എഴുത്ത് – അശ്വിൻ കെ.എസ്.

പ്രാരാബ്ദത്തിന്റെ ഇരുട്ടിനെ അധ്വാനം കൊണ്ട് വെളുപ്പിച്ചെടുക്കുന്നവരിലേക്ക് ഒരു നിമിഷം.. ഡ്രൈവർ. നാട്ടിലെ ഏറ്റവും വിലയില്ലാത്ത ജോലിയായി പറയപ്പെടുന്നതിൽ ഒന്നാണ് ഡ്രൈവിങ്. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിയ്ക്കും. ഡ്രൈവിങ് എന്നാൽ വളരെ ലാഘവം നിറഞ്ഞതും നിസാരവും ആയ ഒരു ജോലിയാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ അത്യന്തം ദുരിതം നിറഞ്ഞതും അപകടകരവുമായ ജോലികളിൽ ഒന്ന് തന്നെയാണ് ഡ്രൈവിങ്ങ്.

ഒരു ഞായറാഴ്ച കുടുംബവുമൊത്ത് സ്വന്തം കാറിൽ പുറത്തിറങ്ങി ഉല്ലസിക്കുന്നവർ നമുക്കിടയിൽ ധാരാളം ഉണ്ട്. അങ്ങനെയുള്ളവർക്ക് യഥാർത്ഥ പ്രൊഫഷണൽ ഡ്രൈവർമാരുടെ ജീവിതം തീരെ മനസിലാകണമെന്നില്ല. അതുപോലെ തന്നെ സ്വന്തം വീക്നെസ്, ക്രെയിസ് ആയി ഡ്രൈവിങ്ങ് ആസ്വദിക്കുന്നവർക്ക് ഒരു പരിധിവരെ യഥാർത്ഥ പ്രൊഫഷണൽ ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകൾ മനസിലാകും കുറഞ്ഞ പക്ഷം അവരെ കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്യും. അവരിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കാം.. പ്രാരാബ്ദത്തിന്റെ ഇരുട്ടിനെ അധ്വാനം കൊണ്ട് വെളുപ്പിച്ചെടുക്കുന്നവരിലേക്ക്..

നിങ്ങൾ പത്രം വായിക്കുന്നവർ ആണെങ്കിൽ ഒരിക്കലെങ്കിലും വായിച്ചുകാണണം ” ദേശീയപാതയിൽ അപകടം. ലോറി നിയന്ത്രണം വിട്ടു / ബസ് നിയന്ത്രണം വിട്ടു. ഡ്രൈവർ മരിച്ചു.. ” എന്നിങ്ങനെയുള്ള വാർത്തകൾ. ഒരിക്കലെങ്കിലും അതിന്റെ സത്യാവസ്‌ഥ അറിയാൻ ശ്രമിച്ചിട്ടുണ്ടോ. ഈ ഡ്രൈവർമാർ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായിരിക്കാം. ഒരു മനുഷ്യൻ ശരാശരി ഉറങ്ങേണ്ട ആറു മുതൽ എട്ടു മണിക്കൂർ സമയം ഇവർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്തതാണ്. നിങ്ങൾ ഒരു ദീർഘദൂര ബസ്സിൽ കയറുന്ന സമയം പരിചയപ്പെടുന്ന ഡ്രൈവർ ഒരു അഹങ്കാരിയും ദേഷ്യക്കാരനുമായി നിങ്ങൾക്ക് തോന്നാം. അതിൽ സത്യമുണ്ട് താനും.. അതെന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ..

ഒരു ശരാശരി സ്വകാര്യ ദീർഘദൂര സർവീസ് ചെയുന്ന ഡ്രൈവർക്ക് ഒരു ട്രിപ്പിന് ആയിരം രൂപയോ അതിൽ താഴെയോ മാത്രമാണ് ആണ് അതിന്റെ കമ്പനി നൽകുന്ന പ്രതിഫലം, എന്നാൽ നമ്മളിൽ പലരും ഇവർ ആയിരങ്ങൾ ദിനംപ്രതി നേടുന്നു എന്ന് തെറ്റിദ്ധരിക്കുന്നവരാണ്. കമ്പനി നൽകുന്ന പണത്തിനു പുറമെ പാർസൽ, നേരിട്ടുള്ള ടിക്കറ്റ് എന്നിങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് ഇവർക്ക് ടിപ്പ് ഇനത്തിൽ പണം ലഭിക്കുന്നത്. ദീപാവലി, ഓണം, ക്രിസ്തുമസ് തുടങ്ങിയ സീസൺ സമയങ്ങളിൽ ഇവർക്ക് ഡബിൾ ഡ്യൂട്ടി ഇനത്തിൽ അമിത ജോലിയും നൽകും. അതായത് 15 മണിക്കൂർ തുടർച്ചയായി വാഹനമോടിക്കുന്ന ഒരു ഡ്രൈവർ ഒന്നോ രണ്ടോ മണിക്കൂർ മാത്രം വിശ്രമിക്കുന്നു.

