വിവരണം – റസാഖ് അത്താണി.

കഴിഞ്ഞ ദിവസം ഉച്ചക്ക് വയറിനൊപ്പം മനസും നിറഞ്ഞ ചോറ് കഴിച്ചു. കൈ കാല് കണ്ണ് ഇല്ലാത്തവർക്ക് ഉച്ചഭക്ഷണം സൗജന്യം, കൂലി തൊഴിലാളികൾക്കും ലോറി ഓട്ടോ ഡ്രൈവേഴ്‌സിനും ഉച്ചഭക്ഷണത്തിനു ഡിസ്‌കൗണ്ട്. കരുണവറ്റാത്ത പെൺപടക്ക് ബിഗ് സല്യൂട്ട്….

സമയം 1.30 ആയിക്കാണും ചക്ക്രംവെച്ച പലകയിൽ കാലില്ലാതെ കൈകൊണ്ടു ഉരുട്ടിയുരുട്ടി വരുന്ന വൃദ്ധൻ ബൈക്കിനു മുന്നിലേക്ക് വട്ടംവെച്ചതും അയാളെ രക്ഷിക്കാനുള്ള ആ വ്യഗ്രതയിൽ സഡനോടുകൂടിയുള്ള ബ്രേക്കിങ്ങിനിടയിൽ ബൈക്ക് നിരങ്ങിനീങ്ങി നിന്നപ്പോൾ തിരിഞ്ഞു നിന്നു അയാളെ ചീത്ത വിളിച്ചപ്പോൾ അയാളിൽ നിന്നും വന്ന മറുപടിയാണ്‌ രണ്ടത്താണിയിലെ ആ വീടോടുകൂടിയ ഹോട്ടലിനെ ഞാൻ ശ്രദ്ധിക്കുവാൻ കാരണമായത്.

“ചോറ് തിന്നാൻ വന്നതാണ്. ഈ റോഡിലെ തിരക്കിനിടയിലും ഞാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്. ഞങ്ങൾ കൈകാലില്ലാത്തവരെ കാശുകൊടുത്താൽ പോലും ഹോട്ടലിൽനിന്നും തുണ്ട് ചോറ് പോലും തരാറില്ല. പിന്നെ ഫ്രീയായിതരുന്ന ഈ ഹോട്ടലിലേക്ക് ഞങ്ങൾ വരാതിരിക്കുമോ?” 10 മിനുട്ടോളമായി റോഡ് മുറിഞ്ഞു മുറിഞ്ഞുകടക്കാൻ നില്കുന്നു. ഈ പൊരിവെയിലത് ഒരു വണ്ടി പോലും എന്നെ കടത്താൻ നിർത്തിയില്ല.

കാറുകാര് പലവട്ടം നിർത്തിതന്നപ്പോഴും നിങ്ങൾ നിങ്ങൾ ബൈക്കുകാരാണ് കുത്തിക്കയറ്റി എന്നെ വഴിമുടക്കിയത്. സഹികെട്ടാണ് ഞാൻ രണ്ടുംകല്പിച്ചു റോഡ് മുറിച്ചു കടന്നത്. എനിക്കും നിങ്ങളെപ്പോലെ രണ്ടു കാലുള്ള ഒരു കാലമുണ്ടായിരുന്നു. നിങ്ങൾ ന്യൂ ജനറേഷൻ ബുള്ളറ്റ് കയറുന്നതിനു മുന്നെ അന്നത്തെ മൂന്നാർ ചുരം റോഡും കൊടേക്കനാലും പലവട്ടം കയറിയതാണ്. അന്നത്തെ എന്റെ ഇഷ്ട്ട ബൈക്ക് ജാവയായിരുന്നു.

വയനാട്ടിലെ ഏതോ വളവിൽ അസ്തമിച്ചതാണ് എന്റെ സ്വപ്‌നങ്ങൾ. എതിരെവന്ന ലോറിയിൽ ഇടിച്ചു 2 മാസം കോമയിൽ കിടന്നു ഉണർന്നപ്പോൾ രണ്ട് കാലും മുറിച്ചത് അറിയുന്നത്. അന്ന് ഡോക്ടറോടു പോലും ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു. പിന്നീടങ്ങട് വീട്ടുകാർക്കും വളർത്തിയ മക്കൾക്കും ഭാരമായി. അതോടെ മെല്ലെ വീടിറങ്ങി. ഏറ്റവും വലിയ വികാരം വിശപ്പാണ്. അത് നല്കുന്നവനാണ് ദൈവം. എനിക്കിവിടെ 4 മാസത്തോളമായി ഭക്ഷണം തരുന്നത് ഈ അമ്മമാരാണ്. ഇവരാണെന്റെ ദൈവം..”

ആ വാക്കുകളോടുകൂടി വിശപ്പില്ലാത്ത ഞങ്ങൾ ആ ഹോട്ടലിലേക്ക് കയറി. അയാളോടൊപ്പം..ഇതു വഴി വരുമ്പോൾ ഒരിക്കലെങ്കിലും ഇവിടെ കയറണം. വയറിനൊപ്പം മനസ്സും നിറയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.