വിവരണവും – അമേഷ് കെ.എ.
പുലിമുരുകന്റെ നാട് എന്ന് പൂയംകുട്ടിയെ വിശേഷിപ്പിക്കാൻ കാരണം, ലാലേട്ടന്റെ “പുലിമുരുകൻ” സിനിമയിലെ ഭൂരിഭാഗവും ചിത്രീകരിച്ചത് പൂയംകുട്ടി കാട്ടിലും പ്രദേശങ്ങളിലുമാണ്.എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പൂയംകുട്ടി . നാട്ടിലെ പൊള്ളുന്ന ചൂടിൽ നിന്ന് മാറി കാട് കണ്ട് കാട്ടാറിൽ കുളിച്ചുതിമിർക്കാനും കഥകൾ പറഞ്ഞിരിക്കാനും സഞ്ചാരിക്കൂട്ടം ഇത്തവണ ഒത്തുകൂടിയത് കാട്ടാനകളുടെയും കിളികളുടെയും നിത്യവിഹാര കേന്ദ്രമായ പൂയംകുട്ടി പുഴയോരത്ത്.
ഉച്ചതിരിഞ്ഞ് പല ജില്ലകളിൽ നിന്നുള്ള സഞ്ചാരിക്കൂട്ടം മണികണ്ഠംച്ചാൽ ചപ്പാത്ത് കടന്ന് പൂയംകുട്ടി പുഴയോരത്തെ ഹട്ടിൽ ഒത്തുകൂടി. യാത്ര ക്ഷീണം ഇറക്കിവെച്ച് വിശേഷങ്ങൾ പറഞ്ഞ് ഇരിപ്പായി.മുളംകൊണ്ട് ഉണ്ടാക്കിയ ഹട്ടിലിരുന്നാൽ പുഴയ്ക്ക് അക്കരെ ഇല്ലിക്കാടിന്റെ ഇടയിലൂടെ പുഴയിലേക്ക് ഇറങ്ങി കിടക്കുന്ന ആനത്താരകൾ ഇഷ്ടംപോലെ കാണാം.വെയിലാറികഴിയുമ്പോൾ കാട്ടിലെ കുറുമ്പന്മാർ വെള്ളംകുടിക്കാൻ പുഴയിലേക്ക് ഇറങ്ങുന്ന സമയമാണ്. അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരിക്കവേ പുഴയ്ക്ക് അക്കരെ മുള ഓടിക്കുന്ന ശബ്ദവും ഇല്ലിക്കാട് ഇളകിവരുന്ന കാഴ്ചയും, കൊമ്പന്മാർ വെള്ളംകുടിക്കാൻ കാടിറങ്ങി വരുന്നെന്ന കാര്യം തീർച്ച.
ആനക്കൂട്ടത്തെ കാണാൻ ഓരോരുത്തരായി പുഴയ്ക്ക് ഇക്കരെ ഇല്ലിക്കാട്ടിൽ പാറപുറത്ത് ക്യാമറയും തയ്യാറാക്കി ശ്വാസമടക്കി ഇരിക്കുന്ന സമയം. പെട്ടെന്നാണ് തൊട്ടപ്പുറത് 4, 5 തോട്ട അടിപ്പിച്ച് പൊട്ടുന്ന ശബ്ദം. പാറപുറത്ത് ഇരുന്ന ഞങ്ങൾ ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോൾ ആനക്കൂട്ടം വന്നപാടെ കാട് കേറി. പാറപുറത്ത് ആനക്കൂട്ടത്തെ കാണാൻ ഇരുന്ന് ഞങ്ങളുടെ ശ്രെമം വിഫലമായി. ആനക്കൂട്ടത്തെ കാട് വഴി ഓടിച്ച നാട്ടുകാരൻ ചേട്ടനെ സ്നേഹത്തോടെ സ്മരിക്കുന്നു. പിന്നീട് പൂയംകുട്ടി പുഴയിൽ ചാടി തിമിർത്തുള്ള കുളിയായിരുന്നു. പശുക്കൾ മേഞ്ഞു നടക്കുന്ന പുഴയോരവും ചങ്ങാടത്തിൽ ചൂണ്ടയിടുന്ന നാട്ടുകാരൻ ചേട്ടനും പുഴയുടെ തൂവെള്ള മണൽ തിട്ടകളിൽ വോളീബോൾ കളിച്ച് രസിക്കുന്ന കൂട്ടുകാരും വൈകുന്നേരത്തെ സായാഹ്നം ചിലവിടുന്ന ഗ്രാമക്കാഴ്ചകൾ ഒന്ന് വേറെ തന്നെ.