സാമ്പത്തിക പരാധീനതകൾ, ജോലി ഭാരം, വിശ്രമമില്ലായ്മ ഇതൊക്കെ കൊണ്ടാണ് അധികം വരുന്ന ഡ്രൈവർമാരും വളരെ ” ഫ്രസ്ട്രേറ്റഡ് ” ആയി കാണപ്പെടുന്നത്. വമ്പൻ കമ്പനികളിൽ കരാർ ഉടമ്പടിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ അവസ്‌ഥ ഇതാണ്. വൈറ്റ് കോളർ ജോലികളിൽ വർക്ക് ലോഡ്, ഫ്രസ്‌ട്രേഷൻ, സ്ട്രെസ് എന്നിങ്ങനെ നിരവധി വാക്കുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. മേല്പറഞ്ഞപോലെയൊക്കെ ആണ് ഡ്രൈവർമാരിൽ ഇത് പ്രതിഫലിക്കുന്നത്. ഇത് മൂലം പലരും ലഹരിയ്ക്ക് അടിമപ്പെടുന്നു. ഉറക്കമകറ്റാൻ ലഹരി പഥാർഥങ്ങൾ ഉപയോഗിക്കുന്നു. ചിലർ സിഗരറ്റ് വലിക്കുന്നു.

ഇങ്ങനെയുള്ളവരുണ്ടെങ്കിലും ഒരു ദുശീലവും ഇല്ലാതെ കിളിയുടെ കൂടെ ലോകത്തുള്ള സകലമാന കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ട് ജോലി ചെയ്യുന്നവരും ഇവർക്കിടെയിൽ ഉണ്ട്. രാത്രിയെ പകലാക്കാൻ ശീലിച്ചവർ എന്ന് നമുക്കവരെ വിളിക്കാം.. സമാനമായ അവസ്‌ഥയാണ്‌ ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെട്ടു വരുന്ന ലോറി ഡ്രൈവർമാരുടേത്.. അവർ വീട് കണ്ടിട്ട് മാസങ്ങൾ തന്നെ ആയിരിക്കും. ഒരു ഗുജറാത്ത് രെജിസ്ട്രേഷൻ ലോറിയുടെ പിറകിൽ ഹിന്ദിയിൽ എഴുതിയിരുന്ന വാചകം പരിഭാഷ ചെയ്തു ചേർക്കുന്നു ” വീട് കാണാൻ യോഗമില്ല, മക്കളെ താലോലിക്കാൻ നേരമില്ല, വീടാണ് റോഡ്..റോഡാണ് വീട് ” അവരുടെ ഹൃദയത്തിന്റെ വിങ്ങലാണ് ആ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

ഒരു നിമിഷം നമ്മളാണ് ആ അവസ്‌ഥയിൽ എങ്കിൽ ഒന്ന് ആലോചിച്ചു നോക്കു.. ഉറ്റവരെയും പിറന്ന നാടിനെയും വിട്ടു ഏതോ നാടുകളിലൂടെ എവിടേയോക്കെയോ ആയി ചുറ്റിയടിച്ചു നടക്കുന്നു.. ഇതിനിടയിൽ ശരീരത്തിൽ ചുളിവുകൾ വീഴുന്നു..ജരാനരകൾ ബാധിക്കുന്നു..ഏതാണ്ട് ഒരു പ്രവാസിയുടേതിന് സമാനമായ ജീവിതം. ഇന്നത്തെ സമൂഹം തീർത്തും അവഗണിക്കുന്ന ഒരു കൂട്ടരാണ് ഡ്രൈവർമാർ. തിരക്കേറിയ ജീവിതത്തിൽ സമയത്തെത്താൻ വൈകിയാൽ ശകാരിക്കാൻ മാത്രം ആണ് നമ്മൾ കൂടുതൽ ഡ്രൈവർമാരെ ശ്രദ്ധിക്കുന്നത് തന്നെ.

