യാത്രാവിവരണം – Basil WayNe‎.

“ഈ കാത്തിരിപ്പിന്റെ സുഖം അതനുഭവിച്ചറിയുക തന്നെ വേണം…” അങ്ങനെ ഒരു നീണ്ട കാത്തിരിപ്പായിരുന്നു പൊന്മുടികോട്ടയിലെ മഞ്ഞും മഴയും നനയാനുള്ള ഈ യാത്രയുടെ കാത്തിരുപ്പും. ഇതിനു മുൻപ് രണ്ട് തവണ ശ്രമിച്ചെങ്കിലും പ്രകൃതി ദേവി കനിഞ്ഞില്ലയിരുന്നു. അതിന് പുള്ളിക്കാരിക്കു കൂടി തോന്നണോലോ. ആഗ്രഹങ്ങൾ സത്യമുള്ളതാണെങ്കിൽ അതെന്നെങ്കിലും നടക്കുമെന്ന് ആരോ പറഞ്ഞപോലെ എനിക്കുറപ്പായിരുന്നു…എന്നെങ്കിലും ഒരു ദിവസം മഞ്ഞ് മൂടിയ ഈ മാമലയെ പുണരുമെന്ന്…. ഇനി കഥ പറയാം, ഞായറാഴ്ചകളിൽ പെട്ടന്ന് തീരുമാനിച്ച് പോകുന്ന കുഞ്ഞ് യാത്രകളിൽ ഒന്നായിരുന്നു ഇതും… മൂന്ന് പേര്, ഒരു ബുള്ളെറ്റ്, മഴ, ഓഫ്‌റോഡ് ഇത്രയും മതിയല്ലോ യാത്ര ത്രില്ലിംഗ് ആവാൻ… ഉച്ചയപ്പോഴാണ് ഇറങ്ങിയത്. മഴക്കാലത്ത് എന്ത് ഉച്ച, എന്ത് രാവിലെ..എല്ലാം കണക്കാണല്ലോ…

ടാറിട്ട റോഡിലൂടെ തുടങ്ങിയ യാത്ര പിന്നെ കല്ലായി, ചെളിയായി…മഴ പെയ്ത് വഴി നല്ല കണ്ടിഷൻ ആയിരുന്നു, അതുകൊണ്ട് വണ്ടി പയ്യെ സൈഡ് ആക്കി…ബാക്കി നടന്നു കേറാം എന്നുവെച്ചു, അതാണല്ലോ അതിന്റെയൊരു സുഖം… അങ്ങനെ കുന്നും മലയും കയറി പൊന്മുടികോട്ടയുടെ താഴെയെത്തി… ട്രെക്കിങ്ങ് തുടങ്ങുന്നിടത് തന്നെ ഹനുമാന്റെ ഒരു പ്രതിമയും, ഒരു കുഞ്ഞ് കുരിശും കാണാം….ഇവിടെയാണ് 1st വ്യൂ പോയിന്റ്…ഇത് തന്നെ നല്ലൊരു ഉയരത്തിൽ നിന്നുള്ള കാഴ്ച്ച ആണ്….അങ്ങകലെ പച്ച പുതച്ച ഭൂമിയിലേക്കു മഴ പെയ്തിറങ്ങുന്ന കാഴ്ച്ച കാണാം. അവിടെ ഒരുപാട് നേരം കളയാതെ മല കയറ്റം തുടങ്ങി… പോകുന്ന വഴിക്കാണ് പൊന്മുടികോട്ട ക്ഷേത്രം, അത്യാവശ്യം വലിയ അമ്പലമാണിത്….. മലമുകളിലെ, പച്ചപ്പിനുള്ളിലെ സുന്ദരമായൊരു കാഴ്ച്ച. ഇതിന്റെ താഴെയുള്ള വീട്ടുകാരെല്ലാം മലകയറി ഇവിടെ വന്നാണ് തൊഴാർ….അമ്പലം കൊള്ളാം, എന്നാ ഒരു ഫീലായിരിക്കും ഇവിടുന്നൊക്കെ പ്രാർത്ഥിക്കാൻ….!!!