പുഴയിൽ വെള്ളത്തിൽ കിടുന്ന് തിമിർത്തപ്പോൾ സമയം പോയതറിഞ്ഞില്ല. അതുകൊണ്ട് നല്ലൊരു സൂര്യാസ്തമനം കാണാനുള്ള അവസരം ഞങ്ങൾക്ക് മിസ്സായി. ഇരുട്ട് വീണു തുടങ്ങി. ഭക്ഷണം കഴിച്ച് എല്ലാവരും ക്യാമ്പ് ഫൈറിന്റ ചൂടിൽ കൊച്ച് വർത്തമാനവും തമാശകളും പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഇരുട്ടിന്റെ കാഠിന്യം കൂടി വന്നപ്പോൾ കുറച്ചുപേർ ടെന്റിലേയ്ക്ക് മടങ്ങി. പാതിരാത്രിയായതോടെ കാടിന്റെ മൂകതയിൽ പൂയംകുട്ടി പുഴയിലെ പാറപുറത്ത് മാനം നോക്കി നക്ഷത്രങ്ങൾ എണ്ണി തമാശകൾ പറഞ്ഞു ഞങ്ങൾ കിടന്നു. ആഹാ എന്താ വൈബ്.. കൂരിരുട്ടിൽ മിന്നാമിനുങ്ങുകൾ മിന്നി തിളങ്ങുന്ന കാഴ്ച്ച മനസിനെ കുളിരണിയിപ്പിച്ചു. ഇടയ്ക്ക് ഇടയ്ക്ക് മാനത്തൂടി കൊച്ചിക്കുള്ള ഫ്ലൈറ്റുകൾ മിന്നി മിന്നി പോകുന്ന കാഴ്ചയും ഒന്ന് വേറെ തന്നെ.രാത്രി വൈകി മയക്കത്തിലേക്ക് വീണു.
അതിരാവിലെതന്നെ കിളികളുടെ കിളിനാദങ്ങൾ കേട്ടാണ് ഉണർന്നത്. ടെന്റിനുള്ളിൽ നിന്ന് നോക്കിയാൽ തന്നെ കാണാം പുഴയിൽ ചൂട് പൊങ്ങുന്ന കാഴ്ച്ച കൂടെ കോടമഞ്ഞും, പേരറിയാത്ത അനേകം കിളികൾ ചിലച്ചുകൊണ്ട് പുഴക്കുമീതെ പറന്നുയരുന്നു. രാവിലെ തന്നെ കാട് കയറാൻ ഇറങ്ങി പൂയംകുട്ടി കാട്ടിലെ നിത്യ താമസക്കാരാണ് മലയണ്ണാനും മലമുഴക്കി വേഴാമ്പലും. പോകുന്ന വഴിയെല്ലാം ഒട്ടും തന്നെ ജാഡയില്ലാതെ ക്യാമറയ്ക്ക് പോസ് ചെയ്ത് തന്ന മലയണ്ണാന്മാർ വേറിട്ട കാഴ്ച്ച ആയിരുന്നു.
കാട് കണ്ട് ഇറങ്ങി, കാട്ടാറിൽ മുങ്ങി തിമിർത്ത് നല്ല അസ്സല് കുളിയും പാസാക്കി നേരെ ക്യാമ്പിലോട്ട്. ഭക്ഷണം കഴിച് എല്ലാവരും പന്തപ്ര ആദിവാസി കോളനിയും കണ്ട്, അടുത്ത യാത്രയിൽ കണ്ട്മുട്ടുമെന്ന പ്രതീക്ഷയിൽ യാത്ര പറഞ്ഞിറങ്ങി. പൂയംകുട്ടിയിലെ കാട്ടാറും സായാഹ്നവും കിളികളും കാടും എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി നല്ല ഓർമ്മകൾ തന്നു. യാത്രകളെ സ്നേഹിക്കുന്ന കുറേ കൂട്ടുകാരെയും കിട്ടി. റൂട്ട് : ആലുവ -പെരുമ്പാവൂർ -കോതമംഗലം -തട്ടേക്കാട് – കുട്ടമ്പുഴ -പൂയംകുട്ടി.