വിവരണം – Shijo&Devu_The Travel Tellers.
യാത്ര പോകുന്നതിന്റെ തലേ ദിവസം ഉറങ്ങിയ ചരിത്രം എനിക്കില്ല. ഇത്തവണയും ചരിത്രം ആവർത്തിച്ചു. കണ്ണടക്കുമ്പോൾ പത്മനാഭനും സെക്രട്ടറിയേറ്റും മൃഗശാലയുo പൊൻമുടിയുമെല്ലാം ഹൃദയത്തിന്റെ മറ്റേ അറ്റത്ത് നിഴൽ കൂത്ത് നടത്താൻ തുടങ്ങി. ഇന്നത്തെ ഉറക്കവും ഗോവിന്ദ! എന്തായാലും ഞാനും അതിയാനും കുഞ്ഞാവേനേം എടുത്ത് ചങ്കുകളേം കൂട്ടി വെളുപ്പിനേ തന്നെ യാത്ര തുടങ്ങി. ഇന്നത്തെ യാത്ര പത്മനാഭന്റെ മണ്ണിലേക്ക്. അടബിക്കടലിന്റെ ആരവങ്ങളും കേട്ട് ഇരുൾ വീണു കിടക്കുന്ന തീരദേശ ഹൈവേയിലൂടെ ഞങ്ങൾ മുന്നോട്ട് പോയി. വെളിച്ചം വീണ്ടുതുടങ്ങിയപ്പോൾ വൈരകല്ലു പോലെ വെട്ടിതിളങ്ങുന്ന പുൽപ്പാടങ്ങളിലെ വെള്ളതുള്ളികളും പുക ചുരുൾ പോലെ അവയ്ക്കു മുകളിൽ ഒഴുകി നടക്കുന്ന മൂടൽ മഞ്ഞിന്റെ പടലങ്ങളും കാണാറായി.
ആലപ്പുഴയിൽ നിന്നൊരു കട്ടൻ ചായയും പൊരിച്ച പൊറോട്ടയും (Roasted പൊറോട്ട) കഴിച്ച് കൊല്ലത്തു നിന്ന് അപ്പോം മുട്ടക്കറീം അകത്താക്കി ഞങ്ങൾ തിരുവനന്തപുരത്തെത്തി. ഇനിയും ലഭിക്കാത്ത നീതിക്കുവേണ്ടി കാത്തു കിടക്കുന്ന സമരപന്തലുകളും ബാരിക്കേഡുകൾക്കും നടുവിൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല എന്ന ഭാവത്തിൽ തല ഉയർത്തി നിൽക്കുന്ന നിയമസഭാ മന്ദിരവും കടന്ന് ഞങ്ങൾ ബീമാപള്ളിയിലെത്തി.. ആദ്യമായി ഒരു മുസ്ലീം പള്ളി സന്ദർശിക്കുന്ന കൊണ്ട് പള്ളിയുടെ മുഗൾ രാജവംശത്തിന്റെ കൊട്ടാരത്തിന്റെ മാതൃക തോന്നുന്ന മനോഹരമായ മിനാരവും കണ്ട് പള്ളി പരിസരത്ത് അൽപസമയം ചിലവിട്ട് ഞങ്ങൾ യാത്ര തുടർന്നു.
പിന്നീട് എത്തിച്ചേർന്നത് മൃഗശാലയിലായിരുന്നു. റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് വഴിവക്കിലെ കടയിൽ നിന്നു കുടിച്ച സംഭരാത്തിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഉപ്പുമാങ്ങയും നുണഞ്ഞു കൊണ്ട് ഞങ്ങൾ മൃഗശാലയിലെത്തി. പഞ്ചവർണ തത്തയും മൂങ്ങയും കഴുകനും തുടങ്ങി ഹിപ്പൊപൊട്ടാമസും കാണ്ടാമൃഗവും പുലിയും വെളള കടുവയും അനാകോണ്ട വരെയുള്ള ജന്തു വൈവിധ്യങ്ങളേയും കണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വഴിയരികിലെ ഏതോ ഒരു കടയിൽ നിന്നു യാതൊരു രുചിയുമില്ലാത്തൊരു തട്ടിക്കൂട് ബിരിയാണിയും കഴിച്ച് ഞങ്ങൾ പൊൻമുടി ലക്ഷ്യമാക്കി വണ്ടി എടുത്തു.
തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 60 KM ദൂരത്താണ് പൊൻമുടി മലനിരകൾ സ്ഥിതി ചെയ്യുന്നത്. അറബികടലിനു സമാന്തരമായിട്ടുള്ള പശ്ചിമഘട്ടത്തിലാണ് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിലുള്ള ഈ പ്രദേശം. വിതുര കഴിഞ്ഞ് മുന്നോട്ട് പോയി ഞങ്ങൾ എത്തിച്ചേർന്നത് വന്യമായ കാട്ടുപാതയിലാണ്. കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും കടന്ന് മരച്ചില്ലകളുടെ നിഴൽ വീണ റോഡിലൂടെയുള്ള യാത്രയും അകലെ സഹ്യാദ്രിയുടെ ഹരിതശോഭയാർന്ന ചേലയും അതി മനോഹരമായ കാഴ്ചകളായിരുന്നു. അടിവാരത്തു നിന്നും 22 ഹെയർ പിന്നുകൾ പിന്നിട്ടു വേണം പൊൻമുടി ടോപ്പ് സ്റ്റേഷനിൽ എത്താൻ. വണ്ടി ചെക്കിംഗും ടിക്കറ്റ് എടുക്കലും കഴിഞ്ഞ് (4 പേർക്കും ഒരു കാറിനും കൂടി 150 രൂപ) കുത്തനെയുള്ള കയറ്റം കയറി തുടങ്ങി. ഒരു വശത്തു അഗാധമായ കൊക്കയും മറുവശത്ത് അന്ധകാരം വ്യാപിച്ച കൊടുംകാടും. അതിലൂടെയുള്ള യാത്ര പറഞ്ഞറിയിക്കാൻ ആവാത്ത ആവേശമാണ് ഞങ്ങൾക്ക് തന്നത്.