പകലും രാത്രിയും ഒരുപോലെ കഷ്ടപ്പെടുന്ന ഇവർ ഈ നിമിഷവും നമുക്ക് മുന്നിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്നു. ഇവർക്ക് പറയാൻ നിരവധി കഥകളുണ്ടാകും. യഥാർത്ഥ ജീവിതകാഴ്ചകളുടെ, രാത്രിയുടെ നിശയിൽ അരങ്ങേറുന്ന നിഗൂഢ കൃത്യങ്ങളുടെ കാണാക്കഥകൾ. ഇത് ഒരിക്കലും ഡ്രൈവർമാരെ പ്രകീർത്തിക്കുന്ന ലേഖനമായി ആരും കാണരുത്. ഇത് അവരുടെ ജീവിതമാണ്.. കാർ ആകട്ടെ ബസ്സ് ആകട്ടെ ലോറിയാകട്ടെ വിമാനമാകട്ടെ ട്രെയിനാകട്ടെ, അതോടിക്കുന്നത് ഒരു മനുഷ്യനാണെന്നത് മറക്കരുത്.

നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധനങ്ങൾ കൃത്യ സമയത്തു നമ്മൾ ചെല്ലുന്ന കടയിൽ ലഭിക്കുന്നുണ്ടെങ്കിലും അതിനു പിന്നിൽ ഒരു ലോറി ഡ്രൈവറുടെ അധ്വാനമുണ്ട്. നിങ്ങളുടെ വണ്ടിയ്ക്ക് ഇന്ധനം നിറയ്ക്കാൻ പമ്പിൽ ചെല്ലുമ്പോൾ അവിടെ ഇന്ധനമുണ്ടെങ്കിൽ അതിനുപിന്നിൽ ഒരു ടാങ്കർ ലോറി ഡ്രൈവറുടെ ഉറക്കമിളച്ചിൽ ഉണ്ട്.

രാത്രി കൊച്ചിയിലോ തിരുവനന്തപുരത്തോ നിന്ന് ബാംഗ്ളൂരിലേയ്ക്കോ ചെന്നൈയിലേക്കോ ട്രെയിനിലോ ബസ്സിലോ പോയി നിങ്ങൾ സുരക്ഷിതമായി എത്തിച്ചേർന്നുവെങ്കിൽ അതിൽ ഒരു ഡ്രൈവറുടെ സംരക്ഷണമുണ്ട്. അധ്വാനമുണ്ട്. ഉറക്കമിളച്ചിലുണ്ട്. കാരണം ആ കഴിഞ്ഞ നിമിഷങ്ങളിൽ നിങ്ങളുടെ ജീവൻ അയാളുടെ കൈയ്യിലായിരുന്നു.. അയാളുടെ ചെറിയ അശ്രദ്ധ നിങ്ങളുടെയും അയാളുടെയും ജീവനെടുക്കാൻ തക്ക ശക്തിയുള്ളതായിരുന്നു…എന്നിട്ടും നിങ്ങൾ സുരക്ഷിതമായി തന്നെ ലക്ഷ്യസ്‌ഥാനത്ത് എത്തിച്ചേർന്നുവെങ്കിൽ.. ഈ മനുഷ്യ ജീവിതങ്ങൾ നിങ്ങളിൽ നിന്ന് ഒരൽപ്പം കൂടി നന്ദി അർഹിക്കുന്നില്ലേ..

ഓരോ ഡ്രൈവറുടെയും സമയോചിതമായ ഇടപെടലുകൾ തന്നെയല്ലേ നമ്മുടെയെല്ലാം ജീവിതം നിലനിർത്തുവാൻ കാരണമാകുന്നത്.. അപ്പോൾ അവർ അവഗണിക്കപ്പെടേണ്ടവർ ആണോ.. അവരെ വലിയ രീതിയിൽ ആദരിക്കാൻ ഒന്നും ഉദ്ദേശിച്ചില്ല. എങ്കിലും അവരെ ഒരിക്കലും അവഗണിക്കാൻ പാടുള്ളതല്ല.. നിങ്ങൾ ഒരു യാത്ര കഴിഞ്ഞു വാഹനത്തിൽ നിന്നിറങ്ങുമ്പോൾ..അത്രെയും നേരം നിങ്ങളുടെ ജീവൻ സംരക്ഷിച്ചു നിങ്ങളെ ലക്ഷ്യത്തിലെത്തിച്ച ആ മനുഷ്യനോട് കഴിയുമെങ്കിൽ ഒരു നന്ദി വാക്ക് പറയാൻ ശ്രമിക്കുക.. അല്ലെങ്കിൽ ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കുക.. മനസ്സുകൊണ്ട് അയാൾക്ക് നന്ദി പറയുക…നിങ്ങളെ സമയത്തെത്തിച്ചതിനല്ല.. നിങ്ങളുടെ ജീവൻ ഒരു കേടുപാടുമില്ലാതെ തിരിച്ചേൽപിച്ചതിനു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.