വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

ചില യാത്രകൾ പ്രതീക്ഷിക്കാതെയാണ് നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഒരോ യാത്രയും , ഓരോ ദിവസവും മനോഹരമാക്കി തീർത്ത് മുന്നോട്ട് പോകുമ്പോൾ കിട്ടുന്ന സന്തോഷം എനിക്ക് വാക്കുകളാൽ എഴുതി ചേർക്കാൻ കഴിയുന്നില്ല.

കൊട്ടാരക്കരയിൽ നിന്നും കുണ്ടറ വരെ ഒരു യാത്ര പോകുന്ന വഴി നെടുവത്തൂർ കഴിഞ്ഞപ്പോഴാണ് പൊങ്ങൻപാറയുടെ DTPC കൊല്ലത്തിന്റെ ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്. വഴിയരികിലൂടെ നടന്ന് പോകുന്ന ചേട്ടനോടായി പിന്നെ ചോദ്യം “ചേട്ടോയ് ഈ പൊങ്ങൻ പാറ ! ടൂറിസ്റ്റ് കേന്ദ്രം ഇവിടെ എവിടെയാണ്?” “ഏയ് ഇവിടെ നിന്ന് കുറച്ച് ദൂരമേ ഉള്ളു. വലിയ ഒരു പാറ മുകളിൽ ഒരു ശിവ ക്ഷേത്രമാണുള്ളത്. അവിടെ ഇനി ഇപ്പോൾ വൈകിട്ടേ തൊഴുക്കാൻ പറ്റുകയുള്ളു.” ഇത്രയും പറഞ്ഞ് അദ്ദേഹം നടന്ന് അകന്നു.

ചുട്ട് പൊള്ളുന്ന വേനൽ ചൂട് ശരീരമാകേ തുള്ളച്ച് കയറാൻ തുടങ്ങി. മനസ്സും ശരീരവും അസ്വസ്തമാക്കാൻ തുടങ്ങി. ശരീരം പൊങ്ങൻ പാറ കാഴ്ചകൾ കൺ കുളിർക്കേ കാണാൻ തയ്യാറാണ്. പക്ഷേ എന്റെ മനസ്സ് ശല്യം തുടങ്ങി. പോവണ്ട പിന്നീട് പോകാം, അവിടെ എന്താ ഇത്ര കാണാനുള്ളത്? ഞാൻ പതുക്കെ എന്റെ അമ്മേ മനസ്സിൽ ഓർത്തു. എന്റെ ഊണിലും, ഉറക്കത്തിലും, യാത്രയിലും എന്റെ പൊന്ന് കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം.

“മോനെ നീ പോകു, ഞാനൊപ്പം വരാം.” ആ ചിരിച്ച മുഖം കൂടെയുള്ളപ്പോൾ എന്റെ മനസ്സിനെ ദൂരേക്ക് വലിച്ചെറിഞ്ഞ് യാത്ര പൊങ്ങൻ പാറയിലേക്കായി. മെയിൻ റോഡിൽ നിന്ന് ഒരു കിലോ മീറ്റർ ദൂരമില്ല ഇവിടേക്ക് നട്ടുച്ച സമയമാണ് തികച്ചും ഗ്രാമന്തരീക്ഷമാർന്ന ശാന്തമായ ഒരു പ്രദേശം.

അത്ഭുതം തോന്നിയ നിമിഷങ്ങൾ… ഒരു പടുകൂറ്റൻ പാറ ഇതാ കൺ മുന്നിൽ. ഞാൻ കണ്ണുകൾ ഒന്ന് തിരുകി വീണ്ടും പാറയിലേക്ക് നോക്കി. പാറ മുകളിൽ ഒരു ക്ഷേത്രം. പാറ മുകളിൽ എത്താൻ സ്റ്റെപ്പുകൾ കയറി ചെല്ലണം. നീലാകാശം മുകളിൽ നിന്ന് മാടി വിളിക്കുന്നുണ്ട് വരൂ, നടന്ന് കയറി വരൂ.

തനിച്ച് ഉള്ള എന്റെ യാത്രകളിൽ ഞാൻ തനിച്ചല്ല ഒപ്പം അമ്മ കൂടെയുള്ളത് എപ്പോഴും ഒരു ആശ്വാസമാണ്. ആ കൈയ്യും പിടിച്ച് പടികൾ ഓരോന്നും കയറി പൊങ്ങൻ പാറയുടെ മുകളിലെത്തി. വേനൽ ചൂട് ആഞ്ഞ് വീശുന്നുണ്ട്. പക്ഷേ ആ കാറ്റിനും ഉണ്ട് ഒരു സുഗന്ധം, കുളിർമ.. കാരണമുണ്ട് അതേ ഞാൻ ഇപ്പോൾ ഉള്ളത് മഹാദേവന്റെ മണ്ണിലാണ്. ഭഗവാൻ ശിവനെ അറിയുകയെന്നാൽ ജീവനെ അറിയുകയെന്നാണ്.