അമ്പലവും കണ്ട് മഞ്ഞ് മൂടിയ വഴിയിലൂടെ കയറ്റം തുടങ്ങി… അട്ട കേറും എന്ന് ഉറപ്പുള്ളതുകൊണ്ട് അത് വല്യ കാര്യമാക്കിലാ, പിന്നെ അതിനുള്ള പൊടിക്കൈയൊക്കെ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. പോണ വഴിക്ക് ഒന്ന് രണ്ട് ബൈക്കുകൾ ഇരിക്കണെ കണ്ടപ്പോഴാണ് വേണേൽ ഇവിടെ വരെ വണ്ടി വരുമായിരുന്നു എന്ന് തോന്നിയത്. ചീവിടുകളുടെ ഒച്ചപ്പാടും.. മഴയുടെ കളകളാരവവും, കൂടെ ചെറിയൊരു കാടും ആയപ്പോൾ സംഭവം സെറ്റ് ആയി. കാട് കയറി എത്തുന്നത് ഒരു പാറയുടെ മുകളിലാണ്, ഇനി അങ്ങോട്ട് പറകളോടുള്ള മൽപിടുത്തമാണ്…നാല് പാറകൾ കേറി ഇറങ്ങി വേണം അഞ്ചാമനായ ഏറ്റവും ഉയരങ്ങളിൽ മഞ്ഞുമൂടി കിടക്കുന്ന അവന്റെ നെറുകയിൽ ചുംബിക്കാൻ… ഓരോ പാറയും ഓരോ വ്യൂ പോയിന്റുകളാണ്. രണ്ട് എണ്ണം കേറി ഇറങ്ങിയപ്പോഴേക്കും ചുറ്റും മഞ്ഞ് വന്ന് മൂടികഴിഞ്ഞിരുന്നു… മഞ്ഞ് വന്നാപിന്നെ പറയണ്ടല്ലോ മനസ്സ് നിറഞ്ഞ് രണ്ട് കൂവൽ കൂവി…ഹാപ്പിനെസ്സ്… കുറെ നാളായി, എന്നും കാണുന്ന മഞ്ഞു മൂടിയ ഈ മലയെ നോക്കി കൊതിവിടാൻ തുടങ്ങിയിട്ട്….കട്ട മഞ്ഞാണ്. “ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല സാറെന്ന് പറഞ്ഞ അവസ്ഥയായി…”

ഇനിയിപ്പോ എങ്ങോട്ടാണെന്ന വെച്ചിട്ടാ പോകുവാ ദൂരെയുള്ള പാറയൊന്നും കാണാൻ പോലുമില്ല….അങ്ങനെ പോയ് പോയ്, അവസാനത്തേത് ആണെന്ന് കരുതി വളരെ സാഹസികമായിട് വലിഞ്ഞ് കയറി ഒരെണ്ണത്തിന്റെ മുകളിൽ എത്തി… ദൈവമേ “ഇതതല്ല” പെട്ടു…!!! ഇറങ്ങാൻ തുടങ്ങിയപ്പോ മലയിറങ്ങി വരുന്ന ചേട്ടന്മാര് അതിലെ ഇറങ്ങാൻ പറ്റില്ലാന്ന്….താഴേക്ക് പിടിക്കാൻ ഒന്നുമില്ലെന്ന്…. പിന്നെ ആ പാറയെ ചുറ്റി വേണം ഇറങ്ങാൻ…അതിറങ്ങി വീണ്ടും കുറെ നടന്ന് വലിയ പാറയുടെ ചോട്ടിലെത്തി…. കണ്ടപ്പോ തന്നെ മനസ്സ് പറഞ്ഞു ഇത് കുറച്ച് ഭീകരമാണെന്ന്, കുത്തനെയാണ് കേറേണ്ടത്, മറ്റു പറകളെ അപേക്ഷിച്ച് ഇത് വേഗം പൊടിയുന്ന, മണലിന്റെ അംശം കൂടിയ പാറയാണ്, കാല് നല്ലോണം സ്ലിപ്പാവും, എങ്ങാനും തെന്നിയാൽ…ദൈവമേ..!!!! പിന്നെ ഒരുപാടൊന്നും ആലോചിച്ചില്ല അങ്ങട് കേറി… പകുതി വരെയെത്തി, കൈ വിട്ടാൽ താഴെ എന്നുറപ്പാണ്. മഴയും, കാറ്റും, മഞ്ഞും നല്ല പണി തരുന്നുണ്ട്…കൂടെ വിറയും തുടങ്ങി. പാറയെ അള്ളിപിടിച് വലിഞ്ഞു കേറി എങ്ങനെക്കൊയോ മുകളിലെത്തി ഒറ്റ കിടത്തം…എന്റമ്മോ!!!!!…

