വിവരണം – Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

എല്ലാവരും ഈ സമയത്ത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബുദ്ദിമുട്ടിലാണ്. ഈ സമയത്തും ലോക്കഡൗണിൽ പെട്ട് പോയ സ്റ്റാഫുകൾക്ക് വേണ്ടി കൂടി തുറന്നിരിക്കുന്ന ഒന്നല്ല , പല ഭക്ഷണ ഇടങ്ങളുമുണ്ട്. അത് അവർക്ക് മാത്രമല്ല തിരുവനന്തപുരത്ത് പാസ്സ് കാണിച്ചു ഓഫീസിലെത്തിയും, താമസിക്കുന്ന സ്വന്തം മുറികളിൽ ഇരുന്ന് ഓഫീസിലെ ജോലി ചെയ്യുന്ന, തിരുവനന്തപുരത്തെ ഭക്ഷണയിടങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു വിഭാഗം ആൾക്കാർക്കും അത് ഉപകാരമാവും.

അധികം അകലെയല്ലാത്ത പൂജപ്പുര അസ്സീസ് ഹോട്ടലിലെ ഉടമസ്ഥൻ നൗഷാദ് പറഞ്ഞതും ഈ വാക്കുകൾ തന്നെയാണ് – “ചേട്ടാ ഇവിടെ എന്റെ കുടുംബ വീട്ടിലും ഇരുപതോളം സഹോദരങ്ങൾ(പുള്ളി സ്റ്റാഫുകളെയാണ് ഉദ്ദേശിച്ചത്) ലോക്ക് ഡൗണിൽ പെട്ട് താമസിക്കുകയാണ്. അതിൽ ഭൂരിപക്ഷം പേരും കാസർഗോഡുകാർ, രണ്ടു പേർ തമിഴ്നാട്ടിലുള്ളവരും”. സംസാരിച്ച കൂട്ടത്തിൽ “ചേട്ടന്റെ അറിവിൽ ഭക്ഷണം കിട്ടാൻ ബുദ്ദിമുട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ ചേട്ടാ, നമുക്ക് പറ്റുന്ന രീതിയിൽ എത്തിക്കാം”. ഇത് കേട്ടപ്പോൾ ഒരു നിമിഷം ഞാൻ ഒന്നും പറയാനില്ല എന്ന അവസ്ഥയിലായി.

മറ്റുള്ളവരെയും കൂടി കണ്ടു കൊണ്ടുള്ള ആ വാക്കിനും ആ മനസ്സിനും ഒരു നമസ്കാരം. സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും ഈ സമീപനം ആണെന്നുള്ളത് അനുഭവങ്ങൾ കൊണ്ട് മനസ്സിലാക്കിയത്. ഇന്നലെ അത്യാവശ്യമായി ഹോസ്പിറ്റലിലും ബാങ്കിലും ഒന്ന് പോകേണ്ടി വന്നു. ഉച്ച സമയം കഴിഞ്ഞു. വീട്ടിൽ ചെന്ന് എല്ലാം തയ്യാറാക്കുമ്പോഴേക്കും പിള്ളേര് ഒരു പരുവമാകും. അസീസാണ് മനസ്സിൽ അപ്പോൾ ഓർമ്മ വന്നത്. 2 ചിക്കൻ ബിരിയാണി, 1 കൊത്തു പെറോട്ട, 1 ചിക്കൻ റോസ്റ് ഫോണിൽ വിളിച്ചു പറഞ്ഞു. സംഭവം ഇങ്ങു പേയാട് എത്തി. 500 രൂപ കൊടുത്തു.

ചിക്കൻ ബിരിയാണി അടിപൊളി. എല്ലാവർക്കും രുചി ഇഷ്ടപ്പെട്ടു. ചിക്കൻ പീസുകൾ നല്ല രീതിയിൽ ഉണ്ടായിരുന്നു. കൈമ അരിയുടെ ക്വാളിറ്റിയും കൊള്ളാം. കൊത്തു പെറോട്ട ആദ്യമായാണ് അസ്സീസിൽ നിന്ന് വാങ്ങിച്ചത്. ഇത് വരെ കഴിച്ച ചിക്കൻ കൊത്തു പെറോട്ടകളിൽ വളരെ മികച്ചത് തന്നെയെന്ന് പറയാം. ചിക്കൻ റോസ്റ്റിന്റെ രുചിയും കൈങ്കേമം. വില വിവരം ചിക്കൻ ബിരിയാണി – 130 Rs, ചിക്കൻ പെരട്ട് – 130 Rs, കൊത്തു പെറോട്ട – ₹ 100 Rs.

ഒരു നന്മ മരത്തിന്റെ പ്രതി പുരുഷനാകാൻ ഉള്ള കപട നാട്യങ്ങൾ ഒന്നും നൗഷാദിൽ ഞാൻ കണ്ടിട്ടില്ല. അല്ലാതെ തന്നെ പലതും കൊട്ടി ഘോഷിക്കാതെ ചെയ്യുന്ന ഒരു വ്യക്തിയാണ്. ഹോട്ടലിൽ കുറ്റങ്ങളും കുറവുകളും ഇല്ലെന്നില്ല. എങ്കിലും അത് പറയുന്നവരോട് മുട്ട് ന്യായങ്ങൾ ഒന്നും പറഞ്ഞു തർക്കിക്കാൻ വരില്ല. ശരിയാക്കാം എന്ന് പറയുകയും ശ്രമിക്കുകയും ചെയ്യാറുണ്ട് എന്നാണ് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുള്ളത്.

സ്വിഗ്ഗി, സൊമാറ്റോ മാത്രമല്ല 5 കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഹോം ഡെലിവെറിയും ഉണ്ട്. അത്യാവശ്യമെങ്കിൽ 5 കിലോമീറ്റർ കഴിഞ്ഞും സർവീസ് ലഭ്യമാണ്. ഈ കൊറോണ കാലത്തും അസീസ് ഒരു അനുഗ്രഹം തന്നെയാണ്. കാശു കൊടുക്കാൻ പാങ്ങില്ലാതെ പെട്ട് പോയവർക്കും അസീസ് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത്) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.