന വിവേക് വിമൽ എന്ന യുവാവ്. അദ്ദേഹത്തിൻ്റെ കുറിപ്പ് താഴെ കൊടുക്കുന്നു.
“ഞാൻ ടിപ്പർ ഓടാൻ വിളിച്ചാൽ പോകും. നല്ല ശമ്പളമാ. 1000 രൂപക്ക് മേലിൽ ഒരു ദിവസം കിട്ടും. ടിപ്പറിന് ഒരു പ്രത്യേകതയുണ്ട്, പൊക്കമുള്ളത് കൊണ്ട് ഇടത് ഗ്ലാസ്സിന്റെ നേരെ താഴെ ഒന്നും കാണാൻ പറ്റില്ല. ഇടത് വശത് കൂടി ഓവർടേക്ക് പാടില്ല എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നത് അതിനാണെന്ന് പലർക്കും അറിയില്ല.
ടിപ്പറുമായി ബ്ലോക്കിൽ പതിയെ നീങ്ങുന്നു, അതാ നടുക്ക് പിടിച്ചൊരു ആംബുലൻസ് കേറി വരുന്നു. വലത്തോട്ട് ഒതുക്കുന്നത് പ്രവർത്തികമല്ലെന്നിരിക്കെ, കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ ഇടത് വശം ക്ലീയർ. സമയം എടുത്തു ഇൻഡിക്കേറ്റർ ഇട്ട് പതുക്കെ ഓടിച്ചപ്പോൾ ഇടതു വശത്തു കൂടി ഒരു മാരുതി ഓടിക്കറി. ഒറ്റചവിട്ടിനു വണ്ടി നിർത്തി. വന്നു കേറിയ മാരുതി ആർക്കോ വായു ഗുളിക വേണമെന്നുള്ളത് കൊണ്ട് അവൻ മുന്നോട്ട് എടുത്തു, എന്റെ ടയറിലെ നട്ടിൽ ഉരഞ്ഞു പെയിന്റ് പോയി. സബാഷ്…
വണ്ടി ഒതുക്കിയിട്ടിട്ടു കാറുകാരനോട് “ഇടതു വശത്ത് കൂടി ഓവർടേക്ക് പാടില്ല എന്നു അറിയില്ലേ” എന്നു ചോദിച്ചു. അവിടുന്ന് വേറെ സംസാരം ഒന്നുമില്ല 5000 രൂപ താന്ന്. പോയി പണി നോക്കു പോലീസ് വരട്ടെ എന്നു ഞാൻ. പോലീസ് വന്നു. വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിയപ്പോൾ CI യുണ്ട്. “ടിപ്പർ ആരുടെയാ” എന്നു ചോദ്യം. എന്റെയെന്നു ഞാൻ മറുപടി പറഞ്ഞു. പേപ്പർ കൊണ്ടു വന്നു നോക്കി. ക്ളീൻ ക്ളീൻ..
അതിനിടെ കാറുകാർ എന്തോ CI യോട് പറയുന്നു. CI വന്നു സ്നേഹത്തോടെ തോളിൽ കയ്യിട്ടു. എന്നിട്ട് പറഞ്ഞു അവർക്ക് ഇൻഷുറൻസ് ഇല്ലെന്നു. തേർഡ് പാർട്ടിയെ ഉള്ളത്രേ. ഒരു 2000 രൂപ കൊടുക്കാൻ. ഞാൻ ഇല്ലെന്ന് പറഞ്ഞു. ഒടുവിൽ 1000 രൂപയെങ്കിലും കൊടുക്കണമെന്നു CI.
“സർ, അവർ കേസ് കൊടുക്കാനാണ് വന്നത്. കേസ് ഫയൽ ചെയ്യട്ടെ. ഞാൻ രക്തം വെള്ളമാക്കിയ പൈസ തരില്ല” എന്ന് ഞാൻ പറഞ്ഞു. അപ്പോൾ കാറുകാരോട് “എങ്കിൽ നിങ്ങൾ പൊക്കോ” എന്നും എന്നോട് “നീ എങ്കിൽ അകത്തോട്ട് നില്ല്” എന്നും CI പറഞ്ഞു.
അങ്ങനെ ഉച്ചയ്ക്ക് 2 മണി മുതൽ 11 മണി വരെ ഒറ്റ നിൽപ്പ് സ്റ്റേഷനിൽ. പൈസ കൂട്ടുകാരെ ചോദിച്ചു വാങ്ങിച്ചുകൊണ്ടുവാ എന്നു CI. ഇല്ലെന്നു പറഞ്ഞു കേസ് പോലും റെജിസ്ട്രർ ചെയ്യാതെ എന്തിനാണ് പിടിച്ചു നിർത്തിയതെന്ന് ഞാൻ ചോദിച്ചു. “എന്താടാ മൈ** പു** താ** ചില്യ്ക്കുന്നേ” എന്നു ചോദിച്ചു കോളറിൽ പിടിച്ചു വലിച്ചടുപ്പിച്ചു. ഞാനും വിട്ടു കൊടുത്തില്ല. ഒരുപ്പാട് ആളുകൾ ഉണ്ടായിരുന്നു. അവർക്കിടയിൽ ആയിരുന്നു കോളറിൽ പിടി. അതിന്റെ ഇടയിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു: “ഇടത് വശത് കൂടി കേറി വന്നു എന്റെ ടയറിൽ തട്ടിയത് അവരാണ്. കേസ് പോലുമില്ല പിന്നെന്തിന ഞാൻ ഇവിടെ?”
കോളറിൽ പിടിച്ച കൈ കൊണ്ട് സിഐ എൻ്റെ നെഞ്ചിൽ ഒരടി. വലിച്ചു ലോക്കപ്പിന്റെ ഫ്രണ്ടിൽ എത്തിച്ചു വീണ്ടും കരണക്കുറ്റിയ്ക്ക് ഒരടി. “നീ പൈസ തന്നിട്ട് പോയാൽ മതി” എന്നായി. ഞാൻ ഇല്ലയെന്ന് തറപ്പിച്ചു പറഞ്ഞു. ലോക്കപ്പിനടുത്തു ഒരുപാട് പേരുണ്ട്. കുടിച്ചിട്ട് റോഡിൽ അടിയുണ്ടാക്കിയവർ, ഏതോ മോഷണ കേസിലെ പ്രതി… അങ്ങനെ അവർക്കിടയിൽ ഞാൻ.
അർധരാത്രി 12 മണി ആകാറായി എന്റെ പെർമ്മിറ്റിന്റെ സമയം കഴിയും. അവസാനം മുതലാളിയെ കൊണ്ടു വിളിപ്പിച്ചു. അടുത്ത വ്യാഴാഴ്ച പൈസയുമായി വരണം എന്ന് പോലീസ് എന്നോട് പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. “ആദ്യം നിന്റെ അഹങ്കാരം കുറയ്ക്ക്” എന്നുപറഞ്ഞു പോലീസുകാരൻ ചിരിച്ചു. എന്നിട്ട് എന്റെ ലൈസൻസിന്റെ കോപ്പിയും വാങ്ങി വെച്ചു, അഡ്രസ്സും എഴുതിയെടുത്ത് എന്നെ പറഞ്ഞുവിട്ടു.”
1 comment
ഇതിവിടെ സ്ഥിരം പരിപാടിയാ വലിയ വാഹനക്കാരൻ്റെ മേൽ കുറ്റം അടിച്ചേൽപ്പിക്കൽ അതാണല്ലൊ ഡ്രൈവർമാരും മറ്റു തൊഴിലാളികളും ഇറങ്ങിയോടുന്നത്.