അല്പം കഴിഞ്ഞപ്പോൾ തേയില തോട്ടങ്ങളും ചായക്കടകളും കാണാറായി ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ പൊൻമുടിയിലെത്തി. ഞായറാഴ്ച ആയ കൊണ്ട് സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുവായിരുന്നു പൊൻമുടി. ഞങ്ങൾ പ്രതീക്ഷിച്ച പോലെ കോടമഞ്ഞും ഇല്ല തണുപ്പും ഇല്ല പോരാത്തതിന് നല്ല തിരക്കും. ഞങ്ങൾക്ക് കുറച്ച് നിരാശയൊക്കെ തോന്നാതിരുന്നില്ല. എന്നാലും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളും ഇടയ്ക്ക് മനസിനെ തഴുകി പോകുന്ന കുളിർ കാറ്റും ഞങ്ങൾക്ക് ആശ്വാസമേകി. തണൽ വീണു കിടന്നിരുന്ന പാറക്കെട്ടിൽ വിശ്രമിച്ച് ഞങ്ങൾ ആ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ക്ഷമയോടെ കാത്തിരുന്നു. സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിട്ട് അവിടമാകെ നടന്നു കാണാൻ.
6 മണി ആയപ്പോഴേക്കും ഫോറസ്റ്റ് ഗാർഡ്സ് വന്നു സഞ്ചാരികളോട് 6.30 നു മുൻപ് എല്ലാരും സ്ഥലം കാലിയാക്കാൻ വിളംബരം ചെയ്തിട്ട് പോയി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവിടെ 6.30 വരെയെ സന്ദർശന സമയം ഉള്ളൂ എന്ന്. തകർന്നു പോയി ഞങ്ങൾ. ചാടി എണീറ്റ് ചുറ്റും നോക്കി 360° വ്യൂ. ചുറ്റും ഒന്നിനൊന്ന് മനോഹരം !! വളരെ കുറച്ച് സമയമേ കയ്യിലുള്ളൂ ഏത് വശത്തേക്ക് പോകും? കാഴ്ച കാണോ സെൽഫി എടുക്കോ? നേരം അസ്തമയത്തോട് അടുത്തു. നീലാകാശം ചുവന്ന ചായം പുരട്ടാൻ തുടങ്ങി. പൊൻമുടിയിലെ മലനിരകളിലും തിങ്ങിനിൽക്കുന്ന പുൽനാമ്പുകളിലും സ്വർണ രാജി പടർന്നു തുടങ്ങി.
വിസിൽ ഊതി കൊണ്ട് ഗാർഡ്സ് പുറകെ ഉണ്ട്. പല സഞ്ചാരികളും മടങ്ങാൻ തുടങ്ങി. അതു വരെ ശങ്കിച്ചു നിന്ന ഞങ്ങൾ പൊൻ വെളിച്ചം വരുന്ന ദിക്കിലേക്ക് നടന്നു തുടങ്ങി. ചുറ്റും നോക്കുമ്പോൾ കാൽചുവട്ടിലെ പാറക്കല്ലു പോലും സ്വർണ നിറത്തിൽ പ്രകാശിക്കും പോലെ. പത്മനാഭസ്വാമിയുടെ നിലവറയിലെ സ്വർണo മുഴുവൻ ഈ മലനിരകളിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലും തോന്നിപ്പോയി!! പൊൻ വെളിച്ചം വലയം ചെയ്ത ഗിരിനിരകൾ അത്ര പ്രകാശപൂർണമായിരുന്നു..
വിസിലടി ശബ്ദം അടുത്ത് വരുമ്പോഴും ആ അരുണിമയോട് വിട പറയാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. ഗാർഡ്സിന്റെ അന്ത്യശാസനത്താൽ മറ്റു മാർഗങ്ങളില്ലാതെ ഞങ്ങൾ മലയിറങ്ങി. സാവധാനം അടിവാരത്തേക്ക് പോരുമ്പോഴും പൊന്മുടിയിൽ തന്റെ ചെഞ്ചുണ്ടിനാൽ മുത്തമിടുന്ന ദിനമണിയിലായിരുന്നു ഞങ്ങളുടെ കണ്ണുകൾ. സ്വർണ മുടിയുടെ തിളക്കം കാണിച്ച് കടന്നുകളഞ്ഞ പൊൻമുടി പെണ്ണിനെ വിശദമായി ഒന്നു കാണാൻ 22 ഹെയർ പിന്നുകളും കടന്ന് വീണ്ടും വരുമെന്നുറപ്പിച്ച് ഞങ്ങൾ തിരിച്ചു പോന്നു.