ഈ പാറമുകളിലെ ദൃശ്യങ്ങൾ ഓരോന്നും മനോഹരമാണ്. പ്രകൃതി മനോഹരവും ഭക്തി നിർഭരവുമായ ഈ പ്രദേശം ഇന്ന് കേരള ടൂറിസം വകുപ്പ് ഏറ്റെടുത്ത് ഓരോ ടൂറിസം പദ്ധതികൾ നടപ്പിലാക്കി വരികയാണ്.

വെൺമണ്ണൂർ പൊങ്ങൻ പാറ മഹാദേവ ക്ഷേത്രമാണ് ഈ പ്രദേശത്തിന്റെ ഐശ്വര്യം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ക്ഷേത്രാന്തരീക്ഷവും, ഗ്രാമാന്തരീക്ഷവും ചേർന്ന ഈ പ്രദേശം ഇവിടെ വരുന്ന ഓരോ വ്യക്തിക്കും ഒരു പോസിറ്റീവ് എനർജി നൽകും ഉറപ്പാണ്.

ക്ഷേത്രത്തിൽ അറ്റകുറ്റ പണികൾ നടന്ന് വരികയാണ്. രാവിലത്തെ പൂജകൾ കഴിഞ്ഞ് ക്ഷേത്രം അടിച്ചതിനാൽ ഭഗവാനെ തൊഴുക്കാൻ കഴിഞ്ഞില്ല. പക്ഷേ ഞാൻ വിളിച്ചാൽ ഭഗവാൻ കൂടെ ഒപ്പം പോരും. കാരണം തനിച്ചാവന്റെയും, ഒറ്റപ്പെടലിന്റെയും വേദന എന്താണെന്ന് ഭഗവാന് അറിയാം. എന്റെ ചുടു കണ്ണു നീർ പാറമുകളിൽ വീണ സമയം വേനൽ ചൂട് പോലും ഓടി മറഞ്ഞ് കാണും.

“പാറമേൽ തൊട്ട് ഞാൻ ദിശയറിയാതെ , ഗതിയറിയാതെ എന്നെ തിരഞ്ഞു കൊണ്ടിരുന്നു. പുഴയായും , കുളമായും പാറക്കൂട്ടങ്ങളിൽ ഞാൻ ബാക്കിയായി. എന്നോട് മനോഹരമായി ചിരിക്കുന്നുണ്ടവർ, പക്ഷേ എനിക്കവരെ വേണ്ടി വന്നപ്പോൾ അവരൊക്കെ പാറകളായി. എനിക്ക് രൂപം നൽകാതെ എനിക്ക് വേണ്ടി രൂപം മാറത്ത പാറകൾ.”

കാണാ മനസ്സിൻ കാടുകൾ തേടിയുകയാണ് ഞാൻ ഓരോ യാത്രയിലും . ജീവിത വഴിയും യാത്രയുടെ വഴിയും മുന്നോട്ട് നീണ്ട് കിടക്കുകയല്ലേ. ഇനി ഒരിക്കൽ ഭഗവാനെ കാണാൻ ഞാൻ വരും എന്റെ അമ്മയ്ക്ക് വേണ്ടി. പ്രാർത്ഥിച്ച് പടവുകൾ ഓരോന്നും ഇറങ്ങി.

കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും, മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ യാത്ര തുടരുന്നു.

പൊങ്ങൻ പാറയിൽ എത്തിചേരാൻ : കൊട്ടാരക്കര – കൊല്ലം റൂട്ടിൽ നെടുവത്തൂർ കഴിഞ്ഞ് കില്ലൂർ എത്തുമ്പോൾ കേരള ടൂറിസം വകുപ്പിന്റെ ബോഡ് റോഡിന്റെ സൈഡിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് പോങ്ങൻ പാറയിലേക്ക് ഏകദേശം ഒരു കിലോമീറ്ററിന് അടുത്തേ ഉള്ളു.

സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക –  പൊങ്ങൻ പാറ മുകളിൽ സ്വയം സംരക്ഷണം ഉറപ്പു വരുത്തുക. അതി ശക്തമായ കാറ്റ് വീശുന്ന മേഖലയാണ്. പാറമുകളിൽ കാൽ വഴുതുന്നതിന് സാദ്ധ്യത കൂടുതലാണ്. പാറമുകളിൽ ഭക്ഷണം കൊണ്ട് പോയി കഴിക്കുന്നത് ഒഴുവാക്കണം. പ്ലാസ്റ്റിക്ക് കുപ്പികൾ ഒരു കാരണവശാലും പാറമുകളിൽ നിക്ഷേപിക്കരുത്. പരിപാവനമായ ദൈവ ചൈതന്യമുള്ള ക്ഷേത്രത്തോടൊപ്പമുള്ള പോങ്ങൻ പാറ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ് മറക്കരുത്.

മദ്യം, മയക്കു മരുന്ന് നിരോധിത മേഖലയാണ്. പാറയുടെ സൈഡിൽ പോകരുത്, ചെന്ന് നിൽക്കരുത്. പാദരക്ഷകൾ ഒഴിവാക്കുക. ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകളെ മനോഹരമാക്കി തീർക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.