പൊതുവെ കെഎസ്ആർടിസി ഡിപ്പോകളിലെ കാന്റീനുകൾ മോശം പേരുകേട്ടവയാണ്. എന്നാൽ തൻ്റെ പ്രതീക്ഷകളെ ആകപ്പാടെ പൊളിച്ചെഴുതിയ പെരുമ്പാവൂർ കെഎസ്ആർടിസി കാന്റീനിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് വണ്ടൂർ സ്വദേശിയായ നന്ദു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

“കഴിഞ്ഞ ദിവസം കോട്ടയത്തു നിന്നും നാട്ടിലേക്ക് മടങ്ങും വഴി KSRTC യിൽ ആയിരുന്നു യാത്ര. പെരുമ്പാവൂരിൽ ഉച്ചക്ക് ഏകദേശം ഒരു മണിയോടെ എത്തി. ഉച്ചഭക്ഷണത്തിനായി ഡ്രൈവർ ചേട്ടൻ KSRTC ക്യാന്റീന്റെ മുൻപിൽ വണ്ടി നിറുത്തി. മറ്റു പല ബസ്സുകളും ഫുഡ് കഴിക്കാനായി അവിടെ നിറുത്തിയിട്ടുണ്ട്. ഞാനും വണ്ടിയിൽ നിന്നിറങ്ങി ക്യാന്റീനിലേക്കു നടന്നു.

അടിമുടി ഒരു കിടിലൻ സ്ഥാപനം. പുറംഭാഗം നിലവാരമുള്ള രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ഉള്ളിലേക്ക് കടന്നു ചെന്നപ്പോൾ വൃത്തിയുള്ളൊരാന്തരീക്ഷം. സാധാരണ സർക്കാർ ബസുകളിലെ യാത്രകളിൽ പലപ്പോഴും വൃത്തിഹീനമായ ക്യാന്റീനുകളാണ് കണ്ടിട്ടുള്ളത്. ഇവിടെ അത് തീർത്തും പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. ഈച്ചയും കൊതുകുമില്ലാത്ത തീൻ മേശകളിൽ ഭക്ഷണം കൊണ്ടുവന്നു നൽകുന്നു.

ഞാൻ ചോറിനു ഓർഡർ ചെയ്തു. സാമ്പാറും, മീൻകറിയും, ഉപ്പേരിയും, പപ്പടവും, മീൻ വറുത്തതുമൊക്കെയായി കിടുക്കൻ ഒരൂണ്. നല്ല മാന്യമായ പരിചരണമായിരുന്നു ജീവനക്കാരുടേത്. കഴിച്ചു കഴിഞ്ഞപ്പോൾ വലിയ ഒരു ബില്ലാണ് പ്രതീക്ഷിച്ചത്‌. എന്നാൽ നൂറു രൂപക്കായിരുന്നു രുചികരമായ ആ ഭക്ഷണം എനിക്ക് ലഭിച്ചത്. അതും ഒരു സാധാരണ യാത്രക്കാരനായ എനിക്ക് വളരെ ആശ്വാസമായി തോന്നി.

അടിമുടി മാറ്റം ആവശ്യമായ KSRTC യിൽ ഇത്തരം ഭോജന ശാലകളുടെ ആവശ്യകത വളരെ പ്രസക്തമാണ്. നിലവാരമുള്ള ഇത്തരം സ്ഥാപനങ്ങൾ KSRTC ക്കു മുതൽക്കൂട്ടാകും. അനുഭവങ്ങളാണ് നമുക്കോരോ യാത്രകളും. ഈ കോട്ടയം യാത്രയും രുചികരമായ മറ്റൊരു ഓർമ്മയ്ക്ക് കാരണമായി. നന്ദി പെരുമ്പാവൂർ KSRTC ഉദ്യോഗസ്ഥർക്കും, കാന്റീൻ സ്റ്റാഫിനും.”

കെഎസ്ആർടിസിയെ വിശ്വസിച്ചാണ് ആളുകൾ ബസ്സുകളിൽ കയറുന്നത്. അപ്പോൾ യാത്രയ്ക്കിടെ അവർക്ക് മികച്ച ഭക്ഷണം ഉറപ്പു വരുത്തേണ്ടതും കെഎസ്ആർടിസി തന്നെയാണ്. കേരളത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോയിലെ ഇതുപോലുള്ള മികച്ച കാന്റീനുകൾ കൊണ്ടുവരാൻ കെഎസ്ആർടിസി മാനേജ്‌മെന്റ് മുൻകൈ എടുക്കണം.

ഇതുപോലെ നല്ല വൃത്തിയുള്ളതും ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നതുമായ ക്യാന്റീനുകൾ എല്ലാ മെയിൻ ഡിപ്പോകളിലും തുറന്നാൽ അത് ജീവനക്കാർക്കും യാത്രക്കാർക്കും ഒരേപോലെ വലിയ ആശ്വാസം ആകും. കാന്റീനുകളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവർത്തകരെയോ മറ്റോ ഏല്പിച്ചാലും മതി. അവർ അത് മര്യാദയ്ക്ക് നോക്കിനടത്തിക്കോളും. ഇടയ്ക്ക് കെഎസ്ആർടിസിയുടെ നേതൃത്വത്തിലുള്ള ക്വാളിറ്റി പരിശോധനകളും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.