അവിടെയിരുന്ന് ഞങ്ങൾ മൂന്നുപേർക്കും പിന്നെ ചിന്ത ഇതെങ്ങനെ ഇറങ്ങും എന്നായിരുന്നു…!!! പിന്നെ ആ ചിന്ത ഇവിടുന്ന് ഇനി ഇറങ്ങാണോ എന്നാവാൻ ഒരുപാട് സമായമൊന്നും വേണ്ടി വന്നില്ല…!!! കാരണം ഇപ്പൊ നിൽക്കുന്നത് ഒരുപാട് നാളുകളായുള്ള കാത്തിരിപ്പിന്റെ ആ നിർവൃതിയിൽ ആണ്….മഞ്ഞ് പാറിനടക്കുന്ന പൊന്മുടികോട്ടയുടെ ഉയരങ്ങളെ ചുംമ്പിച്ച്… ചുറ്റും മനം നിറക്കുന്ന കാഴ്‌ചകളാണ്, പച്ച പുതച്ച വയലുകളും, കാടുകളും, മലകളും, ഡാമുകളും…ദൂരെ പെയ്തിറങ്ങുന്ന മഴയും. വയനാടിന്റെ 360° വ്യൂ ഇതിലും നന്നായി എവിടെനിന്നും കിട്ടില്ല….വയനാടിന്റെ ഒത്ത നടുക്കാണി മലയുള്ളത്… ദൂരെ ഒരു കടലും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ്.!!! മഴയും മഞ്ഞും മാറി മാറി വന്നുകൊണ്ടിരുന്നു, മതിയാകുവോളം മഴ നനഞ്ഞു, കുറെ കാഴ്ചകൾ കണ്ടു, ഫോട്ടോസ് എടുത്തു. ഇനി നിന്നാൽ ഇരുട്ടാകും എന്ന തിരിച്ചറിവിൽ, മനസ്സില്ലാ മനസ്സോടെ ഇറങ്ങാൻ തുടങ്ങി.

പിന്നെ എന്തോ മഴയും മഞ്ഞും കുറച്ചു നേരം കൂടെ ഞങ്ങളെ അവിടെ പിടിച്ചു നിർത്തി….മനം നിറഞ്ഞാണ് ഈ മലയിറക്കം. ഇനിയിവിടെ ഒരു സൺസെറ്റും, സൺറൈസും കൂടി കാണാൻ വരണം എന്നൊരു ആഗ്രഹം കൂടെ ബാക്കി വെച്ച് സാഹസികമായ മലയിറങ്ങലും… അടുത്തായൊണ്ട് എപ്പോ വേണേലും വരാം എന്നുള്ളൊരാശ്വാസം ഉള്ളിൽ ഉണ്ടായിരുന്നു… കൈയെത്തും ദൂരത്ത് ഇത്രയും മനോഹര കാഴ്ചകൾ ഉള്ളതൊന്നും ഒരുപാട് പേര് അറിയാതെയും കാണാതെയും പോകുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ. നനഞ്ഞ് കുളിച്ച് ചായകടേൽ കേറിപ്പോ എല്ലാരും അടിമുടി നോക്കുന്നുണ്ടായിരുന്നു. നൈസ് ആയിട്ട് ഒരു ചായേം കുടിച് മഴയാത്രയുടെ നല്ല ഓർമകളുമായി ഞങ്ങൾ വീട്ടിലേക്ക്…

വയനാട്ടിലെ ഏറ്റവും ഉയരം കൂടിയതും ഭംഗിയുള്ളതുമായ പാറക്കൂട്ടങ്ങൾ ആണ് പൊന്മുടികോട്ടയിലേത്. ഇതറിയപ്പെടുന്നത് മറ്റു പല പേരുകളിൽ ആണെങ്കിലും, ഇപ്പോൾ ഇതിനു പറ്റിയ പേരിതാണ്. ഏകദേശം 4km ട്രെക്കിങ്ങ് ഉണ്ട്, കുറച്ച് Difficulty ഉള്ള ട്രെക്കിങ്ങ് ആണ്. മഴക്കാലമായാൽ സദാസമയം മഞ്ഞ് മൂടി കിടക്കുന്ന വയനാട്ടിലെ ഏക പാറക്കൂട്ടം ഇതാണ്… വയനാട്ടിലെ മഴയും മഞ്ഞും ആവോളം മനസ്സു നിറയെ ആസ്വദിക്കാൻ പറ്റിയൊരിടമാണ് പൊന്മുടികോട്ട. മഴക്കാലമാണ് പോകാൻ പറ്റിയ സമയം. ചില സ്ഥലങ്ങളുടെ ഡീറ്റൈൽസ് പറയാൻ പറ്റില്ലാത്തൊരു അവസ്ഥയുണ്ട് അങ്ങനൊരു സ്ഥലമാണിതും..അതുകൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.