കുട്ടിപോലീസിന്റെ ബോധവൽക്കരണം ഫലം കണ്ടു; ആദിവാസി കോളനികളിൽ മികച്ച പോളിംഗ്. അട്ടപ്പാടി അഗളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവേശത്തിലാണ്. സമ്മതിദാന അവകാശത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അട്ടപ്പാടിയിലെ വിദൂര ആദിവാസി കോളനികളിൽ അവർ നടത്തിയ ബോധവൽക്കരണം വൻവിജയം കണ്ടു. ആദിവാസി കോളനികളിലെ വോട്ടർമാരെ കുട്ടികൾ അതാത് പോളിംഗ് സ്റ്റേഷനുകളിലേക്ക് ആനയിക്കുകയും ഭൂരിഭാഗം വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കുകയും ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാളിതുവരെ 60% ൽ കൂടുതൽ വോട്ട് രേഖപ്പെടുത്താത്ത ചിണ്ടക്കി ബൂത്തിലെ പോളിംഗ് 73.08% രേഖപ്പെടുത്തി റിക്കോർഡ് സൃഷ്ടിച്ചത് വളരെ പ്രധാനപ്പെട്ട നേട്ടമായി വിലയിരുത്തുന്നു. ചിണ്ടക്കി പോളിംഗ് സ്റ്റേഷന് കീഴിൽ 10 കോളനികളുണ്ട്. കാട്ടാനകളുടെ ഭീഷണി മൂലം ആനവായി കോളനിയിലേക്കുള്ള വരവും പോക്കും ദുഷ്കരമായതിനാൽ ഭൂരിഭാഗം പേരും വോട്ട് ചെയ്യാൻ എത്തുന്നതിന് മടിക്കുമായിരുന്നു. പാർലമെന്റ് ഇലക്ഷന്റെ ഭാഗമായി സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓരോ പൗരനും അത് വിനിയോഗിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും കുട്ടികൾ നിരന്തരമായി കോളനിവാസികളെ ബോധവൽക്കരിച്ചതിന് ഫലം കണ്ടു. വനത്തിനുള്ളിലെ ആനവായ് പോലുള്ള വിദൂര കോളനികളിൽ നിന്ന് പോലും പരമാവധി പേർ ഇത്തവണ വോട്ടിടാൻ മുന്നോട്ടു വന്നു.
തീർത്തും ഒറ്റപ്പെട്ട മുരുഗള കോളനിയിലെ 20 വോട്ടർമാരിൽ 18 പേരും ഇത്തവണ വോട്ട് രേഖപ്പെടുത്തി. ബാക്കി രണ്ടുപേർ ആശുപത്രിയിൽ ആയിരുന്നതിനാൽ അവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ഇവിടെ വിദ്യാർത്ഥികൾ വോട്ടർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്‌ളാസ്സുകൾ സംഘടിപ്പിച്ചു.
തടികുണ്ടൂർ, ചുണ്ടുകുളം കോളനികളിലും പോളിംഗ് ശതമാനത്തിൽ മികച്ച നിലവാരം രേഖപ്പെടുത്തി. ചുണ്ടുകുളം കോളനിയിലെ ഏറ്റവും മുതിർന്ന, 104 വയസ്സുള്ള നഞ്ഞി മുത്തശ്ശി പോളിംഗ് ബൂത്തിലേക്ക് പോകാൻ വിദ്യാർത്ഥികളെയും കാത്ത് നിന്നത് കൗതുകം പരത്തി. ഇത്തവണ വോട്ട് രേഖപ്പെടുത്തുമെന്ന് അവർ കുട്ടികൾക്ക് നേരത്തെ തന്നെ വാക്ക് കൊടുത്തിരുന്നു. വാക്കുപാലിച്ച മുത്തശ്ശിയെ കുട്ടികൾ വീട്ടിൽ തിരികെ എത്തിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
വോട്ടിംഗ് മെഷിനെ കുറിച്ചും VVPAT നെകുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വിശദമായി നേരത്തെ തന്നെ നേരത്തെ കോളനി നിവാസികൾക്ക് അവരുടെ തന്നെ ഭാഷയിൽ കുട്ടികൾ ബോധവൽക്കരണം നടത്തിയിരുന്നു.
കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.